Powered By Blogger

Monday, June 9, 2014

Rao swears in


Appeared on 3rd June 2014

മകനും അനന്തരവനും 11 അംഗ മന്ത്രിസഭയിൽ
 നായിഡുവിനെ പങ്കെടുത്തില്ല

ന്യൂഡൽഹി: രാജ്യത്തെ 29-ാമത്തെ സംസ്ഥാനമായ തെലുങ്കാനയുടെ പ്രഥമ മുഖ്യമന്ത്രിയായി തെലുങ്കാന രാഷ്ട്ര സമിതിയുടെ അദ്ധ്യക്ഷൻ കെ. ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റാവുവിന്റെ മകൻ കെ.ടി. രാമറാവു, അനന്തരവൻ ടി. ഹരീഷ് റാവു എന്നിവരും 11 അംഗ മന്ത്രിസഭയിൽ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിലെ ഏക മുസ്‌ലിം അംഗമായ മുഹമ്മദ് മെഹ്‌മൂദ് അലിയും ദളിത് അംഗമായ ടി. രാജയ്യയു ഉപമുഖ്യമന്ത്രിരായി.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞയ്‌ക്ക് മുൻപ് ഇന്നലെ രാവിലെ 6.30ഓടെ സംസ്ഥാനത്തിന്റെ ഗവർണറുടെ അധിക ചുമതല ഏറ്റെടുത്തുകൊണ്ട് ആന്ധ്രാപ്രദേശ് ഗവർണർ ഇ.എസ്.എൽ. നരസിംഹൻ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ആന്ധ്രാപ്രദേശ് ചീഫ് ജസ്റ്റിസ് കല്യാൺ ജ്യോതി സെൻഗുപ്തയാണ് ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. തുടർന്ന് രാവിലെ 8.15നാണ് റാവുവിന് ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തത്.

ഒരു ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതി തള്ളുമെന്നും അടുത്ത അഞ്ച് വർഷം കൊണ്ട് ദളിത് പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി ഒരു ലക്ഷം കോടി രൂപ ചെലവഴിക്കുമെന്നും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ചന്ദ്രശേഖര റാവു അറിയിച്ചു. തെലുങ്കാന സംസ്ഥാനത്തിന് വേണ്ടിയുള്ള സമരങ്ങളിൽ രക്തസാക്ഷികൾക്ക് പുഷ്‌പാർച്ചന നടത്തിയശേഷമാണ് റാവു സത്യപ്രതിജ്ഞ ചെയ്തത്.

എൻ. നരസിംഹ റെഡ്ഡി, ഇ. രാജേന്ദർ, പി. ശ്രീനിവാസ റെഡ്ഡി, ടി. പത്മ റാവു, പി. മഹേന്ദർ റെഡ്ഡി, ജെ. രാമണ്ണ, ജി. ജഗ്ദീഷ് റെഡ്ഡി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റ് മന്ത്രിമാർ. മന്ത്രിസഭയിൽ വനിതാ പ്രാതിനിധ്യമില്ല. 119 അംഗ നിയമസഭയിൽ 63 സീറ്റുകൾ നേടിയാണ് ടി.ആർ.എസ് അധികാരത്തിലേറിയത്.

അതേസമയം, ആന്ധ്രാ പ്രദേശിന്റെ മുഖ്യമന്ത്രിയായി ഈ മാസം 8ന് സത്യപ്രതിജ്ഞ ചെയ്യേണ്ട ടി.ഡി.പി അദ്ധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തില്ല. നേരിട്ടോ ഫോണിലൂടെയോ ക്ഷണിക്കാത്തതിനാലാണ് താൻ പങ്കെടുക്കാതിരുന്നതെന്ന് നായിഡു വ്യക്തമാക്കി. എന്നാൽ ഔദ്യോഗികമായ ക്ഷണക്കത്ത് അയച്ചിരുന്നുവെന്ന് തെലുങ്കാന സർക്കാർ അറിയിച്ചു.

2001ലാണ് തെലുങ്കു ദേശം പാർട്ടി വിട്ട് ചന്ദ്രശേഖര റാവു ടി.ആർ.എസ് രൂപീകരിക്കുന്നത്. തുടർന്ന് 2004ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ടെങ്കിലും ഒന്നാം യു.പി.എയുടെ അവസാന കാലത്ത് സഖ്യം വേർപ്പെടുത്തുകയായിരുന്നു. 2009ലെ തിരഞ്ഞെടുപ്പിൽ പാർട്ടി കനത്ത പരാജയം ഏറ്റവാങ്ങുകയും ചെയ്തു. തുടർന്നാണ് തെലുങ്കാന സംസ്ഥാന വാദം വീണ്ടും ഉയർത്തിക്കൊണ്ട് ജനങ്ങളുടെ വിശ്വാസം നേടിയെടുത്തത്.

2000ത്തിൽ എൻ.ഡി.എ സർക്കാർ കാലത്താണ് ഇതിന് മുൻപ് മൂന്ന് സംസ്ഥാനങ്ങൾ പിറവിയെടുത്തത്. ബീഹാർ, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളെ വിഭജിച്ച് ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ യഥാക്രമം രൂപീകരിച്ചിരുന്നു.

കഴിഞ്ഞദിവസം രാത്രി തന്നെ പുതിയ സംസ്ഥാനത്ത് ആഘോഷങ്ങൾ തുടങ്ങിയിരുന്നു. തലസ്ഥാന നഗരമായ ഹൈദരാബാദിലാകെ ടി.ആർ.എസിന്റെ കൊടിയുടെ നിറമായ പിങ്കുകൊണ്ട് മൂടിയിരുന്നു. ഞായറാഴ്ച അർദ്ധരാത്രിയിലാണ് തന്നെ വെടിക്കെട്ടോടെ ആഘോഷങ്ങൾ തുടങ്ങിയത്.

 അസ്വാരസ്യങ്ങൾ തുടങ്ങി

റാവുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റ് മണിക്കൂറുകൾ കഴിയും മുൻപെ പാർട്ടിയിൽ അസ്വാരസ്യങ്ങൾ തുടങ്ങി. സംസ്ഥാനം രൂപീകരിച്ച് തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ ദളിത് വിഭാഗത്തിൽ നിന്നുള്ള വ്യക്തിയെ മുഖ്യമന്ത്രിയാക്കുമെന്നായിരുന്നു റാവു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇത് പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, ദളിത് പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ട പരിഗണന ലഭിച്ചില്ലെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആരോപണം.

റാവു സവർണ്ണ വിഭാഗമായ വേലമ ജാതിയിൽപ്പെട്ടയാളാണ്. കൂടാതെ മകനും അനന്തരവനും മന്ത്രിസഭയിൽ സ്ഥാനം പിടിക്കുകയും ചെയ്തു. മന്ത്രിസഭയിലെ നാല് പേർ റെഡ്ഡി വിഭാഗത്തിൽ നിന്നുള്ളവരാണ്. മൂന്ന് പേർ മാത്രമാണ് പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള മന്ത്രിമാർ. ദളിത് വിഭാഗത്തിൽ നിന്നുള്ള ഏക അംഗമായ രാജയ്യ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റെങ്കിലും ആരോഗ്യവകുപ്പാണ് അദ്ദേഹത്തിന് നൽകിയിട്ടുള്ളത്. പ്രധാന വകുപ്പായ ആഭ്യന്തരം എൻ. നരസിംഹ റെഡ്ഡിക്കാണ് നൽകിയത്.

എന്നാൽ മന്ത്രിസഭയിലെ പ്രാതിനിധ്യം സംബന്ധിച്ച് ഇപ്പോൾ വിലയിരുത്താനാവില്ലെന്ന് റാവുവിന്റെ മകനും മന്ത്രിയുമായ കെ.ടി. റാമാ റാവു പറഞ്ഞു. മന്ത്രിസഭയിൽ ആകെ 18 അംഗങ്ങളുണ്ടാകുമെന്നും മന്ത്രിസഭാ വികസനം വരുന്പോൾ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

 കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും: മോഡി

തെലുങ്കാന സംസ്ഥാന വാസികൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വിറ്റിൽ കുറിച്ചു. ഇന്ത്യയ്‌ക്ക് പുതിയൊരു സംസ്ഥാനം ലഭിച്ചെന്നും അതിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. പുതിയ സംസ്ഥാനത്തിലെ ജനങ്ങൾക്കും സർക്കാരിനും കേന്ദ്രത്തിന്റെ എല്ലാ സഹായവും ഉറപ്പു നൽകുന്നതായും മോഡി പറഞ്ഞു.

No comments:

Post a Comment