Powered By Blogger

Thursday, April 24, 2014

തമിഴ് മണ്ണിൽ മഴവിൽ മത്സരം

Appeared on 24th

ന്യൂഡൽഹി: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു തമിഴ്നാട് രാഷ്ട്രീയം അടുത്ത കാലം വരെ. രണ്ട് പാർട്ടികളെ ചുറ്റിപ്പറ്റിയാണ് കാര്യങ്ങൾ നടന്നിരുന്നത്. എം. കരുണാനിധി നേതൃത്വം നൽകുന്ന ഡി.എം.കെയും മുഖ്യമന്ത്രി ജെ. ജയലളിത നേതൃത്വം നൽകുന്ന അണ്ണാ ഡി.എം.കെയും. ഇവരുമായി സഖ്യത്തിൽ ഏർപ്പെട്ടിരുന്ന കക്ഷികൾക്ക് മാത്രമാണ് വിജയം കൈവരിക്കാനായിരുന്നത്. അതിനാലാണ് പല കക്ഷികൾ എല്ലാ വിട്ടുവീഴ്ചകളും സഹിച്ച് ഇവർക്കൊപ്പം നിന്നത്. എന്നാൽ ഇത്തവണ കാര്യങ്ങൾ മാറി മറിഞ്ഞിരിക്കുകയാണ്. അണ്ണാ ഡി.എം.കെയും ഡി.എം.കെയ്ക്കും ബദലായി ബി.ജെ.പിയുടെ നേതൃത്വത്തിലുണ്ടാക്കിയ മഴവില്ല് സഖ്യത്തിൽ മുഖ്യപ്രതിപക്ഷമായ നടൻ വിജയ്‌കാന്തിന്റെ ഡി.എം.ഡി.കെ ഉൾപ്പെടെയുള്ള കക്ഷികളുണ്ട്. ഇതോടെ എല്ലാ മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് രൂപപ്പെട്ടത്. ഡി.എം.കെയുമായി സഖ്യം പൊളി‌ഞ്ഞ കോൺഗ്രസാണ് ഏറ്റവും തകർന്നുപോയത്. പല മുതിർന്ന നേതാക്കളും മത്സരിക്കാൻ പോലും തയ്യാറായില്ല. സി.പി.എമ്മും സി.പി.ഐയ്‌ക്കും ഒരു മുന്നണിയിലും എത്തിചേരാനുമായില്ല.

2011 മുതൽ സംസ്ഥാനത്ത് ഭരണം നടത്തുന്ന അണ്ണാ ഡി.എം.കെ ഭരണവിരുദ്ധ വികാരമില്ലെന്ന ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. അതിന്റെ ഊർജ്ജവും അവരുടെ പ്രചരണത്തിലുണ്ടായിരുന്നു. എന്നാൽ മഴവില്ല് സഖ്യം വലിയ തോതിൽ ജയയുടെ പ്രതീക്ഷകളെ തകിടം മറിച്ചു കളഞ്ഞുവെന്നാണ് നിരീക്ഷകർ പറയുന്നത്. മോഡിയുടെ അടുത്ത സുഹൃത്ത് എന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്ന ജയ അതിനാലാണ് കഴിഞ്ഞ ദിവസം മോഡിക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്. കൂടാതെ മോഡിയുമായുള്ള അടുപ്പം മുസ്‌ലിം വോട്ടുകളെ അകറ്റുമെന്നും ജയ ഭയക്കുന്നുണ്ട്. ഇതെല്ലാം മുൻകൂട്ടി കണ്ടാണ് മോഡിയുടെ ഗുജറാത്ത് വികസനം പൊള്ളയാണെന്ന് അവർ ആഞ്ഞടിച്ചത്. സംസ്ഥാനത്ത് പ്രചരണത്തിനെത്തിയ മോഡിയും വെറുതെയിരുന്നില്ല. ജയയെയും കരുണാനിധിയെയും രൂക്ഷമായി വിമർശിച്ചാണ് മോഡി പ്രസംഗിച്ചത്.

പാർട്ടിക്കുള്ളിലെ ശക്തമായ ഭിന്നിപ്പുകളും മക്കളെ ഒരുമിച്ച് നിറുത്താൻ കഴിയാത്തതുമാണ് കരുണാനിധിയുടെ ഡി.എം.കെയെ വലയ്‌ക്കുന്നത്. ഒന്നാം യു.പി.എ സർക്കാർ കാലത്ത് ടു.ജി സ്‌പെക്‌ട്രം ഇടപാടിൽ മകൾ കനിമൊഴിയും മന്ത്രി എ.രാജയും കുടുങ്ങിയത് വഴിയുണ്ടായ കളങ്കവും ഇതുവരെ മാറിയിട്ടില്ല. എ.രാജയ്‌ക്ക് ഉൾപ്പെടെ സീറ്റ് നൽകിയതും വാർത്തയായിരുന്നു. തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കെ മകൻ എം.കെ. അഴഗിരിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതും ഡി.എം.കെയ്‌ക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. അതിനാലാണ് മകൻ എം.കെ. സ്റ്റാലിനിനെ പിൻസീറ്റിലിരുത്തി പ്രായത്തിന്റെ വീൽ ചെയറിൽ കരുണാനിധി തന്നെ പ്രചരണത്തിന്റെ നേതൃത്വം ഏറ്റെടുത്തത്.

വികസനം തന്നെയാണ് എല്ലാ പാർട്ടികളുടെയും മുന്നണികളുടെ പ്രധാന പ്രചാരണ ആയുധം.

എന്നാൽ ഭരണവിരുദ്ധ വികാരമില്ലെന്ന ആത്മവിശ്വാസത്തിലാണ് ഡൽഹി സ്വപ്നങ്ങൾ പൂവണിയും എന്ന പ്രതീക്ഷയിൽ ജയലളിത പ്രചരണം രംഗം കൊഴുപ്പിച്ചത്. തന്റെ ഭരണ നേട്ടങ്ങളെ അക്കമിട്ട് നിരത്തിയാണ് അവർ ജനങ്ങളുടെ ഇടയിലെത്തിയത്. ഇതൊക്കെയാണെങ്കിലും ഇതുവരെയുള്ള രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞത് തമിഴ്നാട്ടിൽ തിര‌ഞ്ഞെടുപ്പ് പ്രവചനങ്ങൾക്ക് അതീതമാക്കിയിരിക്കുകയാണ്.

 മഴവില്ല് സഖ്യം
അണ്ണാ ഡി.എം.കെയ്‌ക്കും ഡി.എം.കെയ്‌ക്കും ശക്തമായ ബദലായിട്ടാണ് ബി.ജെ.പി നേതൃത്വം നൽകുന്ന മഴവില്ല് സഖ്യം നിൽക്കുന്നത്. ബി.ജെ.പിയെ കൂടാതെ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ വിജയ് കാന്തിന്റെ ഡി.എം.ഡി.കെ, എസ്. രാമദാസിന്റെ പി.എം.കെ, വൈക്കോയുടെ എം.ഡി.എം.കെ, എ.സി. ഷൺമുഖത്തിന്റെ പി.എൻ.കെ, ഇ.ആർ. ഈശ്വരന്റെ കെ.എം.ഡി.കെ, ടി.ആർ. പാച്ചിമുത്തുവിന്റെ ഐ.ജെ.കെ എന്നീ കക്ഷികളടങ്ങുന്നതാണ് മഴവില്ല് സഖ്യം. 39 സീറ്റുകളിൽ ഡി.എം.ഡി.കെ14 മണ്ഡലങ്ങളിലും ബി.ജെ.പിയും പി.എം.കെയും എട്ട് വീതം മണ്ഡലങ്ങളിലുമാണ് മത്സരിക്കുന്നത്. മറ്റ് നാല് കക്ഷികൾക്കും പത്ത് സീറ്റുകൾ വീതിച്ചു നൽകി. വൈകിയാണ് ഇങ്ങനെയാരു മുന്നണി സംവിധാനം രൂപപ്പെട്ടതെങ്കിലും സ്വന്തം സ്ഥാനാർത്ഥികളായ പൊൻ രാധാകൃഷ്‌ണൻ (കന്യാകുമാരി), സി.പി. രാധാകൃഷ്ണൻ (കോയന്പത്തൂർ) എന്നിവരെ വിജയിപ്പിക്കാൻ ഇത് സഹായകരമാകുമെന്ന് ബി.ജെ.പി കണക്കുക്കൂട്ടുന്നു.

സഖ്യത്തിന്റെ ഭാഗമായ വൈക്കോ (വിരുദുനഗർ), അൻപുമണി രാമദാസ് (ധർമ്മപുരി), എൽ.കെ. സുധീഷ് (സേലം ) എന്നിവർ വിജയിക്കുമെന്ന പ്രതീക്ഷയും ബി.ജെ.പിക്കുണ്ട്.

സൂപ്പർ സ്റ്റാർ രജനികാന്തുമായും യുവ സൂപ്പർ താരമായ വിജയ്‌യുമായും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ നരേന്ദ്രമോഡി കൂടിക്കാഴ്ച നടത്തിയത് ഗുണം ചെയ്യുമെന്നും ബി.ജെ.പി കണക്കുക്കൂട്ടുന്നുണ്ട്.

 സി.പി.എം സി.പി.ഐ ഒറ്റയ്‌ക്ക്
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയുമായി സഖ്യത്തിൽ മത്സരിച്ച സി.പി.എമ്മും സി.പി.ഐക്കും ജയലളിത മൂന്ന് വീതം സീറ്റുകൾ നൽകിയിരുന്നു. ഇതിൽ ഓരോ സീറ്റ് വീതം ഇരുപാർട്ടികളും നേടി. എന്നാൽ ഇത്തവണ രണ്ട് പാർട്ടികളെയും ജയലളിത അകറ്റിനിറുത്തി. സീറ്റ് നൽകാമെന്ന് വാഗ്ദാനം നൽകിയെങ്കിലും പിന്നീട് നൽകിയില്ലെന്ന് അറിയിച്ചതായി ഇടതു നേതാക്കൾ തന്നെ ആരോപിച്ചു. ഏതായാലും ഇത്തവണ ഒൻപത് വീതം സീറ്റുകളിൽ ആരോടും സഖ്യമില്ലാതെ ഇരുപാർട്ടികളും മത്സരിക്കുന്നുണ്ട്.

 പ്രതീക്ഷ നഷ്ടപ്പെട്ട കോൺഗ്രസ്
ഡി.എം.കെയുമായി ഉണ്ടായിരുന്ന സഖ്യം പൊളിഞ്ഞതാണ് കഴിഞ്ഞ തവണ വിജയിച്ച പല പ്രമുഖ നേതാക്കളെയും മത്സരരംഗത്തു നിന്ന് പിന്മാറാൻ പ്രേരിപ്പിച്ചത്. മണിശങ്കർ അയ്യർ (മയിലാടുത്തുറ), ഇ.വി.കെ.എസ്. ഇലങ്കോവൻ (തിരുപ്പൂർ) എന്നിവർ മാത്രമാണ് മത്സരിക്കാൻ ധൈര്യം കാണിച്ചത്. കേന്ദ്രമന്ത്രി പി.ചിദംബരം മത്സരത്തിൽ നിന്ന് പിന്മാറി തന്റെ മകൻ കാർത്തി ചിദംബരത്തെയാണ് ശിവഗംഗയിൽ മത്സരിപ്പിക്കുന്നത്. മൂപ്പനാറിന്റെ മകനായ കേന്ദ്രമന്ത്രി ജി.കെ. വാസനും മത്സരരംഗത്തു നിന്ന് മാറി നിന്നു.

 2009ലെ ചിത്രം
 ഡി.എം.കെ. മുന്നണി: 27
ഡി.എം.കെ: 18
കോൺഗ്രസ് : 8
വി.സി.കെ : 1
 അണ്ണാ ഡി.എം.കെ. സഖ്യം : 12
അണ്ണാ ഡി.എം.കെ- 9
എം.ഡി.എം.കെ - 1
സി.പി.എം - 1
സി.പി.ഐ - 1

No comments:

Post a Comment