Powered By Blogger

Tuesday, August 11, 2015

Aranmula

Appeared on 18h of July


ന്യൂഡൽഹി: ആറന്മുള അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്ക് പരിസ്ഥിതി ആഘാത നിർണയ പഠനം നടത്തുന്നതിന് അനുകൂലമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ സമിതി ഉപാധികളോടെ ശുപാർശ ചെയ്തു. കഴിഞ്ഞ ജൂൺ 24ന് അനിൽ റസ്ദാൻ അദ്ധ്യക്ഷനായി ചേർന്ന വിദഗ്ദ സമിതി യോഗമാണ് അനുകൂലമായി ശുപാർശ ചെയ്തിരിക്കുന്നത്. പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം നൽകിയിരുന്ന തത്വത്തിലുള്ള അംഗീകാരം അടുത്തിടെ പിൻവലിച്ചിരുന്നു. ഇതിന്റെ കാരണം കൂടി ആരാഞ്ഞ ശേഷം പരിസ്ഥിതി ആഘാത പഠനവുമായി മുന്നോട്ട് പോകാൻ അനുമതി നൽകാവുന്നതാണെന്നാണ് വിദഗ്ദ സമിതിയുടെ ശുപാർശ. കൂടാതെ, പഠനവുമായി മുന്നോട്ട് പോകുന്നതിന് മുൻപ് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി കെ.ജി.എസ് ഗ്രൂപ്പ് തേടിയിരിക്കണമെന്നും വിദഗ്ദ സമിതിയുടെ മിനുട്ട്സിൽ വ്യക്തമായി പറയുന്നുണ്ട്. ഇതിനിടെ പദ്ധതിക്ക് നൽകിയ തത്വത്തിലുള്ള അനുമതി വ്യോമയാന മന്ത്രാലയവും പിൻവലിച്ചിരുന്നു. പഠനവുമായി മുന്നോട്ട് പോകുന്നതിന് മുൻപ് കെ.ജി.എസ് ഗ്രൂപ്പിന് ഇതും തേടേണ്ടിവരും.

പദ്ധതി പ്രദേശത്തിലൂടെ കടന്നുപോകുന്ന കോഴിത്തോടിന്റെ ഒഴുക്കിനെ ബാധിക്കാത്ത രീതിയിൽ നിർദ്ദിഷ്ട റൺവേയുടെ രൂപരേഖ തയ്യാറാക്കണം, പരിസ്ഥിതി ആഘാത പഠനത്തിന്റെ ഭാഗമായുള്ള ജനഹിത പരിശോധനയിൽ ഉയരുന്ന വിഷയങ്ങൾ പഠനത്തിൽ പരിഗണിക്കണം, പദ്ധതി പ്രദേശത്തെ എല്ലാ പരിസ്ഥിതി സാമൂഹ്യ വിഷയങ്ങളും പരിഗണിച്ചിരിക്കണം എന്നീ അധിക നിർദ്ദേശങ്ങളും വിദഗ്ദ സമിതി മുന്നോട്ട് വച്ചിട്ടുണ്ട്.

പദ്ധതിക്കുള്ള പഠനം നടത്താൻ അനുമതി തേടി പദ്ധതി നടത്തിപ്പുകാരായ കെ.ജി.എസ്. ഗ്രൂപ്പ് സമർപ്പിച്ച അപേക്ഷ വിദഗ്ദ സമിതിയുടെ കഴിഞ്ഞ യോഗവും പരിഗണിച്ചിരുന്നു. എന്നാൽ ആറന്മുള പൈതൃക സംരക്ഷണ സമിതി ഉന്നയിച്ച എതിർവാദങ്ങൾക്കും സമിതിയുടെ ചോദ്യങ്ങൾക്കും മറുപടി നൽകാൻ കെ.ജി.എസിനോട് ആവശ്യപ്പെടുകയായിരുന്നു.

വിദഗ്ദ സമിതി ഉന്നയിച്ച 18 ചോദ്യങ്ങൾക്കും കെ.ജി.എസ് ഗ്രൂപ്പ് അക്കമിട്ട് മറുപടി നൽകി.
പദ്ധതി പ്രദേശത്ത് നിന്ന് 500 മീറ്രർ മാത്രം അകലെയുള്ള ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ കൊടിമരത്തിന്റെ ഉയരം കുറയ്ക്കേണ്ടിവരുമെന്ന് എയർപോർട്ട് അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ടെന്ന് പദ്ധതിക്കെതിരെ നിൽക്കുന്ന ആറന്മുള പൈതൃക സംരക്ഷണ സമിതി വാദിച്ചിരുന്നു. ഇത് തെറ്റാണെന്ന് കെ.ജി.എസ് വ്യക്തമാക്കി. പദ്ധതി പ്രദേശത്ത് നിന്ന് 900 മീറ്റർ അകലെയാണ് ക്ഷേത്രമെന്നും കൊടിമരത്തിന്റെ ഉയരം കുറയ്‌ക്കണമെന്ന് ഒരു ഘട്ടത്തിലും ആവശ്യപ്പെട്ടിട്ടില്ലെന്നും 16-ാം റൺവേ 285 മീറ്റർ മാറ്രി സ്ഥാപിച്ചത് തന്നെ അതോറിറ്റിയുടെ നിർദ്ദേശ പ്രകാരമാണെന്നും കമ്പനി വ്യക്തമാക്കി. പദ്ധതിക്കെതിരെ 73 എം.എൽ.എമാർ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ടല്ലോയെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം നൽകി. പ്രമേയത്തിൽ ഒപ്പിട്ട 73 എം.എൽ.എമാരിൽ 69 പേരും പദ്ധതിക്ക് അംഗീകാരം നൽകിയ മുൻ എൽ.ഡി.എഫ് സർക്കാരിന്റെ മുന്നണിയിലെ എം.എൽ.എമാരാണ്. ഇതിൽ തന്നെ ചിലർ അന്ന് മന്ത്രിസഭാംഗങ്ങളായിരുന്നുവെന്നും കമ്പനി ചൂണ്ടിക്കാട്ടി.

വിമാനത്താവള പദ്ധതിക്ക് നേരത്തെ നൽകിയ പരിസ്ഥിതി അനുമതി കഴിഞ്ഞ വർഷം മേയിൽ ദേശീയ ഹരിത ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു. ട്രൈബ്യൂണലിന്റെ വിധി നവംബറിൽ സുപ്രീം കോടതിയും ശരിവച്ചിരുന്നു. യോഗ്യതയില്ലാത്ത ഏജൻസിയെക്കൊണ്ട് പരിസ്ഥിതി ആഘാത പഠനം നടത്തിയെന്ന് കണ്ടെത്തിയാണ് പരിസ്ഥിതി അനുമതി ട്രൈബ്യൂണലും സുപ്രീം കോടതിയും റദ്ദാക്കിയത്. ഇതേ തുടർന്നാണ് പഠനം നടത്താൻ അനുമതി തേടി കെ.ജി.എസ്. ഗ്രൂപ്പ് വീണ്ടും അപേക്ഷ നൽകിയത്.

 2009ൽ പദ്ധതിക്കായി കെ.ജി.എസ് അപേക്ഷ നൽകി
 അതേവർഷം തന്നെ സംസ്ഥാന സർക്കാരിന്റെ എൻ.ഒ.സി ലഭിക്കുന്നു
 2012 ആഗസ്റ്റിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം അംഗീകാരം നൽകുന്നു
 2013 നവംബറിൽ വനം പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി അനുമതി നൽകുന്നു
 2014 മേയ് 28ന് പാരിസ്ഥിതികാനുമതി ഹരിത ട്രൈബ്യൂണൽ റദ്ദാക്കി
 2014 നവംബർ 21ന് ട്രൈബ്യൂണൽ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു

No comments:

Post a Comment