Powered By Blogger

Sunday, March 16, 2014

Gandhi....

Appeared on 16th Mar, 2014

ന്യൂഡൽഹി:ഡൽഹിയിൽ രാഷ്ട്രപിതാവിന്റെ കൊച്ചുമകൻ രാജ്മോഹൻ ഗാന്ധി ആം ആദ്മിക്ക് വേണ്ടി മത്സരിക്കുമ്പോൾ, ആ ശരീരത്തിൽ ബാപ്പുവിന്റെ മാത്രമല്ല, രാഷ്ട്രീയ ചാണക്യനായ രാജാജിയുടെ ചോരയുമുണ്ട്.
ഗാന്ധിജിയുടെ നാലു മക്കളിൽ ഏറ്റവും ഇളയ ദേവ്ദാസ് ഗാന്ധിയുടെ മകനാണ് രാജ്മോഹൻ ഗാന്ധി. അദ്ദേഹത്തിന്റെ അമ്മ ലക്ഷ്‌മി സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറലായിരുന്ന സി. രാജഗോപാലാചാരിയുടെ മകളാണ്. സഹോദരനായ ഗോപാൽകൃഷ്‌ണ ഗാന്ധി നയതന്ത്ര ഉദ്യോഗസ്ഥനും പശ്ചിമബംഗാൾ ഗവർണറും ആയിരുന്നു.
ചിന്തകനും എഴുത്തുകാരനും അമേരിക്കയിലേയും ഇന്ത്യയിലേയും വിവിധ സർവകലാശാലകളിലെ  അദ്ധ്യാപകനുമായ രാജ്മോഹൻ ഗാന്ധിയുടെ ആദ്യ മത്സരമല്ല ഇത്. 1989ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ അമേതിയിൽ ജനതാദൾ ടിക്കറ്റിൽ തോറ്റിട്ടുണ്ട്. അടുത്ത വർഷം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 1992ൽ രാജിവച്ചു.
രാഷ്‌ട്രത്തിന്റെ പിതാവായി ആദരിക്കപ്പെടുന്ന ഗാന്ധിജി ഒരു പിതാവെന്ന നിലയിൽ മക്കളെ 'വേണ്ടപോലെ" നോക്കിയില്ലെന്ന് ഒരാക്ഷേപമുണ്ട്. അതുകൊണ്ട് ഗാന്ധിജിയുടെ മക്കൾ അദ്ദേഹത്തിന്റെ പേര് ചീത്തയാക്കിയില്ല എന്നത് മറ്റൊരു സത്യം. മൂത്ത മകൻ ഹരിലാൽ എന്നും ഗാന്ധിജിക്ക് എതിരായിരുന്നു. മണിലാൽ പത്രപ്രവർത്തനായി ദക്ഷിണാഫ്രിക്കയിലേക്ക് പോയി. മൂന്നാമത്തെ മകൻ രാംദാസ് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽ വാസമൊക്കെ അനുഭവിച്ചെങ്കിലും, ബാപ്പുവിന്റെ പല ആശയങ്ങളോടും വിയോജിച്ചിരുന്നു. ദേവ്ദാസ് ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രത്തിന്റെ എഡിറ്റായിരുന്നു.
 മണ്ഡലം തുണയ്‌ക്കുമോ?
ഈസ്റ്റ് ഡൽഹി മണ്ഡലത്തിലാണ് രാജ്മോഹൻ ഗാന്ധി മത്സരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ മകൻ സന്ദീപ് ദീക്ഷിത്താണ് ഇവിടെ സിറ്റിംഗ് എം.പി. ഹാട്രിക് വിജയമാണ് സന്ദീപിന്റെ ലക്ഷ്യം. കഴിഞ്ഞ തവണ രണ്ടര ലക്ഷമായിരുന്നു  അദ്ദേഹത്തിന്റെ ഭൂരിപക്ഷം. ബി.ജെ.പി ഇവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
ഇത്തവണ ആം ആദ്മിക്ക് വലിയ പ്രതീക്ഷയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 12 അസംബ്ലി സീറ്റുകളിൽ ഏഴിലും ആം ആദ്മിയാണ് ജയിച്ചത്. ബി.ജെ.പി മൂന്നും കോൺഗ്രസ് രണ്ടും സീറ്റാണ് നേടിയത്.  1967ൽ മണ്ഡലം രൂപീകൃതമായ ശേഷം നടന്ന 13 തിരഞ്ഞെടുപ്പുകളിൽ ആറ് തവണ വീതം കോൺഗ്രസും ബി.ജെ.പിയും ജയിച്ചപ്പോൾ ഒരു തവണ ജനതാ പാർട്ടി ജയിച്ചു

Tuesday, March 11, 2014

On Kaif

On Kaif's political innings appeared in Kerala Kaumudi, 11.03.2014

ന്യൂഡൽഹി: പ്രതിഭയുണ്ടായിട്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ശോഭിക്കാതെ പോയ മുൻ താരം മുഹമ്മദ് കെയ്ഫ് ജവഹർലാൽ നെഹ്‌റുവിന്റെ മണ്ഡലമായ ഉത്തർപ്രദേശിലെ ഫൂൽപ്പുരിൽ രാഷ്‌ട്രീയ ഇന്നിംഗ്സിന് തുടക്കമിടുന്നു.
കീർത്തി  ആസാദും നവജ്യോത് സിംഗ് സിദ്ദുവും  ബി.ജെ.പിയിലും  മുഹമ്മദ് അസറുദ്ദീൻ കോൺഗ്രസിലും എത്തിയത് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷമാണ്. 33കാരനായ കെയ്ഫ് ഇപ്പോഴും ആഭ്യന്തര ക്രിക്കറ്റിൽ സജീവമാണ്. കഴിഞ്ഞയാഴ്ച ജയ്‌പൂരിൽ നടന്ന വിജയ് ഹസാരെ ട്രോഫി മാച്ചിൽ സെന്റട്രൽ സോണിനെ നയിച്ചത് കെയ്ഫ് ആയിരുന്നു. യു.പിയുടെ നായകനുമാണ്.
ഗ്രൗണ്ടിലെ സൗമ്യമുഖമാണ് കെയ്ഫ്. ആരോഗ്യമില്ലാത്ത കളിക്കാരനെന്ന്  വിശേഷിപ്പിക്കുമ്പോഴും മികച്ച കുറേ ഇന്നിംഗ്സുകൾ ആ ബാറ്റിൽ നിന്ന് പിറന്നിട്ടുണ്ട്. 2002ൽ ലോർഡ്സിൽ  ഇംഗ്ളണ്ടിനെതിരെയുള്ള നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലിൽ, ഷർട്ട് ഊരി വിജയം ആഘോഷിച്ച നായകൻ സൗരവ് ഗാംഗുലിയെയാണ് എല്ലാവരും ഓർക്കുന്നത്.  ആ വിജയത്തിന് വഴിയൊരുക്കിയത് കെയ്ഫ്   പിടിച്ചുനിന്നു  നേടിയ 87 റൺസായിരുന്നു. കെയ്ഫ് നായകനായിരിക്കെയാണ് 2000 ത്തിൽ ഇന്ത്യ  അണ്ടർ 19 ലോക കപ്പ് ജയിച്ചത്.  2005ലെ ചലഞ്ചർ ട്രോഫിയിൽ ഇന്ത്യയെ നയിക്കുകയും ചെയ്തു. 13 ടെസ്റ്റും 125 ഏകദിനവും കളിച്ചിട്ടുണ്ട്.    2006ലാണ് ഇന്ത്യൻ ടീമിൽ അവസാനം കളിച്ചത്. രാഷ്‌ട്രീയ ഇന്നിംഗ്സിൽ രാശി തെളിക്കാനാണ് ഇനി  ശ്രമം.
റെയിൽവേ താരമായിരുന്ന മുഹമ്മദ് താരിഫ് പിതാവും മദ്ധ്യപ്രദേശ് ക്രിക്കറ്റ് താരം മുഹമ്മദ് സെയ്ഫ് സഹോദരനുമാണ്. മാദ്ധ്യമപ്രവർത്തകയായ പൂജയാണ് ഭാര്യ.