Powered By Blogger

Sunday, May 18, 2014

ആന്ധ്രയിൽ കോൺഗ്രസിന്റെ പാളിപ്പോയ വിഭജന രാഷ്ട്രീയം

Appeared on 18th May

ആന്ധ്രയിൽ കോൺഗ്രസിന്റെ പാളിപ്പോയ വിഭജന രാഷ്ട്രീയം

Posted on: Sunday, 18 May 2014


ന്യൂഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ ഏറ്റവും കനത്ത പരാജയങ്ങളിലൊന്നാണ് ആന്ധ്രാപ്രദേശിലേത്. തെലുങ്കാനയിലും സീമാന്ധ്രയിലും കോൺഗ്രസ് നാമാവശേഷമായി. തെലുങ്കാനയിൽ ടി.ആർ.എസും സീമാന്ധ്രയിൽ ടി.ഡി.പി - ബി.ജെ.പി സഖ്യവും നേട്ടം കൊയ്തു.
കേന്ദ്രത്തിൽ യു.പി.എ സർക്കാരിന് പത്ത് വർഷം ഭരിക്കാൻ കരുത്ത് നൽകിയ സംസ്ഥാനമായിരുന്നു ആന്ധ്ര. കഴിഞ്ഞ അ‌ഞ്ച് വർഷം സംസ്ഥാനത്തെ ഭരണം സ്തംഭിച്ചതും ഒടുവിൽ രാഷ്ട്രീയ നേട്ടത്തിനായി വിഭജന രാഷ്ട്രീയം കളിച്ചതും കോൺഗ്രസിന് വിനയായി. വിഭജനത്തിലൂടെ തെലുങ്കാനയിലെ 17 സീറ്റെങ്കിലും ഉറപ്പിക്കാമെന്ന പ്രതീക്ഷിച്ച കോൺഗ്രസിന് ഇരട്ടപ്രഹരമാണ് കിട്ടിയത്.
2004ൽ ടി. ആർ എസുമായി സഖ്യമുണ്ടാക്കി സംസ്ഥാന ഭരണം പിടിച്ചെടുത്ത കോൺഗ്രസ് 42 ലോക്‌സഭാ മണ്ഡലങ്ങളിൽ 34 സീറ്റിലും ജയിച്ചിരുന്നു. അഞ്ച് വർഷത്തിന് ശേഷം ഒറ്റയ്‌ക്ക് മത്സരിച്ച കോൺഗ്രസ് ഭരണം നിലനിറുത്തുകയും ലോക്‌സഭയിലേക്ക് 33 അംഗങ്ങളെ അയയ്‌ക്കുകയും ചെയ്തു. മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖരറെഡ്ഡിയായിരുന്നു രണ്ട് വിജയങ്ങൾക്കും പിന്നിൽ. 2009ൽ അധികാരത്തിലേറി നാല് മാസം തികയും മുൻപ് രാജശേഖര റെഡ്ഡി ഹെലികോപ്‌ടർ അപകടത്തിൽ കൊല്ലപ്പെട്ടപ്പോൾ, ശക്തനായ ഒരു നേതാവിനെ കൊണ്ടുവരുന്നതിലാണ് കോൺഗ്രസ് ആദ്യം പരാജയപ്പെട്ടത്.
അന്ന് പാർട്ടി എം.പി മാത്രമായിരുന്ന രാജശേഖര റെഡ്ഡിയുടെ മകൻ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിപദം അവകാശപ്പെട്ടപ്പോൾ അതിന് രമ്യമായ പരിഹാരമുണ്ടാക്കാൻ കോൺഗ്രസ് പരാജയപ്പെട്ടു. അതോടെ ജഗനെ പുതിയ പാർട്ടിയുണ്ടാക്കി. ജഗനെ ജയിലിലടച്ചതോടെ പാർട്ടിയിലെ ഒരു വിഭാഗം കോൺഗ്രസിന് എതിരായി. റോസയ്യയെ മാറ്റി കിരൺ കുമാർ റെഡ്ഡിയെ മുഖ്യമന്ത്രിയാക്കുന്നതിന് പകരം ജഗനെ ഉപമുഖ്യമന്ത്രിയാക്കിയിരുന്നെങ്കിൽ പോലും പ്രശ്നങ്ങൾ പരിഹരിക്കാമായിരുന്നു.
വൈ.എസ്.ആറിന്റെ മരണത്തിന് ശേഷമാണ് ടി.ആർ.എസ് വീണ്ടും തെലുങ്കാന പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്. ഭരണമില്ലായ്മയാണ് ടി.ആർ.എസിന് അതിനുള്ള കരുത്ത് നൽകിയത്. ഒടുവിൽ സംസ്ഥാനം വിഭജിക്കാനുള്ള തീരുമാനത്തിലൂടെ കോൺഗ്രസ് ലക്ഷ്യമിട്ടത് തെലുങ്കാനയിലെ 17 ലോക്‌സഭാ സീറ്റും പുതിയ സംസ്ഥാനത്തെ ഭരണവുമായിരുന്നു. സീമാന്ധ്രയിലെ ഭൂരിപക്ഷം നേതാക്കളുടെയും പ്രവർത്തകരുടെയും എതിർപ്പു അവഗണിച്ചായിരുന്നു വിഭജനം. ടി.ആർ.എസുമായുള്ള സഖ്യവും കോൺഗ്രസ് ലക്ഷ്യമിട്ടിരുന്നു. ടി.ആർ.എസ് -കോൺഗ്രസ് ലയന സാദ്ധ്യതയും തെളിഞ്ഞിരുന്നു. എന്നാൽ ടി.ആർ.എസുമായി ധാരണയിലെത്താതെ കോൺഗ്രസ് വിഭജനം യാഥാർത്ഥ്യമാക്കിയതോടെ ലയനത്തിനും സഖ്യത്തിനും ടി.ആർ.എസ് കൂട്ടാക്കിയില്ല. അത് കോൺഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായി. വിഭജനത്തെ പിന്തുണച്ച ബി.ജെ.പിയാകട്ടെ ടി.ഡി.പിയുമായി ചേർന്ന് രണ്ട് മേഖലകളിലും മികച്ച പ്രകടനം കാഴ്ചവച്ചു.
ടി.ആർ.എസ് വാതിൽ കൊട്ടിയടച്ചതോടെ കോൺഗ്രസിന് ഒറ്റയ്‌ക്ക് തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നു. തെലുങ്കാനയിൽ വിഭജനം മാത്രമായിരുന്നു കോൺഗ്രസിന്റെ കരുത്ത്. എന്നാൽ അവിടെ കരുത്തനായ നേതാവിനെ കണ്ടെത്താനായില്ല. പ്രചാരണം നയിച്ച നടി വിജയശാന്തി, മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് മത്സരിച്ച മുൻ ഉപമുഖ്യമന്ത്രി ദാമോദർ രാജ നരസിംഹ, ഡി. ശ്രീനിവാസ്, തെലുങ്കാന പി.സി.സി അദ്ധ്യക്ഷൻ പി. ലക്ഷ്‌മയ്യ എന്നിവരും പരാജയപ്പെട്ടുവെന്നതാണ് ക്ളൈമാക്സ്.
സീമാന്ധ്രയിൽ സ്ഥാനാർത്ഥികളെ കണ്ടെത്താൻ പോലും കോൺഗ്രസ് ബുദ്ധിമുട്ടിയെന്നതാണ് യാഥാർത്ഥ്യം. മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി അടക്കമുള്ളവർ പാർട്ടി വിട്ടുപോകുന്നത് തടയാനും കോൺഗ്രസിനായില്ല. കോൺഗ്രസിന് കിട്ടേണ്ടയിരുന്ന സീറ്റുകൾ നേടി വൈ.എസ്.ആർ കോൺഗ്രസ് മുഖ്യ പ്രതിപക്ഷമായി. പത്ത് വർഷത്തിന് ശേഷം ഭരണം തിരിച്ചുപിടിച്ച് ചന്ദ്രബാബു നായിഡു ആധിപത്യം ഉറപ്പിക്കുകയും ചെയ്‌തു.



No comments:

Post a Comment