Powered By Blogger

Friday, July 11, 2014

Amit Bhai Sha

Appeared in Kerala Kaumudi on 10th July 2010


ന്യൂഡൽഹി: ചുറ്റുമുള്ളത് എത്ര അമിതമായാലും  അത് അമിത് ഷായോളം വരില്ലെന്ന് നരേന്ദ്രമോദിയെ പോലെ നന്നായി അറിയാവുന്ന മറ്റൊരാൾ ഇല്ല. ഇതുവരെയുള്ള ചരിത്രം മോദിക്ക് മുന്നിൽ വഴിമാറിയപ്പോൾ തേരാളിയുടെ രൂപത്തിലായിരുന്നു ഷാ.  മോദിയുടെ നോട്ടം മതി, ഷാ മനസിലാക്കും,    നടപ്പാക്കും.  അതാണ് രീതി, ശീലവും. സൗത്ത് ബ്ളോക്കിൽ പ്രധാനമന്ത്രിയുടെ കസേരയിലിരുന്നു നരേന്ദ്രമോദി രാജ്യത്തെ നയിക്കുമ്പോൾ, അവിടെ നിന്ന് മൂന്നു കിലോമീറ്റർ അകലെയുള്ള അശോകാ റോഡിലെ ബി.ജെ.പി ആസ്ഥാനത്ത് ഇനി മോദിയുടെ മനസ് പ്രവർത്തിക്കും. പാർട്ടിയും സർക്കാരും ഒരേ പോലെ.

മോദിയെ പോലെ തന്നെ കുർത്തയും പൈജാമയുമാണ് ഷായ്‌ക്കും പ്രിയം. കൈയിൽ രണ്ടു മൊബൈൽ ഫോണുകൾ.   ജനറൽ സെക്രട്ടറി എന്ന നിലയിൽ ബി.ജെ.പി കേന്ദ്ര ആസ്ഥാനത്ത് അനുവദിച്ചിട്ടുള്ള 20-ാം നമ്പർ ഓഫീസ് മുറി, താമസം ഗുജറാത്ത് ഭവനിൽ. ആർക്കും എപ്പോഴും സമീപിക്കാം, പാർട്ടിയിലെ വലിപ്പ ചെറുപ്പങ്ങൾ ബാധകമല്ല. പാർട്ടിയിലെ താഴെത്തതട്ടിലുള്ളവരോടാണ് കൂടുതൽ ബന്ധം.
2013 ജൂൺ മാസത്തിൽ ഗോവയിൽ നടന്ന പാർട്ടിയുടെ ദേശീയ എക്‌സിക്യുട്ടീവ് കൗൺസിലിൽ   ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവിഭാഗം തലവനായി മോദിയെ പ്രഖ്യാപിച്ചതിനൊപ്പമാണ് യു.പിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ഷായെയും തിരഞ്ഞെടുത്തത്. കൃത്യം നാലു ദിവസത്തിന് ശേഷം ജൂൺ 12ന് ഷാ യു.പിയുടെ ആസ്ഥാനമായ ലക്‌നൗവിലെത്തി. ഹൃദ്യമായ സ്വീകരണമായിരുന്നെങ്കിലും ഷായുടെ മുഖത്ത് ചിരി വിടർന്നില്ല. ബൂത്തുകൾ എത്രയും വേഗം പുനഃസംഘടിപ്പിക്കാനായിരുന്നു ഷായുടെ നിർദ്ദേശം. സംസ്ഥാന പ്രസിഡന്റ് ലക്ഷ്മികാന്ത് വാജ്‌പേയിയോട് ഒരു ബൂത്ത് പ്രവർത്തനം ഏറ്റെടുത്ത് പ്രവർത്തകർക്ക് മാതൃക കാട്ടാൻ ആവശ്യപ്പെട്ടു. പിന്നെ നടന്നത് ബൂത്ത് തലം മുതലുള്ള പുനഃസംഘടനയാണ്. എല്ലാം ഷായുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ.   ബി.ജെ.പി ഇതിന് മുൻപ് ഒരിക്കലും നേടിയിട്ടില്ലാത്ത ചരിത്ര വിജയം ഷാ നേടിക്കൊടുത്തു. ഗുജറാത്തിന് പുറത്ത് സംഘടനാ കരുത്ത് തെളിയിക്കപ്പെട്ടു. മോഡിയുടെ വിശ്വസ്തൻ എന്നതിനപ്പുറം ഷായെ എതിർക്കാൻ എതിരാളികൾക്ക് സാധിക്കാത്തതും ഇതിനാലാണ്.

 രണ്ടാമൻ
മോദിയുടെ തൊട്ട് താഴെയാണ് അമിത് ഷാ എങ്കിലും ചില കാര്യങ്ങളിൽ മോദിയെക്കാൾ മുന്നിലാണ് ഷാ. മോദിക്ക് മുമ്പേ എം.എൽ.എയായി. 1997ൽ മുതൽ അഞ്ചു വട്ടം തുടർച്ചയായ വിജയം. മോദി നിയമസഭയിലേക്ക് മത്സരിച്ച 2002ലെ തിരഞ്ഞെടുപ്പിൽ ഷായുടെ ഭൂരിപക്ഷം 1,58,000 ലക്ഷമായിരുന്നു. മോദിയുടെ ഇരട്ടഭൂരിപക്ഷം. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 2,35,000 ലക്ഷത്തിലെത്തി.
1964ൽ മുംബയിൽ ജനിച്ച അമിത് ഷാ കുട്ടിക്കാലം മുതൽക്കെ ആർ.എസ്.എസിൽ സജീവമായിരുന്നു. അഹമ്മദാബാദ് സി.യു സയൻസ് കോളേജിൽ ബിരുദത്തിന് പഠിക്കവേ എ.ബി.വി.പിയിൽ സജീവമായി. 1982ലാണ് മോദിയുമായി അടുപ്പത്തിലായത്. 1986ൽ ബി.ജെ.പിയിലെത്തി.
സഹകരണ സ്ഥാപനങ്ങൾ പിടിച്ചെടുത്തുകൊണ്ടായിരുന്നു മോദി- ഷാ കൂട്ടുകെട്ടിന്റെ തുടക്കം. ഒടുവിൽ സമ്പന്നമായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ വരെ പിടിച്ചെടുത്ത് മോദി അദ്ധ്യക്ഷനും ഷാ ഉപാദ്ധ്യക്ഷനുമായി. ഷായുടെ മകൻ ജയ് ആണ്  നിലവിൽ ജോയിന്റ് സെക്രട്ടറി.
ഗുജറാത്തിലെ മോദി മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിസ്ഥാനം ഉൾപ്പെടെ പത്തു വകുപ്പുകൾ കൈകാര്യം ചെയ്തു.  മന്ത്രിസഭാ യോഗങ്ങളിൽ മോദിയെ കൂടാതെ സംസാരിക്കുന്ന ഏക വ്യക്തിയായി.

 വിവാദ പർവം
അമിത് ഷായുടെ ജീവിതത്തിൽ എന്നും കരിനിഴലായത് അദ്ദേഹത്തിനെതിരായ കേസുകളാണ്. 2002 മുതൽ 2006 വരെ ഷാ ഗുജറാത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്ന കാലഘട്ടത്തിലെ 22 വ്യാജ ഏറ്റുമുട്ടൽ കേസുകളാണ് സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിൽ സോഹ്‌റാബുദ്ദീൻ  ,  ഇസ്രത് ജഹാൻ   എന്നിവയുൾപ്പെടെ മൂന്നു കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടു.

2010 ജൂലായ് 25നാണ് ഷായെ ആദ്യമായി കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യുന്നത്. അതിന് ഒരു മാസം മുൻപ് ജൂൺ 8ന് അദ്ദേഹത്തിന്റെ അമ്മ മരണമടഞ്ഞു. അതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി ഷാ കാണുന്നത്. ഭാര്യ സോണാൽ മകൻ ജെയും   എപ്പോഴും തനിക്ക് പിന്തുണയുമായി ഉണ്ടെന്ന് ഷാ പറയാറുണ്ട്.

No comments:

Post a Comment