Appeared on 24th March
ന്യൂഡൽഹി: പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ തലസ്ഥാനം, കേന്ദ്ര ഭരണ പ്രദേശം. രാജ്യത്തെ ആദ്യത്തെ ആസൂത്രിത നഗരം. ഇതെല്ലാമായ ചണ്ഡിഗഢിൽ ഈ തിരഞ്ഞെടുപ്പിൽ പൊരുതുന്നത് രണ്ട് പെണ്ണുങ്ങളും ഒരാണുമാണ്. ഇവിടെ മൂന്ന് തവണ തുടർച്ചയായി ജയിച്ച മുൻ റെയിൽവേ മന്ത്രി പവൻകുമാർ ബൻസാൽ കോൺഗ്രസ് ടിക്കറ്റിൽ വീണ്ടും മത്സരിക്കുമ്പോൾ എതിരാളികൾ ബോളിവുഡിലെ രണ്ട് താര സുന്ദരിമാരാണ്. ബി.ജെ.പിയുടെ കിരൺ ഖേറും ആം ആദ്മിയുടെ ഗുൽ പനാഗും.
മരുമകൻ കോഴ വാങ്ങിയ കേസിനെ തുടർന്ന് റെയിൽവേ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന ബൻസലിന് ഇത്തവണ സീറ്റ് നൽകില്ലെന്ന സൂചനയുണ്ടായിരുന്നു. അതിനിടെ ലുധിയാനയിൽ നിന്ന് മാറി ചണ്ഡിഗഢിൽ മത്സരിക്കാൻ കേന്ദ്രമന്ത്രി മനീഷ് തീവാരി ശ്രമിച്ചെങ്കിലും ബൻസൽ വിട്ടുകൊടുത്തില്ല. മൻമോഹൻസിംഗിന്റെ അടുത്ത അനുയായിയാണ് ബൻസൽ.
നടൻ അനുപം ഖേറിന്റെ ഭാര്യയാണ് ബി.ജെ.പി സ്ഥാനാർത്ഥി കിരൺ ഖേർ. ചണ്ഡിഗഢ് സ്വദേശിയാണെങ്കിലും മണ്ഡലത്തിൽ സുപരിചിതയല്ല. പ്രചാരണത്തിന് ആദ്യമായി മണ്ഡലത്തിലെത്തിയ കിരണിനെ ബി. ജെ. പിക്കാർ കരിങ്കൊടി വീശിയാണ് സ്വാഗതം ചെയ്തത് . അത് കോൺഗ്രസ് ക്യാമ്പുകൾക്ക് ആവേശം പകർന്നിട്ടുണ്ട്. എന്നാൽ കരിങ്കൊടി പ്രതിഷേധത്തിന് പിന്നിൽ സീറ്റ് നിഷേധിക്കപ്പെട്ട ചില നേതാക്കളാണെന്നാണ് കിരണും ഭർത്താവ് അനുപം ഖേറും ആരോപിക്കുന്നത്.
ആം ആദ്മി സ്ഥാനാർത്ഥിയായ ഗുൽ പനാഗ് 1999ലെ മിസ് ഇന്ത്യയും നടിയും മോഡലുമാണ്. ഗുൽ പനാഗാണ് ശരിക്കും മണ്ഡലത്തിലെ താരം. സൈനിക ഉദ്യോഗസ്ഥന്റെ മകളായ പനാഗ് വിവിധ നഗരങ്ങളിലെ 14 കേന്ദ്രീയ വിദ്യാലയങ്ങളിലായാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത്. അന്ന ഹസാരെയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിലൂടെയാണ് ഈ 35കാരി പൊതുരംഗത്ത് എത്തുന്നത്.
ബൻസലിനെതിരായ അഴിമതി ആരോപണമാണ് ബി.ജെ.പിയും ആം ആദ്മിയും ആയുധമാക്കിയിട്ടുള്ളത്. റെയിൽവേ ബോർഡ് അംഗത്തിൽ നിന്ന് 90 ലക്ഷം കോഴ വാങ്ങിയ കേസിലാണ് ബൻസലിന്റെ അനന്തരവനായ വിജയ് സിംഗ്ളയെ കഴിഞ്ഞ മേയിൽ സി.ബി.ഐ അറസ്റ്റ് ചെയ്തത്. തുടർന്നാണ് ബൻസൽ രാജിവച്ചത്. സി.ബി.ഐയുടെ കുറ്റപത്രത്തിൽ ബൻസലിന്റെ പേരില്ലാത്തതും പ്രോസിക്യൂഷൻ സാക്ഷിയാക്കിയതുമാണ് വീണ്ടും സീറ്റിന് അവകാശവാദമുന്നയിക്കാൻ ബൻസലിന് ശക്തി നൽകിയത്.
No comments:
Post a Comment