Powered By Blogger

Wednesday, April 16, 2014

Bareilly Election report


Appeared on 15th April 2014

ബറേലിയിൽ ദേശീയ പാർട്ടികളുടെ ബലാബലം

Posted on: Tuesday, 15 April 2014 

ന്യൂഡൽഹി: വിപണി നോക്കി വിളവ് ഇറക്കുന്ന കർഷക മനസാണ് വടക്ക് വടക്ക് പടിഞ്ഞാറൻ യു.പിയിലെ റോഹിൽഖണ്ഡിന്റെത്. എന്നാൽ ജനവിധി തീരുമാനിക്കുമ്പോൾ കാർഷിക താത്പര്യങ്ങൾ വിഷയമേയല്ല.  ഈ വർഷം വിളവെടുത്ത കരിമ്പിന്റെ പണം ലഭിക്കാൻ ഒരു വർഷം കാത്തിരിക്കേണ്ടി വരുമ്പോഴും അതും ചർച്ചയാകുന്നില്ല. പകരം മതവും ജാതിയും കലാപങ്ങളുമാണ് പോളിംഗ് ബൂത്തിലെത്തുമ്പോൾ വോട്ടർമാരെ സ്വാധീനിക്കുന്നത്. ഇത് മുതലെടുക്കാൻ തന്നെയാണ് എല്ലാ പാർട്ടികളുടെയും ശ്രമം. ചൂരൽ കസേരകളുടെയും വീട്ടുപകരണങ്ങളുടെയും കേന്ദ്രം എന്ന അറിയപ്പെടുന്ന സുറുമകളുടെ നഗരമായ ബറേലിയിലും മുസാഫർനഗർ കലാപം തന്നെയാണ് പ്രധാന ചർച്ചാ വിഷയം.

മുസാഫർനഗർ കലാപത്തിന് പകരം വീട്ടണമെന്ന നരേന്ദ്രമോഡിയുടെ അടുത്ത അനുയായിയായ അമിത്ഷായുടെ ആഹ്വാനം ഇവിടുത്തെ ബി.ജെ.പി ക്യാമ്പുകളെ ആവേശത്തിലാക്കിയിട്ടുണ്ട്. ബറേലിയിലെ പ്രേം നഗറിലെ വസിതിയിലിരുന്നുകൊണ്ട് കേരളകൗമുദിയോട് സംസാരിക്കുമ്പോൾ ബറേലിയിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ സന്തോഷ് കുമാർ ഗാംഗ്വാറിന്റെ വാക്കുകളിൽ ആ ആവേശം പ്രകടമായിരുന്നു. അമിത് ഷായുടെ വാക്കുകൾ പോലും ഒരു ഘട്ടത്തിൽ അദ്ദേഹം ആവർത്തിച്ചു. മുസാഫർനഗർ കലാപത്തിനുള്ള മറുപടി ഈ തിരഞ്ഞെടുപ്പിലുണ്ടാകുമെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. രാമക്ഷേത്രത്തിന് വേണ്ടിയുള്ള പ്രക്ഷോഭം ഉയർന്ന കാലഘട്ടത്തിലാണ് ആ വികാരം ഉയർത്തിക്കാട്ടി ഗാംഗ്വാർ മണ്ഡലത്തിൽ ആദ്യമായി വിജയിച്ചതാണ്. 1989 മുതൽ 2004വരെ നടന്ന ആറ് തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം വിജയം തുടർന്നു. പക്ഷേ കഴിഞ്ഞ തവണ കോൺഗ്രസിനോട് പരാജയപ്പെട്ടു. നേരിയ ഭൂരിപക്ഷത്തിനായിരുന്നു പരാജയം. എന്നാൽ ഇത്തവണ ഉന്നം പിഴയ്‌ക്കില്ലെന്ന് ഗാംഗ്വാർ ഉറപ്പിച്ചു പറയുന്നു.

രാജ്യത്താകെ മോഡി തരംഗമുണ്ടെന്നും കേരളത്തിൽ പോലും അക്കൗണ്ട് തുറന്നേക്കുമെന്നും മുൻകേന്ദ്രമന്ത്രി കൂടിയായ ഗാംഗ്വാർ പറഞ്ഞു. കേരളം ആർ.എസ്.എസിനും ബി.ജെ.പിക്കും നല്ല വോരോട്ടമുള്ള സ്ഥലമാണ്. എന്നാൽ തിരഞ്ഞെടുപ്പ് വരുമ്പോൾ എല്ലാം തകിടം മറിയും. പക്ഷേ ഇത്തവണ മന്ത്രിസഭയിലെ പഴയ സഹപ്രവർത്തകനായ ഒ. രാജഗോപാൽ തിരുവനന്തപുരത്ത് വിജയിക്കാൻ സാദ്ധ്യതയുണ്ടെന്നാണ്  അദ്ദേഹത്തിന്റെ  കണക്കുകൂട്ടൽ.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ രണ്ട് വർഗീയ കലാപങ്ങൾക്ക് സാക്ഷ്യം വഹിച്ചതാണ്  യു.പിയിലെ ഏഴാമത്തെ വലിയ നഗരം കൂടിയായ ബറേലി . 2010 മാർച്ചിലായിരുന്നു ആദ്യ കലാപം. 2012 ജുലായിൽ അടുത്ത കലാപവും പൊട്ടിപ്പുറപ്പെട്ടു. എന്നാൽ  ഇരുപത് വർഷം താൻ എം.പിയായിരുന്നപ്പോൾ ഒരു കലാപമുണ്ടായില്ലെന്ന്  ഗാംഗ്വാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം കലാപത്തിന് ഉത്തരവാദികൾ ബി.ജെ.പിയാണെന്നാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥിയും സിറ്റിംഗ് എം.പിയുമായ പ്രവീൺ സിംഗ് ഏറൺ പറയുന്നത്.

മുസ്‌ലിം സമുദായത്തിന്  സ്വാധീനമുള്ള മേഖലയാണ് ബറേലി. 33 ശതമാനം മുസ്‌ലിങ്ങളാണ് . ബാക്കി 67 ശതമാനം ഹിന്ദുക്കളിൽ കുർമി, ഗാംഗ്വാർ സമുദായങ്ങളാണ് കൂടുതലും. പിന്നാക്ക വിഭാഗങ്ങളിൽപ്പെടുന്ന ഈ രണ്ട് സമുദായങ്ങളും ഒപ്പം നിൽക്കുമെന്നാണ് ബി.ജെ.പിയുടെ വിശ്വാസം. അതിന് വേണ്ടിയാണ് പിന്നാക്കക്കാരനായ മോഡിയെ തന്നെ നേരിട്ട് ബറേലിയിൽ ഇറക്കിയതും.

ചരിത്രത്തിൽ ഇതുവരെ ദേശീയ പാർട്ടികളെ മാത്രം തുണച്ചിട്ടുള്ള മണ്ഡലമാണ് ബറേലി. റോഹിൽഖണ്ഡ് മേഖലയിലെ മറ്റ് മണ്ഡലങ്ങളിലും ദേശീയ പാർട്ടികൾക്ക് എന്നും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനായിട്ടുണ്ട്. അതുകൊണ്ട് തന്നെ കോൺഗ്രസും ശക്തമായ പ്രചരണങ്ങളോടെ മുന്നോട്ടു നീങ്ങുന്നു. ഇന്നലെ ഈ മേഖലയിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും നരേന്ദ്ര മോഡിയും റാലികളിൽ പങ്കെടുത്ത് ശക്തി തെളിയിച്ചിരുന്നു. രാഹുൽ ഗാന്ധിയും ഒന്നിലധികം റാലികളിൽ പങ്കെടുത്തു. പുരാൻപുർ പാലിയ മേഖലയിലെ സിക്ക് വോട്ടർമാരെ ലക്ഷ്യം വച്ച് പ്രധാനമന്ത്രി മൻമോഹൻ സിംഗിനെയും രംഗത്തിറക്കിയിരുന്നു.

ഇതൊക്കെയാണെങ്കിലും ഇത്തവണ ഇവിടെ ചരിത്രം തിരുത്തിക്കുറിക്കാനാകുമെന്നാണ് ബി.എസ്.പി കണക്കുകൂട്ടൽ. അവരുടെ സ്ഥാനാർത്ഥിയായ ഉമേഷ് ഗൗതമിന് പിന്തുണയുമായി അൽ ഹസ്രത് വിഭാഗത്തിന്റെ പുരോഹിതൻ കൂടിയായ മൗലാന താഹീർ രംഗത്തുവരികയും ചെയ്തിരുന്നു. അതേസമയം സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർത്ഥിക്കു പിന്തുണയുമായി മറ്റൊരു മുസ്‌ലിം പുരോഹിതൻ രംഗത്തെത്തിയത് വോട്ടുകൾ മുസ്‌ലിം വോട്ടുകൾ ഭിന്നിപ്പിക്കുമെന്ന സൂചനയാണ് നൽകുന്നത്. വടക്ക് പടിഞ്ഞാറൻ  യു.പിയിലെ 11 മണ്ഡലങ്ങൾക്കൊപ്പം ഈ മാസം 17നാണ് ഇവിടെ വോട്ടെടുപ്പ് .

No comments:

Post a Comment