Powered By Blogger

Monday, June 9, 2014

Rao swears in


Appeared on 3rd June 2014

മകനും അനന്തരവനും 11 അംഗ മന്ത്രിസഭയിൽ
 നായിഡുവിനെ പങ്കെടുത്തില്ല

ന്യൂഡൽഹി: രാജ്യത്തെ 29-ാമത്തെ സംസ്ഥാനമായ തെലുങ്കാനയുടെ പ്രഥമ മുഖ്യമന്ത്രിയായി തെലുങ്കാന രാഷ്ട്ര സമിതിയുടെ അദ്ധ്യക്ഷൻ കെ. ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റാവുവിന്റെ മകൻ കെ.ടി. രാമറാവു, അനന്തരവൻ ടി. ഹരീഷ് റാവു എന്നിവരും 11 അംഗ മന്ത്രിസഭയിൽ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിലെ ഏക മുസ്‌ലിം അംഗമായ മുഹമ്മദ് മെഹ്‌മൂദ് അലിയും ദളിത് അംഗമായ ടി. രാജയ്യയു ഉപമുഖ്യമന്ത്രിരായി.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞയ്‌ക്ക് മുൻപ് ഇന്നലെ രാവിലെ 6.30ഓടെ സംസ്ഥാനത്തിന്റെ ഗവർണറുടെ അധിക ചുമതല ഏറ്റെടുത്തുകൊണ്ട് ആന്ധ്രാപ്രദേശ് ഗവർണർ ഇ.എസ്.എൽ. നരസിംഹൻ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ആന്ധ്രാപ്രദേശ് ചീഫ് ജസ്റ്റിസ് കല്യാൺ ജ്യോതി സെൻഗുപ്തയാണ് ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. തുടർന്ന് രാവിലെ 8.15നാണ് റാവുവിന് ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തത്.

ഒരു ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതി തള്ളുമെന്നും അടുത്ത അഞ്ച് വർഷം കൊണ്ട് ദളിത് പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി ഒരു ലക്ഷം കോടി രൂപ ചെലവഴിക്കുമെന്നും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ചന്ദ്രശേഖര റാവു അറിയിച്ചു. തെലുങ്കാന സംസ്ഥാനത്തിന് വേണ്ടിയുള്ള സമരങ്ങളിൽ രക്തസാക്ഷികൾക്ക് പുഷ്‌പാർച്ചന നടത്തിയശേഷമാണ് റാവു സത്യപ്രതിജ്ഞ ചെയ്തത്.

എൻ. നരസിംഹ റെഡ്ഡി, ഇ. രാജേന്ദർ, പി. ശ്രീനിവാസ റെഡ്ഡി, ടി. പത്മ റാവു, പി. മഹേന്ദർ റെഡ്ഡി, ജെ. രാമണ്ണ, ജി. ജഗ്ദീഷ് റെഡ്ഡി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റ് മന്ത്രിമാർ. മന്ത്രിസഭയിൽ വനിതാ പ്രാതിനിധ്യമില്ല. 119 അംഗ നിയമസഭയിൽ 63 സീറ്റുകൾ നേടിയാണ് ടി.ആർ.എസ് അധികാരത്തിലേറിയത്.

അതേസമയം, ആന്ധ്രാ പ്രദേശിന്റെ മുഖ്യമന്ത്രിയായി ഈ മാസം 8ന് സത്യപ്രതിജ്ഞ ചെയ്യേണ്ട ടി.ഡി.പി അദ്ധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തില്ല. നേരിട്ടോ ഫോണിലൂടെയോ ക്ഷണിക്കാത്തതിനാലാണ് താൻ പങ്കെടുക്കാതിരുന്നതെന്ന് നായിഡു വ്യക്തമാക്കി. എന്നാൽ ഔദ്യോഗികമായ ക്ഷണക്കത്ത് അയച്ചിരുന്നുവെന്ന് തെലുങ്കാന സർക്കാർ അറിയിച്ചു.

2001ലാണ് തെലുങ്കു ദേശം പാർട്ടി വിട്ട് ചന്ദ്രശേഖര റാവു ടി.ആർ.എസ് രൂപീകരിക്കുന്നത്. തുടർന്ന് 2004ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ടെങ്കിലും ഒന്നാം യു.പി.എയുടെ അവസാന കാലത്ത് സഖ്യം വേർപ്പെടുത്തുകയായിരുന്നു. 2009ലെ തിരഞ്ഞെടുപ്പിൽ പാർട്ടി കനത്ത പരാജയം ഏറ്റവാങ്ങുകയും ചെയ്തു. തുടർന്നാണ് തെലുങ്കാന സംസ്ഥാന വാദം വീണ്ടും ഉയർത്തിക്കൊണ്ട് ജനങ്ങളുടെ വിശ്വാസം നേടിയെടുത്തത്.

2000ത്തിൽ എൻ.ഡി.എ സർക്കാർ കാലത്താണ് ഇതിന് മുൻപ് മൂന്ന് സംസ്ഥാനങ്ങൾ പിറവിയെടുത്തത്. ബീഹാർ, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളെ വിഭജിച്ച് ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ യഥാക്രമം രൂപീകരിച്ചിരുന്നു.

കഴിഞ്ഞദിവസം രാത്രി തന്നെ പുതിയ സംസ്ഥാനത്ത് ആഘോഷങ്ങൾ തുടങ്ങിയിരുന്നു. തലസ്ഥാന നഗരമായ ഹൈദരാബാദിലാകെ ടി.ആർ.എസിന്റെ കൊടിയുടെ നിറമായ പിങ്കുകൊണ്ട് മൂടിയിരുന്നു. ഞായറാഴ്ച അർദ്ധരാത്രിയിലാണ് തന്നെ വെടിക്കെട്ടോടെ ആഘോഷങ്ങൾ തുടങ്ങിയത്.

 അസ്വാരസ്യങ്ങൾ തുടങ്ങി

റാവുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റ് മണിക്കൂറുകൾ കഴിയും മുൻപെ പാർട്ടിയിൽ അസ്വാരസ്യങ്ങൾ തുടങ്ങി. സംസ്ഥാനം രൂപീകരിച്ച് തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ ദളിത് വിഭാഗത്തിൽ നിന്നുള്ള വ്യക്തിയെ മുഖ്യമന്ത്രിയാക്കുമെന്നായിരുന്നു റാവു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇത് പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, ദളിത് പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ട പരിഗണന ലഭിച്ചില്ലെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആരോപണം.

റാവു സവർണ്ണ വിഭാഗമായ വേലമ ജാതിയിൽപ്പെട്ടയാളാണ്. കൂടാതെ മകനും അനന്തരവനും മന്ത്രിസഭയിൽ സ്ഥാനം പിടിക്കുകയും ചെയ്തു. മന്ത്രിസഭയിലെ നാല് പേർ റെഡ്ഡി വിഭാഗത്തിൽ നിന്നുള്ളവരാണ്. മൂന്ന് പേർ മാത്രമാണ് പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള മന്ത്രിമാർ. ദളിത് വിഭാഗത്തിൽ നിന്നുള്ള ഏക അംഗമായ രാജയ്യ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റെങ്കിലും ആരോഗ്യവകുപ്പാണ് അദ്ദേഹത്തിന് നൽകിയിട്ടുള്ളത്. പ്രധാന വകുപ്പായ ആഭ്യന്തരം എൻ. നരസിംഹ റെഡ്ഡിക്കാണ് നൽകിയത്.

എന്നാൽ മന്ത്രിസഭയിലെ പ്രാതിനിധ്യം സംബന്ധിച്ച് ഇപ്പോൾ വിലയിരുത്താനാവില്ലെന്ന് റാവുവിന്റെ മകനും മന്ത്രിയുമായ കെ.ടി. റാമാ റാവു പറഞ്ഞു. മന്ത്രിസഭയിൽ ആകെ 18 അംഗങ്ങളുണ്ടാകുമെന്നും മന്ത്രിസഭാ വികസനം വരുന്പോൾ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

 കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും: മോഡി

തെലുങ്കാന സംസ്ഥാന വാസികൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വിറ്റിൽ കുറിച്ചു. ഇന്ത്യയ്‌ക്ക് പുതിയൊരു സംസ്ഥാനം ലഭിച്ചെന്നും അതിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. പുതിയ സംസ്ഥാനത്തിലെ ജനങ്ങൾക്കും സർക്കാരിനും കേന്ദ്രത്തിന്റെ എല്ലാ സഹായവും ഉറപ്പു നൽകുന്നതായും മോഡി പറഞ്ഞു.

Telangana is born

Appeared on 2nd May 2014

ന്യൂഡൽഹി: പതിറ്റാണ്ടുകൾ നീണ്ട സമരങ്ങൾക്കൊടുവിൽ അംഗീകാരം ലഭിച്ച തെലുങ്കാന സംസ്ഥാനം ഇന്ന് ഔദ്യോഗികമായി ജന്മമെടുക്കും. രാജ്യത്തിന്റെ 29-ാമത്തെ കുഞ്ഞായിട്ടാണ് തെലുങ്കാന ജന്മമെടുക്കുന്നത്. സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി തെലുങ്കാന രാഷ്ട്ര സമിതി അദ്ധ്യക്ഷനായ കെ.ചന്ദ്രശേഖരറാവുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അതിന് മുന്നോടിയായി സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാഷ്ട്രപതി ഭരണം ഭാഗീകമായി ഇന്ന് പിൻവലിക്കും. മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യും മുൻപ് നിലവിൽ ആന്ധ്രാ പ്രദേശ് ഗവർണറായ ഇ.എസ്.എൽ. നരസിംഹൻ സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. അദ്ദേഹത്തിനാണ് പുതിയ സംസ്ഥാനത്തിന്റെ അധിക ചുമതലയും നൽകിയിരിക്കുന്നത്. തുടർന്ന് ഇരു സംസ്ഥാനങ്ങളുടെയും ഇടയിൽ 16 ചെക്ക് പോസ്റ്റുകളും ഇന്ന് സ്ഥാപിക്കും. നാളെ ഭൂപടവും പുറത്തിറങ്ങും.

ഒരേ ഭാഷ സംസാരിക്കുന്നവരാണെങ്കിലും ആന്ധ്രാ പ്രദേശിനോട് ചേരാൻ തെലുങ്കാന പ്രദേശവാസികൾ പതിറ്റാണ്ടുകൾക്ക് മുൻപെ വിയോജിപ്പു രേഖപ്പെടുത്തിയിരുന്നു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു ഇക്കാര്യം വ്യക്തമാക്കിയിടുള്ളതുമാണ്. അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ വിവാഹമോചന ഉടന്പടികളോടെയാണ് തെലുങ്കാനയെന്ന "നിഷ്‌കളങ്ക പെൺകൊടി'യുടെയും ആന്ധ്ര എന്ന "വികൃതിപയ്യന്റെ'യും വിവാഹം നടത്തിയത്. വർഷം കുറേ കടന്നുപോയെങ്കിലും അദ്ദേഹം പറഞ്ഞത് ശരിവയ്‌ക്കും പോലെ വിവാഹമോചനം വേണ്ടിവന്നു.

സംസ്ഥാനം വിഭജിച്ചതിലൂടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാഹമായെന്ന് കരുതുന്നുവർക്ക് തെറ്റി. കാരണം ഇനിയും തീരുമാനമാകാത്ത ഒട്ടേറെ കാര്യങ്ങളും അനിശ്ചിതത്വങ്ങളും തുടരുകയാണ്. സ്വത്ത് വിഭജനം, ഉദ്യോഗസ്ഥരെ പങ്കിട്ടു എടുക്കൽ, നദിജല തർക്കങ്ങൾ, അങ്ങനെ പലതും. റായലസീമയും കോസ്റ്റൽ ആന്ധ്രയും ഉൾപ്പെടുന്ന സീമാന്ധ്രാ പ്രദേശം ആന്ധ്രാ പ്രദേശ് എന്ന് തന്നെയായിരിക്കുമോ അറിയപ്പെടുകയെന്ന കാര്യത്തിൽ പോലും ഇനിയും തീരുമാനമായിട്ടില്ല. അതിന്റെ തലസ്ഥാനം എവിടെയായിരിക്കുമെന്നും നിശ്ചയമില്ല. ആ സംസ്ഥാനത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡു ഈ മാസം എട്ടിന് എവിടെവച്ചാകും സത്യപ്രതിജ്ഞ ചെയ്യുകയെന്നും തീരുമാനമായിട്ടില്ല.

രാവിലെ 8.15 ഓടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചന്ദ്രശേഖര റാവു 12.57 ഓടെ തന്റെ ഓഫീസിൽ ചുമതലയേൽക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. തെലുങ്കാന പ്രക്ഷോഭത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം പ്രഖ്യാപിക്കുകയായിരിക്കും അദ്ദേഹം എടുക്കുന്ന ആദ്യ തീരുമാനം.

 ചെടിച്ചട്ടികൾ മതിൽ തീർക്കുന്ന സെക്രട്ടേറിയറ്റ്

ഒൻപത് ബ്ലോക്കുകളുള്ള സചിവാലയത്തിൽ (സെക്രട്ടേറിയറ്റിൽ) രണ്ട് സംസ്ഥാനങ്ങളുടെയും വകുപ്പുകൾക്കുള്ള വിഭജനം പൂർത്തിയായിട്ടുണ്ടെങ്കിലും പലയിടത്തും മതിൽ കെട്ടാതെ ചെടിച്ചട്ടികൾ കൊണ്ട് വിഭജനം യാഥാർത്ഥ്യമാക്കാനാണ് ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുള്ലത്. എ,ബി,സി,ഡി ബ്ളോക്കുകൾ തെലുങ്കാനയ്‌ക്കും എച്ച്,കെ,എൽ ബ്ളോക്കുൾ ആന്ധ്രയ്ക്കുമാണ്.

തെലുങ്കാന സംസ്ഥാന പ്രക്ഷോഭം കൊടുപിരിക്കൊണ്ട് നിൽക്കവേ ഉദ്യോഗസ്ഥർ സെക്രട്ടേറിയറ്റിന് മുന്നിൽ ഏറ്റുമുട്ടിയിരുന്നു. അതേ തുടർന്ന് ഇരു വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥർക്കായി പ്രത്യേക കവാടം തുറന്നിരുന്നു. ഈ തൽസ്ഥിതി തുടരും. മിന്റ് കോന്പൗണ്ട് വഴി റാവുവും തെലുഗു തല്ലി ഫ്ളൈഓവറിലൂടെ നായിഡും സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കും. ഏതായാലും ആഴ്ചയിൽ മൂന്ന് ദിവസം ഗുൻടൂറിലെ ആചാര്യ നാഗാർജുന സർവകലാശാലയുടെ പുതിയ കെട്ടിടത്തിൽ തന്റെ ഭരണം നിർവഹണം നടത്താനാണ് ചന്ദ്രബാബുനായിഡുവിന്റെ ആലോചനയെന്ന് അറിയുന്നു. സംസ്ഥാന ഡി.ജി.പിയുടെ ഉൾപ്പെടെയുള്ള ഓഫീസുകൾ മാറ്റാനും നായിഡു തീരുമാനിച്ചു കഴിഞ്ഞു.

നംപള്ളിയിൽ നിലവിലുള്ള പുതിയ അസംബ്ളി കെട്ടിടത്തിൽ തെലുങ്കാനയുടെ സഭ കൂടും. ആന്ധ്രയിൽ നിന്നുള്ള സാമാജികർ ജൂബിലി ഹാളിൽ സമ്മേളിക്കും.

ജൂബിലി ഹിൾസിലുള്ള തെലുങ്കാന ഭവനിൽ സജ്ജമാക്കിയിട്ടുള്ള വാർ റൂമിലാകട്ടെ ഉദ്യോഗസ്ഥരുടെ ജനന സ്ഥലം വ്യക്തമാക്കുന്ന ജനന സർട്ടിഫിക്കേറ്റുകൾ വാങ്ങുന്ന തിരക്കിലാണ്. എന്നാൽ ഉദ്യോഗസ്ഥരെ പങ്കിടുന്ന പ്രകിയ പൂർത്തിയാക്കാൻ ഇനിയും മാസങ്ങൾ എടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനായി കമലാനാഥൻ കമ്മിറ്റിയെയും രൂപീകരിച്ചിട്ടുണ്ട്. മേയ് 26 മുതൽ തന്നെ സാലറി അക്കൗണ്ടുകളും ട്രഷറികളും വിഭജനം നടത്തി പ്രവർത്തിച്ചു തുടങ്ങിക്കഴിഞ്ഞു.

മുഖ്യമന്ത്രിക്കായുള്ള രണ്ട് പ്രാഡോ വണ്ടികളിൽ ഒന്ന് റാവുവും മറ്റൊന്ന് നായിഡും പങ്കിട്ട് എടുത്തുകഴിഞ്ഞു.

 ഉദ്യോഗസ്ഥർക്കായി അടിപ്പിടി
ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർക്കായും ഇരു സംസ്ഥാനങ്ങളും തർക്കം തുടങ്ങിയിട്ടുണ്ട്. മേടക് സ്വദേശിയായ വി.എൻ.റെഡ്ഡിയെ ചീഫ് സെക്രട്ടറിയാക്കണമെന്നാണ് റാവുവിന്റെ അഭിപ്രായം. എന്നാൽ അത് സാദ്ധ്യമല്ലെന്ന് പേഴ്സണൽ വകുപ്പ് അറിയിച്ചിട്ടുണ്ട്. 163 ഐ.എ.എസ് ഉദ്യോഗസ്ഥരുടെയെും 112 ഐ.പി.എസ്സുകാരുടെയും 65 ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥരെയുമാണ് കേന്ദ്രം തെലുങ്കാനയ്‌ക്കായി ശുപാർശ ചെയ്തിട്ടുള്ളത്. ഈ ഫയലിന് പ്രധാനമന്ത്രി ഓഫീസിന്റെ അന്തിമാനുമതി ലഭിക്കേണ്ടതുമുണ്ട്.

 അൽപ്പം ചരിത്രം
നൈസാം രാജവംശത്തിന്റെ കീഴിലായിരുന്ന തെലുങ്കാന എന്ന ഹൈദരാബാദ് സംസ്ഥാനം 1948ലാണ് ഇന്ത്യൻ യൂണിയന്റെ ഭാഗമായത്. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സർദ്ദാർ വല്ലാഭായി പട്ടേലിന്റെ ഉരുക്കുമുഷ്‌ഠിക്ക് മുന്നിൽ നൈസാം കീഴടങ്ങുകയായിരുന്നു. അഥവാ കീഴടക്കുകയായിരുന്നു. തുടർന്ന് 1952ൽ ഹൈദരാബാദ് സംസ്ഥാനത്ത് ആദ്യ തിരഞ്ഞെടുപ്പും നടന്നു. ഐക്യ ആന്ധ്രയ്‌ക്കായുള്ല പ്രക്ഷോഭങ്ങൾ തുടങ്ങുന്നതും അതേ വർഷമാണ്. 1952 ഡിസംബർ 16ന്, 53ദിവസത്തെ നിരാഹാര സമരത്തിനൊടുവിൽ പോട്ടി ശ്രീരാമുലു മദ്രാസിൽ വച്ച് രക്തസാക്ഷിത്വം വഹിച്ചു. അതോടെ ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാനം രൂപീകരിക്കാൻ തീരുമാനമായി. മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന റായലസീമയെയും കോസ്റ്റൽ ആന്ധ്രയെയും ഉൾപ്പെടുത്തികൊണ്ട് 1953 ഒക്‌ടോബർ 1ന് ആന്ധ്രാ സംസ്ഥാനം രൂപം കൊണ്ടു. ആന്ധ്രാ സംസ്ഥാനത്തിൽ ലയിക്കുന്നതിനോട് തെലുങ്കാന പ്രദേശ വാസികൾക്ക് അന്നേ എതിർപ്പുണ്ടായിരുന്നു. അത് അവഗണിച്ചകൊണ്ട് ഭാഷാ അടിസ്ഥാനത്തിൽ 1956 നവംബർ ഒന്നിന് ആന്ധ്രാപ്രദേശ് രൂപം കൊണ്ടു.
1969ലാണ് ആദ്യ തെലുങ്കാന പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട് 300 ഓളം പേർ കൊല്ലപ്പെട്ടു. അതേ നേരിടാൻ 1972ൽ സീമാന്ധ്രക്കാർ ജെയ് ആന്ധ്രാ മൂവ്മെന്റുമായി എത്തി. 1984ൽ എൻ. ടി. രാമറാവു മുഖ്യമന്ത്രിയായതോടെ തെലുങ്കാനയിൽ നിന്നുള്ളവരുടെ ക്ഷേമം ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം ചെയ്തു. തുടർന്ന് തികഞ്ഞ നിശബ്ദതയായിരുന്നു. 1999 കോൺഗ്രസ് സംസ്ഥാനം വിഭജനം ആവശ്യപ്പെട്ടു. എന്നാൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അത് നിരസിച്ചു. അധികം താമസിയാതെ തെലുങ്കാന രാഷ്ട്ര സമിതി രൂപീകരിച്ചുകൊണ്ട് കെ. ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങി. 2009ൽ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിൽ അനിശ്ചിതക്കാല നിരാഹാരം തുടങ്ങി. തുടർന്ന് കേന്ദ്രം സംസ്ഥാനം വിഭജനം പ്രഖ്യാപിച്ചു. എന്നാൽ ദിവസങ്ങൾക്കകം കേന്ദ്രം തീരുമാനം മരവിപ്പിച്ചതോടെ വീണ്ടും ജനം തെരുവിലിറങ്ങി. 2010 ഫെബ്രുവരിയിൽ ജസ്റ്റിസ് ശ്രീകൃഷ്‌ണയെ സംസ്ഥാനം വിഭജനം പഠിക്കാൻ നിയോഗിച്ചു. ഒടുവിൽ സംസ്ഥാനം യാഥാർത്ഥ്യവുമായി.

 കൗണ്ട് ഡൗൺ
 ഫെബ്രു 18: തെലുങ്കാന ബിൽ ലോക്‌സഭയിൽ പാസായി.
 ഫെബ്രു 19: കിരൺകുമാർ റെഡ്ഡി മുഖ്യമന്ത്രി പദം രാജിവച്ചു.
 ഫെബ്രു 20: ബിൽ രാജ്യസഭയും കടന്നു
 മാർച്ച് 1: രാഷ്ട്രപതി ബില്ലിൽ ഒപ്പു വച്ചു.
 ഏപ്രിൽ 30: സെക്രട്ടേറിയറ്റിലെ നാല് ബ്ളോക്കുകൾ തെലുങ്കാനയ്‌ക്കും മൂന്ന് ബ്ളോക്കുകൾ ആന്ധ്രയ്‌ക്കും വിഭജിച്ചു.
 മേയ് 17ന്: ഉദ്യോഗസ്ഥരുടെ വിജനത്തിനായി
 ജൂൺ 2: ചന്ദ്രശേഖറ റാവു മുഖ്യമന്ത്രിയാകുന്നു

Monday, May 26, 2014

കഥയിലെ രാജകുമാരൻ കിരീടമണിയുമ്പോൾ

appeared on 26th may

കഥയിലെ രാജകുമാരൻ കിരീടമണിയുമ്പോൾ 
 
Posted on: Monday, 26 May 2014 


ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിൽ ഒന്നായ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഒരു ചായക്കടക്കാരന്റെ മകനായ നരേന്ദ്ര ദാമോദർദാസ് മോഡി  ഇന്ന്  സൂര്യാസ്തയമത്തിനു തൊട്ടു മുൻപ്  സത്യപ്രതി‌ജ്ഞ ചെയ്യുകയാണ്. ഇന്ത്യയ്‌‌ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947ന് ശേഷം ജനിച്ച ഒരു വ്യക്തി പ്രധാനമന്ത്രിയാകുന്നത് ആദ്യമായാണ്. പിന്നാക്ക വിഭാഗത്തിൽ നിന്ന് പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ നേതാവ്. തുടർച്ചയായി മൂന്ന് തവണ മുഖ്യമന്ത്രി പദം അലങ്കരിച്ച് ആ പദത്തിലിരിക്കെ തന്നെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ രാഷ്ട്രീയക്കാരൻ. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മത്സരിച്ച രണ്ട്  മണ്ഡലങ്ങളിലും  വിജയിച്ച ആദ്യ സ്ഥാനാർത്ഥി. ഒരു ചായക്കടക്കാരന്റെ മകനായി ജനിച്ച് പ്രധാനമന്ത്രിയാവുന്ന  ആദ്യ സാധാരണക്കാരൻ. അങ്ങനെ നീണ്ടുപോകും മോഡിയുടെ  വിശേഷങ്ങൾ.

ഒരു സുപ്രഭാതത്തിൽ പൊട്ടി വിടർന്നോ,  മുകളിൽ നിന്ന് കെട്ടിയിറക്കിയോ അല്ല മോഡി  പ്രധാനമന്ത്രി പദത്തിത്തിലെത്തിയത്. സ്വന്തം പ്രയത്നം കൊണ്ട് ഈ പദവിയിലേക്ക് ഉയരുകയായിരുന്നു. പാർട്ടിയുടെയും ഘടകകക്ഷികളുടെയും വിശ്വാസം നേടിയ മോഡി രാജ്യത്തെ ജനങ്ങളുടെയും വിശ്വാസം വോട്ടിലൂടെ നേടിയെടുത്തു. അങ്ങനെയാണ് ഈ സാധാരണക്കാരൻ പ്രധാനമന്ത്രി പദത്തിലേക്ക് ഉയർന്നത്.

1984ന് ശേഷം ആദ്യമായിട്ടാണ് കേവല ഭൂരിപക്ഷത്തിൽ കൂടുതൽ  സീറ്റുകൾ നേടി ഒരു കക്ഷി അധികാരത്തിലേറുന്നത്. അങ്ങനെയൊരു സർക്കാരിനെയാണ് നരേന്ദ്രമോഡി നയിക്കുക. രാജ്യത്ത് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തപ്പെട്ട തിരഞ്ഞെടുപ്പാണ് ഇപ്പോൾ  നടന്നത്. 66.4 ശതമാനം പോളിംഗാണ്  രേഖപ്പെടുത്തിയത്. അങ്ങനെയൊരു തിരഞ്ഞെടുപ്പിലാണ് മോഡി ആധികാരികമായ വിജയം നേടിയെടുത്തത്.
അന്നേ ഉന്നംവച്ചുവർഷങ്ങൾക്ക് മുൻപ് തന്നെ ദേശീയ രാഷ്ട്രീയത്തിലേക്ക് മോഡിയുടെ കണ്ണുകൾ കേന്ദ്രീകരിച്ചു തുടങ്ങിയിരുന്നു. 2006ൽ അമേരിക്കയുടെ ഇന്റലിജൻസ് റിപ്പോർട്ടുകളിൽ അക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. എന്നാൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി, ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തുന്നത് കഴിഞ്ഞ വർഷമാണ്.

2012 സെപ്‌തംബറിൽ ഹരിയാനയിലെ സൂരജ്കുണ്ഡിൽ  നടന്ന പാർട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ മറ്റ് മുഖ്യമന്ത്രിമാർക്കൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്യാൻ ക്ഷണിച്ചപ്പോൾ, അദ്ദേഹം ഒഴിഞ്ഞുമാറി. താൻ വെറുമൊരു മുഖ്യമന്ത്രിയായാൽ പോരെന്ന്  അദ്ദേഹം അന്നേ ചിന്തിച്ചിരുന്നു. സ്കൂൾ കുട്ടികളെപ്പോലെ നിരന്നു നിന്ന് ഫോട്ടോ  എടുത്ത്  തന്റെ വലിപ്പം കുറച്ചു കാട്ടാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല.
ബി. ജെ. പി നേതാവിനെ തേടുന്നു2004ൽ ഇന്ത്യ തിളങ്ങുന്നുവെന്നും 2009ൽ യു.പി.എ സർക്കാരിന്റെ പരാജയങ്ങളെ ഉയർത്തിക്കാണിച്ചും അദ്വാനിയെ മുൻനിറുത്തിയും തിരഞ്ഞെടുപ്പുകളെ നേരിട്ടപ്പോൾ പരാജയം ഏറ്റുവാങ്ങിയ എൻ.ഡി.എ സഖ്യത്തിന്  കരുത്തനായ ഒരു നേതാവിന്റെ  അഭാവം അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. ആർ.എസ്.എസ് അത് കുറച്ച് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. അതിന്റെ ഫലമായാണ് മോഡിയെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ  അണിയറയിൽ ശക്തിയായി നടന്നത്.
ഈ വിലയിരുത്തലുകൾ നടന്നുകൊണ്ടിരിക്കെയാണ് 2012 അവസാനം ഗുജറാത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹാട്രിക് വിജയം നേടി മോഡി തന്റെ സ്വാധീനം തെളിയിച്ചത്. അതോടെ ബി.ജെ.പി ഉറപ്പിച്ചു. ഇനി മോഡിയിലാണ് പ്രതീക്ഷ. മോഡിയും തന്റെ സ്ഥാനം തിരിച്ചറി‌ഞ്ഞിരുന്നു.

പിന്നെ  അമാന്തിച്ചില്ല. കഴിഞ്ഞ വർഷം ജൂണിൽ ഗോവയിൽ നടന്ന ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ വച്ച് മോഡിയെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം തലവനായി തിരഞ്ഞെടുത്തു. അവിടംകൊണ്ടും കാര്യങ്ങൾ അവസാനിച്ചില്ല. സെപ്‌തംബർ 13ന് ഡൽഹിയിൽ ചേർന്ന പാർട്ടിയുടെ ഉനതതല യോഗം അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. പാർട്ടിയിലെ ഒരു വിഭാഗത്തിന് അത് അത്ര രസിച്ചില്ലെങ്കിലും പ്രവർത്തകർക്ക് അത് ഊർജ്ജം പകർന്നുവെന്നതാണ് ശരി.

ഡൽഹിയിലെ താൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന ദേശീയ കൗൺസിൽ യോഗത്തിൽ അത് പ്രതിഫലിച്ചു. പ്രസംഗ പീഠത്തിലേക്ക് ചെന്ന മോഡി പ്രവർത്തകരുടെ ഏഴുനേറ്റു നിന്നുള്ള നിലയ്‌ക്കാത്ത കൈയ്യടിക്ക് മുന്നിൽ പത്ത് മിനിറ്റ് കൂപ്പുകൈയ്യോടെ നിന്നു.  അവിടെ തുടങ്ങി പാർട്ടിയിലെ മോഡിയുഗം.
ദൗത്യം ഏറ്റെടുക്കുന്നുസെപ്തംബർ 15നാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന ദൗത്യം മോഡി ഏറ്റെടുത്തത്. അതോടെ രാജ്യത്തിലെ മുക്കിലും മൂലയിലും അദ്ദേഹം ഓടി നടന്നു. ഇതിനിടിയിൽ ആരോപണ പ്രത്യാരോപണങ്ങൾ ശരവേഗത്തിൽ മോഡിക്കെതിരെ പാഞ്ഞുവന്നുകൊണ്ടിരുന്നു. ഒരു ഭാഗത്ത് നിന്ന് ബി.ജെ.പി അതിന്റെ മുനയൊടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ മോഡി തന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടേയിരുന്നു.
രാജ്യം ഭരിക്കണമെങ്കിൽ 80 സീറ്റുകളുള്ള യു.പിയിൽ മികച്ച വിജയം വേണമെന്ന് അറിയാവുന്ന മോഡി തന്റെ ഏറ്റവും അടുത്ത അനുയായിയായ അമിത് ഷായെ യു.പിയുടെ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറിയാക്കി. അതോടെ അമിത് ഷാ പ്രവർത്തനം തുടങ്ങി. ഡൽഹിയിലെ ഗുജറാത്ത് ഭവനിൽ താമസിച്ചുകൊണ്ട് അദ്ദേഹം പ്രവർത്തനം തുടങ്ങി. യു.പിയിൽ മാത്രമല്ല,40 സീറ്റുള്ള ബീഹാറിലും അദ്ദേഹം പ്രവർത്തനം വ്യാപിപ്പിച്ചു. ഒടുവിൽ വളക്കൂറുള്ള മണ്ണായി യു.പിയെ മാറ്റിയ ശേഷം മോഡിയെ ഷാ അറിയിച്ചു. യു.പിയെയും ബീഹാറിനെയും ജാർഖണ്ഡിനെയും സ്വാധീനിക്കാവുന്ന തരത്തിലുള്ള വാരണാസി മണ്ഡലത്തിൽ മോഡി മത്സരിക്കാനും തീരുമാനിച്ചു. തിരഞ്ഞെടുപ്പ് ഫലം എല്ലാ തീരുമാനങ്ങളും ശരിവയ്‌ക്കുന്നതായി.
വേട്ടയാടപ്പെടുന്ന നേതാവ്രാജ്യത്ത് ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട നേതാവ് കൂടിയാണ് മോഡി. നിരവധി ആരോപണങ്ങൾ. അതും വർഗീയ കലാപങ്ങളും കൂട്ടകൊലയും ഉൾപ്പെടെയുള്ള ആരോപണങ്ങൾ. അഴിമിതി വിരുദ്ധ നായകനായി അരവിന്ദ് കേജ്‌രിവാൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിലയുറപ്പിക്കുകയും ഡൽഹിയിൽ ഉൾപ്പെടെ ഭരണം പിടിച്ചെടുക്കുകയും ചെയ്തതും മോഡിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷമാണ്. കേജ്‌രിവാളിന്റെ ശോഭയ്‌ക്ക് മുന്നിൽ മോഡി അസ്തമിച്ചുപോകുമെന്ന് വരെ എല്ലാവരും കരുതി. മോഡിയുടെ മുഖ്യ എതിരാളിയായി കേജ്‌രിവാൾ വാരണാസിയിലുമെത്തിയതോടെ ആ സംശയം കൂടുതൽ ബലപ്പെട്ടു. എന്നാൽ മോഡി തരംഗത്തിൽ എല്ലാം തകർന്നു തരിപ്പണമായി. ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് ഉയർന്ന വന്ന അഴിമതി വിരുദ്ധ നായകരും. എല്ലാം.

കാശ്മീർ മുതൽ കന്യാകുമാരി വരെയും അരുണാച്ചൽ പ്രദേശ് മുതൽ ഗുജറാത്തിലെ കച്ച് വരെയും ആൻഡമാൻ നിക്കോബാർ ദ്വീപിലും മോഡിയുടെ തരംഗം വീശി അടിച്ചു. ആ കൊടുങ്കാറ്റിൽ പത്ത് വർഷം രാജ്യം ഭരിച്ച യു.പി.എ മുന്നണി നാമാവശേഷമായി. പ്രതിപക്ഷ പാർട്ടിയാകാൻ പോലും അംഗബലമില്ലാത്ത പാർട്ടിയായി കോൺഗ്രസ് അവശേഷിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന മേയ് 16ന് ഉച്ചയോടെ രാജ്യത്ത് നമോ യുഗവും പിറന്നു.
 എൻ.ഡി.എലോക്‌സഭയിൽ കേവല ഭൂരിപക്ഷമായ 272 ഉം കടന്ന്  282 സീറ്റുകൾ നേടിയാണ് ബി.ജെ.പി നിലയുറപ്പിച്ചിരിക്കുന്നത്. മൂന്ന് ഘടകക്ഷികളുമായി തിരഞ്ഞെടുപ്പിന് ഇറങ്ങിയ എൻ.ഡി.എയിൽ കക്ഷികളുടെ എണ്ണം   29 ആണ്. ഇതിൽ പതിനൊന്ന് പാർട്ടികൾക്ക് മാത്രമാണ് സീറ്റുകളുള്ളത്. മറ്റ് പാർട്ടികൾ വട്ടപ്പൂജ്യവുമായാണ് എൻ.ഡി.എയ്‌ക്കൊപ്പമുള്ളത്. എങ്കിലും എൻ.ഡി.എ വിപലീകരണവും മോഡി സാധിച്ചെടുത്തു.

മോഡിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാൽ ഘടകക്ഷികളെ സ്വാധീനിക്കാനാവില്ലെന്നായിരുന്നു ബി.ജെ.പിയിലെ ഒരു വിഭാഗത്തിന്റെ പ്രധാന ആരോപണം. മോഡിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ 17 വർഷത്തെ ഘടകക്ഷി ബന്ധം ഉപേക്ഷിച്ച് ഐക്യ ജനതാദൾ എൻ.ഡി.എ വിട്ടത് ഈ കൂട്ടർക്ക് കൂടുതൽ ശക്തിപകരുകയും ചെയ്തു. എന്നാൽ ആന്ധ്രയിൽ തെലുങ്കു ദേശവും ബീഹാറിൽ രാംവിലാസ് പാസ്വാനും തമിഴ്നാട്ടിൽ മഴവിൽമുന്നണിയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ചില പാർട്ടികളെയും മുന്നണിയിൽ കൊണ്ടുവരാൻ കഴിഞ്ഞതിലൂടെ മോ‌ഡി ഘടകക്ഷികൾക്ക് പ്രശ്നക്കാരനായ നേതാവല്ലെന്ന് തെളിയിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ജയലളിതയും ആന്ധ്രയിലെ മുഖ്യ പ്രതിപക്ഷമായ ജഗനും മോഡിക്ക് പിന്തുണ അറിയിച്ചതോടെ അത് കൂടുതൽ തെളിഞ്ഞു.


അറിയാത്ത മോഡി മദ്യപാനമോ പുകവലിയോ ഇല്ല. പൂർണ്ണ സസ്യാഹാരി.
 ഏത് പുതിയ പദവി ഏറ്റെടുക്കുന്നതിന് മുൻപും അമ്മയുടെ അനുഗ്രഹം തേടും
 ഗുജറാത്തിയിൽ കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്.
 സ്വാമി വിവേകാനന്ദന്റെ ആരാധകൻ
 ഭരണാധികാരി എന്ന നിലയിൽ ഇന്ദിരാഗാന്ധിയോട് ആരാധനയുണ്ട്.

Sunday, May 18, 2014

ആന്ധ്രയിൽ കോൺഗ്രസിന്റെ പാളിപ്പോയ വിഭജന രാഷ്ട്രീയം

Appeared on 18th May

ആന്ധ്രയിൽ കോൺഗ്രസിന്റെ പാളിപ്പോയ വിഭജന രാഷ്ട്രീയം

Posted on: Sunday, 18 May 2014


ന്യൂഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ ഏറ്റവും കനത്ത പരാജയങ്ങളിലൊന്നാണ് ആന്ധ്രാപ്രദേശിലേത്. തെലുങ്കാനയിലും സീമാന്ധ്രയിലും കോൺഗ്രസ് നാമാവശേഷമായി. തെലുങ്കാനയിൽ ടി.ആർ.എസും സീമാന്ധ്രയിൽ ടി.ഡി.പി - ബി.ജെ.പി സഖ്യവും നേട്ടം കൊയ്തു.
കേന്ദ്രത്തിൽ യു.പി.എ സർക്കാരിന് പത്ത് വർഷം ഭരിക്കാൻ കരുത്ത് നൽകിയ സംസ്ഥാനമായിരുന്നു ആന്ധ്ര. കഴിഞ്ഞ അ‌ഞ്ച് വർഷം സംസ്ഥാനത്തെ ഭരണം സ്തംഭിച്ചതും ഒടുവിൽ രാഷ്ട്രീയ നേട്ടത്തിനായി വിഭജന രാഷ്ട്രീയം കളിച്ചതും കോൺഗ്രസിന് വിനയായി. വിഭജനത്തിലൂടെ തെലുങ്കാനയിലെ 17 സീറ്റെങ്കിലും ഉറപ്പിക്കാമെന്ന പ്രതീക്ഷിച്ച കോൺഗ്രസിന് ഇരട്ടപ്രഹരമാണ് കിട്ടിയത്.
2004ൽ ടി. ആർ എസുമായി സഖ്യമുണ്ടാക്കി സംസ്ഥാന ഭരണം പിടിച്ചെടുത്ത കോൺഗ്രസ് 42 ലോക്‌സഭാ മണ്ഡലങ്ങളിൽ 34 സീറ്റിലും ജയിച്ചിരുന്നു. അഞ്ച് വർഷത്തിന് ശേഷം ഒറ്റയ്‌ക്ക് മത്സരിച്ച കോൺഗ്രസ് ഭരണം നിലനിറുത്തുകയും ലോക്‌സഭയിലേക്ക് 33 അംഗങ്ങളെ അയയ്‌ക്കുകയും ചെയ്തു. മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖരറെഡ്ഡിയായിരുന്നു രണ്ട് വിജയങ്ങൾക്കും പിന്നിൽ. 2009ൽ അധികാരത്തിലേറി നാല് മാസം തികയും മുൻപ് രാജശേഖര റെഡ്ഡി ഹെലികോപ്‌ടർ അപകടത്തിൽ കൊല്ലപ്പെട്ടപ്പോൾ, ശക്തനായ ഒരു നേതാവിനെ കൊണ്ടുവരുന്നതിലാണ് കോൺഗ്രസ് ആദ്യം പരാജയപ്പെട്ടത്.
അന്ന് പാർട്ടി എം.പി മാത്രമായിരുന്ന രാജശേഖര റെഡ്ഡിയുടെ മകൻ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിപദം അവകാശപ്പെട്ടപ്പോൾ അതിന് രമ്യമായ പരിഹാരമുണ്ടാക്കാൻ കോൺഗ്രസ് പരാജയപ്പെട്ടു. അതോടെ ജഗനെ പുതിയ പാർട്ടിയുണ്ടാക്കി. ജഗനെ ജയിലിലടച്ചതോടെ പാർട്ടിയിലെ ഒരു വിഭാഗം കോൺഗ്രസിന് എതിരായി. റോസയ്യയെ മാറ്റി കിരൺ കുമാർ റെഡ്ഡിയെ മുഖ്യമന്ത്രിയാക്കുന്നതിന് പകരം ജഗനെ ഉപമുഖ്യമന്ത്രിയാക്കിയിരുന്നെങ്കിൽ പോലും പ്രശ്നങ്ങൾ പരിഹരിക്കാമായിരുന്നു.
വൈ.എസ്.ആറിന്റെ മരണത്തിന് ശേഷമാണ് ടി.ആർ.എസ് വീണ്ടും തെലുങ്കാന പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്. ഭരണമില്ലായ്മയാണ് ടി.ആർ.എസിന് അതിനുള്ള കരുത്ത് നൽകിയത്. ഒടുവിൽ സംസ്ഥാനം വിഭജിക്കാനുള്ള തീരുമാനത്തിലൂടെ കോൺഗ്രസ് ലക്ഷ്യമിട്ടത് തെലുങ്കാനയിലെ 17 ലോക്‌സഭാ സീറ്റും പുതിയ സംസ്ഥാനത്തെ ഭരണവുമായിരുന്നു. സീമാന്ധ്രയിലെ ഭൂരിപക്ഷം നേതാക്കളുടെയും പ്രവർത്തകരുടെയും എതിർപ്പു അവഗണിച്ചായിരുന്നു വിഭജനം. ടി.ആർ.എസുമായുള്ള സഖ്യവും കോൺഗ്രസ് ലക്ഷ്യമിട്ടിരുന്നു. ടി.ആർ.എസ് -കോൺഗ്രസ് ലയന സാദ്ധ്യതയും തെളിഞ്ഞിരുന്നു. എന്നാൽ ടി.ആർ.എസുമായി ധാരണയിലെത്താതെ കോൺഗ്രസ് വിഭജനം യാഥാർത്ഥ്യമാക്കിയതോടെ ലയനത്തിനും സഖ്യത്തിനും ടി.ആർ.എസ് കൂട്ടാക്കിയില്ല. അത് കോൺഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായി. വിഭജനത്തെ പിന്തുണച്ച ബി.ജെ.പിയാകട്ടെ ടി.ഡി.പിയുമായി ചേർന്ന് രണ്ട് മേഖലകളിലും മികച്ച പ്രകടനം കാഴ്ചവച്ചു.
ടി.ആർ.എസ് വാതിൽ കൊട്ടിയടച്ചതോടെ കോൺഗ്രസിന് ഒറ്റയ്‌ക്ക് തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നു. തെലുങ്കാനയിൽ വിഭജനം മാത്രമായിരുന്നു കോൺഗ്രസിന്റെ കരുത്ത്. എന്നാൽ അവിടെ കരുത്തനായ നേതാവിനെ കണ്ടെത്താനായില്ല. പ്രചാരണം നയിച്ച നടി വിജയശാന്തി, മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് മത്സരിച്ച മുൻ ഉപമുഖ്യമന്ത്രി ദാമോദർ രാജ നരസിംഹ, ഡി. ശ്രീനിവാസ്, തെലുങ്കാന പി.സി.സി അദ്ധ്യക്ഷൻ പി. ലക്ഷ്‌മയ്യ എന്നിവരും പരാജയപ്പെട്ടുവെന്നതാണ് ക്ളൈമാക്സ്.
സീമാന്ധ്രയിൽ സ്ഥാനാർത്ഥികളെ കണ്ടെത്താൻ പോലും കോൺഗ്രസ് ബുദ്ധിമുട്ടിയെന്നതാണ് യാഥാർത്ഥ്യം. മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി അടക്കമുള്ളവർ പാർട്ടി വിട്ടുപോകുന്നത് തടയാനും കോൺഗ്രസിനായില്ല. കോൺഗ്രസിന് കിട്ടേണ്ടയിരുന്ന സീറ്റുകൾ നേടി വൈ.എസ്.ആർ കോൺഗ്രസ് മുഖ്യ പ്രതിപക്ഷമായി. പത്ത് വർഷത്തിന് ശേഷം ഭരണം തിരിച്ചുപിടിച്ച് ചന്ദ്രബാബു നായിഡു ആധിപത്യം ഉറപ്പിക്കുകയും ചെയ്‌തു.



മോഡിയെത്തി,​ നെഞ്ചിലേറ്റി ഡൽഹി

Appeared on 18th May 2014

മോഡിയെത്തി,​നെഞ്ചിലേറ്റി ഡൽഹി
Posted on: Sunday, 18 May 2014


ന്യൂഡൽഹി: നരേന്ദ്രമോഡിയുടെ ഡൽഹിയിലേക്കുള്ള വരവ്  പുതിയ പ്രധാനമന്ത്രിയുടേതു തന്നെയായിരുന്നു. അത്ര രാജകീയം,​ ആവേശഭരിതം. ഇളം നീല കോട്ടും ചാരനിറത്തിലുള്ള കുർത്തയും ധരിച്ചെത്തിയ മോഡി ചിരിയിലും നോട്ടത്തിലും ഭാവത്തിലുമെല്ലാം പ്രധാനമന്ത്രിയായി കഴിഞ്ഞിരിക്കുന്നു.

രാവിലെ 10.50ഓടെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ മോഡിയെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ രാജ്നാഥ് സിംഗാണ് സ്വീകരിച്ചത്. തുടർന്ന് അശോകാ റോഡിലെ പാർട്ടി ആസ്ഥാനത്തേക്ക് തിരിച്ചപ്പോൾ  ആയിരക്കണക്കിന് പ്രവർത്തകരാണ് വാഹനങ്ങളിൽ അനുഗമിച്ചത്. അതീവ സുരക്ഷയ്‌ക്കിടയിലും ഒന്നര മണിക്കൂർ കൊണ്ടാണ് മോഡി പാർട്ടി ആസ്ഥാനത്ത് എത്തിച്ചേർന്നത്. ഡൽഹിയിൽ നിന്ന് വിജയിച്ച ഏഴ് സ്ഥാനാർത്ഥികളും മോഡിക്കൊപ്പം റോഡ് ഷോയിൽ പങ്കുചേർന്നു. തന്നെ കാണാൻ വഴിനീളെ തിങ്ങിയ ജനത്തെ മോഡി അഭിവാദ്യം ചെയ്​തു.

രാവിലെ മുതൽ ബി.ജെ.പി ആസ്ഥാനത്തേക്കും പ്രവർത്തകരുടെ കുത്തൊഴുക്കായിരുന്നു. പത്തു വർഷത്തിന് ശേഷം ചരിത്ര വിജയം സമ്മാനിച്ച മോഡി തന്നെയായിരുന്നു ആഘോഷത്തിന്റെ കേന്ദ്രബിന്ദു. മോഡി മുദ്രാവാക്യങ്ങൾ മാത്രമായിരുന്നു അണികളുടെ ചുണ്ടുകളിൽ.

12.30 ഓടെ സുരക്ഷ കൂടുതൽ ശക്തമാക്കി. പ്രവർത്തകരും ആവേശത്തിലായി. അൽപം കഴിഞ്ഞപ്പോൾ വാഹനവ്യൂഹം പ്രത്യക്ഷപ്പെട്ടു. വാഹനത്തിലിരുന്ന് ഡോർ തുറന്ന് മോഡി പ്രവർത്തകരെ അഭിവാദ്യം ചെയ്തു. അതോടെ പ്രവർത്തകരുടെ ആവേശം അണപൊട്ടി. മോട്ടോർ ഉപയോഗിച്ച് അന്തരീക്ഷത്തിൽ പുഷ്​പവൃഷ്​ടി നടത്തുന്നുണ്ടായിരുന്നു. കാത്തുനിന്ന പ്രവർത്തകരെ നിരാശരാക്കിയില്ല. ആസ്ഥാന മന്ദിരത്തിന് മുന്നിൽ സജ്ജമാക്കിയിരുന്ന ചെറിയ വേദിയിൽ കയറി മൂന്ന് മിനിറ്റോളം പ്രവർത്തകരെ അഭിവാദ്യം ചെയ്തശേഷം യോഗത്തിൽ പങ്കെടുക്കാൻ ഉള്ളിലേക്ക് പോയി.

യോഗം കഴിഞ്ഞയുടൻ ദേശീയ നേതാക്കളോടൊപ്പം വാർത്താസമ്മേളനം. മുതിർന്ന നേതാവായ എൽ.കെ. അദ്വാനിയുടെ അനുഗ്രഹം തേടി. ഇതോടെ കാമറകൾ നിറുത്താതെ മിന്നിത്തുടങ്ങി. യോഗ തീരുമാനങ്ങൾ രാജ്നാഥ് സിംഗ് വിശദീകരിച്ച ശേഷം മോഡി ഒരു മിനിറ്റോളം സംസാരിച്ചു. വാർത്താ സമ്മേളനമായിരുന്നെങ്കിലും മാദ്ധ്യമ പ്രവർത്തകർക്ക് ചോദ്യമുന്നയിക്കാനുള്ള അവസരമുണ്ടായിരുന്നില്ല. ഡൽഹിയിലെ വരവേൽപ്പ് ഏറ്റുവാങ്ങി മോഡി വാരണാസിയിലേക്ക് തിരിച്ചു.