Appeared on 28th March 2014
ശ്രീനി ബൗൾഡ്, ഗാവസ്കർ ഇറങ്ങട്ടെ
Posted on: Friday, 28 March 2014
ഗാവസ്‌കറെ ബി.സി.സി.ഐ അദ്ധ്യക്ഷനാക്കണമെന്ന് സുപ്രീംകോടതി
ചെന്നൈ സൂപ്പർകിംഗ്സ്, രാജസ്ഥാൻ റോയൽസ് ടീമുകളെ വിലക്കണം
ഇടക്കാല ഉത്തരവ് ഇന്ന്
ന്യൂഡൽഹി: ഒത്തുകളി വിവാദത്തിൽ കുടുങ്ങി നാണംകെട്ടു നിൽക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ മാനം രക്ഷിക്കാൻ പ്രസിഡന്റ് എൻ. ശ്രീനിവാസനെ മാറ്റി പകരം വിശ്വസ്തനായ മുൻ ഓപ്പണിംഗ് ബാറ്റ്സ്മാൻ സുനിൽ ഗാവസ്‌കറെ ഇടക്കാല അദ്ധ്യക്ഷനായി നിയോഗിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു.
ഐ.പി.എൽ ഒത്തുകളിയുമായി ബന്ധപ്പെട്ട കേസിൽ വിധി വരുന്നതുവരെ ടൂർണമെന്റിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്സ്, രാജസ്ഥാൻ റോയൽസ് ടീമുകളെ മാറ്റിനിറുത്തണമെന്നും ജസ്റ്റിസ് എ.കെ. പട്നായിക് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോടതി നിർദ്ദേശങ്ങളിൽ ബി.സി.സി.ഐ നിലപാട് കൂടി പരിഗണിച്ച് ഇന്ന് ഇടക്കാല ഉത്തരവിറങ്ങും. കോടതി ആവശ്യപ്പെട്ടത് ബഹുമതിയായി കണ്ട് സന്തോഷപൂർവം പ്രസിഡന്റ് പദവി ഏറ്റെടുക്കാൻ സന്നദ്ധനാണെന്ന് ഗാവസ്കർ പ്രതികരിച്ചു.
'ഒരു ഓപ്പണിംഗ് ബാറ്റ്സ്മാൻ ഏതുതരം വെല്ലുവിളിയും ഏറ്റെടുക്കാൻ ബാദ്ധ്യസ്ഥനാണ്. എല്ലാത്തരം പിച്ചുകളിലും കളിക്കേണ്ടിവരും. മാനസികവും ശാരീരികവുമായി അതിനു തയ്യാറായേ തീരൂ"- അദ്ദേഹം പറഞ്ഞു.
ശ്രീനിവാസൻ രണ്ടു ദിവസത്തിനകം അദ്ധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിധി വരാതെ ഒഴിയില്ലെന്ന നിലപാടാണ് ശ്രീനിവാസൻ ആദ്യം എടുത്തത്. എന്നാൽ ഇന്നലെ കോടതിയിൽ ശ്രീനിവാസൻ നിലപാട് മാറ്റി. നിയമ നടപടി പൂർത്തിയാകുന്നതുവരെ ഉപാധികളോടെ മാറിനിൽക്കാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചതോടെയാണ് ഗാവസ്‌കറുടെ പേര് കോടതി ശുപാർശ ചെയ്തത്.
എൻ. ശ്രീനിവാസൻ മാനേജിംഗ് ഡയറക്‌ടറായ ഇന്ത്യൻ സിമന്റ്സിന്റെ ഉദ്യോഗസ്ഥർ ബി.സി.സി.ഐയുമായി ബന്ധപ്പെടുന്നത് വിലക്കുമെന്നും കോടതി വ്യക്തമാക്കി. ബി.സി.സി.ഐയിൽ ഇന്ത്യാ സിമന്റ്സിന്റെ ഉദ്യോഗസ്ഥരിൽ പലരുമുണ്ടെന്ന് ബീഹാർ ക്രിക്കറ്റ് അസോസിയേഷനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി വിലക്കേർപ്പെടുത്തിയത്.
വാതുവയ്‌പ് അന്വേഷിച്ച ജസ്റ്റിസ് മുദ്ഗൽ സമിതിയുടെ കണ്ടെത്തലുകളിൽ പറയുന്ന, ഇന്ത്യൻ ടീമിൽ നിലവിലുള്ള താരങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് ബി.സി.സി.ഐ കോടതിയെ അറിയിച്ചു. മുദ്ഗൽ സമിതിയുടെ അന്വേഷണം തുടരേണ്ടതുണ്ടെന്നും ബി.സി.സി.ഐ കോടതിയിൽ സമ്മതിച്ചു.
ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഉടമയായ മെയ്യപ്പൻ ടീമിനെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തി നൽകി വാതുവയ്‌പിൽ പങ്കെടുത്തെന്നാണ് പ്രധാന ആരോപണം. വാതുവയ്പിൽ മെയ്യപ്പന്റെ പങ്ക് വ്യക്തമാണെന്ന് മുദ്ഗൽ സമിതി റിപ്പോർട്ടിൽ പറയുന്നുണ്ട്. രാജസ്ഥാൻ റോയൽസിന്റെ സഹയുടമ രാജ്കുന്ദ്രയുടെ പങ്കും പരാമർശിക്കുന്നുണ്ട്. നായകൻ ധോണിയടക്കം ഇന്ത്യൻ ടീമിലെ പ്രമുഖരായ ആറ് താരങ്ങളുടെ പേരുകളും റിപ്പോർട്ടിലുണ്ട്. അടുത്ത മാസം 16നാണ് ഏഴാം സീസൺ ഐ.പി.എൽ ടൂർണമെന്റ് തുടങ്ങുന്നത്.
ധോണി കുറ്റക്കാരനെന്ന് സാൽവേ
ന്യൂഡൽഹി: ഐ.പി.എൽ വാതുവയ്പു കേസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിംഗ് ധോണിയും കുറ്റക്കാരനാണെന്ന് ബീഹാർ ക്രിക്കറ്റ് അസോസിയേഷനുവേണ്ടി ഹാജരായമുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേ കോടതിയിൽ ആരോപിച്ചു.
ചെന്നൈ സൂപ്പർ കിംഗ്സും ഗുരുനാഥ് മെയ്യപ്പനുമായുള്ള ബന്ധത്തെക്കുറിച്ച് ജസ്റ്റിസ് മുദ്ഗൽ സമിതിക്ക് മുൻപാകെ ധോണി തെറ്റായ വിവരമാണ് നൽകിയതെന്ന് സാൽവേ പറഞ്ഞു. ശ്രീനിവാസൻ എം.ഡിയായ ഇന്ത്യാ സിമന്റ്സിൽ ധോണി വൈസ് പ്രസിഡന്റാണ്. അതിനാൽ മെയ്യപ്പനെ ധോണി രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതൊക്കെ പരിഗണിച്ച് ചെന്നൈ സൂപ്പർ കിംഗ്സിനെ ഐ.പി.എൽ ഏഴാം സീസണിൽ നിന്ന് വിലക്കണമെന്ന് സാൽവേ ആവശ്യപ്പെട്ടു.
റിപ്പോർട്ടിൽ ധോണിയുടെയും റെയ്‌നയുടെയും പേരുകൾ പരാമർശിക്കുന്നുണ്ടെന്ന് പ്രസിദ്ധീകരിച്ച രണ്ട് ദിനപത്രങ്ങൾക്കെതിരെ ധോണി അടുത്തിടെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് പേര് നൽകുന്നതിന് കോടതി വിലക്കേർപ്പെടുത്തിയിരുന്നു.


No comments:
Post a Comment