Appeared in Flash on 11th July 2014
മോഡിയുടെ അമിത് ഭായ് ബി.ജെ.പിയുടെ മന്നൻ
Posted on: Friday, 11 July 2014

മൃതസഞ്ജീവനി മാത്രം കൊണ്ടുവരാൻ പോയ ഹനുമാൻ ഔഷധസസ്യങ്ങളുള്ള മരുത്വാമലയുമായിത്തന്നെ എത്തുന്ന ചിത്രമായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ നിന്നുള്ള ഫലം പുറത്തുവന്നപ്പോൾ അമിത് ഷായ്‌ക്കൊപ്പം സോഷ്യൽ മീഡിയകളിൽ പ്രചരിച്ചത്. ഏൽപ്പിക്കുന്ന ദൗത്യം എത്ര കഠിനാമാണെങ്കിലും മോഡിയുടെ ഈ വിശ്വസ്തൻ അത് പൂർത്തീകരിക്കുമെന്ന് ഉറപ്പ്. ഗുജറാത്തും പിന്നീട് ഉത്തർപ്രദേശും കാണിച്ചു തന്നത് അതാണ്. മോഡി വരുന്നതിന് മുൻപ് എത്തി കാര്യങ്ങൾ വെടിപ്പാക്കുന്ന വ്യക്തി. മോഡി ഒന്നു നോക്കിയാൽ മതി, ഷാ മനസിലാക്കും. മോഡിയുടെ മനസ്, അത് വായിച്ചറിഞ്ഞ് നടപ്പാക്കും. അതാണ് രീതി. അതാണ് ശീലം. അതാണ് ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും. സൗത്ത് ബ്ളോക്കിൽ പ്രധാനമന്ത്രിയുടെ കസേരയിലിരുന്നുകൊണ്ട് നരേന്ദ്രമോഡി രാജ്യത്തെ നയിക്കുമ്പോൾ, അവിടെ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള അശോകാ റോഡിലെ ബി.ജെ.പി ആസ്ഥാനത്ത് മോഡിയുടെ മനസ് പ്രവർത്തിക്കും.
വലിപ്പച്ചെറുപ്പമില്ലമോഡിയെ പോലെ തന്നെ കുർത്തയും പൈജാമയുമാണ് പ്രിയം. കൈയിൽ രണ്ടു മൊബൈൽ ഫോണുകൾ, ഒരു സെക്രട്ടറി, ബി.ജെ.പി കേന്ദ്ര ആസ്ഥാനത്ത് അനുവദിച്ചിട്ടുള്ള 20-ാം നമ്പർ ഓഫീസ് മുറി. താമസം ഗുജറാത്ത് ഭവനിൽ. ആർക്കും എപ്പോഴും സമീപിക്കാം. പാർട്ടിയിലെ വലിപ്പ ചെറുപ്പങ്ങൾ ബാധകമല്ല. പാർട്ടിയിലെ താഴെ തട്ടിലുള്ളവരോടാണ് കൂടുതൽ ബന്ധം. അതാണ് ഷായുടെ ഇന്റലിജൻസ് വിഭാഗം. ഇതാണ് ഷായെ മറ്റ് നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. വിവരങ്ങൾക്കായി അദ്ദേഹം ആശ്രയിക്കുന്നത് ബൂത്ത് തലത്തിലുള്ള ബി.ജെ.പി, ആർ.എസ്. എസ് പ്രവർത്തകരെയാണ്.
യു.പിയിലേക്ക്
2013 ജൂൺ മാസത്തിൽ ഗോവയിൽ നടന്ന പാർട്ടിയുടെ ദേശീയ എക്‌സിക്യുട്ടീവ് കൗൺസിൽ യോഗത്തിൽ വച്ചാണ് മോഡിയെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവിഭാഗം തലവനായി പ്രഖ്യാപിച്ചത്. അവിടെ വച്ച് തന്നെ യു.പിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ഷായെ തിരഞ്ഞെടുത്തു. കൃത്യം നാല് ദിവസത്തിന് ശേഷം ജൂൺ 12നാണ് ഷാ തന്റെ ചുമതല ഏറ്റെടുത്തത്. അന്ന് രാവിലെ അടുത്ത അനുയായികളുമായി അദ്ദേഹം ഉത്തർപ്രദേശിന്റെ ആസ്ഥാനമായ ലക്‌നൗവിലെത്തി. പ്രമുഖ നേതാക്കൾ എല്ലാം സന്നിഹിതരായിരുന്നു. ഹൃദ്യമായ സ്വീകരണമായിരുന്നെങ്കിലും ഷായുടെ മുഖത്ത് ചിരി വിടർന്നില്ല. ബൂത്തുകൾ എത്രയും വേഗം പുനഃസംഘടിപ്പിക്കാനായിരുന്നു ഷായുടെ നിർദ്ദേശം. സംസ്ഥാന പ്രസിഡന്റ് ലക്ഷ്മികാന്ത് വാജ്‌പേയിയോട് ഒരു ബൂത്തിന്റെ ചുമതല ഏറ്റെടുത്ത് പ്രവർത്തകർക്ക് മാതൃക കാട്ടാൻ ഷാ നിർദ്ദേശിച്ചു. പിന്നെ നടന്നത് ബൂത്ത് തലം മുതലുള്ള പുനഃസംഘടനയാണ്. എല്ലാം ഷായുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ. ബൂത്ത് തലത്തിലെ നേതാക്കളെ നേരിട്ട് വിളിച്ച് കാര്യങ്ങൾ വിലയിരുത്തി പരിഹരിച്ച് മുന്നോട്ട് നീങ്ങി.
കൃത്യമായി പറഞ്ഞാൽ 2012 ഫെബ്രുവരിയിലാണ് ഷാ ഉത്തർപ്രദേശിലെത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം നടക്കുന്ന വേളയിൽ. അന്ന് എല്ലാ ജില്ലകളിലൂടെയും സഞ്ചരിച്ച് ബൂത്ത് പ്രവർത്തനം എത്ര മാത്രം താറുമാറായി കിടക്കുകയാണെന്ന് ഷാ നേരിട്ട് മനസിലാക്കിയിരുന്നു. ഓരോ സ്ഥലത്തെയും ജാതി തിരിച്ചുള്ള വോട്ടർമാരും മറ്റും അദ്ദേഹം അവിടുത്തെ പ്രാദേശിക നേതാക്കളിൽ നിന്ന് തന്നെ മനസിലാക്കി. അതോടെ ഷായുടെ ഉള്ളം കൈയ്യിൽ ഉത്തർപ്രദേശ് ഒതുങ്ങി. ഒടുവിൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ വർഷങ്ങളെടുത്തിട്ടും വൻ നേതാക്കൾക്ക് സാധിക്കാത്തത് ഷാ നേടിയെടുത്തു. ബി.ജെ.പി ഇതിന് മുൻപ് ഒരിക്കലും നേടിയിട്ടില്ലാത്ത ചരിത്ര വിജയം പാർട്ടിയുടെ മുന്നിൽ ഷാ എത്തിച്ചുകൊടുത്തു. അതോടെ ഷായുടെ സംഘടനാ കരുത്ത് ഗുജറാത്തിന് പുറത്ത് തെളിയിക്കപ്പെട്ടു. മോഡിയുടെ വിശ്വസ്തൻ എന്നതിനപ്പുറം ഷായെ എതിർക്കാൻ എതിരാളികൾക്ക് പോലും സാധിക്കാത്തതും തെളിയിക്കപ്പെട്ട ഈ സംഘടനാ പാടവം ഒന്നു കൊണ്ടു മാത്രമാണ്.
മോഡിയേക്കാൾ മുന്നിൽമോഡിയുടെ തൊട്ട് താഴെയാണ് അമിത് ഷാ എന്നു പറയുമ്പോഴും ചില കാര്യങ്ങളിൽ മോഡിയെ കാൾ മുന്നിലാണ് ഷാ. മോഡിക്ക് മുമ്പേ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടു. 1997ൽ സർഖേജ് മണ്ഡലത്തിൽ നിന്നായിരുന്നു ആദ്യ വിജയം. അഞ്ച് വട്ടം തുടർച്ചയായി വിജയം ആവർത്തിച്ചു. 2002ൽ മോഡി നിയമസഭയിലേക്ക് മത്സരിക്കുന്ന ആദ്യ തിരഞ്ഞെടുപ്പിൽ ഷായുടെ ഭൂരിപക്ഷം 158000 ആയിരുന്നു. ഇത് മോഡിക്ക് ലഭിച്ച ഭൂരിപക്ഷത്തിന്റെ ഇരട്ടിയായിരുന്നു. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ തന്റെ ഭൂരിപക്ഷം 235000 ലക്ഷത്തിലെത്തിക്കാനും ഷായ്‌ക്ക് കഴിഞ്ഞു. പാർട്ടിയിലും ഷാ തന്നെ സീനിയർ. മോഡിയെ പാർട്ടിയിലേക്ക് ആർ.എസ്.എസ് അയക്കുന്നതിന് ഒരു വർഷം മുമ്പ് 1986ൽ ഷാ പാർട്ടിയിലെത്തി.
1964ൽ മുംബയിൽ ജനിച്ച അമിത് ഷാ കുട്ടിക്കാലം മുതൽക്കെ ആർ.എസ്.എസിൽ സജീവമായിരുന്നു. അഹമ്മദാബാദ് സി.യു സയൻസ് കോളേജിൽ ബിരുദ പഠനം നടത്തവേ എ.ബി.വി.പിയിലും സജീവമായി പ്രവർത്തിച്ചു. 1982ലാണ് മോഡിയുമായി അടുപ്പത്തിലായത്. അന്ന് ആർ.എസ്.എസ് പ്രചാരകനായിരുന്ന മോഡിയുമായി അടുത്ത ഷാ ഈ നിമിഷം വരെ ആ ബന്ധം ഓരോ ദിവസവും കൂടുതൽ ദൃഢമാക്കി മുന്നോട്ട് പോകുന്നു.
അധികാര സ്ഥാനങ്ങളിൽഗുജറാത്തിലെ മോഡി മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിസ്ഥാനം ഉൾപ്പെടെ പത്ത് വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു ഷാ. മന്ത്രിസഭാ യോഗങ്ങളിൽ മോഡിയെ കൂടാതെ സംസാരിക്കുന്ന ഏക വ്യക്തിയും ഷായായിരുന്നു.
സഹകരണ സ്ഥാപനങ്ങൾ പിടിച്ചെടുത്തുകൊണ്ടായിരുന്നു മോഡി- ഷാ കൂട്ട്ക്കെട്ടിന്റെ തുടക്കം. ഒടുവിൽ ആ കൂട്ടുകെട്ട് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ വരെ പിടിച്ചെടുത്തു. അസോസിയേഷൻ പ്രസിഡന്റായി മോഡിയും ഉപാദ്ധ്യക്ഷനായി ഷായും സ്വയം അവരോധിതരായി. ഷായുടെ മകൻ ജയ് നിലവിൽ അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയാണ്.
1995ൽ കേശുഭായ് പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയാവുകയും മോഡി അദ്ദേഹത്തിന്റെ ഉപദേശകനാവുകയും ചെയ്ത കാലഘട്ടത്തിലും ഷാ ഒപ്പമുണ്ടായിരുന്നു.
കേസും വിവാദവും
അമിത് ഷായുടെ ജീവിതത്തിൽ എന്നും കരിനിഴലായി മാറിയത് അദ്ദേഹത്തിനെതിരായുള്ള കേസുകളാണ്. ഷാ ഗുജറാത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്ന . 2002 മുതൽ 2006 വരെ നടന്ന 22 വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിൽ മൂന്ന് എണ്ണത്തിൽ ഷാ തന്നെ പ്രതിയാണ്. അറസ്റ്റിലാവുകയും ചെയ്തു. സോഹ്‌റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ, ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ ഷാ പ്രതിയാണ്. ഈ കേസുകൾ കോൺഗ്രസിന്റെ പ്രതീകാര നടപടികളെന്നാണ് ഷാ പറയുന്നത്.
2010 ജൂലായ് 25നാണ് ഷായെ ആദ്യമായി കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യുന്നത്. ഒരു മാസം മുൻപ് ജൂൺ 8ന് അദ്ദേഹത്തിന്റെ അമ്മ മരണപ്പെട്ടു. ഇതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി ഷാ കാണുന്നത്. ഭാര്യ സോണാൽ മകൻ ജെയ് എന്നിവർ എപ്പോഴും തനിക്ക് പിന്തുണയുമായി ഉണ്ടെന്നും ഷാ പലപ്പോഴും പറയാറുണ്ട്.
ഇനി
ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയുള്ള വിജയം നേടി നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റ് രണ്ടു മാസം തികയും മുൻപാണ് പാർട്ടി അദ്ധ്യക്ഷനായി അമിത് ഷാ എത്തുന്നത്. എന്നാൽ ചില കോണുകളിൽ നിന്നെങ്കിലും ഷായുടെ വരവിന് തടയിടാൻ ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ യു.പിയിൽ ഷാ നേടിക്കൊടുത്ത വിജയം ഈ വർഷം മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആവർത്തിക്കണമെങ്കിൽ ഷായെ പോലെയൊരാളുടെ നേതൃപാടവം വേണമെന്ന മോഡിയുടെ നിലപാടാണ് ഷായുടെ പട്ടാഭിഷേകത്തിന് വഴിയൊരുക്കിയത്.
No comments:
Post a Comment