Appeared in Edit page on 17th April
വേറിട്ട രീതികളുമായി രണ്ടാമത്തെ മരുമകൾ
Posted on: Thursday, 17 April 2014
പിലീഭിട്ട് (ഉത്തർപ്രദേശ്): കലാശക്കൊട്ടിന്റെ പതിവ് രീതികൾ വശമില്ലാത്ത മണ്ഡലമാണ് ഇന്ത്യാ - നേപ്പാൾ അതിർത്തിയിൽ 65 കിലോമീറ്റർ മാത്രം അകലെയുള്ള പിലീഭിട്ട്. രണ്ട് പതിറ്റാണ്ടിലേറെയായി മേനകാഗാന്ധിക്കും മകൻ വരുൺ ഗാന്ധിക്കും ഈ മണ്ഡലം അംഗീകാരം നൽകുന്നത് പ്രചാരണ കോലാഹലങ്ങളുടെ പിൻബലത്തിലുമല്ല. അതിനാൽ തന്നെയാകണം പരസ്യ പ്രചാരണം അവസാനിക്കുന്ന ദിനത്തിൽ മണിക്കൂറുകൾക്ക് മുൻപെ മേനക മണ്ഡലത്തിലെ അസാം ചൗരായയ്‌ക്ക് സമീപമുള്ള ശങ്കർ റോഡിലെ തന്റെ വസതിയിലെത്തിച്ചേർന്നതും. അമിതവിശ്വാസത്തിലാണോ പ്രചാരണം നേരത്തേ അവസാനിപ്പിച്ചതെന്ന ചോദ്യത്തിന് ഉറച്ച വിശ്വാസമുള്ളതിനാലാണെന്ന് കേരളകൗമുദിയോട് സംസാരിക്കവേ മേനക പറഞ്ഞു.
ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലെ 11 മണ്ഡലങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ഇന്ത്യയുടെ രണ്ടാമത്തെ മരുമകളായ മേനകാഗാന്ധിയുടെ സ്വന്തം പിലീഭിട്ട്. നെഹ്‌റു കുടുംബത്തിൽ നിന്ന് ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടുള്ള വ്യക്തിയും മേനക തന്നെ. ആറ് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒരു തവണ പരാജയപ്പെട്ടു. എല്ലാ വിജയങ്ങളും കോൺഗ്രസ് ഇതര ചേരിയിൽ നിന്നുകൊണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്. ജനതാദൾ ടിക്കറ്റിലായിരുന്നു ആദ്യ വിജയം. ബി.ജെ.പിയിൽ ചേരുന്നതിന് മുൻപ് രണ്ട് തവണ ഇവിടെ നിന്ന് വിജയിച്ചത് സ്വതന്ത്രയായിട്ടായിരുന്നു. എല്ലാ വിജയങ്ങളും ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലും. ഒടുവിൽ മകൻ വരുണിനെ രംഗത്തിറക്കിയപ്പോഴും ആ വിജയം തുടർന്നു. രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വരുണിനെ മണ്ഡലം നെഞ്ചിലേറ്റി. അഞ്ച് വർഷത്തിന് ശേഷമാണ് മകന് മറ്റൊരു മണ്ഡലം നൽകി വീണ്ടും മേനക ഇവിടേക്ക് തിരിച്ചെത്തുന്നത്.
പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസം രണ്ട് സ്വീകരണ യോഗങ്ങളിൽ മാത്രമാണ് മേനക പങ്കെടുത്തത്. പിലീഭിട്ടിൽ നിന്ന് 36 കിലോമീറ്റർ അകലെയുള്ള ഫിസാൽപൂരിലായിരുന്നു രണ്ടാമത്തെ യോഗം. അവിടെ സഞ്ജയ് ഗാന്ധിയുടെ പ്രതിമയിൽ പൂമാല ചാർത്തിയ ശേഷം അവർ പ്രസംഗം തുടങ്ങി. കുറച്ച് വാക്കുകളിലൊതുങ്ങിയ പ്രസംഗം. മോഡിയുടെ വികസന മോഡലിനെയും ചെറുതായി പരാമർശിച്ചു. പ്രസംഗം അവസാനിപ്പിച്ച് നേരെ ജനങ്ങളുടെയിടയിലേക്ക്. മാഡം എന്നു വിളിച്ച് അടുത്തെത്തിയവരെയൊക്കെ പേരെടുത്ത് വിളിച്ച് വോട്ട് ഉറപ്പിച്ചു. ഇതിനിടയിലൊന്നും വോട്ട് ചെയ്യണമെന്ന അഭ്യർത്ഥന നടത്തിയതുമില്ല. എല്ലാം ഭദ്രമെന്ന് വ്യക്തം. അപ്പോഴേക്കും സമയം ഒന്നര കഴിഞ്ഞിരുന്നു. ഇനി പിലീഭിട്ടിലേക്ക് എന്നു പറഞ്ഞപ്പോൾ അവിടെ കലാശക്കൊട്ട് കാണുമെന്നാണ് കരുതിയത്. എന്നാൽ നഗരത്തിലെത്തിയപ്പോൾ അങ്ങനെയുള്ള രീതികൾ പിലീഭിട്ടിന് വശമില്ലെന്ന് മനസിലായി. അങ്ങനെയുണ്ടെങ്കിൽ തന്നെ അതിൽ പങ്കെടുക്കാൻ മേനകയെ കിട്ടില്ല.
ആറ് കുടുംബങ്ങൾ പാർക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിലാണ് മേനകയും താമസിക്കുന്നത്. സിറ്റിംഗ് എം.പിയെന്ന നിലയിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണ് കാവലുള്ളത്. അവർ ആരെയും തടയുന്നുമില്ല. വീട്ടിലെത്തുന്നവർക്കെല്ലാം വെള്ളവും ചായയും നൽകുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്തത് കാരണമാണോ ഇങ്ങനെയൊക്കെ എന്ന ചോദ്യത്തിന് നാട്ടുകാരനായ സന്തോഷ് സിംഗ് പറയുന്നത് എല്ലാവർക്കും ഈ വീട്ടിൽ എപ്പോഴും ഒരേ പരിഗണനയാണെന്നാണ്. മൃഗങ്ങളോടുള്ള മേനകയുടെ സ്നേഹം പിലീഭിട്ടിലും കഴിഞ്ഞദിവസം വാർത്തയായിരുന്നു. കഴിഞ്ഞആഴ്ച പ്രചാരണത്തിനിടെ റോഡിൽ വണ്ടിയിടിച്ചു പരിക്കേറ്റു കിടന്ന പശുവിനെ ആശുപത്രിയിലെത്തിക്കുന്നതിനായി അന്നത്തെ പ്രചാരണ പരിപാടികൾ മുഴുവൻ അവർ റദ്ദാക്കിയിരുന്നു.
സുൽത്താൻപുരിൽ മത്സരിക്കുന്ന വരുൺ ഗാന്ധിയെ നല്ല വഴിക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി തോൽപ്പിക്കണമെന്ന പ്രിയങ്കാഗാന്ധിയുടെ വാക്കുകൾക്ക് മറുപടിയില്ലെന്നായിരുന്നു ആദ്യം മേനക പറഞ്ഞത്. എന്നാൽ പ്രിയങ്കയുടെ വിമർശനം വ്യക്തിപരമല്ലെന്നും അത് ഭയത്തിൽ നിന്നുള്ളതാണെന്നും മേനക പിന്നീടു പറഞ്ഞു. രാജ്യത്തെ ജനങ്ങൾ തെറ്റും ശരിയും വിധിയെഴുതുമെന്നും അവർ കേരളകൗമുദിയോട് പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒഴിച്ച് രണ്ട് പതിറ്റാണ്ടിനിടയിൽ ഇവിടെ രണ്ടാം സ്ഥാനത്ത് പോലും എത്താൻ കഴിയാതെ പോയ പാർട്ടിയാണ് കോൺഗ്രസ്. എങ്കിലും മുഖ്യ എതിരാളിയാണ് തങ്ങൾ എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തിലാണ് അവർ. ബിലാസ്‌പൂർ എം.എൽ.എയായ സഞ്ജയ് കപൂറാണ് കോൺഗ്രസ് സ്ഥാനാർത്ഥി. മണ്ഡലത്തിലെ ദളിത്, മുസ്ളിം വോട്ടുകളിലാണ് ബി.എസ്.പി സ്ഥാനാർത്ഥിയായ അനീസ് അഹമ്മദ് നോട്ടമിട്ടിരിക്കുന്നത്. മണ്ഡലത്തിലെ രണ്ടാമത്തെ നിർണായക ശക്തിയും ബി.എസ്.പി തന്നെ.
17 ലക്ഷം വോട്ടർമാരുള്ള മണ്ഡലത്തിൽ നാല് ലക്ഷം വോട്ടുകൾ പിന്നാക്ക സമുദായമായ കുറുമികളുടേതാണ്. അതിലാണ് ബി.ജെ.പിയുടെ പൂർണ വിശ്വാസം. ഒപ്പം മേനകയുടെ ഇമേജും കൂട്ടായി നിൽക്കും. മണ്ഡലത്തിന്റെ ഭാഗമായ പൂരൻപുരിലെ സിഖ് വോട്ടർമാരെ സ്വാധീനിക്കാൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെത്തന്നെ കോൺഗ്രസ് രംഗത്തിറക്കിയിരുന്നു. എന്നാൽ സിഖ് കുടുംബത്തിൽ ജനിച്ച മേനകയെ തോൽപ്പിക്കാൻ പ്രധാനമന്ത്രി മതിയാകില്ലെന്നാണ് നാട്ടുകാരനായ ഗുൽജർ സിംഗിന്റെ അഭിപ്രായം.
No comments:
Post a Comment