Powered By Blogger

Thursday, October 30, 2014

Remembering Indira Gandhi

Appeared in the edit page on 30th October 2014


അശോകാ റോഡിന്റെയും സഫ്ദർജംഗ് റോഡിന്റെയും ഒന്നാം നമ്പർ വസതികൾ ഒരു കോമ്പൗണ്ടിൽ ഒത്തുചേരുന്നതാണ് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഔദ്യോഗിക വസതി. സഫ്ദർജംഗ് റോഡിലെ ഒന്നാം നമ്പറിൽ അവർ താമസിക്കുകയും അതിന്റെ മറ്രൊരു അറ്റത്തുള്ള അശോകാ റോഡിലെ ഒന്നാം നമ്പർ വസതി ക്യാമ്പ് ഓഫീസായി പ്രവർത്തിക്കുകയുമായിരുന്നു. ഇവിടെ വച്ചാണ് മുപ്പത് വർഷം മുൻപ് 1984 ഒക്‌ടോബർ 31ന് രാവിലെ, പതിവുപോലെ വീട്ടിൽ നിന്ന് ക്യാമ്പ് ഓഫീസിലേക്ക് നടക്കവേ സ്വന്തം സുരക്ഷാ ഭടന്മാരായ ബിയാന്ത് സിംഗും സത്‌വന്ത് സിംഗും ഇന്ദിരയ്‌ക്ക് നേരെ മുപ്പത് റൗണ്ട് വെടിയുതിർത്തത്. ഇന്ന് മുപ്പത് വർഷം പിന്നിടുമ്പോൾ രാജ്യം ഭരിക്കുന്നത് അവരുടെ എതിർപക്ഷത്ത് നിലയുറപ്പിച്ചവരാണ്. പ്രധാനമന്ത്രിയുടെ റേസ് കോഴ്സ് റോഡിലെ ഏഴാം നമ്പർ ഔദ്യോഗിക വസതിയുടെ തൊട്ടുചേർന്നാണ് ഇന്ദിരഗാന്ധി സ്മാരകമായി നിലകൊള്ളുന്ന ഈ വസതി. ഇന്ത്യ കണ്ട ഏറ്റവും ശക്തയായ പ്രധാനമന്ത്രിയെ ആരാധിക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ന് രാജ്യത്തെ നയിക്കുന്നത്. പ്രധാനമന്ത്രിയുടെ വസതിക്ക് ഏറ്റവും അടുത്തുള്ള രാഷ്ട്രീയ സമാരകമാണ് ഇന്ദിരയുടെതെങ്കിലും ആ പാരമ്പര്യത്തെ ചരിത്ര താളുകളിൽ നിന്ന് മായ്‌ക്കാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രിയായ സർദാർ വല്ലഭായി പട്ടേലിന്റെ മൂല്യങ്ങളെ ഉയർത്തിപിടിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയതലത്തിലേക്ക് രംഗപ്രവേശം ചെയ്തത്. ഇന്ദിരയുടെ ചരമദിനവും പട്ടേലിന്റെ ജന്മദിനവും ഒരേദിവസമായത് യാദൃശ്ചികം മാത്രം. ഇന്ദിരയുടെ രക്ഷസാക്ഷിത്വദിനം ദേശീയ പുനരർപ്പണ ദിനമായിട്ടാണ് ഇതുവരെ ആചരിച്ചുവരുന്നത്. എന്നാൽ ഇന്ദിരയെ മാറ്റി പട്ടേലിനെ പ്രതിഷ്ഠിക്കുകയാണ് നാളെ. പുനരർപ്പണ ദിനത്തെക്കാൾ പ്രാധാന്യത്തോടെ കേന്ദ്ര സർക്കാർ നാളെ പട്ടേലിന്റെ ജന്മദിനത്തെ ദേശീയ അഖണ്ഡതാദിനമായി ആചരിക്കാൻ തീരുമാനിച്ചിരിക്കുന്നു. നെഹ്‌റു ഗാന്ധി കുടുംബത്തിന്റെ പാരമ്പര്യത്തെ ചരിത്രത്തിൽ നിന്ന് തുടച്ചുമാറ്റാൻ ശ്രമിക്കുമ്പോഴും മോദി അനുകരിക്കാൻ ശ്രമിക്കുന്നത് ഇന്ദിരയുടെ ഭരണരീതികളെയാണെന്നതാണ് ശ്രദ്ധേയം.

ഇന്ദിര നെഹ്‌റുവിൽ നിന്നും പിന്തുടർന്ന സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളെ മോദി എതിർക്കുമ്പോഴും ഇന്ദിരയുടെ ഏകാധിപത്യ രീതികളോട് മോദിക്ക് പ്രിയമാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഗുജറാത്ത് കലാപത്തിന്റെ പിടിച്ചുനിറുത്താൻ ഇന്ദിരയുടെ മരണത്തിന് ശേഷം പൊട്ടിപ്പുറപ്പെട്ട സിഖ് കലാപത്തെയാണ് പലപ്പോഴും ബി.ജെ.പി കൂട്ടുപിടിക്കുന്നത്. കലാപം എന്ന വാക്ക് തന്നെ തന്റെ തലയിൽ നിന്ന് വച്ചൊഴിയാൻ കൂടിയാണ് മോദി ഇന്ദിരയുടെ ദിനത്തെ വിസ്മരിക്കുന്നതെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ഇതൊക്കെയാണെങ്കിലും 1969 ജൂലായ് 20ന് 14 ബാങ്കുകളെ ദേശാസാൽക്കരിക്കുകയും 1970 സെപ്തംബർ മൂന്നിന് നാട്ടുരാജാക്കന്മാർക്കും രാജവംശത്തിനും നൽകി വന്ന പ്രിവി പേഴ്സ് നിറുത്തലാക്കുകയും ഒക്കെ ചെയ്തത് ഇന്ദിരയുടെ ഭരണത്തിലെ പൊൻതൂവലുകളാണ്. ബംഗ്ളാദേശിനെ വിമോചിപ്പിക്കാനുള്ള 1971 ഇന്ത്യാ പാക് യുദ്ധവും 1974ലെ ആണവ പരീക്ഷണത്തിലൂടെയും ഇന്ദിര, തന്റെ കരുത്ത് ലോകത്തെ അറിയിച്ചു. രണ്ട് പിളർപ്പുകൾ പിന്നിട്ടിട്ടും തന്നെ ചോദ്യം ചെയ്യാൻ ആരുമില്ലെന്ന് അവർ പാർട്ടിയിലും തെളിയിച്ചു. അത് മരണം വരെ അവർക്ക് തുടരാനായി. അവരുടെ ഏകാധിപത്യ രീതികളെ പിന്തുടരുമ്പോഴും ഭരണരംഗത്തെ ഇന്ദിരയുടെ നേട്ടങ്ങളാണ് മോദിക്ക് വെല്ലുവിളിയുർത്തുന്നതെന്ന കാര്യത്തിൽ സംശയമില്ല.

 തുടക്കവും ഒടുക്കവും ഇവിടെ നിന്ന്
ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്രവും സുപ്രധാനമായ ഭാഗം തുടങ്ങുന്നത് സഫ്ദർജംഗ് റോഡിലെ ഒന്നാം നമ്പർ വസതിയിൽ നിന്നാണ്. 1964ൽ പണ്ഡിറ്റ് ജവഹർലാൽ നെഹ‌്‌റുവിന്റെ മരണശേഷമാണ് ഇന്ദിര ഇവിടേക്ക് താമസം മാറ്റുന്നത്. അതുവരെ നെഹ്‌റുവിന്റെ ഔദ്യോഗിക വസതിയായിരുന്ന തീൻമൂർത്തി ഭവനിലാണ് (ഇതും സ്മാരകമാണ്) ഇന്ദിരയും താമസിച്ചിരുന്നത്. തീൻമൂർത്തി ഭവനിൽ നിന്ന് അര കി.മീ സഞ്ചരിച്ചാൽ ഇന്ദിരയുടെ വസതിയിലെത്താം.

നെഹ്‌റുവിന്റെ മരണത്തെ തുടർന്ന് ലാൽ ബഹദൂർ ശാസ്ത്രിയുടെ നേതൃത്വത്തിൽ അധികാരമേറ്ര മന്ത്രിസഭയിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായി എത്തിയ ഇന്ദിര 66 മുതൽ 77 വരെയും 80 മുതൽ 84 വരെ വീണ്ടും പ്രധാനമന്ത്രിയായി രാജ്യത്തെ നയിച്ചു. ഇതിനിടെ പാർട്ടി രണ്ട് പിളർപ്പുകൾക്ക് സാക്ഷിയായതിനൊപ്പം രാജ്യം അടിയന്തരാവസ്ഥയുടെ കറുത്ത അദ്ധ്യായവും പിന്നിട്ടു. "77ൽ അവർ തോൽവി നേരിട്ടു. ജയിലിലുമായി. "78ൽ കർണാടകയിലെ ചിക്കമംഗ്ലൂറിൽ നിന്ന് വീണ്ടും ലോക്‌സഭാംഗമായി. മകൻ രാജീവും സഞ്ജയും വിവാഹിതരാവുകയും ചെറുമക്കളുണ്ടാവുകയും ചെയ്യുന്നു. 1980ൽ മകൻ സഞ്ജയ് ഗാന്ധി കൊല്ലപ്പെടുന്നു. തുടർന്ന് രാജീവിന്റെ രാഷ്ട്രീയ പ്രവേശനത്തിന് വേദിയൊരുങ്ങുന്നു. അതിന് മുന്നോടിയായി ഇന്ത്യൻ എയർലൈൻസിൽ പൈലറ്റായിരുന്ന രാജീവ് ജോലിയിൽ നിന്ന് രാജിവയ്‌ക്കുന്നു. എല്ലാത്തിനും ഈ വസതി സാക്ഷി.

ഒടുവിൽ ഒക്‌ടോബർ 31ന്, ബുധനാഴ്ച രാവിലെ മുൻകൂട്ടി നിശ്ചിയിച്ചിരുന്ന പരിപാടിക്ക് 15 മിനിറ്റ് വൈകി 9.15 അക്ബർ റോഡിലെ വസതിയിലേക്ക് നടക്കുമ്പോഴാണ് വെടിയേറ്റ് വീഴുന്നത്. ഇന്ദിരാ ഗാന്ധിയുടെ മരണം എയിംസ് ആശുപത്രി സ്ഥിരീകരിക്കുന്നത് ഉച്ചയ്‌ക്ക് 2.20നാണ്. ഇന്ദിരയുടെ മരണത്തിൽ രാജ്യം ഞെട്ടിതരിച്ചു ഇരിക്കുമ്പോൾ തന്നെ അതേ ദിവസം രാത്രി മകൻ രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 12 ദിവസത്തെ ദുഖാചരണത്തിനിടയിൽ നവംബർ മൂന്നിന്, ശനിയാഴ്ച ഇന്ദിരാഗാന്ധിയുടെ സംസ്‌കാര ചടങ്ങുകൾ നടന്നു. ഇന്ദിരയുടെ ഒരു യുഗാന്ത്യത്തിനും രാജീവ് ഗാന്ധിയുടെ തുടക്കത്തിനും സഫ്ദർജംഗ് റോഡ് ഒന്ന് സാക്ഷിയായി. 1985 മേയിൽ റേസ് കോഴ്സ് റോഡിലെ അ‌ഞ്ചാം നമ്പർ വസതിയിലേക്ക് മാറും വരെ രാജീവ് ഈ വീട്ടിലിരുന്നാണ് രാജ്യത്തെ നയിച്ചത്.

മ്യൂസിയമാക്കിയിരിക്കുന്ന ഈ വസതിയിൽ ഇന്ദിരാഗാന്ധി ഉപയോഗിച്ചിരുന്ന ഭാഗങ്ങൾക്ക് പുറമേ രാജീവും കുടുംബവും താമസിച്ചിരുന്ന ഭാഗം രാജീവിന്റെ വസ്തുക്കൾ കൊണ്ട് സമ്പന്നമാണ്. അദ്ദേഹം ഉപയോഗിച്ചിരുന്ന ടോഷിബായുടെ ടി 5200 കംപ്യൂട്ടറും വയർലെസ് സെല്ലുകളും ടൂൽ ബോക്സും മറ്റൊരു പ്രധാനമന്ത്രിയുടെ ഓർമ്മകളിലേക്ക് നമ്മേ സഞ്ചരിപ്പിക്കും.


 ഒക്‌ടോബർ 31ന് നിശ്ചയിച്ചിരുന്ന പരിപാടികൾ (ഇതിൽ ഒരു പരിപാടിയും നടന്നില്ല)
 രാവിലെ 9 മുതൽ പത്ത് വരെ - ഐയർലാൻഡ് സംവിധായകനായ ഷിയമസ് സ്മിത്തിന്റെ പ്രധാനമന്ത്രിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ചിത്രീകരണം - അക്ബർ റോഡ് ഒന്നിൽ
 11 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ - ഡോക്യുമെന്ററിയുടെ ചിത്രീകരണം - സൗത്ത് ബ്ളോക്കിൽ
 4 മണിക്ക് - ബ്രട്ടീഷ് പാർലമെന്റിന്റെ ഫാദർ ഒഫ് ദ ഹൗസായ ജെയിംസ് കള്ളഹൻ, മിസിസ് കള്ളഹൻ എന്നിവരുമായി കൂടിക്കാഴ്ച
4.30 - ടി.എൻ. കൗളുമായി കൂടിക്കാഴ്ച
 4.45- നാഗാലാൻഡ് മുഖ്യമന്ത്രി എസ്.സി. ജമീറും നാല് മന്ത്രിമാരും സന്ദർശിക്കുന്നു.
 5.15- മിസാറാമിലെ നേതാവ് ലാൽദെംഗ സന്ദർശിക്കുന്നു
 5.45 - ജയ്‌പൂർ മഹാരാജാവ് സവായ് ഭവാനി സിംഗുമായി കൂടിക്കാഴ്ച
 6.00- ഡി.ഐ.ബി
6.15 - ഹൈദരാബാദിൽ നിന്നുള്ള വി.എ. സാഹ്‌നെയുമായി കൂടിക്കാഴ്ച, തുടർന്ന് വസതിയിലേക്ക്
7.25 - സഫ്ദർജംഗ് റോഡിലെ വസതിയിൽ നിന്ന് ഇറങ്ങും.
 7.45- വിദേശ സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി മടങ്ങിയെത്തും. അദ്ദേഹത്തെ സ്വീകരിക്കാൻ ഡൽഹി വിമാനത്താവളത്തിൽ
 8.30- വസതിയിൽ വച്ച് ആൻ രാജകുമാരിയുമായി അത്താഴവിരുന്ന്.

 സ്മാരകം ആഗ്രഹിക്കാത്ത പട്ടേൽ

രാജ്യം നാളെ സർദാർ പട്ടേലിന്റെ ജന്മദിനം ദേശീയ അഖണ്ഡതാ ദിനമായി ആചരിക്കുകയാണ്. നർമ്മദാ ഡാമിന് മുന്നിൽ 3000 കോടി രൂപ ചെലവിൽ പട്ടേലിന്റെ 186 മീറ്റർ ഉയരമുള്ള പ്രതിമയുടെ നിർമ്മാണ പ്രവർത്തനം നാളെ തുടങ്ങും. ഇതൊക്കെയാണെങ്കിലും തന്റെ പേരിൽ ഒരു സ്‌മാരകവും പട്ടേൽ ആഗ്രഹിച്ചിരുന്നില്ലെന്നാണ് ചരിത്രം പറയുന്നത്.

തന്റെ സമാധി സ്ഥലമോ ഒന്നും നിർമ്മിക്കാൻ പാടില്ലെന്നും പട്ടേൽ നിർദ്ദേശിച്ചിരുന്നു. 1950 ഡ‌ിസംബർ 15ന് പട്ടേലിന്റെ അന്ത്യകർമ്മങ്ങൾ നടത്തിയത് സോണാപ്പൂരിലെ പൊതു ശ്മശാനത്തിലാണ്. സ്വന്തമായി അദ്ദേഹത്തിന് ഭൂമി പോലുമുണ്ടായിരുന്നില്ലെന്നതാണ് മറ്റൊരു കാര്യം.


Tuesday, October 14, 2014

Haryana Election

Appeared on 14th August, 2014


ഗുഡ്ഗാവ്: യുദ്ധ തന്ത്രങ്ങളൊന്നൊഴിയാതെ പാണ്ഡവർക്ക് പകർന്നു കൊടുത്തിട്ടും കൗരവർക്കൊപ്പം കുരുക്ഷേത്രഭൂമിയിലിറങ്ങിയ ദ്രോണാചാര്യന് ദാനം കിട്ടയ ഭൂമി എന്നൊരു ഇതിഹാസ ചരിത്രം ഗുഡ്ഗാവിനുണ്ട്. തിരഞ്ഞെടുപ്പിന്റെ കഴിഞ്ഞ കാല ചരിത്രം തെളിയിക്കുന്നതും കളത്തിന് പുറത്ത് നിന്ന കാര്യങ്ങൾ പഠിച്ച് മത്സരിക്കാനിറങ്ങിയ ഒരു സ്വതന്ത്രന് ലഭിച്ച വിജയമാണ്. ഇത്തവണയും ഗുഡ്‌ഗാവിൽ ഇതുപോലൊരു ഏകലവ്യ തന്ത്രം ആവർത്തിക്കുമോയെന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നുണ്ടെങ്കിലും പ്രധാന പാർട്ടികളെല്ലാം അത് തള്ളിക്കളഞ്ഞുകൊണ്ട് രംഗത്തുണ്ട്.

മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാർത്ഥികളെ പിന്തള്ളി കഴിഞ്ഞതവണ ഇവിടെ സ്വതന്ത്രൻ വിജയിച്ചത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഗുഡ്‌ഗാവ് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും രാഷ്ട്രീയ പയറ്റിയ സുഖ്‌ബീർ ഖട്ടാരിയയാണ് കഴിഞ്ഞതവണ വിജയിച്ചത്. എന്നാൽ ഇത്തവണ എന്ത് വില കൊടുത്തും ഹരിയാനയിലെ രാഷ്ട്രീയക്കാരുടെ പ്രിയപ്പെട്ട നഗരം കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തിലാണ് പ്രധാനപ്പെട്ട കക്ഷികളായ ഐ.എൻ.എൽ.ഡിയും ബി.ജെ.പിയും കോൺഗ്രസും. അവർക്ക് ഭീഷണിയായി സുഖ്ബീർ ഇത്തവണയും രംഗത്തുണ്ട്. കഴിഞ്ഞതവണ കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയ സുഖ്‌ബിർ ഭൂപീന്ദർ സിംഗ് ഹൂഡയ്‌ക്ക് പിന്തുണ നൽകി ആ മന്ത്രിസഭയിൽ കയറിക്കൂടിയിരുന്നു.

നിശബ്ദ പ്രചരണത്തിന് മുന്നോടിയായി ഇന്നലെ ഉച്ചയ്‌ക്ക് മുൻപ് തന്നെ പഴയ ഗുഡ്‌ഗാവ് നഗരം ഉണർന്നു. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലേത് പോലെയാണ് ഇവിടുത്തെ കലാശപ്പോരാട്ടം. ഏറ്റവും തിരക്കേറിയ ബാറാ ബസാറുള്ള ബസായി റോഡിൽ പ്രധാനപ്പെട്ട കക്ഷികൾ അവരുടെ ശക്തിപ്രകടനം കാഴ്ചവച്ചു.

ബാൻഡ് സെറ്റിന്റെ അകമ്പടിയോടെയാണ് ഐ.എൻ.എൽ.ഡിയുടെ സ്ഥാനാർത്ഥിയായ മുൻ സ്‌പീക്കർ ഗോപീചന്ദ് ഗെഹ്‌ലോട്ട് കലാശക്കൊട്ടിനിറങ്ങിയത്. ആയിരങ്ങൾ പങ്കെടുത്ത റാലിയിൽ വണ്ടി ഉപേക്ഷിച്ച് ഓരോ വോട്ടർമാരെയും ഒരു വട്ടം കൂടി വണ്ടി ഉപേക്ഷിച്ച് കാണാൻ ശ്രമിച്ചു. റോഡിലൂടെ നടന്നു നീങ്ങുതിനിടെ പരിചയക്കാരുടെ കൈയ്യിൽ പിടിച്ചും ചിലരെ റാലിയിൽ പങ്കെടുക്കാത്തതെന്താണെന്ന് ശാസിച്ചും അമ്മമാരുടെ കൈയ്യിലിരുന്ന കുഞ്ഞിനെ നുള്ളിയും അദ്ദേഹം വോട്ടുറപ്പിച്ചു.

ഇത്തവണ ഐ.എൻ.എൽ.ഡി അധികാരത്തിൽ വരുമെന്നും ചൗത്താലയെ ജയിലിലാക്കിയത് ബി.ജെ.പി തിരിച്ചടിയാകുമെന്നും നടന്നു നീങ്ങുന്നതിനിടയിൽ ഗെഹ്‌ലോട്ട് കേരളകൗമുദിയോട് പറഞ്ഞു. മണ്ഡലത്തിലെ മാരുതി നഗറിൽ ഒട്ടേറെ മലയാളികളുണ്ടെന്നും അവരുടെ പിന്തുണ തനിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാനാർത്ഥിയായ ഉമേഷ് അഗർവാളിന്റെ പടത്തിനെക്കാൾ കൂടുതൽ മണ്ഡലത്തിൽ ബി.ജെ.പി ഉയർത്തിക്കാട്ടുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ്. കലാശക്കൊട്ടിലും ജെയ് വിളികൾ മോദിക്കാണ്. സ്ഥാനാർത്ഥിയെ നോക്കിയല്ല ഇത്തവണ ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നാണ് അവരുടെ പക്ഷം. പുതിയ ഗുഡ്‌ഗാവ് ടൗണിലെ വിദ്യാസമ്പന്നരുടെ വോട്ട് മോദിയുടെ പേരിൽ ബി.ജെ.പി ഉറപ്പിക്കുന്നുമുണ്ട്.

ഇതിന് മുൻപ് മൂന്ന് തവണ ഇവിടെ നിന്ന് വിജയിച്ചിട്ടുള്ള 82 കാരനായ ധരംവീർ ഗബ്ബയിലാണ് കോൺഗ്രസിന്റെ വിശ്വാസം. കലാശപ്പോരാട്ടത്തിൽ ആവേശം കുറവായിരുന്നെങ്കിലും വിജയിക്കുമെന്ന് അദ്ദേഹവും ഉറപ്പിച്ചു പറഞ്ഞു. എന്നാൽ ബി.എസ്.പി സ്ഥാനാർത്ഥിയുടെ പേരും ധരംവീർ ആണെന്നത് കോൺഗ്രസിനെ അലട്ടുന്നുണ്ട്.

ഡൽഹിയോട് അതിർത്തി പങ്കിടുന്ന ഗുഡ്‌ഗാവ് ഹരിയാനയിലെ ഏറ്റവും വികസിത നഗരങ്ങളിൽ ഒന്നാണ്. ഗൂഗിൾ ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര കമ്പനികൾക്ക് ശാഖയുള്ള ഗുഡ്‌ഗാവിൽ പുതിയ നഗരവും പഴയ നഗരവുണ്ട്. പുതിയ നഗരത്തിൽ വിദ്യാസമ്പന്നർ താമസിക്കുമ്പോഴും വോട്ട് ചെയ്യാനെത്തുന്നവരുടെ എണ്ണം കുറവാണ്. ഇത്തവണ വോട്ടെടുപ്പ് ദിനത്തിൽ വീട്ടിലിരുന്ന് പപ്പുമാരാകാതെ വോട്ട് രേഖപ്പെടുത്തണമെന്നാണ് തിര‌ഞ്ഞെടുപ്പ് കമ്മിഷൻ പുതിയ ഗുഡ്‌ഗാവ് നിവാസികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും കൂടുതൽ പ്രതീശീർഷ വരുമാനമുള്ള മൂന്നാമത്തെ നഗരമായ ഗുഡ്‌ഗാവ് ഹരിയാനയ്‌ക്ക് സാമ്പത്തിക അടിത്തറ നൽകുന്ന പ്രധാനപ്പെട്ട നഗരമാണ്. ഡൽഹി മെട്രോയുടെ ഒരു ലൈൻ അവസാനിക്കുന്നത് ഗുഡ്‌ഗാവിലാണ്. ഒപ്പം ഗുഡ്‌ഗാവിനുമുണ്ട് സ്വന്തമായ റാപ്പിഡ് മെട്രോ. തലസ്ഥാനനഗരം അയൽ സംസ്ഥാനമായ പഞ്ചാബിന്റെ കൂടി തലസ്ഥാനമായതിനാൽ ഗുഡ്‌ഗാവിൽ മിനി സെക്രട്ടേറിയറ്റ് പോലും സ്ഥാപിച്ചിട്ടുണ്ട്. ഹരിയാനയിലെ രാഷ്ട്രീയക്കാരുടെ ഏറ്റവും പ്രിയപ്പെട്ട നഗരമായി ഗുഡ്‌ഗാവ് ഇതൊക്കെക്കൊണ്ടാണ്.

 പല പേരുകൾ
പാണ്ഡവരെയും കൗരവരെയും അഭ്യസിപ്പിച്ച ഗുരുവായ ദ്രോണാചാര്യന് ധൃതരാഷ്‌ട്രർ ദക്ഷിണയായി നൽകിയ സ്ഥലമാണ് ഗുഡ്‌ഗാവ് (ഗുരുഗാവ്- ഗുരുഗ്രാമം) എന്നാണ് ചരിത്രം. ഇംഗ്ളീഷിൽ ഗുർഗോൺ എന്നും ഹിന്ദിയിൽ ഗുഡ്‌ഗാവ് എന്നുമാണ് ഇപ്പോൾ ഇത് അറിയപ്പെടുന്നത്.

Gandhi's favorite

Appeared on 12th Oct 2014

സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള വിശ്രമമില്ലാത്ത പോരാട്ടത്തിൽ ഗാന്ധിജി 11 തവണ ജയിലിൽ പോയപ്പോൾ കൽത്തുറുങ്കിനുള്ളിൽ കഴിയേണ്ടിവന്നത് ആറ് വർഷവും 10 മാസവുമാണ്. പലതവണയായി ശിക്ഷിച്ചത് 11 വർഷവും 19 ദിവസത്തേക്കുമായിരുന്നു. പലതും പിന്നീട് വെട്ടിക്കുറച്ചു. ആദ്യം ജയിലിലേക്ക് പോയത് 39 വയസിലാണെങ്കിൽ ഒടുവിൽ ജയിലിൽ അടയ്‌ക്കപ്പെട്ടത് 75 വയസിലാണ്. ഒടുവിൽ അതിന്റെ ഫലം ലഭിച്ച് ഡൽഹിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോൾ ഡൽഹിയിൽ ഗാന്ധിജിയുണ്ടായിരുന്നില്ല. അദ്ദേഹം ബംഗ്ളാദേഷിലെ നൗക്കാലിയിലായിരുന്നു. ഇതൊക്കെയാണെങ്കിലും തലസ്ഥാനനഗരുമായി ഗാന്ധിജിക്ക് വല്ലാത്ത ഒരു ബന്ധമുണ്ടായിരുന്നു. എന്നാൽ ജയിലിൽ കിടന്ന കാലത്തിന്റെ പകുതിയുടെ പകുതി പോലും അദ്ദേഹം ഡൽഹിയിൽ ചെലവഴിച്ചിരുന്നില്ല. പല കാലഘട്ടങ്ങളിലായി ഗാന്ധിജി ഡൽഹിയിൽ തങ്ങിയിട്ടുള്ളത് ഒന്നര വർഷത്തിൽ താഴെയാണ്. അതും മൂന്ന് വീടുകളിൽ. ആ മൂന്ന് വീടുകളിലേക്ക് ഒരു തീർത്ഥയാത്ര.

തനിക്ക് പ്രിയപ്പെട്ട സബർമതിയെ പോലെ തന്നെ ഡൽഹിയെയും ഗാന്ധി ഇഷ്ടപ്പെട്ടിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഗാന്ധിജിയുമായി ബന്ധമുള്ള രണ്ട് സ്ഥലങ്ങളിലാണ് ഈ നഗരത്തിലെത്തുന്നവർ ഏറ്റവും കൂടുതൽ കടന്നുചെല്ലുന്നത്. ഒന്ന് അദ്ദേഹത്തിന്റെ അന്ത്യ വിശ്രമ സ്ഥലമായ രാജ്ഘട്ട്, മറ്റൊന്ന് ഗാന്ധി വെടിയേറ്റ് വീണ തീസ് ജനുവരി മാർഗിലെ (30 ജനുവരി - ഗാന്ധി കൊല്ലപ്പെട്ട ദിവസം) ഗാന്ധി സ്മൃതി എന്ന് അറിയപപെടുന്ന ബിർള ഹൗസിലും. ഗാന്ധിജിയുമായി ബന്ധപ്പെട്ട് ഒട്ടേറെ വസ്തുക്കൾ പ്രദർശിപ്പിച്ചിട്ടുള്ള രാജ്ഘട്ടിന് സമീപമുള്ള നാഷണൽ ഗാന്ധി മ്യൂസിയമാണ് വിനോദസഞ്ചാരികൾക്ക് ഗാന്ധി ഓർമ്മ നൽകുന്ന മറ്റൊരു സ്ഥലം.

ഇത് കൂടാതെ ഗാന്ധി ഇഷ്ടപ്പെട്ടിരുന്ന ഏറേ കാലം താമസിച്ച രണ്ട് സ്ഥലങ്ങൾ കൂടി ഡൽഹിയിലുണ്ട്. വടക്കൻ ഡൽഹിയിലെ കിംഗ്‌സ്‌വേ റോഡിലെ ഹരിജൻ സേവാ സംഘും മന്ദിർ മാർഗിലെ വാൽമീകി മന്ദിറും.

 ആദ്യ സന്ദർശനം
1915 ഏപ്രിൽ 13നാണ് ഗാന്ധിജി ആദ്യമായി ഡൽഹിയിലെത്തുന്നത്. മൂന്ന് ദിവസത്തെ സന്ദർശനമായിരുന്നു അത്. സെന്റ് സ്റ്റീഫൻസ് കോളേജിന്റെ പ്രിൻസിപ്പലായിരുന്ന സുശിൽ കുമാർ രുദ്രയ്‌ക്കൊപ്പമായിരുന്നു അന്ന് ഗാന്ധിജിയും കസ്തൂർഭയും തങ്ങിയത്. സെന്റ് സ്റ്റീഫൻസ് കോളേജിന്റെ പ്രിൻസിപ്പിലിന്റെ മുറിയിൽ ആ സന്ദർശനത്തെ ഓർമ്മിക്കുന്ന ഫോട്ടോ ഇപ്പോഴുമുണ്ട്.

 ഗാന്ധിക്ക് പ്രിയപ്പെട്ട കസ്തൂർഭാ കുടിർ

1932ലെ പൂനാ ഉടമ്പടിയുടെ പശ്ചാത്തലത്തിൽ ഹരിജന വിഭാഗങ്ങൾക്ക് വേണ്ടി ഹരിജൻ സേവക് സംഘ് എന്ന പേരിൽ അതേവർഷം ഗാന്ധിജി തുടക്കമിട്ട പ്രസ്ഥാനത്തിന്റെ ഹെഡ് ഓഫീസാണ് ജി.ടി.ബി മെട്രോ സ്റ്റേഷന് സമീപമുള്ള കിംഗ്‌സ്‌വേ റോഡിലെ ഗാന്ധി ആശ്രമം. 1934നും 1938നുമിടയിൽ വിവിധ കാലഘട്ടങ്ങളിലായി 180 ദിവസം ഗാന്ധിജി ഇവിടെ താമസിച്ചിട്ടുണ്ട്. കസ്തൂർഭയും മകൻ ദേവ്‌ദാസ് ഗാന്ധിയും കുടുംബവും ഗാന്ധിക്കൊപ്പം താമസിച്ചത് ഇവിടെയുള്ള ചെറിയ വീട്ടിലാണ്. ഒരു നില മാത്രമുണ്ടായിരുന്ന വീട്ടിൽ സന്ദർശകരുടെ തിരക്ക് കൂടി വന്നപ്പോൾ ഒന്നാം നിലയിൽ രണ്ട് മുറി കെട്ടി ഗാന്ധിജി അങ്ങോട്ട് താമസമാക്കി. കുളിക്കാൻ വേണ്ടി ഗാന്ധിജി ഉപയോഗിച്ചിരുന്ന കല്ലുകൊണ്ടുള്ള ബാത്ത് ടബ്ബ് ഇപ്പോഴും ഇവിടെ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.

പല പ്രമുഖ നേതാക്കളും ഇവിടെയെത്തിയാണ് അദ്ദേഹത്തോട് സ്വാതന്ത്ര്യസമരത്തിന്റെ അണിയറ നീക്കങ്ങൾ ചർച്ച ചെയ്തിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നവർക്ക് താമസിക്കാനായി 24 ഏക്കറിൽ സ്ഥിതിചെയ്യുന്ന ആശ്രമത്തിൽ അതുകൊണ്ട് തന്നെ ചെറിയ ഒട്ടേറെ വീടുകൾ പണിതു. ഓരോ വീടിനും പറയാനുണ്ട് ഒരുപാട് കഥകളും ബിട്രീഷ് സാമ്രാജ്യത്തിനെതിരായ അണിയറ നീക്കങ്ങളും. രോഗം പിടിപ്പെട്ട് ചികിത്സ തേടിയ നേതാജി സുഭാഷ് ചന്ദ്ര ബോസ് ഓടിയെത്തിയതും ഈ വീട്ടിലേക്കാണ്. നേതാജിയെ എങ്ങോട്ട് വിടാതെ കസ്തൂർഭ ആഴ്ചകളോളം ഇവിടെ താമസിപ്പിച്ച് ശുശ്രൂഷിച്ചു.

വെടിയേറ്റ് കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപും ഗാന്ധിജി ഇവിടെ വന്ന് ഒരു ദിവസം തങ്ങി. സ്വാതന്ത്ര്യത്തിന് ശേഷവും ഇവിടെ തന്നെ താമസിക്കാനാണ് ഗാന്ധി ഇഷ്ടപ്പെട്ടതെങ്കിലും നെഹ്‌റു മറ്റും നിർബന്ധിച്ചതിനാലാണ് മന്ദിർമാർഗിലേക്ക് താമസം മാറ്റിയത്.

ഗാന്ധിജി തന്നെ ശിലാസ്ഥാപനം നടത്തി ഉദ്ഘാടനം ചെയ്ത പ്രാർത്ഥനാലയവും ഹരിജൻ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സ്‌കൂളും മറ്റ് അനുബന്ധ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഗാന്ധിജിയും കസ്തൂർഭയും താമസിച്ചിരുന്ന വീട് ഇന്ന് ഗാലറിയാക്കിയിരിക്കുകയാണ്. എന്നാൽ ട്യൂറിസ്റ്റ് മാപ്പിൽ ഇടം നേടാത്തത് കൊണ്ട് ഇവിടേക്ക് എത്തുന്നവർ കുറവാണെന്ന് സംഘിന്റെ ദേശീയ സെക്രട്ടറിയായ ലക്ഷ്മി ദാസ് പറ‌ഞ്ഞു. അതിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാന്ധി ജയന്തി ദിനത്തിൽ ഇവിടെ പ്രത്യേക ആഘോഷങ്ങളൊന്നുമില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ഇവിടെയുള്ളവർ അന്ന് രാജ്ഘട്ടിൽ പോയി പുഷ്‌പാർച്ചന നടത്തുകയാണ് പതിവെന്ന് ഇവിടെ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കുള്ള ഹോസ്റ്റലിന്റെ വാർഡനും കോട്ടയം കുറവിലങ്ങാട് സ്വദേശിയുമായ റോസമ്മ പറയുന്നു. എന്നാൽ പൂനാ ഉടമ്പടി ഒപ്പിട്ട സെപ്തംബർ 24 ഇവിടെ വലിയ രീതിയിൽ ആഘോഷിക്കും. ഗാന്ധിജിയുടെ ചിതാഭസ്മം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഒഴുക്കിയ ഫെബ്രുവരി 12നും പ്രാർത്ഥന നടക്കാറുണ്ട്.

 വാൽമീകി മന്ദിർ

1946 ഏപ്രിൽ 1നും 1947 ജൂൺ 1നുമിടയിലാണ് മന്ദിർമാർഗിലെ വാൽമീകി മന്ദിറിൽ ഗാന്ധി താമസിച്ചത്. ഇവിടുത്തെ ഹാളിൽ ഗാന്ധിജി ഉപയോഗിച്ചിരുന്ന ചർക്കയും, എഴുത്ത് മേശയും തടികൊണ്ടുള്ള പെൻ സ്റ്റാൻഡുമൊക്കെ സൂക്ഷിച്ചിട്ടുണ്ട്. ഇവിടെ ഇരുന്നുകൊണ്ടാണ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നേതാക്കൾ ത്രിവർണ്ണ പതാകയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്. മൗണ്ട്ബാറ്റൻ പ്രഭുവിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ അവസാന വട്ട ചർച്ചകളും നടന്നതും ഇവിടെ വച്ചാണ്. തൊട്ടുടുത്ത സ്ഥിതി ചെയ്യുന്ന ഹരിജൻ കോളനിയാണ് ഇവിടെ താമസിപ്പിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ചത്. ഇവിടെ വച്ച് ഗാന്ധിജിയുടെ ആരോഗ്യം മോശമായപ്പോഴാണ് നെഹ്റും ബിർളയും ചേർന്ന് സമ്മർദ്ദം ചെലുത്തി ബിർള ഹൗസിലേക്ക് താമസം മാറ്റിയത്.

ഗാന്ധിജയന്തിക്കും രക്തസാക്ഷി ദിനത്തിലും വാൽമീകി മന്ദിറിൽ പ്രാർത്ഥന നടക്കും. പ്രസംഗങ്ങൾ ഒഴിവാക്കുകയും ചെയ്യും. കേന്ദ്രസർക്കാരിന്റെ സ്വഛ് ഭാരത് പദ്ധതിക്ക് തുടക്കം കുറിക്കുന്നത് ഇവിടെ വച്ചാണ്.

 ഗാന്ധി സ്മൃതി

1947 സെപ്തംബർ 9 മുതലുള്ള അവസാനത്തെ 144 ദിവസം ഗാന്ധിജി ജീവിച്ച ബിർള ഹൗസിലേക്കാണ് ഡൽഹിയിലെത്തുന്ന വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്നത്. വിനോദസഞ്ചാരികളായി ഇവിടെ എത്തുന്നവർ അതിനുള്ളിൽ പ്രവേശിക്കുമ്പോൾ തീർത്ഥാടകരാകുമെന്ന് മാത്രം. നിറ‍‍ഞ്ഞ നിശബ്ദത. ഗാന്ധിയുമായി ബന്ധമുള്ള എവിടെ പോയാലും അതേ അനുഭവമാണ് എല്ലാവർക്കും.

രാജ്യം കണ്ട് ഏറ്റവും ധനികനായ വ്യവസായിയായ ജി.ഡി. ബിർളയുടെ വസതിയായിരുന്നു ഇത്. തീസ് ജനുവരി മാർഗിലെ അഞ്ചാം നമ്പർ വസതി. നാഥൂറാം ഗോഡ്സെയുടെ വെടിയേറ്റ് ഹേ റാം എന്ന് വിളിച്ചുകൊണ്ട് 1948 ജനുവരി 30ന് ഗാന്ധിജി അന്ത്യശ്വാസം വലിച്ചത് ഇവിടെ വച്ചാണ്. ഗാന്ധി ഇവിടെ താമസിക്കുമ്പോൾ മകനും ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിന്റെ എഡിറ്ററുമായിരുന്ന ദേവ്‌ദാസ് ഗാന്ധി താമസിച്ചിരുന്നത് കോണാട്ട് പ്ളേസിലാണെന്നതും ശ്രദ്ധേയമാണ്.

ഗാന്ധി ഉപയോഗിച്ചിരുന്ന സാധനങ്ങൾ എവിടെയാണോ ഇരുന്നത് അത് അതേപോലെ തന്നെയാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.

ഇതൊക്കെയാണെങ്കിലും ഈ വീട് വിട്ടുക്കൊടുക്കാൻ ബിർള തയ്യാറായിരുന്നില്ലെന്നാണ് പറയപ്പെടുന്നത്. നെഹ്‌റു എത്ര ശ്രമിച്ചിട്ടും അത് സാധിച്ചില്ല. ഒടുവിൽ ഇന്ദിരാഗാന്ധിയുടെ ഭരണക്കാലത്ത് ഏറെ സമ്മർദ്ദം ചെലുത്തിയാണ് 1971ൽ വീട് സർക്കാർ ഏറ്റെടുത്തത്. ഇതിന് മുന്നോടിയായി ചില സമരങ്ങളും നടന്നിരുന്നു. റോഡ് വൃത്തിയാക്കുന്ന രാജ്യത്തെ മുഴുവൻ തൊഴിലാളികളും അവരുടെ ചൂലും വടിയും വീറ്റുക്കിട്ടുന്ന പണം ബിർളയ്‌ക്ക് നൽകാമെന്ന് വരെ വാഗ്ദാനം ചെയ്തിരുന്നു. 1973ലെ സ്വാതന്ത്ര്യദിനത്തിന് ബിർള ഹൗസ് ജനങ്ങൾക്ക് തുറന്നുകൊടുത്തു. അങ്ങനെ അത് ഗാന്ധി സ്മൃതിയായി. ഗാന്ധി ജീവിച്ച ഡൽഹിയിലെ മറ്റ് സ്ഥലങ്ങൾ ആരും അധികം അറിയപ്പെടാതെ മാറി നിൽക്കുകയും ചെയ്തു.

Saturday, October 11, 2014

Kailash Satyarthi

Appeared on 11th Oct


ന്യൂഡൽഹി: ഇന്നലെ ഉച്ച കഴിഞ്ഞ് നോബൽ സമ്മാനം പ്രഖ്യാപിക്കുമ്പോൾ ഇന്ത്യയ്‌ക്ക് അഭിമാനിക്കാനും അതിലേറെ ആഹ്ളാദിക്കാനും വകയുണ്ടായിരുന്നു. എന്നാൽ മലാലയ്‌ക്കൊപ്പം നോബൽ സമ്മാനം പങ്കിട്ട ഇന്ത്യക്കാരനെക്കുറിച്ച് അറിയാൻ ഭൂരിഭാഗവും ആശ്രയിച്ചത് ഇന്റർനെറ്റിലെ വിക്കീപിഡീയെയായിരുന്നു. അവിടെയും പരിമിതമായ വിവരങ്ങളും വിശേഷണങ്ങളും മാത്രമേ പലർക്കും ലഭ്യമായുള്ളു. ബാല ദുരിതങ്ങൾക്ക് അറുതി വരുത്താൻ മൂന്ന് പതിറ്റാണ്ട് നീണ്ട പോരാട്ടത്തിനിടയിൽ ചരിത്ര പുസ്തകങ്ങളിലും മറ്റും ഇടാൻ നേടാൻ നോബൽ സമ്മാന പുരസ്‌കാര ജേതാവ് ശ്രമിച്ചതെന്ന് അതിലൂടെ വ്യക്തമായി. ഇതൊക്കെയാണെങ്കിലും കൽത്തുറങ്കിലടയ്‌ക്കപ്പെട്ട ബാല്യം പേറിയ 80000ത്തോളം കുട്ടികൾക്ക് കൈലാഷ് സത്യാർത്ഥി എന്ന ബാലാവകാശ പ്രവർത്തകൻ നോബൽ സമ്മാന പുരസ്‌കാര ജേതാവിനും അപ്പുറമാണ്. അവരുടെ സ്വന്തം ഭായ് സാബ് ആണ്.

ജാർഖണ്ഡിൽ മൈക്ക ഖനിയിൽ ആറാം വയസിൽ ജോലിക്ക് കയറേണ്ടിവന്ന മനൻ, ഇന്ന് ഡൽഹി സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥിയായി പഠിക്കുന്നത് ഭായ് സാബ് രക്ഷപ്പെടുത്തിയ ഈ 80000ത്തോളം കുട്ടികളിൽ ഒരു ഉദാഹരണം മാത്രം. ഇന്നലെ തന്റെ ജീവിതം മാറ്റിമറിച്ച സ്വന്തം ഭായ് സാബിന് നോബൽ സമ്മാനം ലഭിച്ച സന്തോഷം പങ്കിടാൻ കൽക്കാജിയിലെ അദ്ദേഹത്തിന്റെ ഓഫീസിൽ മനനും എത്തിയിരുന്നു. 2005ൽ എട്ടാം വയസിലായിരുന്നു മനനെ കൈലാഷ് സത്യാർത്ഥിയും സംഘവും രക്ഷപ്പെടുത്തുന്നത്. രണ്ട് വർഷം നീണ്ട ഖനിയിലെ ജോലിയ്‌ക്കിടയിൽ മനന് സ്വന്തം സുഹൃത്തിനെയും നഷ്ടപ്പെട്ടിരുന്നു. 300 അടി താഴ്ചയിലുള്ള ഖനിയിൽ പ്രവർത്തിക്കുന്ന മനനെപോയെലുള്ള നൂറുക്കണക്കിന് കുട്ടികളെയാണ് കൈലാഷ് സത്യാർത്ഥി രക്ഷപ്പെടുത്തി അവർക്ക് തങ്ങളുടെ ബാല്യം തിരിച്ചു നൽകിയത്. ഇന്ന് മനൻ ബാലവേലക്കെതിരെ പോരാട്ടം നടത്തുന്ന യുവാവാണ്. ബാല്യം തിരിച്ചുനൽകുന്നതിനൊപ്പം നല്ല വിദ്യാഭ്യാസം നൽകി അവരെ പ്രാപ്തരാക്കുന്നിടത്താണ് സത്യാർത്ഥിയുടെ ദൗത്യം അവസാനിക്കുന്നത്. തന്റെ ജീവിതം ഉദാഹരണമായി ചൂണ്ടിക്കാട്ടി ജനീവയിലെ ലോക തൊഴിലാളി സംഘടനയുടെ സമ്മേളനത്തിൽ പ്രസംഗിക്കാൻ മനന് കഴിഞ്ഞത് തന്നെ അതിന്റെ തെളി‌ഞ്ഞ ഉദാഹരണമാണ്.

മദർ തെരേസ്യ‌ക്ക് ശേഷം ഇന്ത്യയ്‌ക്ക് ലഭിക്കുന്ന സമാധാനത്തിനുള്ള നോബൽ സമ്മാനമാണിത്. സമാധാനത്തിനുള്ള നോബ‌ൽ സമ്മാനം നേടുന്ന ആദ്യ ഇന്ത്യൻ വംശജനെന്ന പെരുമയുമുണ്ട്.

1954 ജനുവരി 11ന് മദ്ധ്യപ്രദേശിലെ വിദീഷയിലാണ് സത്യാർത്ഥിയുടെ ജനനം. 1980കളിലാണ് സത്യാർത്ഥി ബാലാവകാശ പ്രവർത്തനങ്ങൾ തുടങ്ങിയത്. എന്നാൽ കുട്ടിക്കാലത്ത് തന്നെ സത്യാർത്ഥി തന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. സ‌്‌കൂളിൽ പഠിക്കാൻ കഴിയാത്ത കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള ധനശേഖരണാർത്ഥം അദ്ദേഹവും സുഹൃത്തും കൂടി ഫുട്ബാൾ ക്ളബ് തുടങ്ങി. ക്ളബിൽ നിന്ന് ലഭിച്ച മെമ്പർഷിപ്പ് ഫീസ് പാവപ്പെട്ട കുട്ടികൾക്ക് നൽകി കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്. വിദീഷയിൽ ഒരു ദിവസം കൊണ്ട് 2000 നോട്ടു ബുക്കുകൾ സമാഹരിച്ചതും ചരിത്രത്തിൽ ഇടം പിടിക്കാത്ത നേട്ടങ്ങളിൽ ഒന്നാണ്. ആ നോട്ട് ബുക്ക് ശേഖരണ പദ്ധതി ബുക്ക് ബാങ്ക് ആയി ഇപ്പോഴും തുടരുന്നു.

ഇലക്‌ട്രിക്കൽ എൻജിയിയറായ സത്യാർത്ഥി ആ മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് 1983ൽ ബാലാവകാശത്തിനായി തന്റെ മുഴുവൻ സമയം മാറ്റിവയ്‌ക്കുന്നത്. ഭോപ്പാലിലെ ഒരു കോളേജിൽ അദ്ധ്യാപകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

നോബൽ സമ്മാനത്തിന്റെ നെറുകയിൽ നിൽക്കുന്ന സത്യാർത്ഥി നാളെ കുട്ടികളെ വിമോചിക്കാനായി ഒരു സ്ഥലത്തേക്ക് ചെന്നാൽ അദ്ദേഹത്തിന് ചുറ്റം ആയിരങ്ങൾ കൂടിയേക്കാം. എന്നാൽ ഈ തിളക്കങ്ങൾ ഒന്നുമില്ലാത്ത കാലത്താണ് അദ്ദേഹം പതിനായിരക്കണക്കിന് കുട്ടികളുടെ ഇരുൾ നിറഞ്ഞ ജീവിതത്തിൽ വെളിച്ചമായത്. മൂന്ന് പതിറ്റാണ്ട് നീണ്ട യാത്രയിൽ പലപ്പോഴും മരണത്തെ മുന്നിൽ കാണേണ്ട സാഹചര്യവും സത്യാർത്ഥിക്കുണ്ടായിട്ടുണ്ട്.

ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും ഫാക്‌ടറികളിലും ഖനികളിലും അടിമകളായി ജോലി നോക്കേണ്ടിവന്ന കുട്ടികളെ രക്ഷിക്കാൻ ചെന്നപ്പോഴോക്കെ ബാലവേലയ്‌ക്ക് നേതൃത്വം നൽകുന്ന മാഫിയകളിൽ നിന്ന് കടുത്ത രീതിയിലുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അവിടെയൊന്നും മുട്ടുമടക്കാതെ പിന്തിരിയാതെ അദ്ദേഹം മുന്നോട്ട് തന്നെ കുതിച്ചപ്പോൾ തോൽവി സമ്മതിക്കേണ്ടിവന്നത് മാഫിയകൾക്കാണ്.

സത്യാർത്ഥി നേതൃത്വം നൽകുന്ന ബച്പൻ ബച്ചാവോ ആന്ദോളനിലൂടെ ജീവിതം തിരിച്ചുക്കിട്ടിയത് 80000ത്തോളം കുട്ടികൾക്കാണ്. അദ്ദേഹം തന്നെ നേതൃത്വം നൽകുന്ന ഗ്ളോബൽ മാർച്ച് എഗൻസ്റ്റ് ചൈൾഡ് ലേബർ ഇന്ന് 172 ഓളം രാജ്യങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. നൂറുക്കണക്കിന് സന്നദ്ധ സംഘടനകളും തൊഴിലാളി സംഘടനകളും അദ്ധ്യാപക സംഘടനകളും ഇതുമായി കൈക്കോർത്ത് പ്രവർത്തിക്കുന്നു.

ഗ്ളോബൽ കാമ്പെയിൻ ഫോർ എഡ്യൂക്കേഷനാണ് അദ്ദേഹം നേതൃത്വം നൽകുന്ന മറ്റൊരു സംഘടന. അന്താരാഷ്ട്ര തലത്തിൽ ബാലവേലയ്‌ക്കെതിരെ കർശന നിയമങ്ങൾ കൊണ്ടുവരുന്നതിനൊപ്പം ബാലവേല തടയുന്നതിനുള്ള നിയമങ്ങൾ കൊണ്ടുവരുന്നതിനുള്ള പോരാട്ടമാണ് അദ്ദേഹം തുടരുന്നത്.

ബാലവേലയിൽ ഏർപ്പെട്ടിരുന്ന കുട്ടികളുടെ തുടർ വിദ്യാഭ്യാസത്തിനായി രാജസ്ഥാനിൽ അദ്ദേഹം ബാല ആശ്രമം തുടങ്ങി. ഒരു കുട്ടിയെയും ജോലിക്ക് വിടില്ലെന്നും വിദ്യാഭ്യാസം നൽകുമെന്നും ഗ്രാമീണറെ കൊണ്ട് പ്രതിജ്ഞ ചെയ്യിക്കുന്ന ബാല മിത്ര ഗ്രാമം പരിപാടിക്കും അദ്ദേഹം തുടക്കം കുറിച്ച്.

പരവതാനി വ്യവസായ മേഖലയിലെ റഗ് മാർക്കാണ് സത്യാർത്ഥിയുടെ ജീവിതത്തിലെ മറ്റൊരു തൂവൽ. കുട്ടികളെ കൊണ്ട് ഉണ്ടാക്കിയ പരവതാനി അല്ല എന്ന് സർട്ടിഫൈ ചെയ്യുന്നതാണ് റഗ് മാർക്ക്. ഇത് പരിശോധിക്കാൻ അദ്ദേഹം ഫാക്‌ടറികൾ സന്ദർശിക്കാറുമുണ്ട്.

വിദ്യാഭ്യാസം നിർബന്ധമാക്കുകയും രാജ്യത്തെ ഓരോ കുട്ടിയും സ്കൂളിൽ പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്താൽ മാത്രമേ ബാല വേല പൂർണമായി നിർമാർജ്ജനം ചെയ്തുവെന്ന് പറയാൻ കഴിയുവെന്നാണ് സത്യാർത്ഥിയുടെ വാദം. അതിന് വേണ്ടിയുള്ള പോരാട്ടം അദ്ദേഹം തുടരുന്നു. നോബൽ സമ്മാനം ലഭിച്ചതിന്റെ നെറുകയിൽ നിൽക്കുമ്പോഴും അടുത്ത ലക്ഷ്യമെന്തെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ലളിതമായിരുന്നു. വീട്ടിൽ പോകും. പതിവ് പോലെ ആഹാരം കഴിക്കും. എവിടെയെങ്കിലും കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ടെന്ന് വിവരം ലഭിച്ചാൽ എത്ര രാത്രിയാണെങ്കിലും അങ്ങോട്ടേക്ക് തിരിക്കും. നിങ്ങളെയും കൂട്ടാം. - ചിരിച്ചുകൊണ്ട് സത്യാർത്ഥി പറഞ്ഞു.

രാജ്യത്ത് പുതിയ ഭരണമാറ്റം ഉണ്ടായപ്പോഴും സത്യാർത്ഥിയുടെ പ്രതികരണമുണ്ടായിരുന്നു. ആരും അധികം ശ്രദ്ധിക്കാതിരുന്ന പ്രതികരണം. "കുട്ടിക്കാലത്ത് ചായക്കച്ചവടം നടത്തിയിരുന്ന ഒരാൾ പ്രധാനമന്ത്രിയായിരിക്കുന്നു. ഇനിയൊരു കുട്ടിയും ബാലവേലയ്ക്കു നിർബന്ധിക്കപ്പെടില്ലെന്ന് ഉറപ്പു വരുത്തേണ്ടത് അദ്ദേഹത്തിന്റെ കടമയാണ്."- ഇതായിരുന്നു സത്യാർത്ഥിയുടെ പ്രതികരണം.

പുരസ്താകങ്ങൾ
അമേരിക്കയുടെ ഡിഫന്റേഴ്സ് ഒഫ് ഡെമോക്രസി അവാർഡ് (2009), സ്‌പെയിനിന്റെ അൽഫോൻസോ കോമിൻ ഇന്റർനാഷണൽ അവാർഡ് (2008), മെഡൽ ഒഫ് ഇറ്റാലിയൻ സെനറ്റ് (2007), യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഹീറോസ് ആക്‌ടിംഗ് ടു എൻഡ് മോ‌‌‌ഡേൺ ഡെ സ്ളേവറി അവാർ‌ഡ് (2007), യു.എസിന്റെ ഫ്രീഡം അവാർഡ് (2006), അമേരിക്കയുടെ റോബർട്ട് എഫ് . കെനഡി ഹ്യൂമൻ റൈറ്റ്ഡസ് അവാർഡ് (1995) തുടങ്ങിയ നിരവധി രാജ്യങ്ങളുടെ പരുസ്‌കാരങ്ങൾ കൈലാഷ് സത്യാർത്ഥിയെ തേടിയെത്തിയിട്ടുണ്ട്.

Socialists Plan

Appeared on 10th Oct 2014



ന്യൂഡൽഹി: ബീഹാറിൽ പരീക്ഷിച്ച് വിജയിച്ച സോഷ്യലിസ്റ്റ് സഖ്യത്തിന്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിന് ഐക്യ ജനതാദൾ (ജെ.ഡി.യു) ലക്ഷ്യമിടുന്നു. ലക്‌നൗവിൽ നടക്കുന്ന സമാജ്‌വാദി പാർട്ടിയുടെ മൂന്ന് ദിവസത്തെ ദേശീയ കൺവെൻഷനിൽ പങ്കെടുത്തുകൊണ്ട് ഐക്യ ജനതാദൾ അദ്ധ്യക്ഷൻ ശരദ് യാദവ് തന്നെയാണ് ഇതുസംബന്ധിച്ച സൂചനകൾ നൽകിയത്.

രാജ്യം പ്രതിസന്ധി നേരിടുമ്പോഴെല്ലാം സോഷ്യലിസ്റ്റുകൾ ഒന്നിച്ച് നിന്നിട്ടുണ്ടെന്ന് സമ്മേളനത്തിൽ പ്രസംഗിച്ച ശരദ് യാദവ് പറഞ്ഞു. മുലായം സിംഗ് യാദവുമായി വേദി പങ്കിട്ട ശരദ് യാദവ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും വാചാലനായി. ‌ഞങ്ങളുടെ ഇടയിൽ രക്തബന്ധമില്ല. ഞങ്ങൾ വ്യത്യസ്ത പാർട്ടികളിലാണ് പ്രവർത്തിക്കുന്നതെങ്കിലും ഒരേ ആശയമാണ് ഞങ്ങൾ പിന്തുടരുന്നത്. - ശരദ് യാദവ് പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ സോഷ്യലിസ്റ്റ് പാർട്ടികൾ ഒന്നിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ശരദ് യാദവ് യോഗത്തിൽ ഓർമ്മിപ്പിച്ചു. പഴയ ജനതാപാർട്ടി കുടുംബത്തിലുള്ളവരെയെല്ലാം ഒന്നിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ജെ.ഡി.യുവുമായുള്ള സഖ്യത്തെ സംബന്ധിച്ച് പ്രതികരിക്കാൻ മുലായം സിംഗ് യാദവ് തയ്യാറായില്ല.

ലോക്‌സഭാ തിര‌ഞ്ഞെടുപ്പിൽ യു.പിയിൽ ചരിത്ര വിജയമാണ് നേടിയത്. സമാജ്‌വാദി പാർട്ടിക്ക് അ‌ഞ്ച് സീറ്റുകളിൽ മാത്രമേ വിജിയിക്കാനായുള്ളു. ഇത്തരമൊരു ദയനീയ തോൽവിയുണ്ടാകാനുള്ള ഒരു കാരണം തന്റെ മകൻ അഖിലേഷ് യാദവ് നേതൃത്വം നൽകുന്ന മന്ത്രിസഭയിലെ ചില അംഗങ്ങൾക്കാണെന്ന് മുലായം കഴിഞ്ഞദിവസം നടന്ന സമ്മേളനത്തിൽ തുറന്നടിച്ചു. പല മന്ത്രിമാരും അവരുടെ കാര്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അവരുടെ ലിസ്റ്റ് തന്റെ പക്കലുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച താൻ ഉൾപ്പെടെ അഞ്ച് പേരും തന്റെ കുടുംബത്തിലെ അംഗങ്ങളാണ്. മറ്റുള്ളവർക്ക് വിജയിക്കാനാകാത്തതിന്റെ കാരണം അവർ പരിശോധിച്ച് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് തന്റെ കുടുംബത്തെയെങ്കിലും വിശ്വാസമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ മടങ്ങിവരാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബീഹാറിൽ ബി.ജെ.പി മികച്ച വിജയം നേടിയതോടെയാണ് പഴയ ശത്രുത മറന്ന് ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയും ജെ.ഡി.യുവും സഖ്യത്തിലേർപ്പെടാൻ തീരുമാനിച്ചത്. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഇരു പാർട്ടികളും സഖ്യമായി മത്സരിച്ച് മികച്ച വിജയം നേടി. തുടർന്നാണ് പഴയ സോഷ്യലിസ്റ്റു പാർട്ടികളെയെല്ലാം ഒരു കുട കീഴിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഐക്യ ജനതാദൾ തുടങ്ങിയത്. ഇതിന്റെ ഭാഗമായി കേരളത്തിൽ എം.പി. വീരേന്ദ്രകുമാർ നേതൃത്വം നൽകുന്ന എസ്.ജെ.ഡി ഐക്യ ജനതാദളിൽ ലയിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഹരിയാന നിയമസഭാ തിര‌ഞ്ഞെടുപ്പിൽ ഐക്യ ജനതാദളും ദേവഗൗഡയുടെ ജനതാദൾ സെക്യുലറും ഓം പ്രകാശ് ചൗത്താലയുടെ ഐ.എൻ.എൽ.ഡിക്ക് പിന്തുണ നൽകിയിട്ടുണ്ട്. ഐ.എൻ.എൽ.ഡിയും പഴയ ജനതാപാർട്ടി കുടംബത്തിലെ അംഗമാണ്.

രാജ്യത്ത് ബി.ജെ.പി ഇതര കോൺഗ്രസ് ഇതര ശക്തിയായ മാറുകയാണ് ജനതാദൾ കക്ഷികളുടെ ലക്ഷ്യം. ഇതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഐക്യ ജനതാദൾ നടത്തുന്നതെന്ന് പാർട്ടി വക്താവ് കെ.സി. ത്യാഗി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Yo Yo honey singh

Appeared on 8th Oct 2014

ന്യൂഡൽഹി: ഹരിയാനയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിലാകെ യോ യോ ടച്ചാണ്. യുവാക്കളുടെ ഹരമായ റാപ്പ് ഗായകൻ യോ യോ ഹണി സിംഗ് തന്റെ യോ യോ ഹരിയാന എന്ന ഗാനത്തിലൂടെ യുവാക്കളെ കൈയ്യിലെടുത്തു കഴിഞ്ഞു. യോ യോ ഹരിയാന ഇടുന്ന സ്ഥലങ്ങളിൽ എല്ലാം യുവാക്കൾ തടിച്ചു കൂടും. അറിയാതെ നൃത്തം ചവിട്ടും. അതാണ് യോ യോ ഫീൽ.

ജയിലിൽ വച്ച് മുഖ്യമന്ത്രിയായി സത്യപ്രതി‌ജ്ഞ ചെയ്യുമെന്ന പ്രചരണവുമായി തിരഞ്ഞെടുപ്പ് രംഗത്തുള്ള ജാമ്യത്തിൽ കഴിയുന്ന നാല് തവണ മുഖ്യമന്ത്രിയായിരുന്ന ഓം പ്രകാശ് ചൗത്താലയുടെ ഐ.എൻ.എൽ.ഡിയുടെ മുഖ്യ പ്രചരാണം യോ യോ ഹരിയാനയിലൂടെയാണ്.

യോ യോ ഹരിയാന ജീത്തേഗാ എന്നാണ് ഹണി സിംഗിന്റെ ഗാനം. ടി.വിയിലുടെയും എഫ്.എമ്മിലുടെയും ഐ.എൻ.എൽ.ഡിയുടെ പ്രചരണത്തിനും ഇതേ ഗാനമാണ് ഉപയോഗിച്ചിരിക്കുന്നത്.

ചൗത്താല കുടുംബത്തിലെ നാലാം തലമുറയുടെ സംഭാവനയാണ് യോ യോ ഗാനം. ഓം പ്രകാശ് ചൗത്താലയുടെ കൊച്ചുമകനായ കരൺ ചൗത്തായാണ് ഗാനം റിലീസ് ചെയ്തത്. കരണിന്റെ അടുത്ത സുഹൃത്താണ് ഹണി സിംഗ്. മുൻ ഉപപ്രധാനമന്ത്രിയും ഓം പ്രകാശ് ചൗത്താലയുടെ പിതാവുമായ ദേവിലാലിന്റെ ആശയങ്ങളിൽ ഹണി സിംഗിന് വലിയ ആരാധനയാണെന്നാണ് കരണിന്റെ അഭിപ്രായം. അതാണ് ഗാനത്തിലേക്കെത്തിച്ചതെന്നും അദ്ദേഹം പറയുന്നു. ഗാനത്തിന് പുറമേ റാലികളിൽ പങ്കെടുത്തും ഐ.എൻ.എൽ.ഡിക്ക് വേണ്ടി ഹണി സിംഗ് രംഗത്തുണ്ട്.

ഇതൊക്കെയാണെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി നിലകൊണ്ട ഹണി ഹരിയാനയിൽ അവരുടെ എതിർ ചേരിയിലാണെന്നതാണ് ശ്രദ്ധേയം. ഡൽഹി ഗുരുദ്വാര കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം പടിഞ്ഞാറൻ ഡൽഹിയിൽ നിന്ന് മത്സരിച്ച പർവേശ് സിംഗ് വർമ്മയ്‌ക്ക് വേണ്ടി ഹണി സിംഗ് പ്രചരണം നടത്തിയിരുന്നു.

പരമ്പരാഗത ഗാനങ്ങളിൽ പിടിച്ച് ബി.ജെ.പിയും കോൺഗ്രസും വോട്ട് അഭ്യർത്ഥിക്കുമ്പോൾ ഹണി സിംഗിന്റെ യോ യോ ഹരിയാന അരങ്ങ് തകർക്കുകയാണ്. എന്നാൽ യോ യോ ഹരിയാന യഥാർത്ഥത്തിൽ യുവാക്കളെ പിടിച്ചടക്കിയിട്ടുണ്ടോയെന്ന് അറിയാൻ തിരഞ്ഞെടുപ്പ് ഫലം വരുന്ന ഈ മാസം 19വരെ കാത്തിരിക്കണമെന്നാണ് ബി.ജെ.പി പ്രവർത്തകർ പറയുന്നത്.