Powered By Blogger

Monday, May 12, 2014

സീമാന്ധ്രയിൽ ഇന്ന് പോളിംഗ് പോരാട്ടം ജഗനും നായിഡും തമ്മിൽ

Appeared on 7th May


തിരുപ്പത്തി (ആന്ധ്രാപ്രദേശ്): പെരുമഴയായി പെയ്യുന്ന വാഗ്ദാനങ്ങൾക്ക് നടുവിൽ ആന്ധ്രാപ്രദേശിലെ സീമാന്ധ്ര മേഖലയിലെ 3.67ജനങ്ങൾ ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങും. സംസ്ഥാനത്തെ 25 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 175 നിയമസഭാ സീറ്റിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ലോക്‌സഭയിലേക്ക് 333 സ്ഥാനാർത്ഥികളും നിയമസഭയിലേക്ക് 2241 പേരുമാണ് ജനവിധി തേടുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മേഖലയിൽ 21 ലോക്‌സഭാ സീറ്റും 107 നിയമസഭാ സീറ്റും നേടിയ ഭരണപക്ഷമായ കോൺഗ്രസ് ഇന്ന് പേരിന് മാത്രമാണ് മത്സരിക്കുന്നതെന്നതാണ് ശ്രദ്ധേയം. തെലുങ്കാന രൂപീകരിക്കാൻ കൂട്ടുനിന്നതാണ് കോൺഗ്രസിന് മേഖലയിൽ തിരിച്ചടിയായിരിക്കുന്നത്.

സീമാന്ധ്രയിൽ പുതിയ തരംഗമായിരിക്കുന്ന വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി നേതൃത്വം നൽകുന്ന വൈ.എസ്.ആർ കോൺഗ്രസും മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നേതൃത്വം നൽകുന്ന ടി.‌ഡി.പിയും തമ്മിലാണ് നേരിട്ട് പോരാട്ടം നടക്കുന്നത്. പത്ത് വർഷമായ അധിരാരമില്ലാത്ത 64കാരനായ നായിഡുവിന് തന്റെ രാഷ്ട്രീയത്തിലെ ജീവൻമരണ പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ്. മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡി മരിച്ച് നാലര വർഷം കഴിഞ്ഞിട്ടും അതിന്റെ വികാരം ജനങ്ങളിൽ തങ്ങിനിൽക്കുന്നത് മുതലെടുത്ത് പോരാട്ടം നയിക്കുന്ന 41കാരനായ ജഗനും ഇത് നിർണായകം തന്നെയാണ്.

ടി.ഡി.പി ബി.ജെ.പിയുമായി സഖ്യത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പണ്ട് എൻ.ഡി.എയുടെ ഭാഗമായിരുന്ന ചന്ദ്രബാബു നായിഡു ഗുജറാത്തിന്റെ കലാപത്തിന്റെ പേരിൽ അതിന് മാപ്പു പറയുകയും ഇനിയൊരിക്കലും കാവി രാഷ്ട്രീയവുമായി ബന്ധപ്പെടില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ പുതിയ സംസ്ഥാനത്ത് വികസനം കൊണ്ടുവരണമെങ്കിൽ മോഡിയുടെ ബി.ജെ.പിയുമായി ചേരുകയാണ് നല്ലതെന്ന് വ്യക്തമാക്കിയാണ് സഖ്യത്തിനെ നായിഡു ന്യായീകരിക്കുന്നത്. അതേസമയം മോഡിയുമായുള്ള ടി.ഡി.പിയുടെ കൂട്ട്ക്കെട്ട് മുസ്‌ലിം വോട്ടർമാരെ വൈ.എസ്.ആർ കോൺഗ്രസിലേക്ക് അടുപ്പിച്ചു. മാത്രമല്ല, രാജശേഖര റെഡ്ഡിയുടെ ഭരണക്കാലത്ത് മുസ്‌ലിങ്ങൾക്ക് നാല് ശതമാനം പ്രത്യേക സംവരണം ഏർപ്പെടുത്തിയതും ജഗന് അനുകൂലമാണ്. ഇതിന് പുറമേയാണ് 45ഓളം സീറ്റുകളിൽ നിർണായക ശക്തിയായ കാപ്പു വിഭാഗം ജഗൻ മോഹൻ റെഡ്ഡിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ദളിത്, റെഡ്ഡി വോട്ടുകളും ജഗന് അനുകൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം മോഡി തരംഗവും ചിരഞ്ജീവിയുടെ അനിയൻ പവൻ കല്യാണിന്റെ പിന്തുണയും അനുകൂലമാകുമെന്നാണ് നായിഡു കണക്കുക്കൂട്ടുന്നത്. മോഡിയും പവൻ കല്യാണിന്റെ ജനസേനയും പ്രചരണ രംഗം കൊഴുപ്പിച്ചിരുന്നു. ഇതിനെല്ലാം പുറമേ തന്റെ ഭരണകാലത്തെ നേട്ടങ്ങൾ ഉയർത്തിക്കാണിച്ചാണ് നായിഡു വോട്ടർമാരെ സമീപിക്കുന്നത്. താൻ രാജരാജ്യം തിരിച്ചുകൊണ്ടുവരുമെന്നും അദ്ദേഹം വാക്ക് നൽകുന്നു. അതിന് മുറപടിയായി ജഗൻ രാജണ്ണ (വൈ.എസ്.ആർ) രാജ്യം മടക്കികൊണ്ടുവരുമെന്നാണ് തിരിച്ചടിച്ചിട്ടുള്ളത്.

കോൺഗ്രസിന് വേണ്ടി എ.ഐ.സി.സി അദ്ധ്യക്ഷ സോണിയാഗാന്ധിയും ഉപാദ്ധ്യക്ഷൻ രാഹൂൽ ഗാന്ധിയും റാലികളിൽ പങ്കെടുത്തിരുന്നെങ്കിലും വോട്ടെടുപ്പ് ദിവസത്തിൽ ബൂത്തികളിൽ പാർട്ടിക്ക് വേണ്ടി ഇരിക്കാൻ പോലും ആളെ കിട്ടുന്നില്ലെന്ന സ്ഥാനാർത്ഥികൾ തന്നെ തുറന്ന് സമ്മതിക്കുന്നു.

സംസ്ഥാന വിഭജനത്തിന്റെ പേരിൽ മുഖ്യമന്ത്രിപദം രാജിവച്ച കിരൺകുമാർ റെഡ്ഡിയുടെ ജയ്സമൈക്യാന്ധ്രാ പാർട്ടി സി.പി.എമ്മുമായി സഖ്യത്തിലാണ് മത്സരിക്കുന്നത്. സംസ്ഥാന വിഭജനം യാഥാർത്ഥ്യമായതിനാൽ തന്നെ പാർട്ടിക്ക് കാര്യമായ പ്രവർത്തനമൊന്നും നടത്താൻ കഴിഞ്ഞിട്ടില്ല. കിരൺ കുമാർ റെഡ്ഡി മത്സരരംഗത്തുമില്ല. പകരം തന്റെ പതിവ് മണ്ഡലമായ പീലേരുവിൽ സഹോദരൻ സന്തോഷ് റെഡ്ഡിയാണ് മത്സരിക്കുന്നത്.

സംസ്ഥാനത്ത് 130 സീറ്റുകൾ നേടി ഭരണത്തിൽ വരുമെന്ന് ജഗൻ മോഹൻ റെഡ്ഡിയും 145 സീറ്റുകൾ നേടുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നായിഡും പറയുന്പോൾ മോഡിക്ക് ഉറ്റുനോുക്കുന്നത് 25 ലോക്‌സഭാ സീറ്റുകളിൽ ആർക്ക് മേൽക്കൈ നോടുമെന്നാണ്. എന്ത് വന്നാലും കോൺഗ്രസിനൊപ്പം പോകില്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ള ജഗന്റെ വാക്കുകൾ അതിനാൽ തന്നെ മോഡിക്ക് സന്തോഷം പകരുന്നതാണ്. നായിഡുവിന് പകരം വിജയം ജഗനാണ് നേടുന്നതെങ്കിലും അത് തങ്ങൾക്ക് അനുകൂലമാകുമെന്നും മോഡി പ്രതീക്ഷിക്കുന്നുമുണ്ട്.

 മത്സരരംഗത്തുള്ള പ്രമുഖർ
മുഖ്യമന്ത്രി സ്ഥാനാർത്ഥികളായ ജഗൻമോഹൻ റെഡ്ഡി കടപ്പയിലെ പുലിവെന്തലയിലും ചന്ദ്രബാബു നായിഡു കുപ്പം നിയോജകമണ്ഡലത്തിൽ നിന്നുമാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. എൻ.ടി.ആറിന്റെ മകനും സൂപ്പർസ്റ്റാർ ബാലകൃഷ്‌ണ ഹിന്ദുപ്പൂരിലാണ് മത്സരിക്കുന്നത്. കോൺഗ്രസിന്റെ പ്രചരണ വിഭാഗം തലവനായ കേന്ദ്രമന്ത്രി മെഗാസ്റ്റാർ ചിരഞ്ജീവി മത്സരംഗത്തില്ല. അദ്ദേഹം നിലവിൽ രാജ്യസഭാംഗമാണ്. കോൺഗ്രസിന്റെ പി.സി.സി. അദ്ധ്യക്ഷൻ രഘുവീര റെഡ്ഡി പെനുഗൊണ്ട് മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നു.

വൈ.എസ്.ആർ കോൺഗ്രസിന്റെ അദ്ധ്യക്ഷ വൈ.എസ്.വിജയമ്മ വിജയവാഡ മണ്ഡലത്തിൽ നിന്നാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. എൻ.ടി.ആറിന്റെ മകൾ ഡി. പുരന്ദേശ്വരി രാജംപേട്ടയിൽ നിന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായാണ് ജനവിധി തേടുന്നത്.

കേന്ദ്രമന്ത്രിമാരായ കിഷോർ ചന്ദ്ര ദേവ് (അരക്കു), പള്ളം രാജു (കാക്കിനാഡ), കിള്ളി കൃപാറാണി (ശ്രീകാകുളം), പനബക ലക്ഷ്മി (ബാപ്പർതല), കോട്‌ല സൂര്യ പ്രകാശ് റെഡ്ഡി (കർണൂൽ) എന്നിവരും മത്സരരംഗത്തുണ്ട്.

 സ്ഥാനാർത്ഥികൾ കോടിപതികൾ
പ്രധാന പാർട്ടികളായ വൈ.എസ്.ആർ കോൺഗ്രസും ടി.ഡി.പിയും കോടീശ്വരന്മാരായ സ്ഥാനാർത്ഥികളെയാണ് രംഗത്തിറക്കിയതെന്നതും ശ്രദ്ധേയമാണ്. വൈ.എസ്.ആർ കോൺഗ്രസിന്റെ 86 ശതമാനം സ്ഥാനാർത്ഥികളും ടി.ഡി.പിയുടെ 82 ശതമാനം പേരും കോടീശ്വരന്മാരാണ്. ടി.ഡി.പി സ്ഥാനാർത്ഥികളുടെ ശരാശരി സ്വത്ത് 21.86 കോടിയാണെങ്കിൽ വൈ.എസ്.ആർ കോൺഗ്രസിന്റെത് 10.97 കോടിയാണ്. ആകെ 59 സ്ഥാനാർത്ഥികൾക്ക് 20 കോടിയിലധികം സ്വത്തുണ്ടെന്നും സനദ്ധസംഘടനയായ എ.ഡി.ആറിന്റെ സർവേയിൽ പറയുന്നു.

സഖ്യങ്ങൾ ഇങ്ങനെ:
 വൈ.എസ്.ആർ കോൺഗ്രസ്: എല്ലാ സീറ്റിലും ഒറ്റയ്ക്ക്.
 ടി.ഡി.പി - ബി.ജെ.പി സഖ്യം: ടി.ഡി.പി 21 ലോക്‌സഭാ,166 നിയമസഭാ, ബി.ജെ.പി നാല് ലോക്‌സഭാ, 9 നിയമസഭാ.
 കോൺഗ്രസ്: എല്ലാ മണ്ഡലങ്ങളിലും ഒറ്റയ്‌ക്ക്
 ജയ്സമൈക്യാന്ധ്രാ പാർട്ടി സി.പി.എം സഖ്യം: ജയ്സമൈക്യാന്ധ്രാ 23 ലോക്‌സഭാ, 157 നിയമസഭാ സി.പി.എം രണ്ട് ലോക്‌സഭാ 18 നിയമസഭാ
 ആം ആദ്മി പാർട്ടി, ലോക് സത്ത പാർട്ടി, സി.പി.ഐ എന്നീ പാർട്ടികളും മത്സരരംഗത്തുണ്ട്.

No comments:

Post a Comment