Powered By Blogger

Thursday, December 4, 2014

കരിപുരണ്ട കൽക്കരി രാഷ്ട്രീയം

Appeared on 2nd Dec 2014


ധൻബാദ്: ജനങ്ങൾക്കുമേൽ സ്വകാര്യ കമ്പനികളും സർക്കാരും കാലാകാലങ്ങളായി നടത്തിവരുന്ന അധിനിവേശമാണ് ധാതുസമ്പുഷ്ടതയ്‌ക്ക് പിന്നിൽ ജാർകണ്ഡിലെ ജനങ്ങൾക്ക് അനുഭവിക്കേണ്ടിവരുന്നത്. ഇന്ന് താമസിക്കുന്നയിടത്ത് നിന്ന് നാളെ ഒഴിഞ്ഞുപോകേണ്ടിവരുമെന്ന ഭീതിയോടെ കഴിയുന്നവർ. സ്വന്തം ഭൂമിയിൽ നിന്ന് ഒഴിയാൻ ആവശ്യപ്പെട്ട് അറിയിപ്പ് ലഭിച്ചിട്ടുള്ളവർ. ഹെക്‌ടർ കണക്കിന് കൽക്കരിപ്പാടങ്ങൾ. എവിടെ നോക്കിയാലും കൽക്കരി ഖനനം. ഖനനം കഴിഞ്ഞ് ഉപേക്ഷിച്ചുപോയ ഹെക്‌ടർ കണക്കിന് ഗർത്ഥങ്ങൾ. ഇതിനിടയിൽ കുറേ മനുഷ്യർ. കൽക്കരിയുടെ കരിപുരണ്ട രൂപത്തിലുള്ളവർ.
രാജ്യത്തിന്റെ കൽക്കരി തലസ്ഥാനമെന്ന് അറിയപ്പെടുന്ന ധൻബാദിൽ അതിന്റെ യഥാർത്ഥ ഉടമകൾക്ക് അന്നത്തെ അന്നത്തിന് പോലും വകയില്ലന്നതാണ് ശ്രദ്ധേയം. രാജ്യത്തെ ധാതുസമ്പത്ത് സർക്കാരിന്റെതാണ്. എന്നാൽ ഇവിടെ പല സ്വകാര്യ കമ്പനികളും മാഫിയകളും സർക്കാരിനൊപ്പം തന്നെ അത് കൈകാര്യം ചെയ്യുന്നു. തിരഞ്ഞെടുപ്പ് വേളയിൽ മാത്രമാണ് ഇവിടുത്തെ ജനതയ്‌ക്ക് ഉറപ്പുകൾ ലഭിക്കുന്നത്. അത് ഉറപ്പുകളായി മാത്രം അവശേഷിക്കുമെന്ന് ഇവിടുത്തെ ജനതയ്ക്ക് വ്യക്തമായി അറിയാം.  
ഖനനകമ്പനികളിൽ നിന്ന് കൽക്കരിയുമായി പോകുന്ന വണ്ടികളിൽ നിന്ന് വീഴുന്ന അസംസ്കൃത കൽക്കരി എടുത്ത് കത്തിച്ച് കൽക്കരിയാക്കി മാർക്കറ്റിൽ വിറ്റു ജീവിക്കുന്ന ആയിരകണക്കിന് കുടുംബങ്ങളാണ് ധൻബാദിലുള്ളത്. ധൻബാദിലെ കാലിബസ്തിയിൽ ആ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ചിത്രം പകർത്താൻ ശ്രമിച്ചപ്പോൾ,​ അവർ തട‍ഞ്ഞു. ഭീതിയോടെ അതിന്റെ കാരണവും അവർ വ്യക്തമാക്കി. നിങ്ങൾ ഇത് പ്രസിദ്ധീകരിക്കും. ഖനന കമ്പനി ഉടമകൾ ഞങ്ങളെ കൊല്ലും. ​​ കൽക്കരി ചാക്കിൽക്കെട്ടി മാർക്കറ്റിലേക്ക് കൊണ്ടുപോവുകയായിരുന്നു ലളിത് സാഹു പറയുന്നു. സർക്കാരിനെയും സ്വകാര്യ കമ്പനികളെയും അവർ ഒരേ പോലെയാണ് കാണുന്നത്.
1970ലാണ് കൽക്കരി മേഖല ദേശസാൽക്കരിച്ചത്. അതിന് മുൻപ് സ്വകാര്യ വ്യക്തികളുടെ കൈയ്യിലായിരുന്നു ഇവിടെ കൽക്കരി ഖനനം നടത്തിവന്നത്. ഭൂമി വെട്ടിപ്പിടിച്ച് മൈനുകളുണ്ടാക്കിയ രാജാക്കന്മാരായി വിരാജിക്കുകയും അതിനൊപ്പം തന്നെ രാഷ്ട്രീയവും കൈകാര്യം ചെയ്തിരുന്നവർ. ഖനി തൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയൻ ഉണ്ടാക്കിയ എസ്. ഡി. സിംഗ് തന്നെ ഇവിടെ പിന്നീട് ഖനിവ്യവസായിയായി മാറി. അദ്ദേഹത്തിന്റെ മകനും അന്തരവനുമാണ് ഇത്തവണ ധൻബാദിലെ ജാറിയ മണ്ഡലത്തിൽ നേർക്കുനേർ പോരാടുന്നത്. എസ്.ഡി.സിംഗ് കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന്റെ ഭാര്യ കുന്തി ഈ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ മകൻ സഞ്ജീവ് ആണ് ബി.ജെ.പി സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുന്നത്. സഞ്ജീവിനെതിരെ കോൺഗ്രസ്,​ ആർ.ജെ.ഡി,​ ജെ.ഡി.യു മുന്നണി സ്ഥാനാർത്ഥിയായി സിംഗിന്റെ അന്തരവനായ നീരജ് ആണ് മത്സരിക്കുന്നത്. ജെ.എം.എമ്മിന്റെ ശക്തികേന്ദ്രമല്ല ഇവിടെ.
മൂന്ന് വയസ് തികയും മുൻപെ ഇവിടുത്തെ കുട്ടികൾ ഖനികളിൽ നിന്ന് കൽക്കരി വാരി തുടങ്ങുന്നു. സ്‌കൂൾ വിദ്യാഭ്യാസത്തെപ്പറ്റി കേട്ടുകേൾവിയുണ്ടെങ്കിലും വിദ്യാലയങ്ങളുടെ വരാന്തകൾ പോലും കുട്ടികൾ കണ്ടിട്ടില്ല. ധൻബാദ് ജില്ലയിൽ എവിടെ നോക്കിയാലും കരിപുരണ്ട ഗ്രാമങ്ങളെയുള്ളു. അവരുടെ ജീവിതത്തിലും ഈ അന്ധകാരം വിട്ടൊഴിഞ്ഞിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി നോക്കുന്നവരാകട്ടെ ഭൂരിഭാഗവും പുറത്ത് നിന്ന് വന്നിട്ടുള്ളവരാണ്.
രാജ്യത്തെ ഓരോ പൗരനും ജോലി നൽകാൻ ശേഷിയുള്ള സംസ്ഥാനമാണ് ജാർകണ്ഡ് എന്നാണ് റാഞ്ചിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞത്.
രാജ്യത്തിന്റെ ഊർജ്ജസമ്പത്തിന് വലിയ തോതിൽ കൽക്കരി എത്തിക്കുന്ന ധൻബാദിലെ ഭൂരിഭാഗം ഗ്രാമങ്ങളിലും ഇന്നും വൈദ്യുതി ഒരു സ്വപ്നം മാത്രമാണ്. വൈദ്യുതി ലൈൻ എത്തിയിട്ടുള്ള ഇടങ്ങളിൽ പോലും വൈദ്യുതി എത്തുന്നത് ഒരു ദിവസം പരമാവധി മൂന്ന് മണിക്കൂരിൽ താഴെ മാത്രം. അവിടെയാണ് ജനത്തിന്റെ ചോദ്യം. ഈ സമ്പത്ത് യഥാർത്ഥത്തിൽ ആരുടെതാണ്. ഞങ്ങൾക്ക് ഇവിടെ എന്താണുള്ളത്.

യുവാക്കൾ വോട്ട് ചെയ്യാനെത്തില്ല

ബി.ജെ.പി ഉൾപ്പെടെയുള്ള പ്രമുഖ പാർട്ടികൾ ജാർകണ്ഡിൽ തേടുന്നത് യുവാക്കളുടെ വോട്ടാണ്. ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചരണത്തിലുടനീളം പ്രസംഗിച്ചത്. യുവാക്കളുടെ പ്രതിനിധിയായിട്ടാണ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രംഗത്തുള്ളത്. താൻ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാൻ ഒരു അവസരം നൽകിയാൽ ലക്ഷക്കണക്കിന് യുവാക്കൾക്ക് തൊഴിൽ നൽകാനാകുമെന്നാണ് ഹേമന്തിന്റെ പ്രചരണം. ബാബുലാൽ മറാൻഡിയുടെ ജെ.വി.എം(പി)​യും കോൺഗ്രസും ലക്ഷ്യമിടുന്നതും യുവാക്കളെയാണ്. എന്നാൽ ജാർകണ്ഡിലെ ഭൂരിഭാഗം യുവാക്കളും സംസ്ഥാനത്ത് ഇല്ലെന്നാണ് മാദ്ധ്യമപ്രവർത്തകനായ ബി. പാണ്ഡെ പറയുന്നത്. ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ അക്കാര്യം വ്യക്തമാവുകയും ചെയ്തു. കേരളം ഉൾപ്പെടെയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ജാർകണ്ഡിലെ യുവാക്കൾ. റാഞ്ചിക്ക് സമീപമുള്ള രാംഗർഹ് ഗ്രാമത്തിൽ ഒരു യുവാവിനെ പോലും കണ്ടെത്താനായില്ല. അവരുടെ മാതാപിതാകൾക്ക് മക്കൾ എവിടെയാണെന്ന കാര്യത്തിൽ വ്യക്തമായ ഉത്തരമില്ലെന്നതാണ് മറ്റൊരു കാര്യം. തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാനെത്തുമോയെന്ന കാര്യത്തിലും അവർക്ക് വ്യക്തമായ ഉത്തരമില്ല. 

No comments:

Post a Comment