Powered By Blogger

Monday, May 12, 2014

ഓരോ വോട്ടും അമ്മയുടെ ആത്മാവിന്റെ നിത്യശാന്തിക്ക്.

Appeared on 7th May

അല്ലഗഡ്ഡ (ആന്ധ്രാപ്രദേശ് ): എന്റെ അമ്മയ്‌ക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ച് അമ്മയുടെ ആത്മാവിന് നിത്യശാന്തിന് നേരണം. ഓരോ വോട്ടിലൂടെയും അമ്മയ്‌ക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കണം.- ഇത് പറയുന്പോൾ അഖില പ്രിയയുടെയും കേട്ട് നിന്നവരുടെയും കണ്ണുകൾ നനഞ്ഞു. കർണൂൽ ജില്ലയിലെ അല്ലഗഡ്ഡ മണ്ഡലത്തിലാണ് കണ്ണീരിൽ കുതിർന്ന ഈ പ്രചരണം നടന്നത്. ഇന്ന് നടക്കുന്ന വോട്ടെടുപ്പിൽ അല്ലഗഡ്ഡ നിയമസഭാ മണ്ഡലത്തിലെ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥിയായ ശോഭാ നാഗി റെഡ്ഡി വിജയിക്കുകയാണെങ്കിൽ അത് ചരിത്രമാകും. രാജ്യത്ത് ആദ്യമായി മരണാനന്തരം എം.എൽ.എയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തിയായി ശോഭ മാറും.

കഴിഞ്ഞ മാസം 24നാണ് ശോഭാ നാഗിറെഡ്ഡി വാഹനാപടകത്തിൽ കൊല്ലപ്പെട്ടത്. വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി ഒരു അംഗീകൃത രാഷ്ട്രീയ പാർട്ടിയായിരുന്നെങ്കിൽ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കാമായിരുന്നുവെന്ന് വ്യക്തമാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷൻ, ഏറ്റവും കൂടുതൽ വോട്ട് നേടുന്നത് ശോഭയാണെങ്കിൽ വിജയിയായി പ്രഖ്യാപിക്കുമെന്നും അറിയിച്ചു. തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടത്തും. ഇതോടെയാണ് ശോഭയ്‌ക്കായി കുടുംബവും പാർട്ടിയും കണ്ണീരിന്റെ ഗന്ധവുമായി വോട്ട് തേടി ജനങ്ങളുടെ മുന്നിലേക്ക് എത്തിയത്.

ശോഭയുടെ മൂത്ത മകളായ ഭൂമ അഖില പ്രിയ (27) ആണ് അമ്മയ്‌ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് പ്രചരണത്തിന് നേതൃത്വം നടത്തിയത്. അഖിലയ്‌ക്കൊപ്പം സഹോദരങ്ങളായ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനി മൗനിക (22), പ്ളസ് വൺ വിദ്യാർത്ഥി ജഗത് വിഖ്യത് (14) എന്നിവരും സജീവമായി പ്രചരണം നടത്തി. അല്ലഗഡ്ഡയിൽ ശോഭയ്‌ക്ക് വേണ്ടി നടന്നത് നിശബ്ദ പ്രചരണമായിരുന്നു. മക്കൾ മൂന്ന് പേരും വിവിധ ഇടങ്ങളിൽ റാലികളിൽ മറ്റും പ്രസംഗിച്ചപ്പോൾ സ്ത്രീകൾ കൈയ്യടിച്ചില്ല. പകരം കണ്ണീരിൽ കുതിർന്ന് വോട്ട് ചെയ്യുമെന്ന് ഉറപ്പുനൽകുകയായിരുന്നു.

അഖിലയെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്, താൻ അമ്മയുടെ ഡെമ്മി സ്ഥാനാർത്ഥിയായിരുന്നുവെന്നതാണ്. ശോഭയുടെ പത്രിക സ്വീകരിച്ചതോടെയാണ് അഖില പത്രിക പിൻവലിച്ചത്. ശോഭ വിജയിക്കുകയാണെങ്കിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എം.ബി.എ ബിരുദധാരിയായ അഖിലയായിരിക്കും സ്ഥാനാർത്ഥിയെന്നും ഏകദേശം ഉറപ്പായി കഴിഞ്ഞു.

നാല് തവണ ഇവിടെ നിന്ന് വിജയിച്ചിട്ടുള്ള ശോഭയ്‌ക്ക് വൻ സ്വീകാര്യതയാണ് മണ്ഡലത്തിലുള്ളത്. മൂന്ന് തവണ ടി.ഡി.പി ടിക്കറ്റിൽ വിജയിച്ച ശോഭ കഴിഞ്ഞ തവണ ചിരഞ്ജീവിയുടെ പ്രജാരാജ്യത്തിന്റെ ബാനറിലാണ് വിജയിച്ചത്. എന്നാൽ തെലുങ്കാന സംസ്ഥാന രൂപീകരണത്തിന്റെ പശ്ചാത്തലത്തിൽ ശോഭ വൈ.എസ്.ആർ കോൺഗ്രസിലേക്ക് തിരിഞ്ഞു. ശോഭയുടെ ഭർത്താവ് ഭൂമ നാഗി റെഡ്ഡി മൂന്ന് തവണ എം.പിയും രണ്ട് തവണയും എം.എൽ.എയുമായിരുന്നു. നന്ദ്യാലിൽ മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിനോട് നേരിയ ഭൂരിപക്ഷത്തിൽ തോറ്റ ചരിത്രവും ഭൂമ നാഗി റെഡ്ഡിക്കുണ്ട്.

പിതാവും മുൻ മന്ത്രിയുമായ എസ്.വി. സുബ്ബ റെഡ്ഡിക്കൊപ്പം രണ്ട് ടേമിൽ നിയമസഭയിൽ ഒപ്പം ഇരിക്കാൻ കഴിഞ്ഞ റെക്കാഡും ശോഭയുടെ പേരിൽ ആന്ധ്രാ നിയമസഭയിലുണ്ട്.

കഴിഞ്ഞ തവണ 80000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശോഭ വിജയിച്ചതെങ്കിൽ അത് ഇത്തവണ ഒരു ലക്ഷത്തിന് മുകളിലായിരിക്കുമെന്നും അഖില പറഞ്ഞു.

No comments:

Post a Comment