Powered By Blogger

Thursday, December 4, 2014

കരിപുരണ്ട കൽക്കരി രാഷ്ട്രീയം

Appeared on 2nd Dec 2014


ധൻബാദ്: ജനങ്ങൾക്കുമേൽ സ്വകാര്യ കമ്പനികളും സർക്കാരും കാലാകാലങ്ങളായി നടത്തിവരുന്ന അധിനിവേശമാണ് ധാതുസമ്പുഷ്ടതയ്‌ക്ക് പിന്നിൽ ജാർകണ്ഡിലെ ജനങ്ങൾക്ക് അനുഭവിക്കേണ്ടിവരുന്നത്. ഇന്ന് താമസിക്കുന്നയിടത്ത് നിന്ന് നാളെ ഒഴിഞ്ഞുപോകേണ്ടിവരുമെന്ന ഭീതിയോടെ കഴിയുന്നവർ. സ്വന്തം ഭൂമിയിൽ നിന്ന് ഒഴിയാൻ ആവശ്യപ്പെട്ട് അറിയിപ്പ് ലഭിച്ചിട്ടുള്ളവർ. ഹെക്‌ടർ കണക്കിന് കൽക്കരിപ്പാടങ്ങൾ. എവിടെ നോക്കിയാലും കൽക്കരി ഖനനം. ഖനനം കഴിഞ്ഞ് ഉപേക്ഷിച്ചുപോയ ഹെക്‌ടർ കണക്കിന് ഗർത്ഥങ്ങൾ. ഇതിനിടയിൽ കുറേ മനുഷ്യർ. കൽക്കരിയുടെ കരിപുരണ്ട രൂപത്തിലുള്ളവർ.
രാജ്യത്തിന്റെ കൽക്കരി തലസ്ഥാനമെന്ന് അറിയപ്പെടുന്ന ധൻബാദിൽ അതിന്റെ യഥാർത്ഥ ഉടമകൾക്ക് അന്നത്തെ അന്നത്തിന് പോലും വകയില്ലന്നതാണ് ശ്രദ്ധേയം. രാജ്യത്തെ ധാതുസമ്പത്ത് സർക്കാരിന്റെതാണ്. എന്നാൽ ഇവിടെ പല സ്വകാര്യ കമ്പനികളും മാഫിയകളും സർക്കാരിനൊപ്പം തന്നെ അത് കൈകാര്യം ചെയ്യുന്നു. തിരഞ്ഞെടുപ്പ് വേളയിൽ മാത്രമാണ് ഇവിടുത്തെ ജനതയ്‌ക്ക് ഉറപ്പുകൾ ലഭിക്കുന്നത്. അത് ഉറപ്പുകളായി മാത്രം അവശേഷിക്കുമെന്ന് ഇവിടുത്തെ ജനതയ്ക്ക് വ്യക്തമായി അറിയാം.  
ഖനനകമ്പനികളിൽ നിന്ന് കൽക്കരിയുമായി പോകുന്ന വണ്ടികളിൽ നിന്ന് വീഴുന്ന അസംസ്കൃത കൽക്കരി എടുത്ത് കത്തിച്ച് കൽക്കരിയാക്കി മാർക്കറ്റിൽ വിറ്റു ജീവിക്കുന്ന ആയിരകണക്കിന് കുടുംബങ്ങളാണ് ധൻബാദിലുള്ളത്. ധൻബാദിലെ കാലിബസ്തിയിൽ ആ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ചിത്രം പകർത്താൻ ശ്രമിച്ചപ്പോൾ,​ അവർ തട‍ഞ്ഞു. ഭീതിയോടെ അതിന്റെ കാരണവും അവർ വ്യക്തമാക്കി. നിങ്ങൾ ഇത് പ്രസിദ്ധീകരിക്കും. ഖനന കമ്പനി ഉടമകൾ ഞങ്ങളെ കൊല്ലും. ​​ കൽക്കരി ചാക്കിൽക്കെട്ടി മാർക്കറ്റിലേക്ക് കൊണ്ടുപോവുകയായിരുന്നു ലളിത് സാഹു പറയുന്നു. സർക്കാരിനെയും സ്വകാര്യ കമ്പനികളെയും അവർ ഒരേ പോലെയാണ് കാണുന്നത്.
1970ലാണ് കൽക്കരി മേഖല ദേശസാൽക്കരിച്ചത്. അതിന് മുൻപ് സ്വകാര്യ വ്യക്തികളുടെ കൈയ്യിലായിരുന്നു ഇവിടെ കൽക്കരി ഖനനം നടത്തിവന്നത്. ഭൂമി വെട്ടിപ്പിടിച്ച് മൈനുകളുണ്ടാക്കിയ രാജാക്കന്മാരായി വിരാജിക്കുകയും അതിനൊപ്പം തന്നെ രാഷ്ട്രീയവും കൈകാര്യം ചെയ്തിരുന്നവർ. ഖനി തൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയൻ ഉണ്ടാക്കിയ എസ്. ഡി. സിംഗ് തന്നെ ഇവിടെ പിന്നീട് ഖനിവ്യവസായിയായി മാറി. അദ്ദേഹത്തിന്റെ മകനും അന്തരവനുമാണ് ഇത്തവണ ധൻബാദിലെ ജാറിയ മണ്ഡലത്തിൽ നേർക്കുനേർ പോരാടുന്നത്. എസ്.ഡി.സിംഗ് കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന്റെ ഭാര്യ കുന്തി ഈ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ മകൻ സഞ്ജീവ് ആണ് ബി.ജെ.പി സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുന്നത്. സഞ്ജീവിനെതിരെ കോൺഗ്രസ്,​ ആർ.ജെ.ഡി,​ ജെ.ഡി.യു മുന്നണി സ്ഥാനാർത്ഥിയായി സിംഗിന്റെ അന്തരവനായ നീരജ് ആണ് മത്സരിക്കുന്നത്. ജെ.എം.എമ്മിന്റെ ശക്തികേന്ദ്രമല്ല ഇവിടെ.
മൂന്ന് വയസ് തികയും മുൻപെ ഇവിടുത്തെ കുട്ടികൾ ഖനികളിൽ നിന്ന് കൽക്കരി വാരി തുടങ്ങുന്നു. സ്‌കൂൾ വിദ്യാഭ്യാസത്തെപ്പറ്റി കേട്ടുകേൾവിയുണ്ടെങ്കിലും വിദ്യാലയങ്ങളുടെ വരാന്തകൾ പോലും കുട്ടികൾ കണ്ടിട്ടില്ല. ധൻബാദ് ജില്ലയിൽ എവിടെ നോക്കിയാലും കരിപുരണ്ട ഗ്രാമങ്ങളെയുള്ളു. അവരുടെ ജീവിതത്തിലും ഈ അന്ധകാരം വിട്ടൊഴിഞ്ഞിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി നോക്കുന്നവരാകട്ടെ ഭൂരിഭാഗവും പുറത്ത് നിന്ന് വന്നിട്ടുള്ളവരാണ്.
രാജ്യത്തെ ഓരോ പൗരനും ജോലി നൽകാൻ ശേഷിയുള്ള സംസ്ഥാനമാണ് ജാർകണ്ഡ് എന്നാണ് റാഞ്ചിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞത്.
രാജ്യത്തിന്റെ ഊർജ്ജസമ്പത്തിന് വലിയ തോതിൽ കൽക്കരി എത്തിക്കുന്ന ധൻബാദിലെ ഭൂരിഭാഗം ഗ്രാമങ്ങളിലും ഇന്നും വൈദ്യുതി ഒരു സ്വപ്നം മാത്രമാണ്. വൈദ്യുതി ലൈൻ എത്തിയിട്ടുള്ള ഇടങ്ങളിൽ പോലും വൈദ്യുതി എത്തുന്നത് ഒരു ദിവസം പരമാവധി മൂന്ന് മണിക്കൂരിൽ താഴെ മാത്രം. അവിടെയാണ് ജനത്തിന്റെ ചോദ്യം. ഈ സമ്പത്ത് യഥാർത്ഥത്തിൽ ആരുടെതാണ്. ഞങ്ങൾക്ക് ഇവിടെ എന്താണുള്ളത്.

യുവാക്കൾ വോട്ട് ചെയ്യാനെത്തില്ല

ബി.ജെ.പി ഉൾപ്പെടെയുള്ള പ്രമുഖ പാർട്ടികൾ ജാർകണ്ഡിൽ തേടുന്നത് യുവാക്കളുടെ വോട്ടാണ്. ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചരണത്തിലുടനീളം പ്രസംഗിച്ചത്. യുവാക്കളുടെ പ്രതിനിധിയായിട്ടാണ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രംഗത്തുള്ളത്. താൻ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാൻ ഒരു അവസരം നൽകിയാൽ ലക്ഷക്കണക്കിന് യുവാക്കൾക്ക് തൊഴിൽ നൽകാനാകുമെന്നാണ് ഹേമന്തിന്റെ പ്രചരണം. ബാബുലാൽ മറാൻഡിയുടെ ജെ.വി.എം(പി)​യും കോൺഗ്രസും ലക്ഷ്യമിടുന്നതും യുവാക്കളെയാണ്. എന്നാൽ ജാർകണ്ഡിലെ ഭൂരിഭാഗം യുവാക്കളും സംസ്ഥാനത്ത് ഇല്ലെന്നാണ് മാദ്ധ്യമപ്രവർത്തകനായ ബി. പാണ്ഡെ പറയുന്നത്. ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ അക്കാര്യം വ്യക്തമാവുകയും ചെയ്തു. കേരളം ഉൾപ്പെടെയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ജാർകണ്ഡിലെ യുവാക്കൾ. റാഞ്ചിക്ക് സമീപമുള്ള രാംഗർഹ് ഗ്രാമത്തിൽ ഒരു യുവാവിനെ പോലും കണ്ടെത്താനായില്ല. അവരുടെ മാതാപിതാകൾക്ക് മക്കൾ എവിടെയാണെന്ന കാര്യത്തിൽ വ്യക്തമായ ഉത്തരമില്ലെന്നതാണ് മറ്റൊരു കാര്യം. തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാനെത്തുമോയെന്ന കാര്യത്തിലും അവർക്ക് വ്യക്തമായ ഉത്തരമില്ല. 

Jharkhand Election (Edit page)

Appeared on 2nd Dec 2014

സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള പതിനാല് വർഷത്തിനിടയിൽ ഒൻപത് ഭരണമാറ്റങ്ങൾക്കും മൂന്ന് തവണ രാഷ്ട്രപതി ഭരണത്തിനും സാക്ഷ്യം വഹിക്കേണ്ട വന്ന സംസ്ഥാനമാണ് ജാർകണ്ഡ്. അതുകൊണ്ട് തന്നെ സുസ്ഥിര ഭരണം,​ അതാണ് ജാർകണ്ഡ് ജനതയുടെ ആഗ്രഹം. സുസ്ഥിര ഭരണം,​ സമഗ്ര വികസനം എന്നതാണ് ബി.ജെ.പിയുടെ മുദ്രാവാക്യം. ജാർകണ്ഡ് മുക്തി മോർച്ചയും കോൺഗ്രസും ഉൾപ്പെടെ മറ്റ് കക്ഷികൾ മുന്നോട്ട് വയ്‌ക്കുന്ന പ്റധാനമുദ്രാവാക്യവും സുസ്ഥിര ഭരണം തന്നെ. ഒൻപത് ഭരണമാറ്റങ്ങൾക്ക് സംസ്ഥാനത്ത് വേദിയൊരുങ്ങിയപ്പോൾ സ്വതന്ത്രസ്ഥാനാർത്ഥിയായ മധുക്കോഡ മറ്റ് കക്ഷികളുടെ പിന്തുണയോടെ മുഖ്യമന്ത്രിയാകുന്നതും ജനങ്ങൾ നോക്കി നിന്നു. ജാർഖണ്ഡിൽ ഇന്ന് രണ്ടാം ഘട്ട പോളിംഗ് നടക്കും.
ധാതുക്കൾ കൊണ്ട് സമ്പന്നമാണെങ്കിലും അടിസ്ഥാന സൗകര്യ വികസനമില്ലായ്‌മയാണ് ജാർകണ്ഡ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. കൽക്കരി,​ സ്റ്റീൽ,​ ഇരുമ്പയിര് തുടങ്ങി പതിനെട്ടോളം ധാതുക്കൽ ഈ മണ്ണിലുണ്ട്. സാക്ഷരതയുടെ കാര്യത്തിൽ രാജ്യത്ത് 25​ാം സ്ഥാനത്താണ് ജാർകണ്ഡ്. മാവോയിസ്റ്റ് സാന്നിദ്ധ്യമാണ് സംസ്ഥാനം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. 24 ജില്ലകളിൽ 18ലും ശക്തമായ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ട്.
മൂന്ന് തവണ സംസ്ഥാനത്തെ നയിച്ചിട്ടുള്ള അർജുൻ മുൻഡ തന്നെയാണ് ബി.ജെ.പിയുടെ അപ്രഖ്യാപിത മുഖ്യമന്ത്രി സ്ഥാനാർത്ഥിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റ ശേഷം നടന്നിട്ടുള്ള ഒരു നിയമസഭാ തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിമാരെ പ്രഖ്യാപിച്ചിട്ടില്ല. ഇത്തവണയും അതിന് മാറ്റമില്ല. മോദി തന്നെയാണ് ഇവിടെയും മുഖ്യ പ്രചരണതാരം. എതിർപക്ഷത്ത് ഷിബു സോറനും മകനും സംസ്ഥാന മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനും നേതൃത്വം നൽകുന്ന ജാർകണ്ഡ് മുക്തി മോർച്ചയും നിലയുറപ്പിച്ചിരിക്കുന്നു.സംസ്ഥാനത്തെ നയിചിട്ടുള്ളവരെല്ലാം ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരാണ്. ഇത്തവണ അതിന് മാറ്റമുണ്ടായേക്കുമെന്ന് സൂചനയുണ്ട്. ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിച്ചാൽ മൂന്ന് തവണ അവസരം ലഭിച്ചിട്ടുള്ള അർജുൻ മുൻഡെയ്ക്ക് മാറി നിൽക്കേണ്ടിവരുമെന്ന് പറയപ്പെടുന്നു. എന്നാൽ മുൻഡയ്‌ക്ക് പകരം ആരായിരിക്കുമെന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം ആരും നൽകുന്നുമില്ല.
നിലവിൽ ഹേമന്ത് സോറൻ ഭരിക്കുന്നത് കോൺഗ്രസ്,​ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദൾ,​ ഐക്യ ജനതാദൾ (21 സീറ്റുകൾ)​ എന്നിവരുടെ കൂടി പിന്തുണ കൊണ്ടാണ്. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതോടെ സോറന്റെ ജെ.എം.എം ഒറ്റയ്‌ക്കാണ് മത്സരിക്കുന്നത്. കോൺഗ്രസ്,​ ആർ.ജെ.ഡി,​ ജെ.ഡി.യു കക്ഷികൾ സഖ്യമായാണ് മത്സരിക്കുന്നത്. ലോക്‌‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബീഹാറിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഐക്യ ജനതാദൾ,​ ആർ.ജെ.ഡി കക്ഷികൾ സഖ്യമായി മത്സരിച്ച് വൻ വിജയം നേടിയിരുന്നു. ഈ പരീക്ഷണം ജാർകണ്ഡിൽ പരീക്ഷിച്ച് വിജയിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. മുക്കൂട്ട് മുന്നണിയുമായി ബി.ജെ.പിക്കെതിരെ ഇവർ രംഗത്തിറങ്ങുമ്പോഴും ചില മണ്ഡലങ്ങളിൽ സഖ്യം പൂർണ അർത്ഥത്തിൽ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ബോക്കാറോ,​ ധൻബാദ് ഉൾപ്പെടെ പ്രധാനപ്പെട്ട ചില മണ്ഡലങ്ങളിൽ മൂന്ന് പാർട്ടികളുമായി സ്വന്തം പാർട്ടികളുമായി രംഗത്തുണ്ട്. ബി.ജെ.പിയാകട്ടെ നിലവിൽ ആറ് സീറ്റുകളുള്ള എ.ജെ.എസ്.യുവുമായി സഖ്യത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 81 സീറ്റിൽ എട്ടെണ്ണമാണ് എ.ജെ.എസ്.യുവിന് നൽകിയിട്ടുള്ളത്.
ഏത് വിധേനയും ഒരുപിടി സീറ്റുകൾ കൈയ്യിലൊതുക്കി പ്രഷർ ഗ്രൂപ്പ് ആകാൻ ശ്രമിക്കുന്ന സംസ്ഥാനത്തിന്റെ പ്രഥമ മുഖ്യമന്ത്രിയും മുൻ ബി.ജെ.പി നേതാവുമായ ബാബുലാൽ മാറൻഡി,​ താൻ നേതൃത്വം നൽകുന്ന ജാർകണ്ഡ് വികാസ് മോർച്ച് (പി)യുമായി​ രംഗത്തുണ്ട്. മമതയുടെ തൃണമൂൽ കോൺഗ്രസും ജെ.വി.എം (പി)​യുമായി സഖ്യമാണ്.
ഹേമന്ത് സോറൻ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ഭരണത്തുടർച്ചയാണ് ജെ.എം.എം മുന്നോട്ട് വയ്‌ക്കുന്നത്. അനാരോഗ്യം മൂലം എല്ലായിടത്തും ഷിബു സോറന് പ്രചരണത്തിന് എത്താൻ കഴിയുന്നില്ലെന്നതും ജെ.എം.എമ്മിന് വലിയ വെല്ലുവിളിയുയർത്തുന്നുണ്ട്.
എല്ലാ കക്ഷികളുടെയും പ്രധാനപ്പെട്ട വെല്ലുവിളി മോദിയെ നേരിടുകയെന്നതാണ്. സംസ്ഥാനത്തെ മുതിർന്ന ദേശീയ നേതാവായ മുൻ കേന്ദ്ര മന്ത്രി യശ്വന്ത് സിൻഹയെ പോലും ബി.ജെ.പി ഇത്തവണ രംഗത്തിറക്കിയിട്ടില്ല. പ്രചരണനായകൻ മോദി തന്നെയാണ്. ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ മാത്രമാണ് പാർട്ടിയുടെ ഫ്ളെക്‌സുകളിൽ മോദിയെ കൂടാതെ നിറഞ്ഞു നിൽക്കുന്ന മറ്റൊരു നേതാവ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 14ൽ 12 സീറ്റും കൈപ്പിടിയിലൊതുക്കിയതും അടുത്തിടെ ഹരിയാന,​ മഹാരാഷ്ട്ര നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിലെ വിജയുമാണ് ബി.ജെ.പിക്ക് ആത്മവിശ്വാസം നൽകുന്ന ഘടകങ്ങൾ.
2000ത്തിൽ എ.ബി. വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെയാണ് ജാർകണ്ഡ് സംസ്ഥാനം രൂപീകരിക്കപ്പെട്ടത്. ആ വർഷം നടന്ന തിര‍ഞ്ഞെടുപ്പിൽ 32 സീറ്റുകൾ നേടിയ ബി.ജെ.പി 2005ൽ 30ൽ ഒതുങ്ങി. ഒടുവിൽ 2009ൽ നടന്ന തിരഞ്ഞെടുപ്പിൽ 18 സീറ്റിലേക്ക് ചുരുങ്ങി. ഇത്തവണ കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകൾ എങ്ങനെയും നേടിയെടുക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.
ബീഹാറിനോട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ലാലുവിന്റെ ആർ.ജെ.ഡിക്കും ഐക്യ ജനതാദളിനും ഇപ്പോഴും വോരോട്ടമുള്ള പ്രദേശങ്ങളുണ്ട്. ഇവിടെ കുറച്ച് സീറ്റുകൾ നേടാനാണ് ഇവരുടെ ശ്രമം. സി.പി.ഐ,​ സി.പി.എം,​ നിലവിൽ ഒരോ സീറ്റ് വീതമുള്ള ഇടത് സംഘടനകളാ സീറ്റുള്ള സി.പി.ഐ (എം.എൽ)​,​ മാർക്സിസ്റ്റ് കോ ഓർഡിനേഷൻ തുടങ്ങിയ പാർട്ടികളും രംഗത്തുണ്ട്.
അടുത്തമാസം 23നാണ് ജാർകണ്ഡ്,​ ജമ്മുകാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫല പ്രഖ്യാപനം. ജാർകണ്ഡിൽ വിജയം ഉറപ്പിക്കാനാകുമെന്നാണ് ബി.ജെ.പിയുടെ ഉറച്ച വിശ്വാസം. തിരഞ്ഞെടുപ്പ് ഫലം വരുന്ന അതേ ദിവസമാണ് പാർലമെന്റ് സമ്മേളനം അവസാനിക്കുക. ജാർകണ്ഡിലെ വിജയാഘോഷത്തിനൊപ്പം ശൈത്യകാല സമ്മേളനത്തിന്റെ കർട്ടൻ താഴ്‌ത്താനാണ് ബി.ജെ.പി നോക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ കൂടാതെ മുന്നണിയായും മുന്നണിയല്ലാതെയും ഒരു പിടി കക്ഷികൾ രംഗത്തുള്ളതുകൊണ്ട് തന്നെ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെങ്കിലും ഇത്തവണയും ആർക്കും വ്യക്തമായ ഭൂരിപക്ഷമുണ്ടാവില്ലെന്ന് വിലയിരുത്തുന്ന രാഷ്ട്രീയ നിരീക്ഷകരും കുറവല്ല.
2009ലെ സീറ്റ് നില
ബി.ജെ.പി ​ ​- 18
ജെ.എം.എം ​- 18
കോൺ ​ - 14
ജെ.വി.എം (പി)​ 11
ആർ.ജെ.ഡി  ​- 5
എ.ജെ.എസ്.യു ​ 5
ഐക്യജനതാദൾ - 2
സി.പി.ഐ (എം.എൽ)​ ​ 1
ജെ.എം.എസ്.പി ​ 2
മറ്റുള്ളവർ ​ 5
ആകെ 81



Jharkhand Election

Appeared on 30th Nov.


റാഞ്ചി : പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മോദി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, രാജ്യമൊട്ടാകെ സ്വീകരണങ്ങൾ നൽകിയിരുന്നു. അതിന്റെ ഭാഗമായി ജാർകണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലെ മൊറാഹബാദി മൈതാനത്തും സ്വീകരണം നൽകാൻ പാർട്ടി സംസ്ഥാന ഘടകം തീരുമാനിച്ചു. എന്നാൽ മൈതാനത്തിന്റെ മേൽനോട്ടക്കാരായ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. അനുമതിക്കായി ബി.ജെ.പി നേതൃത്വം ആഞ്ഞ് ശ്രമിച്ചിട്ടും ഭരണം നടത്തിയിരുന്ന ഷിബു സോറന്റെ ജാർകണ്ഡ് മുക്തി മോ‌ർച്ച മൈതാനം വിട്ടുകൊടുക്കാൻ കഴിഞ്ഞ വർഷം ഡിസംബറിൽ തയ്യാറായില്ല. ഒടുവിൽ മറ്റൊരു മൈതാനത്ത് സ്വീകരണം ഏറ്റുവാങ്ങി മോദി മടങ്ങി. ഇന്നലെ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് റാഞ്ചിയിലെ ജനങ്ങുടെ വോട്ടുറപ്പിക്കാൻ മോദി നഗരത്തിലെത്തിയപ്പോൾ പാർട്ടി നേതൃത്വം തിരഞ്ഞെടുത്തത് ഒരിക്കൽ അനുമതി നിഷേധിക്കപ്പെട്ട അതേ മൈതാനം. മൈതാനത്ത് ആയിരങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ പഴയ സംഭവം അനുസ്‌മരിക്കാനൊന്നും പോയില്ല. പക്ഷേ ഒരു മധുരം പകരംവീട്ടലായിട്ടാണ് ആ മൈതാനം തന്നെ തിരഞ്ഞെടുത്തതെന്ന് ബി.ജെ.പി സംസ്ഥാന മാദ്ധ്യമ വിഭാഗം മേധാവിയായ സൻവർലാൽ ആഗർവാൾ പറഞ്ഞു. 
ഉച്ചയ്‌ക്ക് ഒരു മണിക്കാണ് മൊറാഹാബാദി മൈതാനത്ത് മോദി എത്തിയത്. ശൈത്യകാലമാണെങ്കിലും റാഞ്ചിയിൽ ഇന്നലെ പതിവിലൂം കൂടുതൽ സൂര്യൻ തിളച്ചു നിൽക്കുകയായിരുന്നു ഇന്നലെ. നിശ്ചയിച്ചിരുന്ന പ്രകാരം കൃത്യം ഒരു മണിയോടെ മോദിയുടെ ഹെലികോപ്‌ടർ വ്യൂഹം ആകാശത്ത് തെളിഞ്ഞു. മൈതാനത്ത് തടിച്ചു നിന്ന ആയിരങ്ങളും അതോടെ എഴുന്നേറ്റു. പത്ത് മിനിറ്റിനകം യോഗസ്ഥലത്ത് മോദി എത്തുമ്പോൾ ഹെലികോപ്‌‌ടർ ഇറങ്ങിയപ്പോൾ പറന്നുയർന്നതിനേക്കാൾ പൊടി ജനം മോദിയെ ഒരു നോക്കു കാണാൻ വേണ്ടിയുള്ള ശ്രമങ്ങൾക്കിടെ ആകാശത്ത് ആകെ പറത്തി. 
വേദിയിൽ കരിയ മുൻഡ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഉണ്ടെങ്കിലും മോദി മാത്രമേ സംസാരിച്ചുള്ളു. 
സംസ്ഥാനത്തെ ആദ്യ സർക്കാർ ഉൾപ്പെടെ നാല് തവണ ഭരണം നടത്തിയത് ബി.ജെ.പിയാണ്. എന്നാൽ അതിലേക്കൊന്നും മോദി കടന്നില്ല. തനിക്ക് ഒറ്റയ്‌ക്കുള്ള വലിയ ഭൂരിപക്ഷം നൽകിയതിൽ ജാർകണ്ഡിനും വലിയ പങ്കുണ്ടെന്നും അതിന് താൻ കടപ്പെട്ടിരിക്കുന്നുവെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീട്ടുജോലിക്കായി വരേണ്ടവർ അല്ല ജാർകണ്ഡുകാരെന്നും ഈ സംസ്ഥാനത്ത് ധാതുക്കൾ കൊള്ളയടിക്കാൻ ആരെയും അനുവദിക്കരുതെന്നും ഓർമ്മിപ്പിച്ചു. 
ജനങ്ങളുടെ ദാരിദ്ര്യം മാറണമെങ്കിൽ എന്താണ് വേണ്ടതെന്ന മോദിയുടെ ചോദ്യത്തിന് മോദി ഭരണം മതിയെന്ന് ആയിരങ്ങൾ ഉറക്കെ വിളിച്ചു പറഞ്ഞു. മോദ ഭരണമല്ല, വികസനമാണ് വരേണ്ടതെന്ന് അദ്ദേഹം മറുപടി നൽകി. എന്നാൽ വികാസ് പുരുഷ് നരേന്ദ്രമോദി എന്ന മുദ്രാവാക്യം വിളികൾ നേരത്തെ തന്നെ ഉയരുന്നത് കൊണ്ട് രണ്ടും താൻ തന്നെയാണെന്ന് മോദി അതിലൂടെ പറഞ്ഞുവച്ചു. 
കേവല ഭൂരിപക്ഷമില്ലായ്‌മ ഒരു ശാപമാണ്. കേവല ഭൂരിപക്ഷം ആർക്കുമില്ലാതെ വരുമ്പോൾ ഒരുപാട് കക്ഷികൾ ഒന്നിക്കും. ഒരുമിച്ച് നിന്ന് പിന്നെ നാടിനെ മുടിക്കും. ഒടുവിൽ അടുത്ത തിരഞ്ഞെടുപ്പ് ആകുമ്പോൾ ഒന്നിച്ച് നിന്നവർ പിരിഞ്ഞ് ഒറ്റയ്‌ക്ക് തിരഞ്ഞെടുപ്പിനെ നേരിടണം. ഇത് അവസാനിപ്പിക്കാൻ ബി.ജെ.പിക്ക് മൃഗീയമായ ഭൂരിപക്ഷം നൽകണമെന്ന് മോദി പറഞ്ഞു. ഇതിലൂടെ സംസ്ഥാനത്തെ ഇതിന് മുൻപ് നാല് തവണ ബി.ജെ.പി നയിച്ചിട്ടുണ്ടെങ്കിലും അന്ന് നേരിട്ട പ്രശ്നം കേവല ഭൂരിപക്ഷമില്ലായ്‌മയാണെന്ന് മോദി പറഞ്ഞുവച്ചു. 
ജാർകണ്ഡ് രൂപീകരിച്ച് 14 വർഷമാകുന്ന. 13 മുതൽ 18 വയസ് വരെയാണ് കുട്ടികളെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട സമയം. ആ കാലഘട്ടം വേണ്ടത് പോലെ നോക്കിയാൽ പിന്നെ നൂറ് വയസ് വരെ ആ കുട്ടി നല്ല രീതിയിൽ ജീവിക്കും. അതേ കാലഘട്ടത്തിലൂടെയാണ് ജാർകണ്ഡ് കടന്നുപോകുന്നതെന്ന് മോദി പറഞ്ഞു. 
അര മണിക്കൂർ നീണ്ട തന്റെ പ്രസംഗത്തിലുടനീളം ഒരു കാര്യം മാത്രം മോദി സൂചിപ്പിച്ചില്ല. ആരായിരിക്കും സംസ്ഥാനത്തെ നയിക്കുകയെന്ന്. ജാർകണ്ഡിൽ ബി.ജെ.പിക്കാണ് വിജയമെങ്കിൽ അതും മോദിയുടെ തൊപ്പിയിലെ പൊൻതൂവലാകുമെന്ന് അർത്ഥം. 
സംസ്ഥാനത്തെ പ്രചരണം നയിക്കന്നത് മോദിയാണ്. ബി.ജെ.പിയുടെ പോസ്റ്ററുകളിലും ഫ്ളക്‌സുകളിലും മോദി മാത്രം. വാജ്‌പേയി, അദ്വാനി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ അഭാവം എടുത്തു അറിയാനാകും. ജാർകണ്ഡിലാകെ പ്രധാന പ്രചരണായുധം ഫ്ലെക്‌സാണ്. പടുകുറ്റൻ ഫ്ളെക്‌സുകളാണ് എവിടെ നോക്കിയാലും സ്ഥാപിച്ചിരിക്കുന്നത്. ആ ഫ്ലെക്‌സ് യുദ്ധത്തിൽ മുന്നിൽ നിൽക്കുന്നത് ബി.ജെ.പിയാണ്. തൊട്ടുപിന്നിൽ ഷിബു സോറന്റെ ജാർകണ്ഡ് മുക്തി മോർച്ചയുമുണ്ട്. 
ഇന്നലെ നഗരം ഉണർന്നത് തന്നെ ‘മോദി ആയ മോദ ആയ മോദി ആയാ ഹെ! ജാർകണ്ഡിക്കി വികാസ് കേലിയെ മോദി ആയ ഹേ! (മോദി വന്നു, മോദി വന്നു, മോദി വന്നല്ലോ, ജാർകണ്ഡിന്റെ വികസനത്തിന് മോദി വന്നല്ലോ!) എന്ന ഗാനം കേട്ടുകൊണ്ടാണ്. റാഞ്ചിയിൽ നിന്ന് ഹെലികോപ്‌‌ടറിൽ മോദി പോയ ശേഷവും ഇതേ ഗാനം തന്നെ നഗരത്തിൽ മുഴങ്ങിക്കേട്ടുക്കൊണ്ടിരുന്നു.  


Sreenivasan

Appeared on 18th Nov.

ന്യൂഡൽഹി: ഐ.പി.എൽ വാതുവയ്പിൽ ഐ.സി.സി അദ്ധ്യക്ഷൻ എൻ. ശ്രീനിവാസന്റെ കുരുക്ക് കൂടുതൽ മുറുകുന്നു. ഒത്തുകളിയിലോ വാതുവയ്പിലോ ശ്രീനിവാസൻ നേരിട്ട് പങ്കെടുത്തിരുന്നില്ലെന്ന് മദ്ഗൽ സമിതി റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ടെന്നുള്ളതാണ് ശ്രീനിക്ക് ക്ളീൻ ചിറ്റ് നൽകിയതായി വ്യാഖ്യാനിക്കപ്പെടുന്നത്. എന്നാൽ ഈ ആരോപണം തുടക്കം മുതൽ തന്നെ ശ്രീനിക്കെതിരെ ഇല്ലായിരുന്നുവെന്നതാണ് ശ്രദ്ധേയം. ഐ.പി.എൽ വാതുവയ്പ് പുറത്തുവന്നത് മുതൽ ശ്രീനിവാസൻ ഒത്തുകളിയിലോ വാതുവയ്പിലോ ഏർപ്പെട്ടതായി ഒരു ഘട്ടത്തിലും ആരോപിക്കപ്പെട്ടിട്ടില്ല. മറിച്ച്, ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന്റെ സഹയുടമയായ തന്റെ മരുമകൻ ഗുരുനാഥ് മെയ്യപ്പനെ കേസിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന ആരോപണമാണ് ഉയർന്നിട്ടുള്ളത്. മെയ്യപ്പനെ അറസ്റ്റ് ചെയ്ത ശേഷം അദ്ദേഹത്തിന് ചെന്നൈ ടീമുമായി ഒരു ബന്ധവുമില്ലെന്നാണ് ശ്രീനിവാസനും മെയ്യപ്പനും തുടക്കത്തിൽ വ്യക്തമാക്കിയിത്. എന്നാൽ മുദ്ഗൽ സമിതി റിപ്പോർട്ടിൽ മെയ്യപ്പൻ ടീമിന്റെ ഭാഗമായിരുന്നുവെന്ന് വ്യക്തമായി പറയുന്നുണ്ട്. ഇക്കാര്യം അന്വേഷണത്തിലൂടെ ബോദ്ധ്യപ്പെട്ടതായാണ് റിപ്പോർട്ടിലുള്ളത്.

ഇതുവരെ മെയ്യപ്പനെ സഹായിക്കാൻ ശ്രമിച്ചിരുന്നുവെന്നതായിരുന്നു ശ്രീനിവാസനെതിരായ പ്രധാന ആരോപണമെങ്കിൽ ഇപ്പോൾ കാര്യങ്ങൾ കൂടുതൽ മുറുകുകയാണ്. ഐ.പി.എല്ലിന്റെ പെരുമാറ്റച്ചട്ട ലംഘനത്തിൽ ഏർപ്പെട്ടിരുന്ന ഒരു താരത്തെ ശ്രീനിവാസനും മറ്റ് നാല് ബി.സി.സി.ഐ അധികാരികളും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോൾ ശ്രീനിക്ക് മേൽ ആരോപിക്കപ്പെടുന്നത്. വാതുവയ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശ്രീനിവാസൻ അറിഞ്ഞിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. മുദ്ഗൽ റിപ്പോർട്ട് പരസ്യമാക്കാൻ കോടതി തീരുമാനിച്ചതും ഇക്കാര്യങ്ങൾ എല്ലാം ഉൾക്കൊണ്ടുകൊണ്ടാണ്.

മാത്രമല്ല, ഐ.പി.എൽ വാതുവയ്പുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും മുദ്ഗൽ നിർദ്ദേശിച്ചിട്ടുണ്ട്. ഈ മാസം 20ന് നടക്കാനിരുന്ന തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കണമെന്ന നിർദ്ദേശം കഴിഞ്ഞാഴ്ച കേസ് പരിഗണിക്കവേ കോടതി നിർദ്ദേശിച്ചിരുന്നു.

ബി.സി.സി.ഐ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ശ്രീനിവാസൻ തത്ക്കാലം മാറി നിൽക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചതും അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടുകൊണ്ടായിരുന്നില്ല. മറിച്ച്, തന്റെ മരുമകൻ കൂടി പ്രതി സ്ഥാനത്ത് നിൽക്കുന്ന കേസിൽ അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമമുണ്ടാകരുതെന്ന വിലയിരുത്തലിലാണ് കോടതി ആ നിർദ്ദേശം അന്ന് മുന്നോട്ട് വച്ചത്.

 നടപടിയെടുക്കും: ശിവ്‌ലാൽ യാദവ്
ഗുരുനാഥ് മെയ്യപ്പനും രാജ്കുന്ദ്രയും നടപടിയെടുക്കുമെന്ന് ബി.സി.സി.ഐ ഇടക്കാല അദ്ധ്യക്ഷൻ ശിവ്‌ലാൽ യാദവ് വ്യക്തമാക്കി. സുന്ദർരാമനെതിരെ തെളിവുണ്ടെന്ന് വ്യക്തമായാൽ നടപടിയെടുക്കും. ഒരാളെയും രക്ഷപെടാൻ അനുവദിക്കില്ലെന്നും ശിവ്‌ലാൽ യാദവ് വ്യക്തമാക്കി.

 റിപ്പോർട്ടിലുള്ളത്

 ശ്രീനിവാസൻ : ഒത്തുകളിൽ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. ഒത്തുകളി അന്വേഷണത്തെ അട്ടിമറിക്കാനോ അന്വേഷണത്തിൽ ഇടപെടാനോ ശ്രമിച്ചിട്ടില്ല. ശ്രീനിവാസനും മറ്റ് നാലു ബി.സി.സി.ഐ അധികാരികൾക്കും ഒരു താരം (പേര് വ്യക്തമാക്കുന്നില്ല) നടത്തിക്കൊണ്ടിരുന്ന പെരുമാറ്റച്ചട്ട ലംഘനങ്ങളെക്കുറിച്ച് അറിയാമായിരുന്നു. എന്നാൽ ശ്രീനിവാസനോ മേൽപ്പറയുന്ന നാല് ഉദ്യോഗസ്ഥരോ ആ താരത്തിനെതിരെ നടപടി സ്വീകരിച്ചില്ല.

 ഗുരുനാഥ് മെയ്യപ്പൻ: ഒരു ടീമിന്റെ ഭാഗമായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. വാതുവയ്പുകാരുമായി (പേര് വ്യക്തമാക്കുന്നില്ല) ഹോട്ടൽ മുറിയിൽ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇക്കാര്യം ഫെബ്രുവരി 2ന് സമർപ്പിച്ച റിപ്പോർട്ടിലും വ്യക്തമായി സൂചിപ്പിച്ചിരുന്നു. വാതുവയ്പുമായി ബന്ധപ്പെട്ട് മെയ്യപ്പൻ നടത്തിയ ഫോൺ സംഭാഷണത്തിലെ ശബ്ദം മെയ്യപ്പന്റെത് തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇക്കാര്യം ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ഒത്തുകളിയിൽ ഏർപ്പെട്ടതിന് മെയ്യപ്പനെതിരെ തെളിവു ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ മെയ്യപ്പന്റെ ശബ്ദം ഫോറൻസികഖ് പരിശോധനയിൽ തിരിച്ചറിയുകയും പൊലീസ് നൽകിയ തെളിവുകളും വച്ച് വാതുവയ്പിൽ ഏർപ്പെട്ടിരുന്നുവെന്ന് വ്യക്തമാണ്. ചെന്നൈ സൂപ്പർ കിംഗ് ടീമുമായി ബന്ധമില്ലെന്ന വാദവും തെറ്റാണ്.

 രാജ് കുന്ദ്ര : ബുക്കികളുമായി നേരിട്ട് ബന്ധപ്പെട്ടു കൊണ്ട് വാതുവയ്പിൽ ഏർപ്പെട്ടു. ഇതുവഴി ഐ.പി.എൽ അഴിമതി നിരോധന ചട്ടം ലംഘിച്ചു. രാജ്കുന്ദ്രയ്‌ക്കെതിരെ നടത്തി വന്ന അന്വേഷണം വ്യക്തമായ കാരണം കൂടാതെയാണ് രാജസ്ഥാൻ പൊലീസ് അവസാനിപ്പിച്ചത്. കുന്ദ്രയുടെ അടുത്ത സുഹൃത്ത അറിയപ്പെടുന്ന വാതുവയ്പ്പുകാരനാണെന്ന് അന്വേഷണത്തിൽ ബോദ്ധ്യമായി. ഇയാൾ കുന്ദ്രയ്‌ക്ക് വേണ്ടിയാണ് വാതുവയ്പ് നടത്തിയിരുന്നതെന്ന് മജിസ്ട്രേട്ടിന് മുന്നിൽ മൊഴി നൽകിയിട്ടുണ്ട്. സുഹൃത്തായ വാതുവയ്പുകാരനെ ഭീമമായ തുകകൾക്ക് വാതുവയ്പു നടത്തുന്ന മറ്റൊരു വ്യക്തിയുമായി ബന്ധപ്പെടുത്തിയതും കുന്ദ്രയാണ്. കുന്ദ്ര വാതുവയ്പിൽ ഏർപ്പെട്ടിരുന്നുവെന്ന് ഒരു താരം പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വാതുവയ്പുകാർ കുന്ദ്ര നൽകുന്ന വിവരങ്ങൾ വച്ചാണ് വാതുവയ്പ് നടത്തിയിരുന്നത്. ഇതെല്ലാം ബി.സി.സി.ഐ/ഐ.പി.എൽ അഴിമതി വിരുദ്ധ ചട്ട ലംഘനങ്ങളാണ്.

 സുന്ദർരാമൻ : ഒരു ബുക്കിയെ നേരിട്ട് അറിയിമായിരുന്നു. ഇയാളുമായി ഒരു സീസണിനിടയിൽ എട്ടു തവണ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. ഇയാളെ അറിയാമെന്ന് സുന്ദർരാമൻ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അയാൾക്ക് വാതുവയ്പു ബന്ധമുണ്ടായിരുന്നുവെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് മൊഴി നൽകിയിട്ടുള്ളത്. എന്നാൽ മെയ്യപ്പനും കുന്ദ്രയും വാതുവയ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്ന വിവരം തനിക്ക് നേരത്തെ ലഭിച്ചിരുന്നുവെന്ന് സുന്ദർരാമൻ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഈ വിവരങ്ങൾ നടപടി സ്വീകരിക്കുന്നത് അപര്യാപ്തമാണെന്ന് ഐ.സി.സി.യുടെ ആന്റി കറപ്ഷൻ ആൻഡ് സെക്യൂരിട്ടി യൂണിറ്റ് അദ്ധ്യക്ഷൻ അറിയിച്ചതായും സുന്ദർരാമൻ പറയുന്നു.