Powered By Blogger

Saturday, October 11, 2014

Kailash Satyarthi

Appeared on 11th Oct


ന്യൂഡൽഹി: ഇന്നലെ ഉച്ച കഴിഞ്ഞ് നോബൽ സമ്മാനം പ്രഖ്യാപിക്കുമ്പോൾ ഇന്ത്യയ്‌ക്ക് അഭിമാനിക്കാനും അതിലേറെ ആഹ്ളാദിക്കാനും വകയുണ്ടായിരുന്നു. എന്നാൽ മലാലയ്‌ക്കൊപ്പം നോബൽ സമ്മാനം പങ്കിട്ട ഇന്ത്യക്കാരനെക്കുറിച്ച് അറിയാൻ ഭൂരിഭാഗവും ആശ്രയിച്ചത് ഇന്റർനെറ്റിലെ വിക്കീപിഡീയെയായിരുന്നു. അവിടെയും പരിമിതമായ വിവരങ്ങളും വിശേഷണങ്ങളും മാത്രമേ പലർക്കും ലഭ്യമായുള്ളു. ബാല ദുരിതങ്ങൾക്ക് അറുതി വരുത്താൻ മൂന്ന് പതിറ്റാണ്ട് നീണ്ട പോരാട്ടത്തിനിടയിൽ ചരിത്ര പുസ്തകങ്ങളിലും മറ്റും ഇടാൻ നേടാൻ നോബൽ സമ്മാന പുരസ്‌കാര ജേതാവ് ശ്രമിച്ചതെന്ന് അതിലൂടെ വ്യക്തമായി. ഇതൊക്കെയാണെങ്കിലും കൽത്തുറങ്കിലടയ്‌ക്കപ്പെട്ട ബാല്യം പേറിയ 80000ത്തോളം കുട്ടികൾക്ക് കൈലാഷ് സത്യാർത്ഥി എന്ന ബാലാവകാശ പ്രവർത്തകൻ നോബൽ സമ്മാന പുരസ്‌കാര ജേതാവിനും അപ്പുറമാണ്. അവരുടെ സ്വന്തം ഭായ് സാബ് ആണ്.

ജാർഖണ്ഡിൽ മൈക്ക ഖനിയിൽ ആറാം വയസിൽ ജോലിക്ക് കയറേണ്ടിവന്ന മനൻ, ഇന്ന് ഡൽഹി സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥിയായി പഠിക്കുന്നത് ഭായ് സാബ് രക്ഷപ്പെടുത്തിയ ഈ 80000ത്തോളം കുട്ടികളിൽ ഒരു ഉദാഹരണം മാത്രം. ഇന്നലെ തന്റെ ജീവിതം മാറ്റിമറിച്ച സ്വന്തം ഭായ് സാബിന് നോബൽ സമ്മാനം ലഭിച്ച സന്തോഷം പങ്കിടാൻ കൽക്കാജിയിലെ അദ്ദേഹത്തിന്റെ ഓഫീസിൽ മനനും എത്തിയിരുന്നു. 2005ൽ എട്ടാം വയസിലായിരുന്നു മനനെ കൈലാഷ് സത്യാർത്ഥിയും സംഘവും രക്ഷപ്പെടുത്തുന്നത്. രണ്ട് വർഷം നീണ്ട ഖനിയിലെ ജോലിയ്‌ക്കിടയിൽ മനന് സ്വന്തം സുഹൃത്തിനെയും നഷ്ടപ്പെട്ടിരുന്നു. 300 അടി താഴ്ചയിലുള്ള ഖനിയിൽ പ്രവർത്തിക്കുന്ന മനനെപോയെലുള്ള നൂറുക്കണക്കിന് കുട്ടികളെയാണ് കൈലാഷ് സത്യാർത്ഥി രക്ഷപ്പെടുത്തി അവർക്ക് തങ്ങളുടെ ബാല്യം തിരിച്ചു നൽകിയത്. ഇന്ന് മനൻ ബാലവേലക്കെതിരെ പോരാട്ടം നടത്തുന്ന യുവാവാണ്. ബാല്യം തിരിച്ചുനൽകുന്നതിനൊപ്പം നല്ല വിദ്യാഭ്യാസം നൽകി അവരെ പ്രാപ്തരാക്കുന്നിടത്താണ് സത്യാർത്ഥിയുടെ ദൗത്യം അവസാനിക്കുന്നത്. തന്റെ ജീവിതം ഉദാഹരണമായി ചൂണ്ടിക്കാട്ടി ജനീവയിലെ ലോക തൊഴിലാളി സംഘടനയുടെ സമ്മേളനത്തിൽ പ്രസംഗിക്കാൻ മനന് കഴിഞ്ഞത് തന്നെ അതിന്റെ തെളി‌ഞ്ഞ ഉദാഹരണമാണ്.

മദർ തെരേസ്യ‌ക്ക് ശേഷം ഇന്ത്യയ്‌ക്ക് ലഭിക്കുന്ന സമാധാനത്തിനുള്ള നോബൽ സമ്മാനമാണിത്. സമാധാനത്തിനുള്ള നോബ‌ൽ സമ്മാനം നേടുന്ന ആദ്യ ഇന്ത്യൻ വംശജനെന്ന പെരുമയുമുണ്ട്.

1954 ജനുവരി 11ന് മദ്ധ്യപ്രദേശിലെ വിദീഷയിലാണ് സത്യാർത്ഥിയുടെ ജനനം. 1980കളിലാണ് സത്യാർത്ഥി ബാലാവകാശ പ്രവർത്തനങ്ങൾ തുടങ്ങിയത്. എന്നാൽ കുട്ടിക്കാലത്ത് തന്നെ സത്യാർത്ഥി തന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. സ‌്‌കൂളിൽ പഠിക്കാൻ കഴിയാത്ത കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള ധനശേഖരണാർത്ഥം അദ്ദേഹവും സുഹൃത്തും കൂടി ഫുട്ബാൾ ക്ളബ് തുടങ്ങി. ക്ളബിൽ നിന്ന് ലഭിച്ച മെമ്പർഷിപ്പ് ഫീസ് പാവപ്പെട്ട കുട്ടികൾക്ക് നൽകി കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്. വിദീഷയിൽ ഒരു ദിവസം കൊണ്ട് 2000 നോട്ടു ബുക്കുകൾ സമാഹരിച്ചതും ചരിത്രത്തിൽ ഇടം പിടിക്കാത്ത നേട്ടങ്ങളിൽ ഒന്നാണ്. ആ നോട്ട് ബുക്ക് ശേഖരണ പദ്ധതി ബുക്ക് ബാങ്ക് ആയി ഇപ്പോഴും തുടരുന്നു.

ഇലക്‌ട്രിക്കൽ എൻജിയിയറായ സത്യാർത്ഥി ആ മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് 1983ൽ ബാലാവകാശത്തിനായി തന്റെ മുഴുവൻ സമയം മാറ്റിവയ്‌ക്കുന്നത്. ഭോപ്പാലിലെ ഒരു കോളേജിൽ അദ്ധ്യാപകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

നോബൽ സമ്മാനത്തിന്റെ നെറുകയിൽ നിൽക്കുന്ന സത്യാർത്ഥി നാളെ കുട്ടികളെ വിമോചിക്കാനായി ഒരു സ്ഥലത്തേക്ക് ചെന്നാൽ അദ്ദേഹത്തിന് ചുറ്റം ആയിരങ്ങൾ കൂടിയേക്കാം. എന്നാൽ ഈ തിളക്കങ്ങൾ ഒന്നുമില്ലാത്ത കാലത്താണ് അദ്ദേഹം പതിനായിരക്കണക്കിന് കുട്ടികളുടെ ഇരുൾ നിറഞ്ഞ ജീവിതത്തിൽ വെളിച്ചമായത്. മൂന്ന് പതിറ്റാണ്ട് നീണ്ട യാത്രയിൽ പലപ്പോഴും മരണത്തെ മുന്നിൽ കാണേണ്ട സാഹചര്യവും സത്യാർത്ഥിക്കുണ്ടായിട്ടുണ്ട്.

ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും ഫാക്‌ടറികളിലും ഖനികളിലും അടിമകളായി ജോലി നോക്കേണ്ടിവന്ന കുട്ടികളെ രക്ഷിക്കാൻ ചെന്നപ്പോഴോക്കെ ബാലവേലയ്‌ക്ക് നേതൃത്വം നൽകുന്ന മാഫിയകളിൽ നിന്ന് കടുത്ത രീതിയിലുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അവിടെയൊന്നും മുട്ടുമടക്കാതെ പിന്തിരിയാതെ അദ്ദേഹം മുന്നോട്ട് തന്നെ കുതിച്ചപ്പോൾ തോൽവി സമ്മതിക്കേണ്ടിവന്നത് മാഫിയകൾക്കാണ്.

സത്യാർത്ഥി നേതൃത്വം നൽകുന്ന ബച്പൻ ബച്ചാവോ ആന്ദോളനിലൂടെ ജീവിതം തിരിച്ചുക്കിട്ടിയത് 80000ത്തോളം കുട്ടികൾക്കാണ്. അദ്ദേഹം തന്നെ നേതൃത്വം നൽകുന്ന ഗ്ളോബൽ മാർച്ച് എഗൻസ്റ്റ് ചൈൾഡ് ലേബർ ഇന്ന് 172 ഓളം രാജ്യങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. നൂറുക്കണക്കിന് സന്നദ്ധ സംഘടനകളും തൊഴിലാളി സംഘടനകളും അദ്ധ്യാപക സംഘടനകളും ഇതുമായി കൈക്കോർത്ത് പ്രവർത്തിക്കുന്നു.

ഗ്ളോബൽ കാമ്പെയിൻ ഫോർ എഡ്യൂക്കേഷനാണ് അദ്ദേഹം നേതൃത്വം നൽകുന്ന മറ്റൊരു സംഘടന. അന്താരാഷ്ട്ര തലത്തിൽ ബാലവേലയ്‌ക്കെതിരെ കർശന നിയമങ്ങൾ കൊണ്ടുവരുന്നതിനൊപ്പം ബാലവേല തടയുന്നതിനുള്ള നിയമങ്ങൾ കൊണ്ടുവരുന്നതിനുള്ള പോരാട്ടമാണ് അദ്ദേഹം തുടരുന്നത്.

ബാലവേലയിൽ ഏർപ്പെട്ടിരുന്ന കുട്ടികളുടെ തുടർ വിദ്യാഭ്യാസത്തിനായി രാജസ്ഥാനിൽ അദ്ദേഹം ബാല ആശ്രമം തുടങ്ങി. ഒരു കുട്ടിയെയും ജോലിക്ക് വിടില്ലെന്നും വിദ്യാഭ്യാസം നൽകുമെന്നും ഗ്രാമീണറെ കൊണ്ട് പ്രതിജ്ഞ ചെയ്യിക്കുന്ന ബാല മിത്ര ഗ്രാമം പരിപാടിക്കും അദ്ദേഹം തുടക്കം കുറിച്ച്.

പരവതാനി വ്യവസായ മേഖലയിലെ റഗ് മാർക്കാണ് സത്യാർത്ഥിയുടെ ജീവിതത്തിലെ മറ്റൊരു തൂവൽ. കുട്ടികളെ കൊണ്ട് ഉണ്ടാക്കിയ പരവതാനി അല്ല എന്ന് സർട്ടിഫൈ ചെയ്യുന്നതാണ് റഗ് മാർക്ക്. ഇത് പരിശോധിക്കാൻ അദ്ദേഹം ഫാക്‌ടറികൾ സന്ദർശിക്കാറുമുണ്ട്.

വിദ്യാഭ്യാസം നിർബന്ധമാക്കുകയും രാജ്യത്തെ ഓരോ കുട്ടിയും സ്കൂളിൽ പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്താൽ മാത്രമേ ബാല വേല പൂർണമായി നിർമാർജ്ജനം ചെയ്തുവെന്ന് പറയാൻ കഴിയുവെന്നാണ് സത്യാർത്ഥിയുടെ വാദം. അതിന് വേണ്ടിയുള്ള പോരാട്ടം അദ്ദേഹം തുടരുന്നു. നോബൽ സമ്മാനം ലഭിച്ചതിന്റെ നെറുകയിൽ നിൽക്കുമ്പോഴും അടുത്ത ലക്ഷ്യമെന്തെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ലളിതമായിരുന്നു. വീട്ടിൽ പോകും. പതിവ് പോലെ ആഹാരം കഴിക്കും. എവിടെയെങ്കിലും കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ടെന്ന് വിവരം ലഭിച്ചാൽ എത്ര രാത്രിയാണെങ്കിലും അങ്ങോട്ടേക്ക് തിരിക്കും. നിങ്ങളെയും കൂട്ടാം. - ചിരിച്ചുകൊണ്ട് സത്യാർത്ഥി പറഞ്ഞു.

രാജ്യത്ത് പുതിയ ഭരണമാറ്റം ഉണ്ടായപ്പോഴും സത്യാർത്ഥിയുടെ പ്രതികരണമുണ്ടായിരുന്നു. ആരും അധികം ശ്രദ്ധിക്കാതിരുന്ന പ്രതികരണം. "കുട്ടിക്കാലത്ത് ചായക്കച്ചവടം നടത്തിയിരുന്ന ഒരാൾ പ്രധാനമന്ത്രിയായിരിക്കുന്നു. ഇനിയൊരു കുട്ടിയും ബാലവേലയ്ക്കു നിർബന്ധിക്കപ്പെടില്ലെന്ന് ഉറപ്പു വരുത്തേണ്ടത് അദ്ദേഹത്തിന്റെ കടമയാണ്."- ഇതായിരുന്നു സത്യാർത്ഥിയുടെ പ്രതികരണം.

പുരസ്താകങ്ങൾ
അമേരിക്കയുടെ ഡിഫന്റേഴ്സ് ഒഫ് ഡെമോക്രസി അവാർഡ് (2009), സ്‌പെയിനിന്റെ അൽഫോൻസോ കോമിൻ ഇന്റർനാഷണൽ അവാർഡ് (2008), മെഡൽ ഒഫ് ഇറ്റാലിയൻ സെനറ്റ് (2007), യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഹീറോസ് ആക്‌ടിംഗ് ടു എൻഡ് മോ‌‌‌ഡേൺ ഡെ സ്ളേവറി അവാർ‌ഡ് (2007), യു.എസിന്റെ ഫ്രീഡം അവാർഡ് (2006), അമേരിക്കയുടെ റോബർട്ട് എഫ് . കെനഡി ഹ്യൂമൻ റൈറ്റ്ഡസ് അവാർഡ് (1995) തുടങ്ങിയ നിരവധി രാജ്യങ്ങളുടെ പരുസ്‌കാരങ്ങൾ കൈലാഷ് സത്യാർത്ഥിയെ തേടിയെത്തിയിട്ടുണ്ട്.

No comments:

Post a Comment