Appeared on 2nd Dec 2014
സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള പതിനാല് വർഷത്തിനിടയിൽ
ഒൻപത് ഭരണമാറ്റങ്ങൾക്കും മൂന്ന് തവണ രാഷ്ട്രപതി ഭരണത്തിനും സാക്ഷ്യം വഹിക്കേണ്ട
വന്ന സംസ്ഥാനമാണ് ജാർകണ്ഡ്. അതുകൊണ്ട് തന്നെ സുസ്ഥിര ഭരണം, അതാണ് ജാർകണ്ഡ് ജനതയുടെ
ആഗ്രഹം. സുസ്ഥിര ഭരണം, സമഗ്ര വികസനം എന്നതാണ് ബി.ജെ.പിയുടെ മുദ്രാവാക്യം. ജാർകണ്ഡ്
മുക്തി മോർച്ചയും കോൺഗ്രസും ഉൾപ്പെടെ മറ്റ് കക്ഷികൾ മുന്നോട്ട് വയ്‌ക്കുന്ന
പ്റധാനമുദ്രാവാക്യവും സുസ്ഥിര ഭരണം തന്നെ. ഒൻപത് ഭരണമാറ്റങ്ങൾക്ക് സംസ്ഥാനത്ത്
വേദിയൊരുങ്ങിയപ്പോൾ സ്വതന്ത്രസ്ഥാനാർത്ഥിയായ മധുക്കോഡ മറ്റ് കക്ഷികളുടെ
പിന്തുണയോടെ മുഖ്യമന്ത്രിയാകുന്നതും ജനങ്ങൾ നോക്കി നിന്നു. ജാർഖണ്ഡിൽ ഇന്ന് രണ്ടാം
ഘട്ട പോളിംഗ് നടക്കും.
ധാതുക്കൾ കൊണ്ട് സമ്പന്നമാണെങ്കിലും അടിസ്ഥാന സൗകര്യ
വികസനമില്ലായ്‌മയാണ് ജാർകണ്ഡ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. കൽക്കരി,
സ്റ്റീൽ, ഇരുമ്പയിര് തുടങ്ങി പതിനെട്ടോളം ധാതുക്കൽ ഈ മണ്ണിലുണ്ട്. സാക്ഷരതയുടെ
കാര്യത്തിൽ രാജ്യത്ത് 25ാം സ്ഥാനത്താണ് ജാർകണ്ഡ്. മാവോയിസ്റ്റ് സാന്നിദ്ധ്യമാണ്
സംസ്ഥാനം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. 24 ജില്ലകളിൽ 18ലും ശക്തമായ
മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ട്.
മൂന്ന് തവണ സംസ്ഥാനത്തെ നയിച്ചിട്ടുള്ള അർജുൻ മുൻഡ
തന്നെയാണ് ബി.ജെ.പിയുടെ അപ്രഖ്യാപിത മുഖ്യമന്ത്രി സ്ഥാനാർത്ഥിയെങ്കിലും
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റ ശേഷം നടന്നിട്ടുള്ള ഒരു നിയമസഭാ
തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിമാരെ പ്രഖ്യാപിച്ചിട്ടില്ല. ഇത്തവണയും
അതിന് മാറ്റമില്ല. മോദി തന്നെയാണ് ഇവിടെയും മുഖ്യ പ്രചരണതാരം. എതിർപക്ഷത്ത് ഷിബു
സോറനും മകനും സംസ്ഥാന മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനും നേതൃത്വം നൽകുന്ന ജാർകണ്ഡ്
മുക്തി മോർച്ചയും നിലയുറപ്പിച്ചിരിക്കുന്നു.സംസ്ഥാനത്തെ നയിചിട്ടുള്ളവരെല്ലാം
ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരാണ്. ഇത്തവണ അതിന് മാറ്റമുണ്ടായേക്കുമെന്ന്
സൂചനയുണ്ട്. ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിച്ചാൽ മൂന്ന് തവണ അവസരം
ലഭിച്ചിട്ടുള്ള അർജുൻ മുൻഡെയ്ക്ക് മാറി നിൽക്കേണ്ടിവരുമെന്ന് പറയപ്പെടുന്നു.
എന്നാൽ മുൻഡയ്‌ക്ക് പകരം ആരായിരിക്കുമെന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം ആരും
നൽകുന്നുമില്ല.
നിലവിൽ ഹേമന്ത് സോറൻ ഭരിക്കുന്നത് കോൺഗ്രസ്, ലാലു
പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദൾ, ഐക്യ ജനതാദൾ (21 സീറ്റുകൾ) എന്നിവരുടെ കൂടി
പിന്തുണ കൊണ്ടാണ്. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതോടെ സോറന്റെ ജെ.എം.എം ഒറ്റയ്‌ക്കാണ്
മത്സരിക്കുന്നത്. കോൺഗ്രസ്, ആർ.ജെ.ഡി, ജെ.ഡി.യു കക്ഷികൾ സഖ്യമായാണ്
മത്സരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബീഹാറിൽ നടന്ന
ഉപതിരഞ്ഞെടുപ്പുകളിൽ ഐക്യ ജനതാദൾ, ആർ.ജെ.ഡി കക്ഷികൾ സഖ്യമായി മത്സരിച്ച് വൻ വിജയം
നേടിയിരുന്നു. ഈ പരീക്ഷണം ജാർകണ്ഡിൽ പരീക്ഷിച്ച് വിജയിപ്പിക്കുകയാണ് ഇവരുടെ
ലക്ഷ്യം. മുക്കൂട്ട് മുന്നണിയുമായി ബി.ജെ.പിക്കെതിരെ ഇവർ രംഗത്തിറങ്ങുമ്പോഴും ചില
മണ്ഡലങ്ങളിൽ സഖ്യം പൂർണ അർത്ഥത്തിൽ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ബോക്കാറോ, ധൻബാദ്
ഉൾപ്പെടെ പ്രധാനപ്പെട്ട ചില മണ്ഡലങ്ങളിൽ മൂന്ന് പാർട്ടികളുമായി സ്വന്തം
പാർട്ടികളുമായി രംഗത്തുണ്ട്. ബി.ജെ.പിയാകട്ടെ നിലവിൽ ആറ് സീറ്റുകളുള്ള
എ.ജെ.എസ്.യുവുമായി സഖ്യത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 81 സീറ്റിൽ
എട്ടെണ്ണമാണ് എ.ജെ.എസ്.യുവിന് നൽകിയിട്ടുള്ളത്.
ഏത് വിധേനയും ഒരുപിടി സീറ്റുകൾ കൈയ്യിലൊതുക്കി പ്രഷർ
ഗ്രൂപ്പ് ആകാൻ ശ്രമിക്കുന്ന സംസ്ഥാനത്തിന്റെ പ്രഥമ മുഖ്യമന്ത്രിയും മുൻ ബി.ജെ.പി
നേതാവുമായ ബാബുലാൽ മാറൻഡി, താൻ നേതൃത്വം നൽകുന്ന ജാർകണ്ഡ് വികാസ് മോർച്ച്
(പി)യുമായി രംഗത്തുണ്ട്. മമതയുടെ തൃണമൂൽ കോൺഗ്രസും ജെ.വി.എം (പി)യുമായി
സഖ്യമാണ്.
ഹേമന്ത് സോറൻ നടത്തിയ വികസന പ്രവർത്തനങ്ങളുടെ
ഭരണത്തുടർച്ചയാണ് ജെ.എം.എം മുന്നോട്ട് വയ്‌ക്കുന്നത്. അനാരോഗ്യം മൂലം
എല്ലായിടത്തും ഷിബു സോറന് പ്രചരണത്തിന് എത്താൻ കഴിയുന്നില്ലെന്നതും ജെ.എം.എമ്മിന്
വലിയ വെല്ലുവിളിയുയർത്തുന്നുണ്ട്.
എല്ലാ കക്ഷികളുടെയും പ്രധാനപ്പെട്ട വെല്ലുവിളി മോദിയെ
നേരിടുകയെന്നതാണ്. സംസ്ഥാനത്തെ മുതിർന്ന ദേശീയ നേതാവായ മുൻ കേന്ദ്ര മന്ത്രി
യശ്വന്ത് സിൻഹയെ പോലും ബി.ജെ.പി ഇത്തവണ രംഗത്തിറക്കിയിട്ടില്ല. പ്രചരണനായകൻ മോദി
തന്നെയാണ്. ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ മാത്രമാണ് പാർട്ടിയുടെ ഫ്ളെക്‌സുകളിൽ മോദിയെ
കൂടാതെ നിറഞ്ഞു നിൽക്കുന്ന മറ്റൊരു നേതാവ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 14ൽ 12 സീറ്റും
കൈപ്പിടിയിലൊതുക്കിയതും അടുത്തിടെ ഹരിയാന, മഹാരാഷ്ട്ര നിയമസഭകളിലേക്ക് നടന്ന
തിരഞ്ഞെടുപ്പുകളിലെ വിജയുമാണ് ബി.ജെ.പിക്ക് ആത്മവിശ്വാസം നൽകുന്ന ഘടകങ്ങൾ.
2000ത്തിൽ എ.ബി. വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെയാണ്
ജാർകണ്ഡ് സംസ്ഥാനം രൂപീകരിക്കപ്പെട്ടത്. ആ വർഷം നടന്ന തിരഞ്ഞെടുപ്പിൽ 32 സീറ്റുകൾ
നേടിയ ബി.ജെ.പി 2005ൽ 30ൽ ഒതുങ്ങി. ഒടുവിൽ 2009ൽ നടന്ന തിരഞ്ഞെടുപ്പിൽ 18
സീറ്റിലേക്ക് ചുരുങ്ങി. ഇത്തവണ കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകൾ എങ്ങനെയും
നേടിയെടുക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.
ബീഹാറിനോട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ
ലാലുവിന്റെ ആർ.ജെ.ഡിക്കും ഐക്യ ജനതാദളിനും ഇപ്പോഴും വോരോട്ടമുള്ള പ്രദേശങ്ങളുണ്ട്.
ഇവിടെ കുറച്ച് സീറ്റുകൾ നേടാനാണ് ഇവരുടെ ശ്രമം. സി.പി.ഐ, സി.പി.എം, നിലവിൽ ഒരോ
സീറ്റ് വീതമുള്ള ഇടത് സംഘടനകളാ സീറ്റുള്ള സി.പി.ഐ (എം.എൽ), മാർക്സിസ്റ്റ് കോ
ഓർഡിനേഷൻ തുടങ്ങിയ പാർട്ടികളും രംഗത്തുണ്ട്.
അടുത്തമാസം 23നാണ് ജാർകണ്ഡ്, ജമ്മുകാശ്മീർ നിയമസഭാ
തിരഞ്ഞെടുപ്പുകളുടെ ഫല പ്രഖ്യാപനം. ജാർകണ്ഡിൽ വിജയം ഉറപ്പിക്കാനാകുമെന്നാണ്
ബി.ജെ.പിയുടെ ഉറച്ച വിശ്വാസം. തിരഞ്ഞെടുപ്പ് ഫലം വരുന്ന അതേ ദിവസമാണ് പാർലമെന്റ്
സമ്മേളനം അവസാനിക്കുക. ജാർകണ്ഡിലെ വിജയാഘോഷത്തിനൊപ്പം ശൈത്യകാല സമ്മേളനത്തിന്റെ
കർട്ടൻ താഴ്‌ത്താനാണ് ബി.ജെ.പി നോക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ
കൂടാതെ മുന്നണിയായും മുന്നണിയല്ലാതെയും ഒരു പിടി കക്ഷികൾ രംഗത്തുള്ളതുകൊണ്ട്
തന്നെ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെങ്കിലും ഇത്തവണയും ആർക്കും വ്യക്തമായ
ഭൂരിപക്ഷമുണ്ടാവില്ലെന്ന് വിലയിരുത്തുന്ന രാഷ്ട്രീയ നിരീക്ഷകരും കുറവല്ല.
2009ലെ സീറ്റ് നില
ബി.ജെ.പി - 18
ജെ.എം.എം - 18
കോൺ - 14
ജെ.വി.എം (പി) – 11
ആർ.ജെ.ഡി - 5
എ.ജെ.എസ്.യു – 5
ഐക്യജനതാദൾ - 2
സി.പി.ഐ (എം.എൽ) – 1
ജെ.എം.എസ്.പി – 2
മറ്റുള്ളവർ 5
ആകെ 81
No comments:
Post a Comment