Powered By Blogger

Saturday, November 15, 2014

Sreeni Named

Appeared on 15th Nov

ന്യൂഡൽഹി: ഐ.പി.എൽ വാതുവയ്പ് കേസിൽ ഐ.സി.സി അദ്ധ്യക്ഷൻ എൻ. ശ്രീനിവാസന് തിരിച്ചടി. വാതുവയ്പ് കേസ് അന്വേഷിച്ച മുദ്ഗൽ സമിതി റിപ്പോർട്ടിൽ ശ്രീനിവാസന്റെ പേരുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശ്രീനിവാസന്റെ മരുമകൻ ഗുരുനാഥ് മെയ്യപ്പൻ, രാജസ്ഥാൻ റോയൽസ് സഹയുടമയും നടി ശില്പാ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര, ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്റർ സുന്ദര രാമൻ എന്നിവരുടെ പേരുകളും കോടതി ഇന്നലെ പരസ്യപ്പെടുത്തി. ഇവരുടെ പേരുകൾ പരസ്യപ്പെടുത്തുന്നതിൽ പ്രശ്നമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും.

റിപ്പോർട്ടിൽ പരാമർശിക്കപ്പെടുന്ന താരങ്ങളുടെ പേര് തത്ക്കാലം പരസ്യപ്പെടുത്തുന്നില്ലെന്നും ജസ്റ്റിസ് ടി.എസ്. താക്കൂർ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം, താരങ്ങൾ ആണെന്ന് അറിയാതെ മൂന്ന് പേരുകൾ ബെഞ്ച് പരസ്യപ്പെടുത്തി. എന്നാൽ അത് പ്രസിദ്ധീകരിക്കരുതെന്ന് തുടർന്ന് നി‌ർദ്ദേശവും പുറപ്പെടുവിച്ചു. ആകെ 13 പേരുകളാണ് റിപ്പോർട്ടിലുള്ളത്. ഇവർ ദുഷ്ചെയ്തികളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടിലുണ്ടെന്ന് കോടതി വ്യക്തമാക്കി.

പേര് പരസ്യമാക്കപ്പെട്ടവർക്ക് താരങ്ങളുടെ പേര് ഒഴിവാക്കിയുള്ള മുദ്ഗൽ സമിതി റിപ്പോർട്ട് കൈമാറാനും ബെഞ്ച് നിർദ്ദേശിച്ചു. ഇതിന്മേൽ നാല് ദിവസത്തിനകം എതിർപ്പ് അറിയിക്കാം.

ഈ മാസം 20ന് നടക്കാനിരിക്കുന്ന ബി.സി.സി.ഐയുടെ ജനറൽ ബോ‌ഡ‌ി യോഗം നടത്താനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട ശേഷം മാത്രമേ അത്തരം കാര്യങ്ങളിലേക്ക് പോകാനാകു. നിലവിൽ ഐ.സി.സി അദ്ധ്യക്ഷനായ ശ്രീനിവാസൻ നടക്കാനിരിക്കുന്ന ജനറൽ ബോഡി യോഗത്തിൽ ഒരു ടേമിന് കൂടി ശ്രമം നടത്താനിരിക്കെയാണ് സുപ്രീം കോടതി പേരുകൾ പരസ്യമാക്കിയിരിക്കുന്നതും യോഗം നിറത്തിവയ്‌ക്കാൻ ഉത്തരവിട്ടിരിക്കുന്നതും.

തിര‌ഞ്ഞെടുപ്പ് ഉടൻ നടക്കേണ്ടതുണ്ടെന്നും ശ്രീനിവാസനെ മത്സരിക്കാൻ അനുവദിക്കണമെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. എന്നാൽ റിപ്പോർട്ടിൽ അന്തിമ തീരുമാനമെടുക്കും അക്കാര്യത്തിൽ ഒരു വ്യക്തമായ ഉറപ്പ് നൽകാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഇതിനിടെ ബി.സി.സി.ഐക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരിയാമ സുന്ദരം തിരഞ്ഞെടുപ്പ് വാർഷിക യോഗം നാലാഴ്ചത്തേക്ക് മാറ്റിവയ്‌ക്കാൻ തീരുമാനിച്ചതായി കോടതി അറിയിച്ചു. എല്ലാ വർഷവും സെപ്തംബർ 30നകമാണ് യോഗം നടക്കുന്നത്. കേസ് നടക്കുന്നതിനാൽ ഈ വർഷം നവംബർ 20ലേക്ക് മാറ്റുകയായിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും മാറ്റിവച്ചിരിക്കുന്നത്.

ആരോപണ വിധേയരുടെ കൂട്ടത്തിൽ നിലവിൽ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടവരുമുണ്ടെന്നാണ് സൂചന. വാതുവയ്‌പ് കണ്ണിയും ബോളിവുഡ് താരവുമായ വിന്ധു ധാരാസിംഗുമായുള്ള ഫോൺ സംഭാഷണത്തിലെ മെയ്യപ്പന്റെതാണെന്ന് സെന്റട്രൽ ഫോറൻസിഖ് സയൻസ് ലാബോറട്ടറിയിലെ പരിശോധനയിൽ വ്യക്തമായിരുന്നു.

വാതുവയ്പുമായി ബന്ധപ്പെട്ട് രണ്ട് ഭാഗങ്ങളുള്ള റിപ്പോർട്ടാണ് മുദ്ഗൽ സമർപ്പിച്ചിട്ടുള്ളത്. ഒന്നിൽ കളിക്കാരുടെ പേരുകളം അവരുടെ പങ്കുമാണ് വ്യക്തമാക്കുന്നത്. രണ്ടാമത്തെ ഭാഗത്തിലാണ് മറ്റുള്ളവരുടെ പങ്കിനെക്കുറിച്ച് പറയുന്നത്. റിപ്പോർട്ട് പരിശോധിച്ചതായും ബെഞ്ച് വ്യക്തമാക്കി. റിപ്പോർട്ടിൽ പരാമർശിക്കപ്പെടുന്നവർക്കെതിരെ തെളിവുകൾ ഉണ്ടെന്നും ബെഞ്ച് പറഞ്ഞു. അതുകൊണ്ട് തന്നെ ആ പേരുകൾ പരസ്യപ്പെടുത്തുകയാണെന്നും തത്ക്കാലം താരങ്ങളുടെ പേരുകൾ പുറത്തുവിടുന്നില്ലെന്നും ജസ്റ്റിസ് താക്കൂർ പറഞ്ഞു. തുടർന്നാണ് ബെഞ്ച് പേരുകൾ വായിച്ചത്. റിപ്പോർട്ടിൽ താരങ്ങളുടെ പേരുകൾക്ക് പകരം ചിഹ്നവും അക്കവും ചേർന്ന കോഡിലാണ് അവരെപ്പറ്റി സൂചിപ്പിച്ചിട്ടുള്ളത്. ഈ കോഡുകളുടെ പൂർണ നാമം സുപ്രീം കോടതിക്ക് പ്രത്യേക മുദ്ര വച്ച കവറിലാണ് മുദ്ഗൽ സമിതി സമർപ്പിച്ചിട്ടുള്ളത്.

No comments:

Post a Comment