Powered By Blogger

Saturday, October 11, 2014

Yo Yo honey singh

Appeared on 8th Oct 2014

ന്യൂഡൽഹി: ഹരിയാനയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിലാകെ യോ യോ ടച്ചാണ്. യുവാക്കളുടെ ഹരമായ റാപ്പ് ഗായകൻ യോ യോ ഹണി സിംഗ് തന്റെ യോ യോ ഹരിയാന എന്ന ഗാനത്തിലൂടെ യുവാക്കളെ കൈയ്യിലെടുത്തു കഴിഞ്ഞു. യോ യോ ഹരിയാന ഇടുന്ന സ്ഥലങ്ങളിൽ എല്ലാം യുവാക്കൾ തടിച്ചു കൂടും. അറിയാതെ നൃത്തം ചവിട്ടും. അതാണ് യോ യോ ഫീൽ.

ജയിലിൽ വച്ച് മുഖ്യമന്ത്രിയായി സത്യപ്രതി‌ജ്ഞ ചെയ്യുമെന്ന പ്രചരണവുമായി തിരഞ്ഞെടുപ്പ് രംഗത്തുള്ള ജാമ്യത്തിൽ കഴിയുന്ന നാല് തവണ മുഖ്യമന്ത്രിയായിരുന്ന ഓം പ്രകാശ് ചൗത്താലയുടെ ഐ.എൻ.എൽ.ഡിയുടെ മുഖ്യ പ്രചരാണം യോ യോ ഹരിയാനയിലൂടെയാണ്.

യോ യോ ഹരിയാന ജീത്തേഗാ എന്നാണ് ഹണി സിംഗിന്റെ ഗാനം. ടി.വിയിലുടെയും എഫ്.എമ്മിലുടെയും ഐ.എൻ.എൽ.ഡിയുടെ പ്രചരണത്തിനും ഇതേ ഗാനമാണ് ഉപയോഗിച്ചിരിക്കുന്നത്.

ചൗത്താല കുടുംബത്തിലെ നാലാം തലമുറയുടെ സംഭാവനയാണ് യോ യോ ഗാനം. ഓം പ്രകാശ് ചൗത്താലയുടെ കൊച്ചുമകനായ കരൺ ചൗത്തായാണ് ഗാനം റിലീസ് ചെയ്തത്. കരണിന്റെ അടുത്ത സുഹൃത്താണ് ഹണി സിംഗ്. മുൻ ഉപപ്രധാനമന്ത്രിയും ഓം പ്രകാശ് ചൗത്താലയുടെ പിതാവുമായ ദേവിലാലിന്റെ ആശയങ്ങളിൽ ഹണി സിംഗിന് വലിയ ആരാധനയാണെന്നാണ് കരണിന്റെ അഭിപ്രായം. അതാണ് ഗാനത്തിലേക്കെത്തിച്ചതെന്നും അദ്ദേഹം പറയുന്നു. ഗാനത്തിന് പുറമേ റാലികളിൽ പങ്കെടുത്തും ഐ.എൻ.എൽ.ഡിക്ക് വേണ്ടി ഹണി സിംഗ് രംഗത്തുണ്ട്.

ഇതൊക്കെയാണെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി നിലകൊണ്ട ഹണി ഹരിയാനയിൽ അവരുടെ എതിർ ചേരിയിലാണെന്നതാണ് ശ്രദ്ധേയം. ഡൽഹി ഗുരുദ്വാര കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം പടിഞ്ഞാറൻ ഡൽഹിയിൽ നിന്ന് മത്സരിച്ച പർവേശ് സിംഗ് വർമ്മയ്‌ക്ക് വേണ്ടി ഹണി സിംഗ് പ്രചരണം നടത്തിയിരുന്നു.

പരമ്പരാഗത ഗാനങ്ങളിൽ പിടിച്ച് ബി.ജെ.പിയും കോൺഗ്രസും വോട്ട് അഭ്യർത്ഥിക്കുമ്പോൾ ഹണി സിംഗിന്റെ യോ യോ ഹരിയാന അരങ്ങ് തകർക്കുകയാണ്. എന്നാൽ യോ യോ ഹരിയാന യഥാർത്ഥത്തിൽ യുവാക്കളെ പിടിച്ചടക്കിയിട്ടുണ്ടോയെന്ന് അറിയാൻ തിരഞ്ഞെടുപ്പ് ഫലം വരുന്ന ഈ മാസം 19വരെ കാത്തിരിക്കണമെന്നാണ് ബി.ജെ.പി പ്രവർത്തകർ പറയുന്നത്.

No comments:

Post a Comment