Powered By Blogger

Saturday, November 15, 2014

Agenda behind Cabinet expansion

Appeared on 11th Nov


ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടന്നെങ്കിലും വകുപ്പുകൾ സംബന്ധിച്ച് വിവരം പുറത്തുവന്നത് ‌ഞായറാഴ്ച അർദ്ധരാത്രിയാണ്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് പത്ത് മണിക്കൂർ പിന്നിട്ട ശേഷമാണ് മോദി തന്റെ മന്ത്രിസഭയുടെ പുതിയ ഘടന പുറത്തുവിട്ടത്. രണ്ട് തരത്തിലാണ് മന്ത്രിമാരെ മോദി തിരഞ്ഞെടുത്തത്. ഒന്ന് കഴിവുള്ളവർക്ക് മികച്ച വകുപ്പുകൾ. രണ്ട് ജാതിയുടെയും പ്രദേശങ്ങളുടെയും അടിസ്ഥാനത്തിൽ ആളുകൾക്ക് വകുപ്പുകൾ വീതിച്ചു നൽകി.

നിലവിലെ മന്ത്രിമാരുടെ അധിക വകുപ്പ് പുതിയ മന്ത്രിമാർക്ക് വീതിച്ചു നൽകുന്നതിന് പകരം പഴയ മന്ത്രിമാരുടെ വകുപ്പുകളിൽ വന്ന മാറ്റം തന്നെ ഇത് സൂചിപ്പിക്കുന്നു. അതിൽ സുപ്രധാനമാണ് റെിയിൽ മന്ത്രാലയം.

റെയിൽവേ, ആരോഗ്യ മന്ത്രാലയങ്ങളിലാണ് പ്രധാന മാറ്റം സംഭവിച്ചത്. ഇരു വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിമാരുടെ വകുപ്പുകൾ മാറി. റെയിൽ മന്ത്രിയായിരുന്ന സദാനന്ദ ഗൗഡയുടെ റെയിൽവേ മന്ത്രിസ്ഥാനം പുതുതായി അധികാരമേറ്റ സുരേഷ് പ്രഭുവിന് മോദി നൽകി. പകരം നിയമ വകുപ്പാണ് ഗൗഡയ്‌ക്ക് നൽകിയത്. ടെലികോം വകുപ്പിന് പുറമേ അധിക വകുപ്പായിട്ടാണ് രവിശങ്കർ പ്രസാദ് നിയമം കൈകാര്യം ചെയ്തിരുന്നത്. ആരോഗ്യ മന്ത്രിയായിരുന്ന ഹർഷ വർദ്ധന് ശാസ്ത്ര സാങ്കേതിക വകുപ്പ് നൽകിയപ്പോൾ, ആരോഗ്യം വിശ്വസ്തനായ ജെ.പി. നഡ്ഡയുടെ കൈകളിൽ ഏൽപ്പിച്ചു.

റെയിൽമന്ത്രിയെന്ന നിലയിൽ സദാനന്ദ ഗൗഡ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനാകാത്താണ് വകുപ്പ് മാറ്രാൻ കാരണമായതെന്നാണ് ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ജനങ്ങൾക്ക് ഭരണത്തിന്റെ ഫലം പെട്ടെന്ന് കാഴ്ചവയ്‌ക്കാൻ കഴിയുന്ന മന്ത്രാലയങ്ങളിൽ ഒന്നാണ് റെയിൽവേ. എന്നാൽ ഗൗഡ ഇക്കാര്യത്തിൽ പരാജയപ്പെട്ടതായാണ് വിലയിരുത്തൽ. രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ അടക്കമുള്ളവ കൊണ്ടുവരുമെന്ന് മോദി തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അഞ്ച് മാസത്തെ ഗൗഡയുടെ പ്രവർത്തനത്തിൽ മോദിക്ക് വലിയ മികവ് കണ്ടെത്താനായില്ല. ഇതുകൊണ്ടാണ് കഴിവു തെളിയിച്ചിട്ടുള്ള സുരേഷ് പ്രഭുവിന് റെയിൽ വകുപ്പ് ഏൽപ്പിക്കാൻ കാരണമായതെന്നാണ് അറിയുന്നത്. വാജ്‌പേയി മന്ത്രിസഭയിൽ ഊർജ്ജ മന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച വ്യക്തിയെനാണ് പ്രഭു.

ആരോഗ്യം മികച്ച രീതിയിൽ തന്നെയാണ് ഹർഷവർദ്ധൻ കൈകാര്യം ചെയ്തിരുന്നതെങ്കിലും ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് താരതമ്യേന കുറഞ്ഞ ഉത്തരവാദിത്വമുള്ള വകുപ്പിലേക്ക് മാറ്റിയെന്ന് അറിയുന്നു. ഡൽഹിയിൽ ബി.ജെ.പി ഭരണം പിടിച്ചെടുക്കുകയാണെങ്കിൽ ഹർഷ വർദ്ധനെ മുഖ്യമന്ത്രിയാക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഹർഷവർദ്ധന് ഭാരിച്ച ഉത്തരവാദിത്വം നൽകാനാവില്ല. മാത്രമല്ല, പുതുതായി മന്ത്രിസഭയിലേക്ക് വന്ന മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനായ ജെ.പി.നഡ്ഡയ്‌ക്ക് നല്ല വകുപ്പ് കൊടുക്കേണ്ടതുമുണ്ടായിരുന്നു. ഇക്കാരണങ്ങൾ കൊണ്ടാണ് ജെ.പി.നഡ്ഡയെ ആരോഗ്യ വകുപ്പ് നൽകിയതെന്നാണ് അറിയുന്നത്.

ധനകാര്യം, കോർപ്പറേറ്റ് കാര്യം എന്നീ പ്രധാനപ്പെട്ട വകുപ്പുകൾക്ക് പുറമേ പ്രതിരോധം കൂടി കൈകാര്യം ചെയ്യുകയായിരുന്നു അരുൺ ജെയ്റ്റ്‌ലി. മനോഹർ പരിക്കർ വന്നതോടെ പ്രതിരോധത്തിന്റെ ഭാരം കുറഞ്ഞുകിട്ടിയെങ്കിലും വീണ്ടും വകുപ്പുകൾ എണ്ണം മൂന്നായി. പ്രകാശ് ജാവദേക്കർ കൈകാര്യം ചെയ്തിരുന്ന വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ജെയ്‌റ്റ്‌ലിക്ക് നൽകി. ഇതോടെ ജാവദേക്കറിന് വനം പരിസ്ഥിതി മന്ത്രാലയം മാത്രമായി ചുരുങ്ങി. ബഡ്ജ‌റ്റിന് അഞ്ച് മാസം മാത്രം ബാക്കി നിൽക്കെ മുൻ ധനകാര്യമന്ത്രി യശ്വന്ത് സിൻഹയുടെ മകൻ ജയന്ത് സിൻഹയ്ക്ക് പ്രതീക്ഷിച്ച പോലെ തന്നെ ധനകാര്യത്തിന്റെ സഹമന്ത്രി സ്ഥാനം നൽകി. ജെയ്‌റ്റ്ലിയെ വാർത്താവിതരണ പ്രക്ഷേപണ വകുപ്പിൽ സഹായിക്കാൻ ഒളിമ്പ്യൻ രാജ്യവർദ്ധൻ സിംഗ് റാത്തോഡിനെ ആ വകുപ്പിന്റെ സഹമന്ത്രിയാക്കി.

ഹരിയാനയിൽ ജാട്ട് വിഭാഗക്കാരനായ മുൻ കോൺഗ്രസ് നേതാവ് ചൗധരി ബീരേന്ദ്ര സിംഗിന് നിതിൻ ഗഡ്കരി അധിക വകുപ്പായി കൈകാര്യം ചെയ്തിരുന്ന ഗ്രാമ വികസനം നൽകി. രാജീവ് ഗാന്ധിയുടെ പ്രിയപ്പെട്ടവരിൽ ഒരാളും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായിരുന്നു ബീരേന്ദ്ര സിംഗ്.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനുള്ള പ്രത്യേക വകുപ്പിന്റെ സ്വതന്ത്ര ചുമതലയിൽ നിന്ന് ജനറൽ വി.കെ. സിംഗിനെ പ്രധാനമന്ത്രി ഒഴിവാക്കി. ഇതിന് പകരം സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് സിംഗിന് നൽകി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള ഡോ. ജിതേന്ദ്ര സിംഗിനാണ് വടക്ക് കിഴക്കൻ മേഖലാ വികസനത്തിന്റെ സ്വതന്ത്ര ചുമതല ലഭിച്ചത്.

മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല വഹിക്കുന്ന സ്മൃതി ഇറാനിക്ക് രണ്ട് സഹമന്ത്രിമാരെയും മോദി അനുവദിച്ചു. ഡോ. രാം ശങ്കർ, ഉപേന്ദ്ര കുശ്‌വാഹ എന്നിവരെയാണ് ഇവരെ സഹായിക്കുന്ന സഹമന്ത്രിമാർ. ആഭ്യന്തര മന്ത്രിയായ രാജ്നാഥ് സിംഗിനെ സഹായിക്കാൻ നിലവിലുള്ള സഹമന്ത്രിയായ കിരൺ റിജിജുവിന് പുറമേ ഗുജറാത്തിൽ നിന്നുള്ള എച്ച്. പി. ചൗധരിയെയും നൽകി.

ബി.ജെ.പിയുടെ മെഡിക്കൽ സെൽ മേധാവിയും കൈലാഷ് ഗ്രൂപ്പ് ഒഫ് ഹോസ്‌പിറ്റൽസ് ചെയർമാനുമായ ഡോ. മഹേഷ് ശർമ്മയ്ക്ക് സാംസ്കാരികം, ടൂറിസം വകുപ്പുകളുടെ സ്വതന്ത്ര ചുമതലയാണ് നൽകിയിട്ടുള്ളത്.

ഖനി, സ്റ്റീൽ, തൊഴിൽ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന കാബിനറ്റ് മന്ത്രിയായ നരേന്ദ്ര സിംഗ് തോമറിൽ നിന്ന് തൊഴിൽ മന്ത്രാലയം നഷ്ടമായി. ഇത് സ്വതന്ത്ര ചുമതലയായി ബന്ധാരു ദത്താത്രേയ്‌ക്ക് നൽകി.

ഇതൊക്കെയാണെങ്കിലും 1998ലെ വാജ്‌പേയി മന്ത്രിസഭയിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല വഹിച്ചിരുന്ന ബി.ജെ.പിയുടെ മുസ്‌ലിം മുഖമായ മുക്താർ അബാസ് നഖ്‌വിക്ക് സഹമന്ത്രി സ്ഥാനം മാത്രമേ ലഭിച്ചുള്ളു. ന്യൂനപക്ഷ ക്ഷേമം, പാർലമെന്ററി കാര്യം എന്നീ വകുപ്പുകളാണ് നഖ്‌വിക്ക് നൽകിയിട്ടുള്ളത്.

മുൻപ് വ്യോമയാന മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല വഹിച്ചിരുന്ന പൈലറ്റ് കൂടിയായ രാജീവ് പ്രതാപ് റൂഡിക്ക് നൈപുണ്യ പരിശീലനം, സംരംഭകത്വം (സ്വതന്ത്ര ചുമതല) നൽകി.

No comments:

Post a Comment