Powered By Blogger

Saturday, October 13, 2012

സത്യം അന്വേഷിച്ച് സത്യമംഗലത്തിലൂടെ -2


വകാശങ്ങള്‍ക്കു വേണ്ടി കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ മുന്നിലൂടെ ഐതീഹാസികമായ് നടന്ന ചാത്തൻ മാസ്റ്ററുടെ കഥ ഞാന്‍ കേട്ടിട്ടുണ്ട്. പുലയനാണെന്ന കാരണത്താല്‍ കരയില്‍ പ്രസംഗം നിരോധിച്ചപ്പോള്‍ കായലിന്റെ നടുക്ക് വള്ളത്തില്‍ കയറി നിന്ന് പ്രസംഗിച്ച കെ.പി. വള്ളോന്‍ എം.എല്‍.സി യുടെ കഥ എന്റെ അച്ഛന്‍ വൃന്ദാവനം വേണുഗോപാലന്‍ സംശോധനം ചെയ്ത വള്ളോന്‍ സ്മരണിക എന്ന പുസ്തകത്തില്‍ നിന്ന് വായിച്ചതായും ഓർക്കുന്നു. നായന്‍മാര്‍ കുളിക്കുന്ന കുളത്തില്‍ ഹരിജനങ്ങളെ നിര്‍ബന്ധപൂര്‍വ്വം തള്ളിയിട്ട് അയിത്തത്തിനെതിരെ പ്രതിഷേധിച്ച ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥയും കേട്ടിട്ടുണ്ട്. അങ്ങനെ പല കഥകളും എന്റെ മനസിലേക്ക് തള്ളികയറി.   

      ആറാം ക്ലാസ് വരെ ഞാന്‍ ആന്ധ്രയിലാണ് പഠിച്ചത്. അവിടുത്തെ പാഠപുസ്തകത്തില്‍ ആദ്യ പേജില്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരു വാചകമുണ്ട്. ''''''''അംഠറാണിത്തനം ഒക ശാപമു''''''''- Untouchability is a Sin. അവിടെ ഞാന്‍ പ്രതികരിച്ചില്ലെങ്കില്‍ ഞാന്‍ പഠിച്ചതിനോട് പോലും നീതികാണിച്ചിട്ടില്ലെന്നതാണ് സത്യം.  സത്യത്തില്‍ പ്രതികരിക്കണമെന്ന് വിചാരിച്ചെങ്കിലും എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷേ ആദ്യം പ്രതികരിക്കേണ്ടത് എന്റെ സുഹൃത്തിനോടാണെന്ന് തീരുമാനിച്ചു. അവന്‍ ഇതൊന്നും അറിഞ്ഞില്ലെന്ന ഭാവം മുഖത്ത് പ്രകടിപ്പിച്ചപ്പോള്‍ എനിക്ക് അതിലേറെ ദേഷ്യം തോന്നി. ഞാന്‍ അവനോട് അവിടെ കണ്ടതിന്റെയൊക്കെ അര്‍ത്ഥം എന്താണെന്ന് ചോദിച്ചു. എന്നെ നന്നായി അറിയാവുന്നതുകൊണ്ടായിരിക്കണം പെട്ടെന്ന് ചായ കുടിച്ച് പോകാമെന്ന് അവന്‍ പറഞ്ഞു. പറ്റില്ലെന്ന് പറഞ്ഞ് ഞാന്‍ എഴുനേറ്റു. പിന്നെ നടന്നതെല്ലാം എന്റെതായ രീതിയില്‍ ശരിയെന്ന് തോന്നിയ പ്രതിഷേധങ്ങളായിരുന്നു.

      ഞാന്‍ പുറത്ത് മരത്തില്‍ തൂക്കിയിരിക്കുന്ന ഒരു ഗ്ലാസെടുത്ത് എന്റെ ചായ അതിലേക്ക് പകര്‍ന്നു. ചായകടക്കാരന്‍ എന്തൊക്കയോ മുറുമുറുത്തുകൊണ്ട് എന്നിലേക്ക് അടുത്തു. അടികിട്ടുമെന്ന് ഞാന്‍ ഭയന്നെങ്കിലും ഗൗണ്ടറുടെ മകനുള്ളതുകൊണ്ട് അങ്ങിനെയൊന്നും സംഭവിക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. രണ്ടു ഗ്ലാസുകളിലുമായി ഞാന്‍ ചായ കുടിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍  എങ്ങനെ ഇത് ചെയ്യാനാകുവെന്ന് ഞാന്‍ ചോദിച്ചു. യഥാര്‍ത്ഥില്‍ ചോദിക്കുകയായിരുന്നില്ല ചെയ്യേണ്ടിയിരുന്നത്. പെരുമാറുകയായിരുന്നു വേണ്ടിയിരുന്നത്. ഇതിന് അയാൾ കോടതി കയറേണ്ടിവരുമെന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കി. ഇതെല്ലാം കണ്ടുകൊണ്ട് മാറിനില്‍ക്കുകയായിരുന്ന ആ സാധു മനുഷ്യന്റെ അടുത്തേക്ക് ഞാൻ ചെന്നു. ഇതിലൊന്നും വിഷമമില്ലേയെന്ന് ചോദിച്ചു. അദ്ദേഹത്തിന് അതില്‍ വിഷമമില്ലന്നാണ് അയാളുടെ മുഖഭാവം പറഞ്ഞത്. അതോ ഭയന്നിട്ടോ. 

      എന്തിന്റെ പേരിലാണ് അദ്ദേഹത്തെ മാറ്റി നിറുത്തിയതെന്ന് ഞാന്‍ കടക്കാരനോട് ചോദിച്ചു. താഴ്ന്ന ജാതിക്കാരനെന്ന് നിങ്ങളുടെ വിചാരം കാരണമാണെങ്കില്‍ നിങ്ങളുടെതെല്ലാം അശുദ്ധമായികഴിഞ്ഞെന്ന് ഞാന്‍ പറഞ്ഞു. കാരണം ഞാന്‍ നിങ്ങള്‍ മാറ്റിനിറുത്തിയിരിക്കുന്ന ആളിനെക്കാള്‍ താഴ്ന്ന ജാതിയില്‍പ്പെട്ടതാണെന്ന് പ്രഖ്യാപ്പിച്ചു. എന്നെ കടക്കാരന്‍ എന്തൊക്കയോ തെറി വിളിക്കുന്നുണ്ടായിരുന്നു. കൂട്ടുകാരന്‍ കാണിച്ചതാകട്ടെ എങ്ങനെയെങ്കിലും സ്ഥലം വിടാനാണ്. ഒടുവില്‍ അവിടെ സംസാരിച്ച് നിന്നിട്ട് കാര്യമില്ലെന്ന് മനസിലായപ്പോള്‍ ഞാന്‍ ഗ്ലാസ് കടയിലേക്കെറിഞ്ഞിട്ട് പുറത്തിറങ്ങി. പുറത്ത് നിന്ന പാവം മനുഷ്യനോട് ഇതെല്ലാം ഉടന്‍ മാറുമെന്ന് പറഞ്ഞ് മടങ്ങി.

      വീട്ടിലെത്തിയപ്പോഴാണ് യഥാര്‍ത്ഥ പ്രശ്‌നം ഉയര്‍ന്നത്. അവന്റെ അച്ഛന്‍ ഉമ്മറത്തുത്തന്നെയുണ്ടായിരുന്നു. അദ്ദേഹം കുറേ വഴക്കുപറഞ്ഞു. ഞാനും തിരിച്ച് പറഞ്ഞു. ഒടുവില്‍ പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലായപ്പോള്‍ വിട്ടുകൊടുത്തു. അവരുടെ വീട്ടിലും ഇതാണ് പിന്തുടരുന്നത് എന്നതിനാള്‍ പറഞ്ഞിട്ട് കാര്യവുമില്ല.

      സത്യമംഗലത്തെ അമ്പലങ്ങളില്ലും മറ്റും ഞാന്‍ കണ്ടത് ഇതിനേക്കാള്‍ ഭീകരമായ കാഴ്ചയായിരുന്നു. ഞാന്‍ കണ്ടതും കേട്ടതും എല്ലാം ചൂണ്ടിക്കാട്ടി  അന്നത്തെ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഞാന്‍ കത്തെഴുതി. ഒരു ഫലവും ഉണ്ടചായില്ലെന്നാണറിവ്. ഇന്നും അതൊക്കെ തുടരുന്നുണ്ടോ ആവോ. എനിക്ക് അറിയില്ല. എന്നാല്‍ ഒരിക്കല്‍ കൂടി സത്യമംഗലത്തേക്ക് ഒരു യാത്ര പോകാന്‍ എന്റെ മനസ് വെമ്പല്‍ കൊള്ളുന്നു. അവരുടെ വിമോചനത്തിനായി. 

(തുടരും)

No comments:

Post a Comment