Powered By Blogger

Monday, May 12, 2014

ബൂത്തിൽ വി. ഐ.പികളായി ജഗൻ കുടുംബം

Appeared on 8th May 2014

പുലിവെന്തല (കടപ്പ): സുര്യൻ ഉദിക്കുന്നതിന് മുൻപെ സീമാന്ധ്രയിലെ ഏക വി.വി.ഐ.പി പോളിംഗ് ബൂത്തിന് മുന്നിൽ ദേശീയ മാദ്ധ്യമങ്ങളുടെയക്കം വൻ മാദ്ധ്യമപ്പട നിരന്നുകഴിഞ്ഞിരുന്നു. പുലിവെന്തലയിലെ ഗംഗി റെഡ്ഡി ആശുപത്രിക്ക് സമീപമുള്ള നഴ്സറി സ്കൂൾ ഒറ്റ മുറിയായിരുന്നു ഈ വി.ഐ.പി പോളിംഗ് ബൂത്ത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിയും കുടുംബവും വോട്ട് രേഖപ്പെടുത്തുന്ന ഒപ്പിയെടുക്കാനായിരുന്നു മാദ്ധ്യമങ്ങളുടെ ശ്രമം. പോളിംഗ് തുടങ്ങുന്നതിന് ഒരു മണിക്കൂറിന് മുൻപ് തന്നെ സ്ത്രീകളുടെയും പുരുഷന്മാരുടെ നിരന്നുകഴിഞ്ഞു. ഇതിനിടയിൽ വി.വി.ഐ.പി ബൂത്തിലെ ഒരു ഇലക്‌ട്രോണിക്ക് വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനാൽ പോളിംഗ് വീണ്ടും വൈകി. പുതിയ വോട്ടിംഗ് യന്ത്രം കൊണ്ടുവന്ന് മിനിട്ടുകൾക്കകം ജഗൻമോഹൻ റെഡ്ഡി എത്തി. എല്ലാവരോടും സമ്മതം ചോദിച്ചുകൊണ്ട് നേരിട്ട് ബൂത്തിലേക്ക് കയറി വോട്ട് രേഖപ്പെടുത്തി. ചുറ്റും കൂടി മാദ്ധ്യമങ്ങളോട് ബൂത്തിന് മുന്നിൽ വച്ച് ഒന്നും സംസാരിക്കാനില്ലെന്ന് വ്യക്തമാക്കി മുന്നോട്ട്. ഇതിനിടയിൽ നടന്ന ഉന്തും തള്ളിനുമിടയിൽ താഴെ വീണ കാമറയിലെ ഒരു ഭാഗം എടുത്ത് മാദ്ധ്യമപ്രവർത്തകന് കൈമാറി ഒരു ചിരി പാസാക്കി. വിശാഖപ്പട്ടണത്തെ സ്ഥാനാർത്ഥി കൂടിയായ അമ്മ വൈ.എസ്. വിജയമ്മയും ക്യൂവിൽ നിൽക്കുകയായിരുന്ന വോട്ടർമാരുടെ സമ്മതത്തോടെ വോട്ട് രേഖപ്പെടുത്തി മടങ്ങി.

തൊട്ടുപിറകെ എത്തിയ ജഗന്റെ ഭാര്യ വൈ.എസ്. ഭാരതിയും സഹോദരിയും പാർട്ടിയുടെ പ്രചാരണത്തിന്റെ നേതൃത്വം വഹിച്ച വൈ.എസ്. ശർമ്മിളയും എത്തി ക്യൂവിന്റെ ഏറ്റവും പിറകിലേക്ക് നീങ്ങി. ക്യൂവിൽ നിന്ന് സ്ത്രീകളോട് കുശലം പറഞ്ഞ് ഇരുവരും സമയം തള്ളിനീക്കി. ഇടയ്‌ക്ക് മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ക്യൂവിന് പുറത്തേക്ക് പോകേണ്ടിവന്നപോൾ മുൻപിൽ നിന്ന സ്ത്രീയോട് മടങ്ങിവരുന്പോൾ തന്നെ അറിയില്ലെന്ന് പറയരുതെന്നും ശർമ്മിള തമാശ പൊട്ടിച്ചു. ക്യൂവിൽ ഇടിച്ചു കയറാൻ ശ്രമിച്ച മറ്റൊരു സ്ത്രീയോട് ക്യൂ പാലിക്കണമെന്ന് ആവശ്യപ്പെട്ടും ശർമ്മിള പോളിംഗ് ബൂത്തിലെ താരമായി.

 കേരളകൗമുദിയോട് പറഞ്ഞത്.
 സഖ്യസാദ്ധ്യതകൾ തുറന്നിട്ടിരിക്കുന്നു: ജഗൻ
എല്ലാ സഖ്യ സാദ്ധ്യതകളും തുറന്നിട്ടിരിക്കുകയാണ്. വൈ.എസ്.ആർ കോൺഗ്രസ് സീമാന്ധ്രയിൽ തൂത്തുവാരും. നിലവിൽ ആരുമായും സഖ്യമോ സഖ്യം സംബന്ധിച്ചോ തീരുമാനങ്ങളായിട്ടില്ല.

 മൂന്നാം മുന്നണിക്ക് മുൻഗണന: വൈ.എസ്.ശർമ്മിള
തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിൽ ഏത് മുന്നണിക്ക് പിന്തുണ കൊടുക്കണമെന്ന് തീരുമാനിക്കു. മൂന്നാം മുന്നണിക്കാണ് ആദ്യ പരിഗണന. പക്ഷേ സംസ്ഥാന വികസനത്തിന് പിന്തുണ നൽകുന്ന ആർക്കൊപ്പവും സഹകരിക്കും. എല്ലാ സാദ്ധ്യതകളും പരിശോധിക്കും.
കേന്ദ്രത്തിൽ ആര് അധികാരത്തിൽ വന്നാലും പുതിയ സംസ്ഥാനമെന്ന നിലയിൽ ഇവിടെ ശക്തമായ ഒരു രാഷ്ട്രീയ നേതൃത്വമുണ്ടായില്ലെങ്കിൽ കേന്ദ്ര സഹായമടക്കം ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകും. വൈ.എസ്.ആർ കോൺഗ്രസ് മികച്ച ഭൂരിപക്ഷം നേടി അധികാരത്തിലെത്തുകയും ജഗൻ മുഖ്യമന്ത്രിയാവുകയും ചെയ്യും.

No comments:

Post a Comment