Powered By Blogger

Friday, March 28, 2014

Sreenivasan out, Gavaskar In

Appeared on 28th March 2014

ശ്രീനി ബൗൾഡ്, ഗാവസ്കർ ഇറങ്ങട്ടെ

Posted on: Friday, 28 March 2014

 
ഗാവസ്‌കറെ ബി.സി.സി.ഐ അദ്ധ്യക്ഷനാക്കണമെന്ന് സുപ്രീംകോടതി

 ചെന്നൈ സൂപ്പർകിംഗ്സ്, രാജസ്ഥാൻ റോയൽസ് ടീമുകളെ വിലക്കണം
 ഇടക്കാല ഉത്തരവ് ഇന്ന്
ന്യൂഡൽഹി:  ഒത്തുകളി വിവാദത്തിൽ കുടുങ്ങി നാണംകെട്ടു നിൽക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ മാനം രക്ഷിക്കാൻ പ്രസിഡന്റ് എൻ. ശ്രീനിവാസനെ മാറ്റി പകരം വിശ്വസ്​തനായ മുൻ  ഓപ്പണിംഗ് ബാറ്റ്​സ്​മാൻ സുനിൽ ഗാവസ്‌കറെ ഇടക്കാല അദ്ധ്യക്ഷനായി നിയോഗിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു.

ഐ.പി.എൽ ഒത്തുകളിയുമായി ബന്ധപ്പെട്ട കേസിൽ വിധി വരുന്നതുവരെ ടൂർണമെന്റിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്സ്, രാജസ്ഥാൻ റോയൽസ് ടീമുകളെ മാറ്റിനിറുത്തണമെന്നും ജസ്റ്റിസ് എ.കെ. പട്നായ‌ിക് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോടതി നിർദ്ദേശങ്ങളിൽ ബി.സി.സി.ഐ നിലപാട് കൂടി പരിഗണിച്ച് ഇന്ന് ഇടക്കാല ഉത്തരവിറങ്ങും. കോടതി ആവശ്യപ്പെട്ടത് ബഹുമതിയായി കണ്ട് സന്തോഷപൂർവം പ്രസിഡന്റ് പദവി ഏറ്റെടുക്കാൻ സന്നദ്ധനാണെന്ന് ഗാവസ്​കർ പ്രതികരിച്ചു.
'ഒരു ഓപ്പണിംഗ് ബാറ്റ്​സ്​മാൻ ഏതുതരം വെല്ലുവിളിയും ഏറ്റെടുക്കാൻ ബാദ്ധ്യസ്ഥനാണ്. എല്ലാത്തരം പിച്ചുകളിലും കളിക്കേണ്ടിവരും. മാനസികവും ശാരീരികവുമായി അതിനു തയ്യാറായേ തീരൂ"- അദ്ദേഹം പറഞ്ഞു.
ശ്രീനിവാസൻ രണ്ടു ദിവസത്തിനകം അദ്ധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് ചൊവ്വാഴ്​ച കേസ് പരിഗണിച്ചപ്പോൾ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിധി വരാതെ ഒഴിയില്ലെന്ന നിലപാടാണ് ശ്രീനിവാസൻ ആദ്യം എടുത്തത്. എന്നാൽ ഇന്നലെ കോടതിയിൽ ശ്രീനിവാസൻ നിലപാട് മാറ്റി. നിയമ നടപടി പൂർത്തിയാകുന്നതുവരെ ഉപാധികളോടെ മാറിനിൽക്കാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചതോടെയാണ്   ഗാവസ്‌കറുടെ പേര് കോടതി ശുപാർശ ചെയ്തത്.

എൻ. ശ്രീനിവാസൻ മാനേജിംഗ് ഡയറക്‌ടറായ ഇന്ത്യൻ സിമന്റ്സിന്റെ ഉദ്യോഗസ്ഥർ ബി.സി.സി.ഐയുമായി ബന്ധപ്പെടുന്നത് വിലക്കുമെന്നും കോടതി വ്യക്തമാക്കി. ബി.സി.സി.ഐയിൽ ഇന്ത്യാ സിമന്റ്സിന്റെ ഉദ്യോഗസ്ഥരിൽ പലരുമുണ്ടെന്ന്  ബീഹാർ ക്രിക്കറ്റ് അസോസിയേഷനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി വിലക്കേർപ്പെടുത്തിയത്.
വാതുവയ്‌പ് അന്വേഷിച്ച ജസ്റ്റിസ് മുദ്ഗൽ സമിതിയുടെ കണ്ടെത്തലുകളിൽ പറയുന്ന, ഇന്ത്യൻ ടീമിൽ നിലവിലുള്ള താരങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് ബി.സി.സി.ഐ കോടതിയെ അറിയിച്ചു. മുദ്ഗൽ സമിതിയുടെ അന്വേഷണം തുടരേണ്ടതുണ്ടെന്നും ബി.സി.സി.ഐ കോടതിയിൽ സമ്മതിച്ചു.

ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഉടമയായ മെയ്യപ്പൻ ടീമിനെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തി നൽകി വാതുവയ്‌പിൽ പങ്കെടുത്തെന്നാണ് പ്രധാന ആരോപണം. വാതുവയ്പിൽ മെയ്യപ്പന്റെ പങ്ക് വ്യക്തമാണെന്ന് മുദ്ഗൽ സമിതി റിപ്പോർട്ടിൽ പറയുന്നുണ്ട്. രാജസ്ഥാൻ റോയൽസിന്റെ സഹയുടമ രാജ്കുന്ദ്രയുടെ പങ്കും പരാമർശിക്കുന്നുണ്ട്. നായകൻ ധോണിയടക്കം ഇന്ത്യൻ ടീമിലെ പ്രമുഖരായ ആറ് താരങ്ങളുടെ പേരുകളും റിപ്പോർട്ടിലുണ്ട്. അടുത്ത മാസം 16നാണ് ഏഴാം സീസൺ ഐ.പി.എൽ ടൂർണമെന്റ് തുടങ്ങുന്നത്.

ധോണി കുറ്റക്കാരനെന്ന് സാൽവേ


ന്യൂഡൽഹി: ഐ.പി.എൽ വാതുവയ്പു കേസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിംഗ് ധോണിയും കുറ്റക്കാരനാണെന്ന് ബീഹാർ ക്രിക്കറ്റ് അസോസിയേഷനുവേണ്ടി ഹാജരായമുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേ കോടതിയിൽ ആരോപിച്ചു.

ചെന്നൈ സൂപ്പർ കിംഗ്സും ഗുരുനാഥ് മെയ്യപ്പനുമായുള്ള ബന്ധത്തെക്കുറിച്ച് ജസ്റ്റിസ് മുദ്ഗൽ സമിതിക്ക് മുൻപാകെ ധോണി തെറ്റായ വിവരമാണ് നൽകിയതെന്ന് സാൽവേ പറഞ്ഞു. ശ്രീനിവാസൻ എം.ഡിയായ ഇന്ത്യാ സിമന്റ്സിൽ ധോണി  വൈസ് പ്രസിഡന്റാണ്. അതിനാൽ  മെയ്യപ്പനെ ധോണി രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതൊക്കെ പരിഗണിച്ച് ചെന്നൈ സൂപ്പർ കിംഗ്സിനെ ഐ.പി.എൽ ഏഴാം സീസണിൽ നിന്ന് വിലക്കണമെന്ന് സാൽവേ ആവശ്യപ്പെട്ടു.
റിപ്പോർട്ടിൽ ധോണിയുടെയും റെയ്‌നയുടെയും പേരുകൾ പരാമർശിക്കുന്നുണ്ടെന്ന് പ്രസിദ്ധീകരിച്ച രണ്ട് ദിനപത്രങ്ങൾക്കെതിരെ ധോണി അടുത്തിടെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് പേര് നൽകുന്നതിന് കോടതി വിലക്കേർപ്പെടുത്തിയിരുന്നു.

 



Thursday, March 27, 2014

Yester Cine stars


Appeared on 27th march 2014 in Kaumudi

ന്യൂഡൽഹി: വെള്ളിത്തിരയിലെ പല മുൻകാല താരങ്ങളും തിരഞ്ഞെടുപ്പിന്റെ മദുരവും കയ്‌പ്പും അറിഞ്ഞിട്ടുണ്ട്. ചിലർ ഹിറ്റായപ്പോൾ, മറ്റുചിലർ സ്ക്രീനിലെ വിജയം രാഷ്‌ട്രീയത്തിൽ നേടാനാവാതെ പിന്മാറി.

 ബിഗ് ബിയുടെ കൈ
താരത്തിളത്തിൽ ഏറ്റവും മുൻപന്തിയിൽ ബിഗ് ബി ആണ്. 1984ൽ കരിയറിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുമ്പോഴാണ് രാജീവ് ഗാന്ധിയുമായുള്ള സൗഹൃദത്തൽ അമിതാഭ് ബച്ചൻ രാഷ്ട്രീയത്തിലിറങ്ങുന്നത്. കന്നിയങ്കത്തിൽ അലഹാബാദിൽ മുൻ മുഖ്യമന്ത്രി എച്ച്.എൻ. ബഹുഗുണയെ 1.87 ലക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ തകർത്തു. ബോഫേഴ്സ് ഇടപാടിൽ രാജീവ് ഗാന്ധിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ മുള്ളും മുനയും വേദനിപ്പിച്ചപ്പോൾ മൂന്നാം വർഷം എം. പി സ്ഥാനം രാജിവച്ചു.  പിൽക്കാലത്ത് സ്വന്തം കമ്പനിയായ എ. ബി. സി. എൽ തകർന്ന് കടക്കെണിയിലായപ്പോൾ സമാജ്‌വാദി പാർട്ടി നേതാവായിരുന്ന അമർ സിംഗ് സഹായിച്ചതിന്റെ പ്രത്യുപകാരമായി എസ്.പിക്ക് പിന്തുണ നൽകി.  ഭാര്യ ജയാ ബച്ചൻ സമാജ്‌വാദി ടിക്കറ്റിൽ രാജ്യസഭാംഗമായി.


 രാഷ്ട്രീയത്തിലും സൂപ്പർ സ്റ്റാർ
ബോളിവുഡിൽ സൂപ്പർഹിറ്റ് റെക്കാ‌‌‌ഡുകൾ എഴുതിച്ചേർത്ത രാജേഷ് ഖന്ന രാഷ്ട്രീയത്തിലും പയറ്റി. ബി.ജെ.പിയുടെ പടക്കുതിരയായിരുന്ന അദ്വാനിയോടായിരുന്നു രാജേഷ് ഖന്നയുടെ ആദ്യ പോരാട്ടം. 1991ൽ ന്യൂഡൽഹി മണ്ഡലത്തിലായിരുന്നു മത്സരം. 1589 വോട്ടുകൾക്ക് പരാജയപ്പെട്ടു. വോട്ടെണ്ണലിൽ കൃത്രിമമുണ്ടായെന്ന് അദ്ദേഹം ആരോപിച്ചു. ഗാന്ധിനഗറിലും വിജയിച്ച അദ്വാനി മണ്ഡലം ഒഴിഞ്ഞതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ രാജേഷ്ഖൻ വീണ്ടും കോൺഗ്രസ് സ്ഥാനാർത്ഥിയായി. അത്തവണ ബി.ജെ.പി രംഗത്തിറക്കിയത് നടൻ ശത്രുഘ്‌നൻ സിൻഹയെയായിരുന്നു. 25000 വോട്ടിന് രാജേഷ് ഖന്ന ജയിച്ചു. 1996ൽ വീണ്ടും മത്സരിച്ചെങ്കിലും ജയിച്ചില്ല. അതോടെ രാഷ്ട്രീയ ജീവിതം അവസാനിച്ചു.


 പദയാത്രയുമായി മനസ് കീഴടക്കിയ സുനിൽ ദത്ത്
മുംബയിൽ നിന്ന് അമൃത്‌സറിലേക്ക് പദയാത്ര നടത്തിയായിരുന്നു ബോളിവുഡ് താരമായ സുനിൽ ദത്ത് രാഷ്ട്രീയത്തിലിറങ്ങിയത്. കോൺഗ്രസിൽ ചോർന്ന സുനിൽ ദത്ത് മുംബയ് നോർത്ത് വെസ്റ്റിൽ നിന്ന് അഞ്ച് തവണ തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാം യു.പി. എ സർക്കാരിൽ മന്ത്രിയായി. മണ്ഡലത്തെ പിന്നീട് പ്രതിനിധീകരിച്ച മകൾ പ്രിയാദത്ത് ഇത്തവണയും രംഗത്തുണ്ട്.


 തിളങ്ങാതെ പോയ ഗോവിന്ദബോളിവുഡിൽ നിന്ന് പാർലമെന്റിലെത്തിയ മറ്റൊരു നടനാണ് ഗോവിന്ദ. 2004ൽ മുംബയ് നോർത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ 50000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. പക്ഷേ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചില്ലെന്ന ആരോപണം ഉയർന്നു. സ്വന്തം മണ്ഡലത്തിൽ പേമാരിയിൽ നൂറുകണക്കിന് ആളുകൾ മരിച്ചപ്പോഴും ഗോവിന്ദ തിരിഞ്ഞുനോക്കാത്തത് തിരിച്ചടിയായി.

 വിജയിച്ച വിനോദ് ഖന്ന
ബി.ജെ.പിയിലൂടെ രാഷ്ട്രീയത്തിലെത്തിയ വിനോദ് ഖന്ന 1996 മുതൽ തുടർച്ചയായി നാലു തവണ പഞ്ചാബിലെ ഗുരുദാസ്‌പൂർ മണ്ഡലത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ പരാജയപ്പെട്ടു. വാജ്‌പേയി മന്ത്രിസഭയിൽ ടൂറിസം മന്ത്രിയായി. വിദേശകാര്യ വകുപ്പും കൈകാര്യം ചെയ്തു.

Varnasi Struggle

Appeared on 27th March 2014 in Flash

Monday, March 24, 2014

Chandigarh











Appeared on 24th March


ന്യൂഡൽഹി: പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ തലസ്ഥാനം, കേന്ദ്ര ഭരണ പ്രദേശം. രാജ്യത്തെ ആദ്യത്തെ ആസൂത്രിത നഗരം. ഇതെല്ലാമായ ചണ്ഡിഗഢിൽ ഈ തിരഞ്ഞെടുപ്പിൽ പൊരുതുന്നത് രണ്ട് പെണ്ണുങ്ങളും ഒരാണുമാണ്. ഇവിടെ മൂന്ന് തവണ തുടർച്ചയായി ജയിച്ച മുൻ റെയിൽവേ മന്ത്രി പവൻകുമാർ ബൻസാൽ കോൺഗ്രസ് ടിക്കറ്റിൽ വീണ്ടും മത്സരിക്കുമ്പോൾ എതിരാളികൾ ബോളിവുഡിലെ രണ്ട് താര സുന്ദരിമാരാണ്.  ബി.ജെ.പിയുടെ കിരൺ ഖേറും ആം ആദ്മിയുടെ   ഗുൽ പനാഗും.

മരുമകൻ കോഴ വാങ്ങിയ കേസിനെ തുടർന്ന് റെയിൽവേ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന ബൻസലിന് ഇത്തവണ സീറ്റ് നൽകില്ലെന്ന സൂചനയുണ്ടായിരുന്നു. അതിനിടെ ലുധിയാനയിൽ നിന്ന് മാറി ചണ്ഡിഗഢിൽ മത്സരിക്കാൻ കേന്ദ്രമന്ത്രി മനീഷ് തീവാരി ശ്രമിച്ചെങ്കിലും ബൻസൽ വിട്ടുകൊടുത്തില്ല. മൻമോഹൻസിംഗിന്റെ അടുത്ത അനുയായിയാണ് ബൻസൽ.
നടൻ അനുപം ഖേറിന്റെ ഭാര്യയാണ് ബി.ജെ.പി സ്ഥാനാർത്ഥി കിരൺ ഖേർ. ചണ്ഡിഗഢ് സ്വദേശിയാണെങ്കിലും മണ്ഡലത്തിൽ സുപരിചിതയല്ല. പ്രചാരണത്തിന് ആദ്യമായി മണ്ഡലത്തിലെത്തിയ കിരണിനെ ബി. ജെ. പിക്കാർ കരിങ്കൊടി വീശിയാണ് സ്വാഗതം ചെയ്തത് . അത് കോൺഗ്രസ് ക്യാമ്പുകൾക്ക് ആവേശം പകർന്നിട്ടുണ്ട്. എന്നാൽ കരിങ്കൊടി പ്രതിഷേധത്തിന് പിന്നിൽ സീറ്റ് നിഷേധിക്കപ്പെട്ട ചില നേതാക്കളാണെന്നാണ് കിരണും ഭർത്താവ് അനുപം ഖേറും ആരോപിക്കുന്നത്.

ആം ആദ്മി സ്ഥാനാർത്ഥിയായ ഗുൽ പനാഗ് 1999ലെ മിസ് ഇന്ത്യയും നടിയും മോഡലുമാണ്.  ഗുൽ പനാഗാണ് ശരിക്കും മണ്ഡലത്തിലെ താരം. സൈനിക ഉദ്യോഗസ്ഥന്റെ മകളായ പനാഗ് വിവിധ നഗരങ്ങളിലെ 14 കേന്ദ്രീയ വിദ്യാലയങ്ങളിലായാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത്. അന്ന ഹസാരെയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിലൂടെയാണ് ഈ 35കാരി പൊതുരംഗത്ത് എത്തുന്നത്.
ബൻസലിനെതിരായ അഴിമതി ആരോപണമാണ് ബി.ജെ.പിയും ആം ആദ്മിയും ആയുധമാക്കിയിട്ടുള്ളത്. റെയിൽവേ ബോർഡ് അംഗത്തിൽ നിന്ന് 90 ലക്ഷം കോഴ വാങ്ങിയ കേസിലാണ് ബൻസലിന്റെ അനന്തരവനായ വിജയ് സിംഗ്ളയെ കഴിഞ്ഞ മേയിൽ സി.ബി.ഐ അറസ്റ്റ് ചെയ്തത്. തുടർന്നാണ് ബൻസൽ രാജിവച്ചത്. സി.ബി.ഐയുടെ കുറ്റപത്രത്തിൽ ബൻസലിന്റെ പേരില്ലാത്തതും  പ്രോസിക്യൂഷൻ സാക്ഷിയാക്കിയതുമാണ് വീണ്ടും സീറ്റിന് അവകാശവാദമുന്നയിക്കാൻ ബൻസലിന് ശക്തി നൽകിയത്.

Sunday, March 23, 2014

Yogendra Yadav

Appeared on 23rd March, 2014

ന്യൂഡൽഹി:പക്വതയാണ് ആം ആദ്മി പാർട്ടിയുടെ ബുദ്ധികേന്ദ്രമായ യോഗേന്ദ്ര യാദവിന്റെ മുഖമുദ്ര. കേജ്‌രിവാളിന്റെ നേതൃത്വത്തിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന ആശയം അദ്ദേഹത്തിന്റേതായിരുന്നു. തികഞ്ഞ ജനാധിപത്യ വിശ്വാസിയാണ്.  അതുകൊണ്ടാണ് അന്നാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത യാദവ്, കേജ്‌രിവാളിനെ കൊണ്ട് പാർട്ടിയുണ്ടാക്കിയത്. ജനാധിപത്യ പ്രക്രിയയിലൂടെ മാത്രമേ മാറ്റം ഉണ്ടാകൂ. അതാണ് അദ്ദേഹത്തിന്റെ വിശ്വാസം..
പക്വതയാണ് യാദവിനെ പാർട്ടി വക്താവാക്കാൻ കേജ്‌രിവാളിനെ പ്രേരിപ്പിച്ചത്. ആം ആദ്മി പാർട്ടിക്ക് നേരെ വന്ന വിമർശനങ്ങളെ മൂർച്ചയേറിയ മറുപടി കൊണ്ടാണ് യാദവ് തടഞ്ഞത്.
പാർട്ടിയുടെ രണ്ടാമനും ബുദ്ധികേന്ദ്രവുമായ  യാദവിന്  ഇപ്പോൾ ഭാരിച്ച മറ്റൊരു ഉത്തരവാദിത്വമുണ്ട്. ഡൽഹിയോട് ചേർന്നുള്ള  ഗുഡ്ഗാവ് മണ്ഡലത്തിൽ ആം ആദ്മി സ്ഥാനാർത്ഥി യാദവാണ്. രണ്ടു തവണ ഇവിടെ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച റാവു ഇന്ദർജിത് സിംഗ് ഇത്തവണ ബി.ജെ.പി സ്ഥാനാർത്ഥിയാണ്. കോൺഗ്രസ്  മറ്റൊരു റാവുവിനെ തന്നെ രംഗത്തിറക്കി -റാവു ധരംപാൽ. പക്ഷേ, മാറ്റം ആഗ്രഹിക്കുന്ന ജനങ്ങൾ ഉറ്റുനോക്കുന്നത് യോഗേന്ദ്ര യാദവിനെയാണ്.  തിരഞ്ഞെടുപ്പ് ഫലം എന്തായാലും വരുന്ന ഒക്‌ടോബറിൽ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ കേജ്‌രിവാളിനെ പോലെ  യോഗേന്ദ്ര യാദവ് ഉണ്ടാകുമെന്നാണ് നിരീക്ഷകർ പറയുന്നത്.
സാമൂഹ്യ ശാസ്ത്രജ്ഞനായ യാദവ് തിര‌ഞ്ഞെടുപ്പ് വിശകലന വിദഗ്ദ്ധൻ എന്ന നിലയിലാണ് പ്രശസ്‌തനായത്. അദ്ദേഹത്തിന്റെ പ്രവചനങ്ങളും സർവേകളും തെറ്റിയില്ല. അതുകൊണ്ടാണ് 2009ൽ രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ ഉപദേശം തേടിയത്. ഉപദേശം ഫലിച്ചെന്ന് ഫലം വന്നപ്പോൾ തെളിഞ്ഞു. അതിനിടെ, യു.ജി.സിയിലും ദേശീയ ഉപദേശക സമിതിയിലും അംഗമായി. ആം ആദ്മി പാർട്ടിയുടെ ഭാഗമായതോടെ യു.ജി.സിയിൽ നിന്ന് പുറത്താക്കി.
ഡൽഹി നിയമസഭാ തിര‌ഞ്ഞെടുപ്പിൽ ആം ആദ്മിയുടെ വിജയം അദ്ദേഹം പ്രവചിച്ചപ്പോൾ എല്ലാവർക്കും സംശയമായിരുന്നു. ഫലം വന്നപ്പോഴാണ് അവർക്ക് ബോദ്ധ്യപ്പെട്ടത്.
രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് ബിരുദവും ഡൽഹി ജെ. എൻ. യുവിൽ നിന്ന് ബിരുദാനന്തര ബിരുദവും പഞ്ചാബ് സർവകലാശാലയിൽ നിന്ന് എം.എഫിലും നേടിയ ശേഷം അവിടെ തന്നെ എട്ടു വർഷം അദ്ധ്യാപകനായിരുന്നു യോഗേന്ദ്ര യാദവ്. തുടർന്നാണ് സെന്റർ ഫോർ സ്റ്റഡി ഒഫ് ഡെവലപ്മെന്റ് സയൻസിൽ സീനിയർ ഫെലോ ആയത്.