Powered By Blogger

Thursday, September 25, 2014

Western Ghats

Appeared on 25th 2014


ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണത്തിന് മാധവ് ഗാഡ്ഗിൽ സമിതി റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷൻ സമർപ്പിച്ചിട്ടുള്ള ഹർജിയിൽ ദേശീയ ഹരിത ട്രൈബ്യൂണൽ ഇന്ന് വിധി പറയും. കേസിൽ വാദം പൂർത്തിയായി.

പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നുണ്ടെന്ന് ട്രൈബ്യൂണൽ ഇന്നലെ വ്യക്തമാക്കി. പരിസ്ഥിതി ലോല മേഖലയുടെ കാര്യത്തിൽ ഗാഡ്ഗിൽ സമിതിയും കസ്തൂരിരംഗൻ സമിതി രണ്ട് കണ്ടെത്തലുകളാണ് നടത്തിയത്. ഇത് കൂടാതെ പരിസ്ഥിതി ലോല മേഖലയിൽ കൂടുതൽ പ്രദേശങ്ങളെ ഉൾപ്പെടുത്താമെന്ന് കേന്ദ്രം വ്യക്തമാക്കി. കസ്തൂരിരംഗൻ സമിതി നിർദ്ദേശിച്ചിട്ടുള്ള മേഖലകളെ ഒഴിവാക്കി മറ്റ് ചില മേഖലകളെ കൂടി കൂട്ടിച്ചേർത്താണ് കേരളം റിപ്പോർട്ട് സമർപ്പിച്ചത്. ഇതൊക്കെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. ഇക്കാര്യത്തിൽ ട്രൈബ്യൂണൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ല. സർക്കാരിന്റെ പ്രവർത്തനങ്ങളെ കോടതികളും ട്രൈബ്യൂണലുകളും തടസപ്പെടുത്തുന്നുവെന്നാണല്ലോ പ്രധാന ആരോപണം. അതുകൊണ്ട് കേന്ദ്രത്തിന് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാം. എന്നാൽ വേഗത്തിൽ വേണമെന്ന് മാത്രം. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകാവുന്നതുമാണ്. ഗോവയിൽ സ്വന്തം സർക്കാരല്ലേ ഭരിക്കുന്നതെന്നും ബെഞ്ച് കേന്ദ്രത്തോട് ചോദിച്ചു. അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് സമയ പരിധി അവസാനിക്കുന്ന ദിവസം വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നും ജസ്റ്റിസ് സ്വതന്തർ കുമാർ അദ്ധ്യക്ഷനായ പ്രിൻസിപ്പിൽ ബെഞ്ച് ഇന്നലെ വ്യക്തമാക്കി.

കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കും വരെ പശ്ചിമഘട്ടത്തിലെ മുഴുവൻ പരിസ്ഥിതി ലോല പ്രദേശങ്ങളിലും നവംബർ 13ലെ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൂടെയെന്ന ചോദ്യം ഇന്നലെയും ട്രൈബ്യൂണൽ ആവർത്തിച്ചു. മാർച്ച് 10ന് കേന്ദ്രം പുറപ്പെടുവിച്ച കരട് വിജ്ഞാപനം പ്രകാരം പശ്ചിമഘട്ടത്തിലെ കൂടുതൽ പ്രദേശങ്ങളെ പരിസ്ഥിതി ലോല പ്രദേശമായി ശുപാർശ ചെയ്യാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് പറയുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ട്രൈബ്യൂണൽ നിർദ്ദേശം മുന്നോട്ടുവച്ചത്. ഇക്കാര്യത്തിൽ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ ട്രൈബ്യൂണൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വനം പരിസ്ഥിതി മന്ത്രാലയ സെക്രട്ടറി വിദേശത്താണെന്നും അതുകൊണ്ട് സത്യവാങ്മൂലം സമർപ്പിക്കാൻ സാധിച്ചില്ലെന്നും കേന്ദ്രം അറിയിച്ചു. എന്നാൽ നിർദ്ദേശം നടപ്പാക്കാനാകില്ലെന്ന് കേന്ദ്രം ഇന്നലെ അറിയിച്ചു. ഏതെങ്കിലും സന്നദ്ധ സംഘടന ഉന്നയിക്കുന്ന ആവശ്യം അതേപടി അംഗീകരിക്കുക നടപ്പല്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

സ്ഥലപരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ള കേരളത്തിന്റെ കാര്യത്തിൽ വേണമെങ്കിൽ നാളെ തന്നെ തീരുമാനമെടുക്കാവുന്നതല്ലേയെന്ന് ട്രൈബ്യൂണൽ ചോദിച്ചു. ദേശീയ അടിസ്ഥാനത്തിൽ ഒരു തീരുമാനമെടുക്കുന്നതിന് പകരം സംസ്ഥാന അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്നതാണ് ഉചിതമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ട്രൈബ്യൂണലിന്റെ നിർദ്ദേശത്തോട് യോജിക്കുന്നതായി കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കൃഷ്ണൻ വേണുഗോപാലും സ്റ്റാൻഡിംഗ് കോൺസൾ ജോജി സ്‌കറിയയും അറിയിച്ചു. എന്നാൽ കേരളം സമർപ്പിച്ചിരിക്കുന്ന ഉമ്മൻ വി. ഉമ്മൻ റിപ്പോർട്ട് പ്രകാരം കസ്തൂരിരംഗൻ റിപ്പോർട്ടിൽ പറുയന്നതിനെക്കാൾ കുറവാണ് പരിസ്ഥിതി ലോല പ്രദേശമെന്ന് കേന്ദ്രം വ്യക്തമാക്കി.

പശ്ചിമഘട്ട മേഖലയിലാകെ നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ കേസിൽ കക്ഷിയായ ക്രഷർ ഓണേഴ്സിന് വേണ്ടി ഹാജരായ അഡ്വ. ബാബു കുറുവത്താഴം ശക്തമായി എതിർത്തു. കേസിൽ ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് അഡ്വ ബോബി അഗസ്റ്റിനും മെറ്റൽ ക്രഷർ യൂണിറ്റ് ഓണേഴ്സ് അസോസിയേഷന് വേണ്ടി അഭിഭാഷകരായ ബിജു പി. രാമൻ, എം.എസ്. വിഷ്ണു ശങ്കർ എന്നിവരും ഹാജരായി.

No comments:

Post a Comment