Powered By Blogger

Saturday, November 15, 2014

Agenda behind Cabinet expansion

Appeared on 11th Nov


ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടന്നെങ്കിലും വകുപ്പുകൾ സംബന്ധിച്ച് വിവരം പുറത്തുവന്നത് ‌ഞായറാഴ്ച അർദ്ധരാത്രിയാണ്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് പത്ത് മണിക്കൂർ പിന്നിട്ട ശേഷമാണ് മോദി തന്റെ മന്ത്രിസഭയുടെ പുതിയ ഘടന പുറത്തുവിട്ടത്. രണ്ട് തരത്തിലാണ് മന്ത്രിമാരെ മോദി തിരഞ്ഞെടുത്തത്. ഒന്ന് കഴിവുള്ളവർക്ക് മികച്ച വകുപ്പുകൾ. രണ്ട് ജാതിയുടെയും പ്രദേശങ്ങളുടെയും അടിസ്ഥാനത്തിൽ ആളുകൾക്ക് വകുപ്പുകൾ വീതിച്ചു നൽകി.

നിലവിലെ മന്ത്രിമാരുടെ അധിക വകുപ്പ് പുതിയ മന്ത്രിമാർക്ക് വീതിച്ചു നൽകുന്നതിന് പകരം പഴയ മന്ത്രിമാരുടെ വകുപ്പുകളിൽ വന്ന മാറ്റം തന്നെ ഇത് സൂചിപ്പിക്കുന്നു. അതിൽ സുപ്രധാനമാണ് റെിയിൽ മന്ത്രാലയം.

റെയിൽവേ, ആരോഗ്യ മന്ത്രാലയങ്ങളിലാണ് പ്രധാന മാറ്റം സംഭവിച്ചത്. ഇരു വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിമാരുടെ വകുപ്പുകൾ മാറി. റെയിൽ മന്ത്രിയായിരുന്ന സദാനന്ദ ഗൗഡയുടെ റെയിൽവേ മന്ത്രിസ്ഥാനം പുതുതായി അധികാരമേറ്റ സുരേഷ് പ്രഭുവിന് മോദി നൽകി. പകരം നിയമ വകുപ്പാണ് ഗൗഡയ്‌ക്ക് നൽകിയത്. ടെലികോം വകുപ്പിന് പുറമേ അധിക വകുപ്പായിട്ടാണ് രവിശങ്കർ പ്രസാദ് നിയമം കൈകാര്യം ചെയ്തിരുന്നത്. ആരോഗ്യ മന്ത്രിയായിരുന്ന ഹർഷ വർദ്ധന് ശാസ്ത്ര സാങ്കേതിക വകുപ്പ് നൽകിയപ്പോൾ, ആരോഗ്യം വിശ്വസ്തനായ ജെ.പി. നഡ്ഡയുടെ കൈകളിൽ ഏൽപ്പിച്ചു.

റെയിൽമന്ത്രിയെന്ന നിലയിൽ സദാനന്ദ ഗൗഡ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനാകാത്താണ് വകുപ്പ് മാറ്രാൻ കാരണമായതെന്നാണ് ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ജനങ്ങൾക്ക് ഭരണത്തിന്റെ ഫലം പെട്ടെന്ന് കാഴ്ചവയ്‌ക്കാൻ കഴിയുന്ന മന്ത്രാലയങ്ങളിൽ ഒന്നാണ് റെയിൽവേ. എന്നാൽ ഗൗഡ ഇക്കാര്യത്തിൽ പരാജയപ്പെട്ടതായാണ് വിലയിരുത്തൽ. രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ അടക്കമുള്ളവ കൊണ്ടുവരുമെന്ന് മോദി തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അഞ്ച് മാസത്തെ ഗൗഡയുടെ പ്രവർത്തനത്തിൽ മോദിക്ക് വലിയ മികവ് കണ്ടെത്താനായില്ല. ഇതുകൊണ്ടാണ് കഴിവു തെളിയിച്ചിട്ടുള്ള സുരേഷ് പ്രഭുവിന് റെയിൽ വകുപ്പ് ഏൽപ്പിക്കാൻ കാരണമായതെന്നാണ് അറിയുന്നത്. വാജ്‌പേയി മന്ത്രിസഭയിൽ ഊർജ്ജ മന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച വ്യക്തിയെനാണ് പ്രഭു.

ആരോഗ്യം മികച്ച രീതിയിൽ തന്നെയാണ് ഹർഷവർദ്ധൻ കൈകാര്യം ചെയ്തിരുന്നതെങ്കിലും ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് താരതമ്യേന കുറഞ്ഞ ഉത്തരവാദിത്വമുള്ള വകുപ്പിലേക്ക് മാറ്റിയെന്ന് അറിയുന്നു. ഡൽഹിയിൽ ബി.ജെ.പി ഭരണം പിടിച്ചെടുക്കുകയാണെങ്കിൽ ഹർഷ വർദ്ധനെ മുഖ്യമന്ത്രിയാക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഹർഷവർദ്ധന് ഭാരിച്ച ഉത്തരവാദിത്വം നൽകാനാവില്ല. മാത്രമല്ല, പുതുതായി മന്ത്രിസഭയിലേക്ക് വന്ന മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനായ ജെ.പി.നഡ്ഡയ്‌ക്ക് നല്ല വകുപ്പ് കൊടുക്കേണ്ടതുമുണ്ടായിരുന്നു. ഇക്കാരണങ്ങൾ കൊണ്ടാണ് ജെ.പി.നഡ്ഡയെ ആരോഗ്യ വകുപ്പ് നൽകിയതെന്നാണ് അറിയുന്നത്.

ധനകാര്യം, കോർപ്പറേറ്റ് കാര്യം എന്നീ പ്രധാനപ്പെട്ട വകുപ്പുകൾക്ക് പുറമേ പ്രതിരോധം കൂടി കൈകാര്യം ചെയ്യുകയായിരുന്നു അരുൺ ജെയ്റ്റ്‌ലി. മനോഹർ പരിക്കർ വന്നതോടെ പ്രതിരോധത്തിന്റെ ഭാരം കുറഞ്ഞുകിട്ടിയെങ്കിലും വീണ്ടും വകുപ്പുകൾ എണ്ണം മൂന്നായി. പ്രകാശ് ജാവദേക്കർ കൈകാര്യം ചെയ്തിരുന്ന വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ജെയ്‌റ്റ്‌ലിക്ക് നൽകി. ഇതോടെ ജാവദേക്കറിന് വനം പരിസ്ഥിതി മന്ത്രാലയം മാത്രമായി ചുരുങ്ങി. ബഡ്ജ‌റ്റിന് അഞ്ച് മാസം മാത്രം ബാക്കി നിൽക്കെ മുൻ ധനകാര്യമന്ത്രി യശ്വന്ത് സിൻഹയുടെ മകൻ ജയന്ത് സിൻഹയ്ക്ക് പ്രതീക്ഷിച്ച പോലെ തന്നെ ധനകാര്യത്തിന്റെ സഹമന്ത്രി സ്ഥാനം നൽകി. ജെയ്‌റ്റ്ലിയെ വാർത്താവിതരണ പ്രക്ഷേപണ വകുപ്പിൽ സഹായിക്കാൻ ഒളിമ്പ്യൻ രാജ്യവർദ്ധൻ സിംഗ് റാത്തോഡിനെ ആ വകുപ്പിന്റെ സഹമന്ത്രിയാക്കി.

ഹരിയാനയിൽ ജാട്ട് വിഭാഗക്കാരനായ മുൻ കോൺഗ്രസ് നേതാവ് ചൗധരി ബീരേന്ദ്ര സിംഗിന് നിതിൻ ഗഡ്കരി അധിക വകുപ്പായി കൈകാര്യം ചെയ്തിരുന്ന ഗ്രാമ വികസനം നൽകി. രാജീവ് ഗാന്ധിയുടെ പ്രിയപ്പെട്ടവരിൽ ഒരാളും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായിരുന്നു ബീരേന്ദ്ര സിംഗ്.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനുള്ള പ്രത്യേക വകുപ്പിന്റെ സ്വതന്ത്ര ചുമതലയിൽ നിന്ന് ജനറൽ വി.കെ. സിംഗിനെ പ്രധാനമന്ത്രി ഒഴിവാക്കി. ഇതിന് പകരം സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് സിംഗിന് നൽകി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള ഡോ. ജിതേന്ദ്ര സിംഗിനാണ് വടക്ക് കിഴക്കൻ മേഖലാ വികസനത്തിന്റെ സ്വതന്ത്ര ചുമതല ലഭിച്ചത്.

മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല വഹിക്കുന്ന സ്മൃതി ഇറാനിക്ക് രണ്ട് സഹമന്ത്രിമാരെയും മോദി അനുവദിച്ചു. ഡോ. രാം ശങ്കർ, ഉപേന്ദ്ര കുശ്‌വാഹ എന്നിവരെയാണ് ഇവരെ സഹായിക്കുന്ന സഹമന്ത്രിമാർ. ആഭ്യന്തര മന്ത്രിയായ രാജ്നാഥ് സിംഗിനെ സഹായിക്കാൻ നിലവിലുള്ള സഹമന്ത്രിയായ കിരൺ റിജിജുവിന് പുറമേ ഗുജറാത്തിൽ നിന്നുള്ള എച്ച്. പി. ചൗധരിയെയും നൽകി.

ബി.ജെ.പിയുടെ മെഡിക്കൽ സെൽ മേധാവിയും കൈലാഷ് ഗ്രൂപ്പ് ഒഫ് ഹോസ്‌പിറ്റൽസ് ചെയർമാനുമായ ഡോ. മഹേഷ് ശർമ്മയ്ക്ക് സാംസ്കാരികം, ടൂറിസം വകുപ്പുകളുടെ സ്വതന്ത്ര ചുമതലയാണ് നൽകിയിട്ടുള്ളത്.

ഖനി, സ്റ്റീൽ, തൊഴിൽ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന കാബിനറ്റ് മന്ത്രിയായ നരേന്ദ്ര സിംഗ് തോമറിൽ നിന്ന് തൊഴിൽ മന്ത്രാലയം നഷ്ടമായി. ഇത് സ്വതന്ത്ര ചുമതലയായി ബന്ധാരു ദത്താത്രേയ്‌ക്ക് നൽകി.

ഇതൊക്കെയാണെങ്കിലും 1998ലെ വാജ്‌പേയി മന്ത്രിസഭയിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല വഹിച്ചിരുന്ന ബി.ജെ.പിയുടെ മുസ്‌ലിം മുഖമായ മുക്താർ അബാസ് നഖ്‌വിക്ക് സഹമന്ത്രി സ്ഥാനം മാത്രമേ ലഭിച്ചുള്ളു. ന്യൂനപക്ഷ ക്ഷേമം, പാർലമെന്ററി കാര്യം എന്നീ വകുപ്പുകളാണ് നഖ്‌വിക്ക് നൽകിയിട്ടുള്ളത്.

മുൻപ് വ്യോമയാന മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല വഹിച്ചിരുന്ന പൈലറ്റ് കൂടിയായ രാജീവ് പ്രതാപ് റൂഡിക്ക് നൈപുണ്യ പരിശീലനം, സംരംഭകത്വം (സ്വതന്ത്ര ചുമതല) നൽകി.

Modi Cabinet widens

Appeared on 10th Nov 2014

ന്യൂഡൽഹി: കേന്ദ്രമന്ത്രി വികസനത്തിന് പിന്നാലെ പാർട്ടിയുടെ സംഘടനാ തലത്തിൽ അഴിച്ചുപണിയുണ്ടാകുമെന്ന് ഉറപ്പായി. പാർട്ടിയുടെ പ്രധാനപ്പെട്ട അഞ്ച് ഭാരവാഹികളാണ് ഇന്നലെ മന്ത്രിസഭയിൽ ചേർന്നത്. ഒരാൾക്ക് ഒരു പദവിയെന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ഇവർ പാർട്ടി ഭാരവാഹിത്വങ്ങൾ രാജിവയ്‌ക്കുന്നതോടെ സംഘടനാ തലത്തിൽ ഉടൻ അഴിച്ചുപണിയുണ്ടാകുമെന്നാണ് അറിയുന്നത്.

ഇന്നലെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ജെ.പി.നഡ്ഡ, രാജീവ് പ്രതാപ് റൂഡി, രാം ശങ്കർ എന്നിവർ ജനറൽ സെക്രട്ടറി പദം രാജിവയ്‌ക്കേണ്ടിവരും. പാർട്ടി ഭരണഘടന പ്രകാരം പരമാവധി ഒൻപത് ജനറൽ സെക്രട്ടറിമാർ മാത്രമേ പാടുള്ളു. ഇപ്പോൾ ഉള്ളത് ആകട്ടെ ഇവർ ഉൾപ്പെടെ എട്ട് പേരാണ്.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടുന്ന സൂചനയുണ്ടായിരുന്ന യുവമോർച്ച ദേശീയ അദ്ധ്യക്ഷനും എം.പിയുമായ അനുരാഗ് താക്കൂർ, പാർട്ടി വക്താവ് സയിദ് ഷാനവാസ് ഹുസൈൻ എന്നിവരെ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.

പാർട്ടിയുടെ പതിനൊന്ന് ദേശീയ ഉപാദ്ധ്യക്ഷന്മാരിൽ ഉൾപ്പെട്ട മുക്താർ അബാസ് നഖ്‌വി, ബന്ധാരു ദത്താത്രേയ എന്നിവരും മന്ത്രിസഭയിലേക്ക് പോയ സാഹചര്യത്തിൽ ഈ പദവികളിലേക്കും പുതിയ ആളുകളെ കണ്ടെത്തണം.

കഴിഞ്ഞാഴ്ചയാണ് ഓരോ സംസ്ഥാനത്തിന്റെയും ചുമതലയുള്ള നേതാക്കളെ അമിത് ഷാ പ്രഖ്യാപിച്ചത്. ഇതിൽ ആന്ധ്രാപ്രദേശിന്റെയും തമിഴ്നാടിന്റെയും ചുമതല റൂഡിക്ക് നൽകിയപ്പോൾ, ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്ര, രാജസ്ഥാൻ സംസ്ഥാനങ്ങളുടെ ചുമതലയാണ് നഡ്ഡയ്‌ക്ക് നൽകിയത്. രാം ശങ്കറിന് മറ്റൊരു ബി.ജെ.പി ഭരണ സംസ്ഥാനമായ ഛത്തീസ്ഗഡിന്റെയും പഞ്ചാബിന്റെ ചുമതലയും നൽകി. ഈ ചുമതലകളിലേക്കും പുതിയ ആളുകളെ ഉടൻ പ്രഖ്യാപിച്ചേക്കും.

അതേസമയം പാർട്ടിയുടെ ഏറ്റവും ഉയർന്ന സമിതിയായ പാർലമെന്ററി ബോ‌ർഡിൽ ജെ.പി. നഡ്ഡ തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായുടെയും ഏറ്റവും വിശ്വസ്തനാണ് നഡ്ഡ. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഷാ അദ്ധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം നടത്തിയ പുനഃസംഘടനയിലാണ് മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി, മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരെ പാർലമെന്ററി ബോർഡ്, കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി എന്നിവയിൽ നിന്നും ഒഴിവാക്കിയത്. ഇവർക്ക് പകരം ജെ.പി. നഡ്ഡ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, സംഘടനാ ജനറൽ സെക്രട്ടറിയായ രാം ലാൽ എന്നിവരെ സമിതിയിൽ ഉൾപ്പെടുത്തുകയായിരുന്നു.


 കാബിനറ്റ് മന്ത്രിമാർ
 മനോഹർ പരിക്കർ (58): രണ്ട് തവണ ഗോവ മുഖ്യമന്ത്രി. ഐ.ഐ.ടി ബിരുദധാരിയായ ആദ്യ മുഖ്യമന്ത്രി. ചെറുപ്പത്തിൽ തന്നെ ആർ.എസ്.എസ് പ്രവർത്തകനായി. മോദിയുമായും ആർ.എസ്.എസ് നേതൃത്വവുമായും അടുത്ത ബന്ധം. പാർട്ടി ദേശീയ അദ്ധ്യക്ഷ പദവിയിലേക്ക് ആർ.എസ്.എസ് പരിഗണിച്ചിരുന്നെങ്കിലും ഗഡ്കരിയുടെ പേര് ഉയർന്നപ്പോൾ മാറ്റി. സ്വന്തം സ്യൂട്ട്കേസ് പോലും സഹായിക്കൊണ്ട് എടുപ്പിക്കാതെ പരിക്കർ സാധാരണക്കാരുടെ മുഖ്യമന്ത്രി എന്ന പേരു പിടിച്ചുപറ്റി.

 സുരേഷ് പ്രഭു (61 ): ശിവസേനയുടെ നേതാവായിരുന്ന സുരേഷ് പ്രഭു 1996 മുതൽ നാല് തവണ മഹാരാഷ്ട്രയിലെ രാജാപൂർ മണ്ഡലത്തിൽ നിന്ന് ലോക്‌‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വാജ്‌പേയി മന്ത്രിസഭയിൽ അംഗമായിരുന്നു.

 ജെ.പി. നഡ്ഡ (53) : ബീഹാറിലാണ് ജനനമെങ്കിലും ഹിമാച്ചൽ പ്രദേശിൽ നിന്നുള്ള നേതാവായിട്ടാണ് അറിയപ്പെടുന്നത്. മോദിയുടെയും അമിത് ഷായുടെയും ഏറ്റവും വിശ്വസ്തൻ. നിലവിൽ പാർട്ടിയുടെ ജനറൽ സെക്രട്ടറി. 2012 മുതൽ ഹിമാച്ചൽ പ്രദേശിൽ നിന്നുള്ള രാജ്യസഭാംഗം. മൂന്ന് തവണ ഹിമാച്ചൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് തവണ സംസ്ഥാന മന്ത്രിയായി. ചാർടേഡ് അക്കൗണ്ട് ആണ്.

 ചൗധരി ബീരേന്ദ്ര സിംഗ് (68 ): ഹരിയാനയിൽ നിന്നുള്ള ഏറ്റവും ജനസ്വാധീനമുള്ള നേതാവ്. 42 വർഷം കോൺഗ്രസിൽ അംഗമായിരുന്ന ശേഷം, ഈ വർഷം ആഗസ്റ്റിലാണ് സിംഗ് ബി.ജെ.പിയിൽ ചേർന്നത്. 1990ൽ ഹരിയാന പി.സി.സി അദ്ധ്യക്ഷനായി. 1991ൽ കോൺഗ്രസിനെ സംസ്ഥാനത്ത് വിജയിച്ചു. മുഖ്യമന്ത്രിപദം മോഹിച്ചെങ്കിലും പാർട്ടി നൽകിയില്ല. രണ്ട് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതിൽ ഒരു തവണ ഐ.എൻ.എൽ.ഡി നേതാവ് ഓം പ്രകാശ് ചൗത്താലയെയാണ് പരാജയപ്പെടുത്തിയത്. 2010ൽ രാജ്യസഭയിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിയിലേക്ക് ചേക്കേറിയതോടെ രാജ്യസഭാംഗത്വം രാജിവച്ചിരുന്നു.

 സഹമന്ത്രിമാർ (സ്വതന്ത്ര ചുമതല)

 ബണ്ഡാരു ദത്രാത്രേയ (68) : ആർ.എസ്.എസ് പ്രവർത്തകനായി തുടക്കം. ആന്ധ്രാപ്രദേശിൽ നിന്നുള്ള ബി.ജെ.പിയുടെ മുതിർന്ന നേതാക്കളിൽ ഒരാൾ. നിലവിൽ സെക്കന്തരാബാദ് മണ്ഡലത്തിൽ നിന്നുള്ള ലോക്‌‌സഭാംഗം. ഇതേ മണ്ഡലത്തിൽ മൂന്ന് തവണ മുൻപ് വിജയിച്ചിട്ടുണ്ട്. ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷനാണ്. തെലങ്കാന സംസ്ഥാന ഘടകം ബി.ജെ.പി പ്രഥമ അദ്ധ്യക്ഷനായിരുന്നു. വാജ്‌പേയി മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്നു.

 രാജീവ് പ്രതാപ് റൂഡി (52): ബീഹാറിൽ നിന്നുള്ള പ്രമുഖ നേതാവ്. നിലവിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയാണ്. ബീഹാർ നിയമസഭയിലേക്ക് 1990ൽ തിരഞ്ഞെടുക്കപ്പെട്ടു. 1996ലാണ് ലോക്‌സഭയിലേക്കെത്തിയത്. വാജ്‌പേയി മന്ത്രിസഭയിൽ വ്യോമയാന സഹമന്ത്രിയായിരുന്നു. 2010ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സരൺ മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി റാബ്രി ദേവിയെ പരാജയപ്പെടുത്തി ലോക്‌‌സഭയിലെത്തി. കമേഴ്സ്യൽ പൈലറ്റുമാണ്. സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് കോളേജ് അദ്ധ്യാപകനായിരുന്നു.

 ഡോ. മഹേഷ് ശർമ്മ (55): ഉത്തർപ്രദേശിലെ ഗൗതംബുദ്ധ നഗറിൽ നിന്നുള്ള ലോക്‌സഭാംഗം. 2012ൽ നോയിഡയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡോക്ടർ കൂടിയായ മഹേഷ്, കൈലാഷ് ഗ്രൂപ്പ് ഒഫ് ഹോസ്‌പിറ്റൽസിന്റെ ചെയർമാനാണ്. ബി.ജെ.പിയുടെ ആരോഗ്യ സെല്ലിന്റെ കൺവീനറായിരുന്നു. 2017ലെ യു.പി നിയമസഭ തിരഞ്ഞെടുപ്പ് ഉറ്രുനോക്കിയാണ് കേന്ദ്രമന്ത്രിസഭയിൽ പ്രാതിനിധ്യം നൽകിയിരുന്നതെന്ന് സൂചന.

 സഹമന്ത്രിമാർ

 മുക്താർ അബ്ബാസ് നഖ്‌വി (57) : ബി.ജെ.പിയുടെ മുസ്‌ലിം മുഖമെന്ന് അറിയപ്പെടുന്ന നേതാവ്. പാർട്ടി ദേശീയ ഉപാദ്ധ്യക്ഷനാണ്. നീണ്ട കാലം പാർട്ടി വക്താവ് ആയിരുന്നു. ഉത്തർപ്രദേശിലെ അലഹാബാദിൽ ജനനം. നിലവിൽ രാജ്യസഭാംഗം. 1998ലെ വാജ്‌പേയി മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്നു. നീണ്ട പതിനഞ്ച് വർഷത്തിന് ശേഷമാണ് മന്ത്രിപദം ലഭിക്കുന്നത്. 1998ൽ രാംപൂർ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചു. അടിയന്തരാവസ്ഥ കാലത്ത് ജയിൽ വാസം അനുഭവിച്ചു. ഹിന്ദുവായ സീമയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.

 രാം കൃപാൽ യാദവ് (57): ആർ.ജെ.ഡിയിലെ ഏറ്റവും പ്രമുഖനായ നേതാവായിരുന്ന രാം കൃപാൽ യാദവ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ബി.ജെ.പിയിൽ ചേരുന്നത്. രാജ്യസഭാംഗത്വം ഉപേക്ഷിച്ച് ബി.ജെ.പി സ്ഥാനാർത്ഥിയായി ലാലുവിന്റെ മകൾ മിസയ്‌ക്കെതിരെ പാടലിപുത്രയിൽ മത്സരിച്ച് വിജയിച്ചു. മൂന്ന് തവണ ഇതിന് മുൻപ് ലോക്‌സഭയിലേക്ക് വിജയിച്ചിട്ടുണ്ട്. 1985ൽ പട്ന കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി രാഷ്ട്രീയ ജീവിതത്തിന് തുടക്കം.

 ഹരിഭായ് ചൗധരി (60): ഗുജറാത്തിലെ ബനസ്‌കന്തയിൽ നിന്നുള്ള ലോക്‌സഭാഗം. ഇതേ മണ്ഡലത്തിൽ ഇതിന് മുൻപ് മൂന്ന് വിജയിച്ചിട്ടുണ്ട്. 1988ൽ ബി.ജെ.പിയിലെത്തിയ ചൗധരി 2005 മുതൽ 2010 വരെ ഗുജറാത്ത് സംസ്ഥാന ഘടം ഉപാദ്ധ്യക്ഷനായിരുന്നു. സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കും മുൻപ് വ്യവസായി ആയിരുന്നു.

 പ്രൊഫ. സൻവർലാൽ ജാട്ട് : രാജസ്ഥാനിൽ നിന്നുള്ള ലോക്‌സഭാംഗം. മുൻ കേന്ദ്രമന്ത്രിയും പി.സി.സി അദ്ധ്യക്ഷനുമായ സച്ചിൻ പൈലറ്റിനെ അജ്മീർ മണ്ഡലത്തിൽ പരാജയപ്പെടുത്തിയാണ് ലോക്‌സഭയിലെത്തിയത്. ജാട്ട്-രജ്പുട്ട് വോട്ടുകൾ സമാഹരിച്ചാണ് വിജയിച്ചത്. ലോക്‌സഭാ തിര‌ഞ്ഞെടുപ്പിൽ മത്സരിക്കും മുൻപ് വസുന്ധരരാജസിന്ധ്യ മന്ത്രിസഭയിൽ അംഗമായിരുന്നു. രാഷ്ട്രീയത്തിൽ പ്രവേശിക്കും മുൻപ് കോളേജ് അദ്ധ്യാപകനായിരുന്നു.

 പ്രൊഫ. മോഹൻഭായ് കണ്ഡൂരിയ (63): മോദി മുഖ്യമന്ത്രിയായിരിക്കെ അതേ മന്ത്രിസഭയിൽ അംഗമായിരുന്നു. ഗുജറാത്തിലെ രാജ്കോട്ടിൽ നിന്നുള്ള എം.പിയാണ്. സൗരാഷ്ട്ര മേഖലയിൽ ജനസ്വാധീനമുള്ള നേതാവ്. പട്ടേൽ സമുദായത്തിൽ നിന്നുള്ള പ്രമുഖനുമാണ്.

 ഗിരിരാജ് സിംഗ് (54) : ബീഹാറിലെ ഭൂമിഹാർ സമുദായത്തിൽ നിന്നുള്ള നേതാവ്. നിതിഷ് കുമാർ മന്ത്രിസഭയിൽ ബി.ജെ.പി പ്രതിനിധിയായി മന്ത്രിയായിരുന്നു. ദക്ഷിണ ബീഹാറിൽ സിംഗിന് സ്വാധീനമുള്ള പോക്കറ്റുകളുണ്ട്. ബീഹാറിലെ നവാദയിൽ നിന്നാണ് ലോക്‌സഭയിലെത്തിയത്. മോദിയെ എതിർക്കുന്നവർ പാകിസ്ഥാനിലേക്ക് പോകേണ്ടിവരുമെന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലെ ഗിരിരാജ് സിംഗിന്റെ പ്രസ്താവന വിവാദമായിരുന്നു. അടുത്തിടെ 1.14 കോടി രൂപ സിംഗിന്റെ വസതിയിൽ നിന്ന് മോഷ്ടിക്കപ്പെട്ടതും വാർത്തകളിൽ നിറഞ്ഞിരുന്നു. അതേസമയം 50000 രൂപ മാത്രമാണ് നഷ്ടപ്പെട്ടതെന്നാണ് സിംഗ് വിശദീകരിച്ചത്.

 ഹൻസ്‌രാജ് ആഹിർ (59): മഹാരാഷ്ട്രയിലെ ചന്ദ്രപൂരിൽ നിന്നുള്ള ലോക്‌സഭാംഗം. കൽക്കരി കുംഭകോണം ഉയർത്തിക്കൊണ്ടുവന്നതിൽ പ്രധാന പങ്ക് വഹിച്ചു. കൽക്കരി അഴിമതി സംബന്ധിച്ച് ആഹിർ കേന്ദ്ര വിജിലൻസ് കമ്മിഷന് അയച്ച പരാതിയാണ് സി.ബി.ഐ അന്വേഷണത്തിന് വഴിവച്ചത്. അഴിമതിയുമായി ബന്ധപ്പെട്ട് നിരവധി രേഖകളും ആഹിർ കണ്ടെത്തിയിരുന്നു. പതിനഞ്ച് വർഷം നീണ്ട പാർലമെന്ററി ജീവിതത്തിൽ നിരവധി സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ചിട്ടുണ്ട്. ആഹിരിന്റെ പ്രവർത്തനങ്ങൾ മറ്ര് അംഗങ്ങളും മാതൃകയാക്കണമെന്ന് സ്പീക്കറായിരുന്ന സോമനാഥ് ചാറ്റർജി ഒരിക്കൽ വിശേഷിപ്പിച്ചിരുന്നു.

 പ്രൊഫ. രാം ശങ്കർ ( 50): ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്ന് ലോക്‌സഭാംഗം. രാഷ്ട്രീയത്തിലെത്തും മുൻപ് കോളേജ് അദ്ധ്യാപകനായിരുന്നു. വിദ്യാഭ്യാസ വിചക്ഷണൻ എന്ന നിലയിൽ ശ്രദ്ധ നേടി. പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി.

 വൈ.എസ്. ചൗധരി (53): ഹൈദരാബാദിൽ ജനനം. ടി.ഡി.പിയുടെ രാജ്യസഭാംഗം. ആന്ധ്രയിലെ പ്രമുഖ വ്യവസായ ശൃംഘലയായ സുജന ഗ്രൂപ്പിന്റെ ചെയർമാൻ. സുജന എന്ന് തന്നെയാണ് അടുപ്പമുള്ളവർ വിളിക്കുന്നതും. ടി.ഡി.പിക്ക് വൻ സംഭാവന നൽകിയ വ്യക്തിയാണെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

 ജയന്ത് സിൻഹ (54) : ജാർകണ്ഡിലെ ഹസാരിഭാഗിൽ നിന്നുള്ള ലോക്‌സഭാംഗം. മുൻ ധനകാര്യമന്ത്രിയും മുതിർന്ന നേതാവുമായ യശ്വന്ത് സിൻഹയുടെ മകൻ. കോർപ്പറേറ്ര് ഭരണരംഗത്തും കൺസൾട്ടൻസി മേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹി ഐ.ഐ.ടിയിൽ ബിരുദമെടുത്ത സിൻഹ ഹാർവാർഡ് ബിസിൻസ് സ്കൂളിൽ നിന്ന് എം.ബി.എയും അമേരിക്കയിലെ പെൻസിൽവാനിയ സർവകലാശാലയിൽ നിന്ന് എൻർജി മാനേജ്മെന്റിൽ എം.എസും നേടിയിട്ടുണ്ട്. രാഷ്ട്രീയത്തിലെത്തും മുൻപ് പന്ത്രണ്ട് വർഷം മെക്കൻസീ ആൻഡ് കമ്പനിയുടെ പാർട്ട്ണറായിരുന്നു.

 രാജ്യവർദ്ധൻ സിംഗ് റാത്തോഡ് (44): ജയ്പൂർ റൂറൽ മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാംഗമായ റാത്തോഡ് ഷൂട്ടിംഗ് താരമാണ്. ഒളിമ്പിക് മെഡൽ ജേതാവായ റാത്തോഡിന് രാജീവ് ഗാന്ധി ഖേൽ രത്ന, അർജുന പുരസ്‌കാരങ്ങൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. കരസേനയിൽ കേണൽ പദവിയിലിരുന്ന റാത്തോഡ് നിർബന്ധിത വിരമിക്കൽ വാങ്ങിയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.

 ബാബുൽ സുപ്രിയോ (44): പശ്ചിമബംഗാളിൽ നിന്ന് കേന്ദ്രമന്ത്രിസഭയിലെ ഏക അംഗമാണ് ഗായകനായ ബാബുൽ. തിരഞ്ഞെടുപ്പ് തൊട്ടുമുൻപ് വിമാനയാത്രയിൽ രാംദേവിനെ കണ്ടുമുട്ടിയതാണ് രാഷ്ട്രീയത്തിലേക്ക് വരാൻ കാരണമായത്. 1989മുതൽ സി.പി.എമ്മിനൊപ്പം മാത്രം നിന്നിട്ടുള്ള അസൻസോൾ മണ്ഡലത്തിൽ നിന്ന് 74000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബാബുൽ വിജയിച്ചത്.

 സാദ്ധ്‌വി നിരഞ്ജൻ ജ്യോതി (47): ഇന്നലെ സത്യപ്രതിജ്ഞ ചെയ്തവരിലെ ഏക വനിത. ഉത്തർപ്രദേശിലെ ദളിത് പിന്നാക്ക വിഭാഗങ്ങളിൽ സ്വാധീനം ചെലുത്താൻ പാർട്ടിക്ക് കഴിഞ്ഞത് ജ്യോതിയുടെ നേതൃത്വത്തിലായിരുന്നു. ഫത്തേപ്പൂർ മണ്ഡലത്തിൽ ആർ.എൽ.ഡി നേതാവ് അമർ സിംഗിനെ പരാജയപ്പെടുത്തിയാണ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആർ.എസ്.എസ് പ്രവർത്തകയാണ്. 2002, 2007 വർഷങ്ങളിലെ തിരഞ്ഞെടുപ്പിൽ യു.പി നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട ജ്യോതി 2012ൽ ഹാമിർപൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ചു. ഇക്കഴിഞ്ഞ ജൂണിൽ മൂന്ന് പേരടങ്ങുന്ന സംഘം ഇവരുടെ ജീവൻ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു.

 വിജയ് സാംപ്ള (53): പഞ്ചാബിൽ നിന്നുള്ള ദളിത് നേതാവ്. ഹോഷിയാർപൂരിൽ നിന്നുള്ള ലോക്‌സഭാംഗം. പത്താം ക്ളാസിന് ശേഷം സൗദി അറേബ്യയിൽ പ്ളംബറായി ജോലി നോക്കിയിട്ടുണ്ട്. സർപഞ്ച് ആയി രാഷ്ട്രീയ ജീവിതം തുടങ്ങിയ സാംപ്ള പാർട്ടിയുടെ സംസ്ഥാന ഉപാദ്ധ്യക്ഷനായി. സംസ്ഥാന ഖാദി ബോ‌ർ‌ഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 2017ൽ പഞ്ചാബ് നടക്കാനിരിക്കുന്ന നിയമസഭാ തിര‌ഞ്ഞെടുപ്പ് ഉറ്റുനോക്കിയാണ് സാംപ്ളയ്‌ക്കുള്ള മന്ത്രിപദമെന്നാണ് സൂചന. 

Friday, November 7, 2014

Open Athletic Meet

Appeared on 6th Nov 2014


ന്യൂ‌‌ഡൽഹി: 54-ാമത് ദേശീയ സീനിയർ ഓപ്പൺ അത്‌ലറ്റിക് മീറ്റിൽ മികച്ച വനിതാ താരമായി കേരളത്തിന്റെ ടിന്റു ലൂക്ക തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം, ടിന്റുവിന്റെ നേട്ടം കേരളത്തിന് സ്വന്തമല്ല. റെയിൽവേസിന്റെ താരമായാണ് ടിന്റു മീറ്റിൽ പങ്കെടുത്തത്. റെയിൽവേസാണ് മീറ്റിലെ ഓവറോൾ ചാമ്പ്യൻഷിപ്പ് കീരിടം നേടിയത്. സർവീസസ് റണ്ണർ അപ്പായി. പുരുഷ വിഭാഗത്തിലും സർവീസസ് ചാമ്പ്യൻഷിപ്പ് നേടി. എട്ടു ടീമുകൾ പങ്കെടുത്ത മീറ്റിൽ ഒരു സ്വർണ്ണവും നാലു വെങ്കലവും കൊണ്ട് കേരളം ഏഴാം സ്ഥാനത്തായി. ലോംഗ് ജംപ് താരം അങ്കിത് ശർമ്മയാണ് മീറ്റിലെ മികച്ച പുരുഷ താരം.

അവസാന ദിനമായ ഇന്നലെ ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ എം.വി. ഷീനയാണ് കേരളത്തിന് സുവർണ്ണ മെഡൽ നേടി തന്നത്. 12.87 മീറ്റർ ചാടിയാണ് ഷീന സ്വർണം നേടിയത്. റെയിൽവേയ്ക്ക് വേണ്ടി ഇറങ്ങിയ മലയാളിയായ അമിത ബേബിക്കാണ് ഈ ഇനത്തിലെ വെള്ളി മെഡൽ. വനിതകളുടെ 10000 മീറ്ററിൽ മലയാളി താരം പ്രീജാ ശ്രീധരൻ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

ടിന്റുവും ഒ.പി. ജെയ്ഷയും മീറ്റിൽ ഇരട്ട സ്വർണം നേടി. 5000 മീറ്ററിലും 1500 മീറ്ററിലും ജെയ്ഷ സ്വർണം നേടിയപ്പോൾ 800 മീറ്ററിലും 4X400 മീറ്റർ റിലെ മത്സരത്തിലുമാണ് ടിന്റു സ്വർണം നേടിയത്. ട്രിപ്പിൽ ജംപിൽ റെയിൽവേയ്‌ക്ക് വേണ്ടി ഇറങ്ങിയ മലയാളിയായ രഞ്ജിത് മഹേശ്വരിയം സ്വർണം നേടി. 1500 മീറ്ററിൽ ഒ.എൻ.ജി.സിക്ക് വേണ്ടി ഇറങ്ങിയ സിനി അജിത്ത് മാർക്കോസിന് വെള്ളി ലഭിച്ചു.

പുരുഷന്മാരുടെ 4X400 റിലെയിൽ സർവീസസ് സ്വർണം നേടിയ ടീമിലെ മൂന്ന് അംഗങ്ങളും മലയാളികളാണ്. മുഹമ്മദ് കുഞ്ഞ്, ജിതിൻ സെബാസ്റ്റ്യൻ, ജിത്തുബേബി എന്നിവരാണ് ടീമിലെ മലയാളികൾ. ഇതേ മത്സരത്തിൽ വെങ്കലം നേടിയ കേരള ടീമിൽ മനു സക്കറിയ, ബിനു ജോസ്, മുഹമ്മദ് അനസ്, സി.എം. അജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.

ടിന്റു ലൂക്കയെ കൂടാതെ കെ. സിൻഷ ഉൾപ്പെട്ട റെയിൽവേയുടെ സീമാണ് വനിതകളുടെ 4X400 റിലെയിൽ സ്വർണം നേടിയത്. ഇതേ ഇനത്തിൽ വെങ്കലം നേടിയ കേരളാ ടീമിൽ ജെസി ജോസഫ്, അലന്റ ജോസഫ്, സുഖീന, അല്‌ഗ ഉണ്ണി എന്നിവരാണുള്ളത്.

വനിതകളുടെ 4X100 റിലെ മത്സരത്തിൽ സ്വർണം നേടിയ റെയിൽവേ ടീമിൽ മലയാളികളായ മെർലിൻ ജോസഫും എം.എം. അ‌ഞ്ജുവും സ്വർണം നേടിയ പുരുഷവിഭാഗത്തിൽ മലയാളി അരുൺജിത്തുമുണ്ട്. 1500 മീറ്ററിൽ സർവീസസ് താരം ജിൻസൺ ജോസൺ വെള്ളി നേടിയപ്പോൾ 400 മീറ്റർ ഹർഡിൽസിൽ റെയിൽവേയ്‌ക്ക് വേണ്ടി ജിതിൻ പോൾ വെങ്കലം നേടി.

Open Athletic Meet

Appeared on 5th Nov 2014

ന്യൂഡൽഹി: സ്വന്തം പേരിലുള്ള റെക്കാഡ് തിരുത്തി വി.എസ്. സുരേഖ ദേശീയ ഓപ്പൺ അത്‌ലറ്റിക് മീറ്റിന്റെ മൂന്നാം ദിനം മലയാളികൾക്ക് അഭിമാനമാക്കി. വനതികളുടെ പോൾവാൾട്ടിലാണ് ദേശീയ റെക്കാഡോടെ സുരേഖ സ്വർണം നേടിയത്. 4.15 മീറ്റർ ചാടിയാണ് റെയിൽവേസിന് വേണ്ടി സുരേഖ മെഡൽ നേടിയത്. 2006ൽ സുരേഖ തന്നെ സ്ഥാപിച്ച 4.08 മീറ്റർ എന്ന റെക്കാഡാണ് ഇതോടെ രണ്ടാം സ്ഥാനത്തേക്ക് പോയത്.

ഇതേ മത്സരത്തിൽ വെള്ളി മെഡലും മലയാളി തന്നെ സ്വന്തമാക്കി. റെയിൽവേസിന് വേണ്ടി ഇറങ്ങിയ കെ.സി. ദിജയ്‌ക്കാണ് വെള്ളി മെഡൽ നേട്ടം. 3.6 മീറ്റർ ചാടിയാണ് മെഡൽ നേട്ടം.

ദേശീയ ട്രിപ്പിൾ ജംപ് താരമായ രഞ്ജിത് മഹേശ്വരിയുടെ ഭാര്യയാണ് സുരേഖ. ദേശീയ ഗെയിംസിൽ കേരളം എൻട്രി സമ്മാനിച്ചാൽ സംസ്ഥാനത്തിന് വേണ്ടി മത്സരിക്കുമെന്ന് സുരേഖ പറഞ്ഞു.

പുരുഷന്മാരുടെ ഹൈജംപിൽ വെള്ളി നേടിയ ജിതിൻ സി. തോമസാണ് മെഡൽ നേടിയ മറ്റൊരു മലയാളി. 2.17 മീറ്റർ ഉയരം താണ്ടിയാണ് മീറ്റ് റെക്കാഡോടെ ജിതിൻ മെഡൽ നേടിയത്.

110 മീറ്റർ ഹർഡിലിസിൽ പിന്റോ മാത്യുവും 100 മീറ്റർ ഹർഡിൽസിൽ കെ.വി. സജിതയും ഇന്നലെ വെങ്കലം മെഡൽ നേടി. 14.29 സെക്കന്റിലാണ് പിന്റോ ഫിനിഷ് ചെയ്തത്. സജിത 13.97 സെക്കന്റിൽ ഫിനിഷ് ചെയ്താണ് മെഡൽ നേടിയത്. മീറ്റിലെ രണ്ടാമത്തെ മെഡലാണ് സജിത സ്വന്തമാക്കിയത്. 100 മീറ്റർ മത്സരത്തിലും സജിത വെങ്കലം നേടിയിരുന്നു.

നാല് ദിവസം നീണ്ട മീറ്റ് ഇന്ന് അവസാനിക്കും. മലയാളികൾ മെഡലുകൾ സ്വന്തമാക്കിയെങ്കിലും കേരളത്തിന് ഇതുവരെ രണ്ട് വെങ്കല മെഡലുകൾ മാത്രമാണ് സ്വന്തമാക്കാനായിട്ടുള്ളത്.

Open Athletic Meet

Appeared on 4th Nov 2014


ന്യൂഡൽഹി: ദേശീയ ഓപ്പൺ അത്‌ലറ്റിക് മീറ്റിന്റെ രണ്ടാം ദിനത്തിലും മലയാളികൾ മിന്നിത്തിളങ്ങി. അഞ്ചു സ്വർണ്ണം ഉൾപ്പെടെ പത്ത് മെഡലുകൾ മലയാളി താരങ്ങൾ ഇന്നലെ നേടി. എന്നാൽ കേരളത്തിന്റെ മെഡൽ നില ഒരു വെങ്കലത്തിലൊതുങ്ങി.

ട്രാക്കിൽ ടിന്റു ലൂക്ക, സജീഷ് ജോസഫ് (800 മീറ്റർ), കുഞ്ഞുമുഹമ്മദ് (400 മീറ്റർ) എന്നിവരും ഹൈജംപിൽ സറ്റെനി മൈക്കൾ, ലോംഗ് ജംപിൽ വി. നീന എന്നീ മലയാളികളാണ് ഇന്നലെ സ്വർണ്ണം നേടിയത്. മലയാളികളായ സിനി അജിത്ത് മാർക്കോസ് (800 മീറ്റർ), എം.എം. അഞ്ജു (100 മീറ്റർ) എന്നിവർ വെള്ളി മെഡൽ സ്വന്തമാക്കിയപ്പോൾ 400 മീറ്ററിൽ അനുമറിയം ജോസ്, ബിബിൻ മാത്യ എന്നിവരും 100 മീറ്ററിൽ കെ.വി. സജിത എന്നിവരും വെങ്കലം നേടി. 2.03.88 മിനിട്ടിലാണ് ടിന്റു ഫിനിഷ് ചെയ്തത്. 800 മീറ്ററിൽ മത്സരിച്ച ജെസ്സി ജോസഫിന് നേരിയ വ്യത്യാസത്തിൽ വെങ്കലം നഷ്ടമായി.

പുരുഷ വിഭാഗം 400 മീറ്ററിൽ സർവീസസിന് വേണ്ടി ഇറങ്ങിയ കുഞ്ഞുമഹമ്മദ് സ്വർണ്ണം നേടി. ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ ആരോഗ്യ രാജീവിനെ പിന്തള്ളിയാണ് കുഞ്ഞുമുഹമ്മദ് മെഡൽ നേടിയത്.

റെയിൽവേസിന് വേണ്ടി ഇറങ്ങി ഹൈംജംപിൽ സ്വർണ്ണം നേടിയ സ്‌റ്റെനി മൈക്കൾ 1.73 മീറ്റർ ഉയരം ചാടി കടന്നാണ് മെഡലിൽ മുത്തമിട്ടത്. ലോംഗ് ജംപിൽ 6.29 മീറ്റർ ചാടിയാണ് വി. നീന റെയിൽവേസിന് വേണ്ടി സ്വർണ്ണം നേടിയത്. മെഡൽ നേടിയ മലയാളി താരങ്ങളായ എം.എം. അഞ്ജു, കെ.വി. സജിത എന്നിവരും റെയിൽവേഴ്സിന് വേണ്ടിയാണ് ഇറങ്ങിയത്. ഇരുവരും ഇന്ന് ഹർഡിൽസ് ഫൈനലിൽ മത്സരിക്കും.



Open Athletic Meet

Appeared on 3rd Nov 2014

ന്യൂഡൽഹി: ദേശീയ അത്‌ലറ്റിക് മീറ്റിൽ ഒ.പി. ജെയ്ഷ സ്വർണ്ണം നേടി. 5000 മീറ്ററിൽ 16.13.61 മിനിട്ടിൽ ഫിനിഷ് ചെയ്താണ് ജെയ്ഷ സ്വർണ്ണം നേടിയത്. ഇന്നലെയാണ് മീറ്റ് തുടങ്ങിയത്. റെയിൽവേയ്‌ക്ക് വേണ്ടി ഇറങ്ങിയാണ് ജെയ്ഷ് മെഡൽ നേടിയത്. ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ജെയ്ഷ 1500 മീറ്ററിലും മത്സരിക്കുന്നുണ്ട്.

ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ശേഷം പരിശീലനം നടത്തിയിട്ടില്ലെന്ന് ജെയ്ഷ പറഞ്ഞു. റെയിൽവേസിന് സ്വർണ്ണം നേടി കൊടുക്കണമെന്നുണ്ടായിരുന്നു. പ്രീജ ശ്രീധരന്റെ അഭാവത്തിൽ അത് സാദ്ധ്യമാകുമെന്ന് ഉറപ്പുണ്ടായിരുന്നു. അടുത്ത വർഷം നടക്കുന്ന ദേശീയ ഗെയിംസിൽ പങ്കെടുക്കും. ബീജിംഗിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലും പങ്കെടുക്കും. അതിൽ 5000 മീറ്ററിൽ പങ്കെടുക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ടു. ഇനി 1500 മീറ്ററിലും യോഗ്യത നേടണം. - ജെയ്ഷ പറഞ്ഞു.

ഇന്നലെ നടന്ന ആദ്യ പാദ മത്സരങ്ങളിൽ ട്രാക്കിലിറങ്ങിയ മലയാളി താരങ്ങളായ ടിന്റു ലൂക്ക ജെസ്സി ജോസഫ് എന്നിവർ 800 മീറ്റർ ഫൈനലിൽ കടന്നിട്ടുണ്ട്. 100 മീറ്റർ പുരുഷ വിഭാഗത്തിൽ സുജിത്ത് കുട്ടൻ, ജിതേഷ് കുമാർ എന്നിവരും ഫൈനലിൽ ഇടം നേടിയിട്ടുണ്ട്. 100 മീറ്റർ വനിതാ വിഭാഗത്തിൽ കേരളത്തിന്റെ മെർലിൻ കെ. ജോസഫ്, എൽ.ഐ.സിയുടെ നീതു മാത്യ ഇടം നേടി.

പുരുഷ വിഭാഗം 400 മീറ്ററിൽ കേരളത്തിന്റെ വൈ. മുഹമ്മദ് അനസ്, സി.എം. അജിത് എന്നിവരും ഫൈനലിൽ കടന്നു. മലയാളികളായ ജിബിൻ സെബാസ്റ്റ്യൻ, കുഞ്ഞുമുഹമ്മദ് (സർവീസസ്), ബിബിൻ മാത്യു (റെയിൽവേ) എന്നിവരും ഫൈനലിൽ ഇടം നേടി. 400 മീറ്റർ വനിതാ വിഭാഗത്തിൽ ഒ.എൻ.ജി.സിയുടെ എം.ആർ.പൂവമ്മ ഫൈനലിൽ കടന്നു. ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ ജേതാവാണ് പൂവമ്മ. എൽ.ഐ.സിക്ക് വേണ്ടി ഇറങ്ങിയ അനു മറിയം ജോസ്, സി.ആര്യ എന്നിവരും ഫൈനലിലേക്കെത്തി.

 കുശ്ബീറിനെ പിൻവലിച്ചത് വിവാദത്തിൽ
മീറ്റിന്റെ ആദ്യ ദിനമായ ഇന്നലെ നടന്ന 20 കി.മി നടത്ത മത്സരത്തിന്റെ പാതിവഴിയിൽ നിന്ന് ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവായ കുശ്ബീർ കൗറിനെ കോച്ച് നിർബന്ധിച്ച് പിൻവലിപ്പിച്ചത് വിവാദത്തിൽ. തന്റെ താരത്തിന് പരിക്ക് പറ്റിയേക്കുമോയെന്ന സംശയത്തിലാണ് കുശ്ബീറിനെ പിൻവലിച്ചതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഒൻപത് കി.മി നടന്ന ഒന്നാം സ്ഥാനത്ത് നിൽക്കവെയാണ് കുശ്ബീറിനെ കോച്ച് പിൻവലിച്ചത്.

Thursday, October 30, 2014

Remembering Indira Gandhi

Appeared in the edit page on 30th October 2014


അശോകാ റോഡിന്റെയും സഫ്ദർജംഗ് റോഡിന്റെയും ഒന്നാം നമ്പർ വസതികൾ ഒരു കോമ്പൗണ്ടിൽ ഒത്തുചേരുന്നതാണ് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഔദ്യോഗിക വസതി. സഫ്ദർജംഗ് റോഡിലെ ഒന്നാം നമ്പറിൽ അവർ താമസിക്കുകയും അതിന്റെ മറ്രൊരു അറ്റത്തുള്ള അശോകാ റോഡിലെ ഒന്നാം നമ്പർ വസതി ക്യാമ്പ് ഓഫീസായി പ്രവർത്തിക്കുകയുമായിരുന്നു. ഇവിടെ വച്ചാണ് മുപ്പത് വർഷം മുൻപ് 1984 ഒക്‌ടോബർ 31ന് രാവിലെ, പതിവുപോലെ വീട്ടിൽ നിന്ന് ക്യാമ്പ് ഓഫീസിലേക്ക് നടക്കവേ സ്വന്തം സുരക്ഷാ ഭടന്മാരായ ബിയാന്ത് സിംഗും സത്‌വന്ത് സിംഗും ഇന്ദിരയ്‌ക്ക് നേരെ മുപ്പത് റൗണ്ട് വെടിയുതിർത്തത്. ഇന്ന് മുപ്പത് വർഷം പിന്നിടുമ്പോൾ രാജ്യം ഭരിക്കുന്നത് അവരുടെ എതിർപക്ഷത്ത് നിലയുറപ്പിച്ചവരാണ്. പ്രധാനമന്ത്രിയുടെ റേസ് കോഴ്സ് റോഡിലെ ഏഴാം നമ്പർ ഔദ്യോഗിക വസതിയുടെ തൊട്ടുചേർന്നാണ് ഇന്ദിരഗാന്ധി സ്മാരകമായി നിലകൊള്ളുന്ന ഈ വസതി. ഇന്ത്യ കണ്ട ഏറ്റവും ശക്തയായ പ്രധാനമന്ത്രിയെ ആരാധിക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ന് രാജ്യത്തെ നയിക്കുന്നത്. പ്രധാനമന്ത്രിയുടെ വസതിക്ക് ഏറ്റവും അടുത്തുള്ള രാഷ്ട്രീയ സമാരകമാണ് ഇന്ദിരയുടെതെങ്കിലും ആ പാരമ്പര്യത്തെ ചരിത്ര താളുകളിൽ നിന്ന് മായ്‌ക്കാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രിയായ സർദാർ വല്ലഭായി പട്ടേലിന്റെ മൂല്യങ്ങളെ ഉയർത്തിപിടിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയതലത്തിലേക്ക് രംഗപ്രവേശം ചെയ്തത്. ഇന്ദിരയുടെ ചരമദിനവും പട്ടേലിന്റെ ജന്മദിനവും ഒരേദിവസമായത് യാദൃശ്ചികം മാത്രം. ഇന്ദിരയുടെ രക്ഷസാക്ഷിത്വദിനം ദേശീയ പുനരർപ്പണ ദിനമായിട്ടാണ് ഇതുവരെ ആചരിച്ചുവരുന്നത്. എന്നാൽ ഇന്ദിരയെ മാറ്റി പട്ടേലിനെ പ്രതിഷ്ഠിക്കുകയാണ് നാളെ. പുനരർപ്പണ ദിനത്തെക്കാൾ പ്രാധാന്യത്തോടെ കേന്ദ്ര സർക്കാർ നാളെ പട്ടേലിന്റെ ജന്മദിനത്തെ ദേശീയ അഖണ്ഡതാദിനമായി ആചരിക്കാൻ തീരുമാനിച്ചിരിക്കുന്നു. നെഹ്‌റു ഗാന്ധി കുടുംബത്തിന്റെ പാരമ്പര്യത്തെ ചരിത്രത്തിൽ നിന്ന് തുടച്ചുമാറ്റാൻ ശ്രമിക്കുമ്പോഴും മോദി അനുകരിക്കാൻ ശ്രമിക്കുന്നത് ഇന്ദിരയുടെ ഭരണരീതികളെയാണെന്നതാണ് ശ്രദ്ധേയം.

ഇന്ദിര നെഹ്‌റുവിൽ നിന്നും പിന്തുടർന്ന സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളെ മോദി എതിർക്കുമ്പോഴും ഇന്ദിരയുടെ ഏകാധിപത്യ രീതികളോട് മോദിക്ക് പ്രിയമാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഗുജറാത്ത് കലാപത്തിന്റെ പിടിച്ചുനിറുത്താൻ ഇന്ദിരയുടെ മരണത്തിന് ശേഷം പൊട്ടിപ്പുറപ്പെട്ട സിഖ് കലാപത്തെയാണ് പലപ്പോഴും ബി.ജെ.പി കൂട്ടുപിടിക്കുന്നത്. കലാപം എന്ന വാക്ക് തന്നെ തന്റെ തലയിൽ നിന്ന് വച്ചൊഴിയാൻ കൂടിയാണ് മോദി ഇന്ദിരയുടെ ദിനത്തെ വിസ്മരിക്കുന്നതെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ഇതൊക്കെയാണെങ്കിലും 1969 ജൂലായ് 20ന് 14 ബാങ്കുകളെ ദേശാസാൽക്കരിക്കുകയും 1970 സെപ്തംബർ മൂന്നിന് നാട്ടുരാജാക്കന്മാർക്കും രാജവംശത്തിനും നൽകി വന്ന പ്രിവി പേഴ്സ് നിറുത്തലാക്കുകയും ഒക്കെ ചെയ്തത് ഇന്ദിരയുടെ ഭരണത്തിലെ പൊൻതൂവലുകളാണ്. ബംഗ്ളാദേശിനെ വിമോചിപ്പിക്കാനുള്ള 1971 ഇന്ത്യാ പാക് യുദ്ധവും 1974ലെ ആണവ പരീക്ഷണത്തിലൂടെയും ഇന്ദിര, തന്റെ കരുത്ത് ലോകത്തെ അറിയിച്ചു. രണ്ട് പിളർപ്പുകൾ പിന്നിട്ടിട്ടും തന്നെ ചോദ്യം ചെയ്യാൻ ആരുമില്ലെന്ന് അവർ പാർട്ടിയിലും തെളിയിച്ചു. അത് മരണം വരെ അവർക്ക് തുടരാനായി. അവരുടെ ഏകാധിപത്യ രീതികളെ പിന്തുടരുമ്പോഴും ഭരണരംഗത്തെ ഇന്ദിരയുടെ നേട്ടങ്ങളാണ് മോദിക്ക് വെല്ലുവിളിയുർത്തുന്നതെന്ന കാര്യത്തിൽ സംശയമില്ല.

 തുടക്കവും ഒടുക്കവും ഇവിടെ നിന്ന്
ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്രവും സുപ്രധാനമായ ഭാഗം തുടങ്ങുന്നത് സഫ്ദർജംഗ് റോഡിലെ ഒന്നാം നമ്പർ വസതിയിൽ നിന്നാണ്. 1964ൽ പണ്ഡിറ്റ് ജവഹർലാൽ നെഹ‌്‌റുവിന്റെ മരണശേഷമാണ് ഇന്ദിര ഇവിടേക്ക് താമസം മാറ്റുന്നത്. അതുവരെ നെഹ്‌റുവിന്റെ ഔദ്യോഗിക വസതിയായിരുന്ന തീൻമൂർത്തി ഭവനിലാണ് (ഇതും സ്മാരകമാണ്) ഇന്ദിരയും താമസിച്ചിരുന്നത്. തീൻമൂർത്തി ഭവനിൽ നിന്ന് അര കി.മീ സഞ്ചരിച്ചാൽ ഇന്ദിരയുടെ വസതിയിലെത്താം.

നെഹ്‌റുവിന്റെ മരണത്തെ തുടർന്ന് ലാൽ ബഹദൂർ ശാസ്ത്രിയുടെ നേതൃത്വത്തിൽ അധികാരമേറ്ര മന്ത്രിസഭയിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായി എത്തിയ ഇന്ദിര 66 മുതൽ 77 വരെയും 80 മുതൽ 84 വരെ വീണ്ടും പ്രധാനമന്ത്രിയായി രാജ്യത്തെ നയിച്ചു. ഇതിനിടെ പാർട്ടി രണ്ട് പിളർപ്പുകൾക്ക് സാക്ഷിയായതിനൊപ്പം രാജ്യം അടിയന്തരാവസ്ഥയുടെ കറുത്ത അദ്ധ്യായവും പിന്നിട്ടു. "77ൽ അവർ തോൽവി നേരിട്ടു. ജയിലിലുമായി. "78ൽ കർണാടകയിലെ ചിക്കമംഗ്ലൂറിൽ നിന്ന് വീണ്ടും ലോക്‌സഭാംഗമായി. മകൻ രാജീവും സഞ്ജയും വിവാഹിതരാവുകയും ചെറുമക്കളുണ്ടാവുകയും ചെയ്യുന്നു. 1980ൽ മകൻ സഞ്ജയ് ഗാന്ധി കൊല്ലപ്പെടുന്നു. തുടർന്ന് രാജീവിന്റെ രാഷ്ട്രീയ പ്രവേശനത്തിന് വേദിയൊരുങ്ങുന്നു. അതിന് മുന്നോടിയായി ഇന്ത്യൻ എയർലൈൻസിൽ പൈലറ്റായിരുന്ന രാജീവ് ജോലിയിൽ നിന്ന് രാജിവയ്‌ക്കുന്നു. എല്ലാത്തിനും ഈ വസതി സാക്ഷി.

ഒടുവിൽ ഒക്‌ടോബർ 31ന്, ബുധനാഴ്ച രാവിലെ മുൻകൂട്ടി നിശ്ചിയിച്ചിരുന്ന പരിപാടിക്ക് 15 മിനിറ്റ് വൈകി 9.15 അക്ബർ റോഡിലെ വസതിയിലേക്ക് നടക്കുമ്പോഴാണ് വെടിയേറ്റ് വീഴുന്നത്. ഇന്ദിരാ ഗാന്ധിയുടെ മരണം എയിംസ് ആശുപത്രി സ്ഥിരീകരിക്കുന്നത് ഉച്ചയ്‌ക്ക് 2.20നാണ്. ഇന്ദിരയുടെ മരണത്തിൽ രാജ്യം ഞെട്ടിതരിച്ചു ഇരിക്കുമ്പോൾ തന്നെ അതേ ദിവസം രാത്രി മകൻ രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 12 ദിവസത്തെ ദുഖാചരണത്തിനിടയിൽ നവംബർ മൂന്നിന്, ശനിയാഴ്ച ഇന്ദിരാഗാന്ധിയുടെ സംസ്‌കാര ചടങ്ങുകൾ നടന്നു. ഇന്ദിരയുടെ ഒരു യുഗാന്ത്യത്തിനും രാജീവ് ഗാന്ധിയുടെ തുടക്കത്തിനും സഫ്ദർജംഗ് റോഡ് ഒന്ന് സാക്ഷിയായി. 1985 മേയിൽ റേസ് കോഴ്സ് റോഡിലെ അ‌ഞ്ചാം നമ്പർ വസതിയിലേക്ക് മാറും വരെ രാജീവ് ഈ വീട്ടിലിരുന്നാണ് രാജ്യത്തെ നയിച്ചത്.

മ്യൂസിയമാക്കിയിരിക്കുന്ന ഈ വസതിയിൽ ഇന്ദിരാഗാന്ധി ഉപയോഗിച്ചിരുന്ന ഭാഗങ്ങൾക്ക് പുറമേ രാജീവും കുടുംബവും താമസിച്ചിരുന്ന ഭാഗം രാജീവിന്റെ വസ്തുക്കൾ കൊണ്ട് സമ്പന്നമാണ്. അദ്ദേഹം ഉപയോഗിച്ചിരുന്ന ടോഷിബായുടെ ടി 5200 കംപ്യൂട്ടറും വയർലെസ് സെല്ലുകളും ടൂൽ ബോക്സും മറ്റൊരു പ്രധാനമന്ത്രിയുടെ ഓർമ്മകളിലേക്ക് നമ്മേ സഞ്ചരിപ്പിക്കും.


 ഒക്‌ടോബർ 31ന് നിശ്ചയിച്ചിരുന്ന പരിപാടികൾ (ഇതിൽ ഒരു പരിപാടിയും നടന്നില്ല)
 രാവിലെ 9 മുതൽ പത്ത് വരെ - ഐയർലാൻഡ് സംവിധായകനായ ഷിയമസ് സ്മിത്തിന്റെ പ്രധാനമന്ത്രിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ചിത്രീകരണം - അക്ബർ റോഡ് ഒന്നിൽ
 11 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ - ഡോക്യുമെന്ററിയുടെ ചിത്രീകരണം - സൗത്ത് ബ്ളോക്കിൽ
 4 മണിക്ക് - ബ്രട്ടീഷ് പാർലമെന്റിന്റെ ഫാദർ ഒഫ് ദ ഹൗസായ ജെയിംസ് കള്ളഹൻ, മിസിസ് കള്ളഹൻ എന്നിവരുമായി കൂടിക്കാഴ്ച
4.30 - ടി.എൻ. കൗളുമായി കൂടിക്കാഴ്ച
 4.45- നാഗാലാൻഡ് മുഖ്യമന്ത്രി എസ്.സി. ജമീറും നാല് മന്ത്രിമാരും സന്ദർശിക്കുന്നു.
 5.15- മിസാറാമിലെ നേതാവ് ലാൽദെംഗ സന്ദർശിക്കുന്നു
 5.45 - ജയ്‌പൂർ മഹാരാജാവ് സവായ് ഭവാനി സിംഗുമായി കൂടിക്കാഴ്ച
 6.00- ഡി.ഐ.ബി
6.15 - ഹൈദരാബാദിൽ നിന്നുള്ള വി.എ. സാഹ്‌നെയുമായി കൂടിക്കാഴ്ച, തുടർന്ന് വസതിയിലേക്ക്
7.25 - സഫ്ദർജംഗ് റോഡിലെ വസതിയിൽ നിന്ന് ഇറങ്ങും.
 7.45- വിദേശ സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി മടങ്ങിയെത്തും. അദ്ദേഹത്തെ സ്വീകരിക്കാൻ ഡൽഹി വിമാനത്താവളത്തിൽ
 8.30- വസതിയിൽ വച്ച് ആൻ രാജകുമാരിയുമായി അത്താഴവിരുന്ന്.

 സ്മാരകം ആഗ്രഹിക്കാത്ത പട്ടേൽ

രാജ്യം നാളെ സർദാർ പട്ടേലിന്റെ ജന്മദിനം ദേശീയ അഖണ്ഡതാ ദിനമായി ആചരിക്കുകയാണ്. നർമ്മദാ ഡാമിന് മുന്നിൽ 3000 കോടി രൂപ ചെലവിൽ പട്ടേലിന്റെ 186 മീറ്റർ ഉയരമുള്ള പ്രതിമയുടെ നിർമ്മാണ പ്രവർത്തനം നാളെ തുടങ്ങും. ഇതൊക്കെയാണെങ്കിലും തന്റെ പേരിൽ ഒരു സ്‌മാരകവും പട്ടേൽ ആഗ്രഹിച്ചിരുന്നില്ലെന്നാണ് ചരിത്രം പറയുന്നത്.

തന്റെ സമാധി സ്ഥലമോ ഒന്നും നിർമ്മിക്കാൻ പാടില്ലെന്നും പട്ടേൽ നിർദ്ദേശിച്ചിരുന്നു. 1950 ഡ‌ിസംബർ 15ന് പട്ടേലിന്റെ അന്ത്യകർമ്മങ്ങൾ നടത്തിയത് സോണാപ്പൂരിലെ പൊതു ശ്മശാനത്തിലാണ്. സ്വന്തമായി അദ്ദേഹത്തിന് ഭൂമി പോലുമുണ്ടായിരുന്നില്ലെന്നതാണ് മറ്റൊരു കാര്യം.